Sunday, November 16, 2025

Current Date

മനുഷ്യൻ ഖുർആനിൽ

റബ്ബുൽ ആലമീൻ (ലോക നാഥൻ) ലോകത്തെ സകല ജീവികൾക്കും സന്മാർഗമായാണ് ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ പ്രത്യേക അഭിസംബോധന ചെയ്തു കൊണ്ട് പറയുന്ന പടപ്പുകൾ മനുഷ്യരാണ്. ഉപരിസൂചിത റബ്ബുൽ ആലമീൻ മുതൽ റബ്ബുന്നാസ് ( മനുഷ്യരുടെ നാഥൻ) എന്ന പ്രയോഗം വരെയുള്ള ആറായിരത്തോളം സൂക്തങ്ങളുടെ മുഖ്യ പ്രമേയവും പ്രധാന അച്ചുതണ്ടും മനുഷ്യനാണെന്ന് കാണാം. മനുഷ്യൻ എന്ന അർത്ഥത്തിൽ ഖുർആനിൽ മൂന്ന് പദങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. അൽ-ഇൻസ് (الإنس), അൽ-ഇൻസാൻ (الإنسان), അൽ-ബശർ (البشر) എന്നിവയാണത്. ഖുർആനിൽ ഈ മൂന്ന് വാക്കുകളും വ്യത്യസ്ത സന്ദർഭങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളത്. ഓരോ പദത്തിനും അതിൻ്റേതായ കൃത്യമായ അർത്ഥതലങ്ങളുണ്ട്.  അവയുടെ വ്യത്യാസങ്ങൾ താഴെ വിശദീകരിക്കുന്നു:

1.⁠ ⁠അൽ-ഇൻസ് (الإنس)

ഖുർആനിൽ ഈ പദം 19 തവണ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ 18 തവണയും ജിന്നുകളോടൊപ്പം ചേർത്താണ് ഇത് വന്നിട്ടുള്ളത്. അഥവാ, ജിന്നുകളിൽ നിന്ന് മനുഷ്യരെ വേർതിരിച്ചറിയാൻ വേണ്ടിയാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്.

ഉദാഹരണങ്ങൾ:

  • “അതുപോലെ, ഓരോ പ്രവാചകനും ശത്രുക്കളെ നാം ഉണ്ടാക്കിയിട്ടുണ്ട്. ഇൻസിലെയും ജിന്നിലെയും പിശാചുക്കൾ” (وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا) (സൂറത്ത് അൻആം: 112).
  • “സുലൈമാന് വേണ്ടി അദ്ദേഹത്തിൻ്റെ പടയാളികളായ ജിന്നുകൾ, ഇൻസ്, പക്ഷികൾ എന്നിവരെ ഒരുമിച്ചുകൂട്ടി” (وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ الْجِنِّ وَالْإِنْسِ وَالطَّيْرِ فَهُمْ يُوزَعُونَ) (സൂറത്ത് നംൽ: 17).
  • “ഇൻസിലെ ചില പുരുഷന്മാർ ജിന്നുകളിലെ ചില പുരുഷന്മാരോട് അഭയം തേടാറുണ്ടായിരുന്നു” (وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا)(സൂറത്ത് ജിന്ന്: 6)
  • ഒരൊറ്റ സ്ഥലത്ത് മാത്രമാണ് ഇൻസ് എന്ന പദം ജിന്നുകളുമായി കൂട്ടിച്ചേർക്കാതെ വന്നിട്ടുള്ളത്. മറിയം ബീവിയുടെ കഥയിലാണ് അത്. إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا (മർയം: 26) – “ഞാൻ പരമ കാരുണ്യവാനായ അല്ലാഹുവിന് വേണ്ടി നോമ്പെടുക്കാൻ നേർച്ചയാക്കിയിരിക്കുന്നു. അതിനാൽ ഇന്ന് ഒരു ഇൻസുമായിട്ടും  സംസാരിക്കില്ല.” ഇവിടെ ഇൻസ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യവർഗ്ഗത്തെ മാത്രമാണ്. മറിയം ബീവിക്ക് മലക്കുകളോട് സംസാരിക്കാൻ സാധിക്കുമായിരുന്നു.  മനുഷ്യരുമായുള്ള സംസാരത്തിൽ നിന്ന് മാത്രം വിട്ടുനിൽക്കാനാണ് അവർക്ക് നിർദേശം ലഭിച്ചത്.
  • ചുരുക്കത്തിൽ, ഇൻസ് എന്ന വാക്ക് ജിന്നുകളിൽ നിന്ന് മനുഷ്യരെ വേർതിരിക്കുന്ന  വർഗ്ഗനാമമായി (species) ഇൻസ്   ഉപയോഗിച്ചിരിക്കുന്നു.

