Sunday, November 16, 2025

Current Date

ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞ് ഇസ്രായേല്‍

പുനര്‍നിര്‍മാണത്തിനായി ഫണ്ട് കലക്ഷന്‍ ആരംഭിച്ചു

ജൂണ്‍ 13ന് ആരംഭിച്ച 12 ദിവസത്തെ ആക്രമണത്തില്‍ ഇസ്രായേലിന് മുമ്പെങ്ങുമില്ലാത്ത വിധം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇസ്രായേലിന്റെ പുനര്‍നിര്‍മാണത്തിനായി ചിലവ് കോടിക്കണക്കിന് രൂപ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഇസ്രായേല്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ കാര്യി വിദഗ്ധരുടെയും മാധ്യമ റിപ്പോര്‍ട്ടുകളും അനുസരിച്ച് നേരിട്ടും അല്ലാതെയും 20 ബില്യണ്‍ ഡോളറിന്റെ ചെലവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇറാനെ ആക്രമിച്ചതിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ഇസ്രായേല്‍ ഏകദേശം 5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ ദൈനംദിന ചെലവുകള്‍ 725 മില്യണ്‍ ഡോളറിലെത്തി. ഇതില്‍ 593 മില്യണ്‍ ഡോളര്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ചു, 132 മില്യണ്‍ ഡോളര്‍ പ്രതിരോധ നടപടികള്‍ക്കും സൈനിക സമാഹരണത്തിനുമായി നീക്കിവച്ചു. മിസൈല്‍ പ്രതിരോധ വ്യോമ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ദൈനംദിന ചെലവ് ഇസ്രായേലിന് 10 മില്യണ്‍ മുതല്‍ 200 മില്യണ്‍ ഡോളര്‍ വരെയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ നിന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വരും മാസങ്ങളില്‍ ഇസ്രായേലിന്റെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാക്കുമെന്നും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുമെന്നും ദാരിദ്ര്യ നിലവാരം വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജൂണ്‍ 13നാണ് ഇറാന്‍ ആണവായുധ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ഇസ്രായേല്‍ യാതൊരു പ്രകോപനവുമില്ലാതെ ഇറാനെതിരെ ഏകപക്ഷീയമായ ആക്രമണം ആരംഭിച്ചത്. ഇറാനിലുടനീളമുള്ള സൈനിക, ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടു. ആണവ ബോംബ് നിര്‍മ്മിക്കുകയാണെന്ന യു.എസിന്റെ അവകാശവാദങ്ങള്‍ ഇറാന്‍ നിഷേധിച്ചു. ഇതിന് മറുപടിയായി, ഇറാന്‍ തെല്‍ അവീവ്, ബീര്‍ഷേ അടക്കമുള്ള ഇസ്രായേല്‍ നഗരങ്ങളിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി, 12 ദിവസത്തെ ആക്രമണത്തില്‍ ഇസ്രായേലിന് മുമ്പെങ്ങുമില്ലാത്ത വിധം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ജൂണ്‍ 24ന് പ്രാബല്യത്തില്‍ വന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് താല്‍ക്കാലിക ആശ്വാസമായത്.

ഗസ്സയില്‍ ഇസ്രായേല്‍ വ്യാഴാഴ്ച രാവിലെ നടത്തിയ ആക്രമണങ്ങളില്‍ പതിനാല് പേര്‍ കൂടി കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 90 കടന്നു. ഇസ്രായേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനാല്‍ അടുത്ത ആഴ്ച യു.എസും ഇറാനിയന്‍ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഇസ്രായേല്‍ ആക്രമണങ്ങളില്‍ 627 പേര്‍ കൊല്ലപ്പെടുകയും 4,870ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിനെതിരായ ഇറാനിയന്‍ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു.

Related Articles