നജ്ദ് ഭാഗത്തുനിന്ന് ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു നബിയും സംഘവും. യുദ്ധത്തിൽ നല്ല വിജയവും ഗനീമത്ത് സ്വത്തുകളും ലഭിക്കുകയും ചെയ്തു. യാത്രാമധ്യേ സൈന്യവുമായി ഒരിടത്ത് വിശ്രമിക്കാൻ നബി (സ) ആലോചിച്ചു. വിശ്രമിക്കുന്ന വേളയിൽ, പ്രതികാരാർഥം വന്ന് കടന്നാക്രമിക്കാൻ സാധ്യതയുള്ള ശത്രുക്കളെ കരുതിയിരിക്കൽ അനിവാര്യമാണ്. അതിനായി കാവൽക്കാരായി നിൽക്കാൻ ആരെങ്കിലും വേണം. ഇന്ന് രാത്രി നമുക്ക് കാവൽ നിൽക്കാൻ ആരു തയ്യാറുണ്ട് എന്ന് നബി (സ) ചോദിച്ചു. മുഹാജിറായ ഒരാളും അൻസാരിയായ ഒരാളും മുന്നോട്ടുവന്ന് ഞങ്ങളുണ്ട് നബിയേ എന്ന് പറഞ്ഞു.
ഇരുവരും സൈന്യം തമ്പടിച്ച സ്ഥലത്തിനു കുറച്ചു ദൂരത്തായി കാവൽ നിന്നു. കൂട്ടത്തിൽ ഒരാൾ രാത്രിയുടെ ആദ്യ പകുതിയിൽ കാവലിരിക്കാനും മറ്റെയാൾ വിശ്രമിക്കാനും അവർ തമ്മിൽ ധാരണയായി. അങ്ങനെ മുഹാജിറായ മനുഷ്യൻ വിശ്രമിക്കുകയും അൻസാരി ഉറക്കൊഴിച്ച് നമസ്കാരത്തിൽ മുഴുകുകയും ചെയ്തു. പെട്ടെന്നാണ് ശത്രുസൈന്യം അവിടെയെത്തിയത്. നമസ്കാരത്തിൽ മുഴുകിയ മനുഷ്യൻ കാവലിരിക്കുന്നതാണെന്ന് മനസ്സിലാക്കിയ അവർ അദ്ദേഹത്തിനു നേരെ അമ്പെയ്തു. നമസ്കാരം മുറിക്കാതെ അമ്പ് വലിച്ചൂരി അദ്ദേഹം നമസ്കാരം തുടർന്നു. രണ്ടാമത് അമ്പെയ്തപ്പോഴും അദ്ദേഹം അതുതന്നെ ചെയ്തു. മൂന്നാമത്തെയും അമ്പ് ദേഹത്തു പതിച്ചപ്പോൾ അദ്ദേഹത്തിന് നേരെ നിൽക്കാൻ വയ്യാതായി. അപ്പോൾ മാത്രം വിശ്രമിക്കുകയായിരുന്ന തന്റെ സുഹൃത്തിനെ ഉണർത്തി കാര്യം പറയുകയും ചെയ്തു. രക്തത്തിൽ കുളിച്ചു നിൽക്കുന്ന സഹോദരനെ കണ്ട്, നേരത്തെ തന്നെ എന്നെ വിളിച്ചുകൂടായിരുന്നോ എന്നദ്ദേഹം ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: ഞാൻ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സൂറത്ത് പകുതിവച്ച് മുറിക്കേണ്ട എന്നു കരുതിയാണ് ഞാൻ വിളിക്കാതിരുന്നത്. നബി (സ) എന്നെ കാവൽ ദൗത്യം ഏൽപിച്ചില്ലായിരുന്നെങ്കിൽ, ഈ അമ്പുകളേറ്റ് മൃത്യുവടഞ്ഞാലും ഞാൻ നമസ്കാരം മുറിക്കുമായിരുന്നില്ല!
അവരൊക്കെയും അഭിമാനത്തോടെ അല്ലാഹുവിലേക്ക് ചെന്നണഞ്ഞു. പ്രവാചകത്വദൗത്യം പൂർത്തീകരിക്കാൻ വന്ന നബി തങ്ങൾക്ക് പൊരുതാനുള്ള വാളുകളായും ചേർന്നുനിൽക്കാനുള്ള ഇടമായും ശത്രുക്കൾക്കു നേരെ എയ്യാനുള്ള അമ്പുകളായുമെല്ലാം വർത്തിച്ചത് സ്വഹാബികൾ തന്നെ. അന്ന് നബി (സ) കാവൽ നിൽക്കാൻ ആവശ്യപ്പെട്ടിട്ടുള്ള ചില ഇടങ്ങൾ ഇന്നും കാവൽക്കാരില്ലാതെ ബാക്കിയാണ്! ഓരോ വിശ്വാസിയുടെയും വീടകം അത്തരം കാവൽ ആവശ്യമുള്ളയിടമാണ്. ഖുർആനും ചര്യയും പകർന്നും സദ്സ്വഭാവം പഠിപ്പിച്ചും മക്കളെ നന്നായി വളർത്തി വലുതാക്കേണ്ടിടം!
മുസ്ലിം സമുദായത്തിന് മൊത്തമായും കാവൽ ആവശ്യമുണ്ട്. നീതി നടപ്പാക്കിയും അക്രമിക്കപ്പെട്ടവന്റെ കൂടെ നിന്നും പാവങ്ങൾക്ക് അർഹതപ്പെട്ടത് നൽകിയും നന്മയെ പ്രോത്സാഹിപ്പിച്ചും തിന്മയെ നിരുത്സാഹപ്പെടുത്തിയും തെറ്റായ വിശ്വാസാദർശങ്ങളിൽ നിന്ന് അവരെ സംരക്ഷിച്ചുമുള്ള കാവൽ! ഇത്തരത്തിൽ നമ്മുടെ പള്ളികൾക്കും മതപഠന കേന്ദ്രങ്ങൾക്കും ആതുരാലയങ്ങൾക്കും സമൂഹത്തിലെ എല്ലായിടങ്ങൾക്കും ആ അർഥത്തിലുള്ള കരുതലും കാവലും ആവശ്യമാണ്. ഇസ്ലാം അനുശാസിച്ച രീതിയിൽ ആ കാവൽ ദൗത്യം മനോഹരമായി നിർവഹിക്കൽ ഇബാദത്തുമാണ്. നമസ്കാരവും നോമ്പും മാത്രമല്ലല്ലോ ആരാധനകളുടെ കൂട്ടത്തിൽ പെടുക. വിശ്വാസത്തിന്റെ ഭാഗമായും ജീവിതചര്യയുടെ ഭാഗമായും ദീനിന്റെ അടയാളങ്ങൾ നിലനിർത്തൽ ഏറ്റവും മഹത്തായ ഇബാദത്താണ്.
വിവ: മുഹമ്മദ് ശാക്കിർ മണിയറ
Summary: This piece emphasizes the vital need to preserve the signs and symbols of Islam until the end of the world, recognizing them as integral to the continuity of faith. It recalls an incident from the life of the Prophet Muhammad (peace be upon him), where he highlighted the importance of safeguarding the needs of religion—whether in rituals, practices, or symbols—as part of protecting the essence of dīn.