2.⁠ ⁠അൽ-ഇൻസാൻ (الإنسان)

ഈ പദം ഖുർആനിൽ 65 തവണ വന്നിട്ടുണ്ട്. ഈ പദം ഉപയോഗിക്കുന്ന എല്ലാ സന്ദർഭങ്ങളിലും മനുഷ്യൻ്റെ ഉത്തരവാദിത്തത്തെയും കർത്തവ്യങ്ങളെയും കുറിച്ചാണ് പറയുന്നത്. അതായത്, ചിന്തിക്കാനും, തിരഞ്ഞെടുക്കാനും, പ്രവർത്തിക്കാനും കഴിവുള്ള, ഉത്തരവാദിത്തബോധമുള്ള മനുഷ്യൻ. ഈ വാക്ക് മനുഷ്യൻ്റെ സൃഷ്ടിപ്പിൻ്റെയും കഴിവിൻ്റെയും വിഷയങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. ഇൻസാൻ ആഖ്യ ആവുന്ന ഇടങ്ങളിൽ ആഖ്യാതം തീരെ സന്തോഷദായകമാവില്ല. അതിന് ശേഷം ചില അപവാദങ്ങൾ പറഞ്ഞാലല്ലാതെ.

ഉദാഹരണങ്ങൾ:

  • “തീർച്ചയായും മനുഷ്യൻ ഏറ്റവും വലിയ തർക്കക്കാരനാണ്”, (وَكَانَ الْإِنْسَانُ أَكْثَرَ شَيْءٍ جَدَلًا)    (സൂറത്ത് കഹ്ഫ്: 54).
  • “മനുഷ്യൻ ദുർബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു”, (وَخُلِقَ الْإِنْسَانُ ضَعِيفًا) (സൂറത്ത് നിസാഅ്: 28).
  • “മനുഷ്യന് അവൻ്റെ കഠിനാധ്വാനമല്ലാതെ മറ്റൊന്നുമില്ല”, (وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ) (സൂറത്ത് നജ്മ്: 39).
  • “നാം മനുഷ്യന് അവൻ്റെ മാതാപിതാക്കളോട് നന്മ ചെയ്യാൻ ഉപദേശം നൽകി”, (وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا) (സൂറത്ത് അഹ്ഖാഫ്: 15).

ഈ സന്ദർഭങ്ങളിലെല്ലാം മനുഷ്യൻ്റെ ഉത്തരവാദിത്തത്തെയും സ്വഭാവത്തെയും കുറിച്ചാണ് പറയുന്നത്. അതിനാൽ, ഇൻസാൻ എന്നത് ഉത്തരവാദിത്തമുള്ള, ബുദ്ധിയുള്ള, ചിന്തിക്കുന്ന മനുഷ്യനെയാണ് സൂചിപ്പിക്കുന്നത്.

3.⁠ ⁠അൽ-ബശർ (البشر)

ഈ പദം ഖുർആനിൽ 37 തവണ വന്നിട്ടുണ്ട്. ഈ വാക്ക് മനുഷ്യൻ്റെ ശരീരം, രൂപം, ബാഹ്യഘടന എന്നിവയെയാണ്  സൂചിപ്പിക്കുന്നത്.  ഭൗതികമായ അവസ്ഥയെയും തൊലിപ്പുറമേയുള്ള ജീവിതത്തെയും അന്വയിപ്പിക്കാനേ ഈ പദം വന്നിട്ടുള്ളൂ. അല്ലാതെ മനസ്സിനെയോ മനുഷ്യൻ്റെ ഉത്തരവാദിത്തങ്ങളെയോ അല്ല സൂചിപ്പിക്കുന്നത്.

ഉദാഹരണങ്ങൾ:

  • ആദം നബിയെ സൃഷ്ടിച്ചതിനെക്കുറിച്ച് പറയുമ്പോൾ അല്ലാഹു പറയുന്നു: “തീർച്ചയായും ഞാൻ ബശറിനെ കളിമണ്ണിൽ നിന്ന് സൃഷ്ടിക്കാൻ പോകുന്നു”, (إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ) (സൂറത്ത് സ്വാദ്: 71). ഇവിടെ മനുഷ്യൻ്റെ ശാരീരിക രൂപത്തെയാണ് സൂചിപ്പിക്കുന്നത്.
  • ഇബ്‌ലീസ് ആദം നബിക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ചപ്പോൾ പറഞ്ഞു: “കളിമണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു ബശറിന് ഞാൻ എങ്ങനെ സുജൂദ് ചെയ്യും?, “(قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ) (സൂറത്ത് ഹിജ്ർ: 33). ഇവിടെയും ആദം നബിയുടെ ഭൗതിക ശരീരത്തെയാണ് ഇബ്‌ലീസ് നിന്ദിച്ചത്.
  • റസൂലുമാർ മനുഷ്യരാണെന്ന് പറഞ്ഞ് അവരെ നിഷേധിച്ച അവിശ്വാസികളുടെ വാചകങ്ങൾ: “ഇതൊരു സാധാരണ ബശർ അല്ലാതെ മറ്റൊന്നുമല്ല” (مَا هَذَا إِلَّا بَشَرٌ مِثْلُكُمْ يُرِيدُ أَنْ يَتَفَضَّلَ عَلَيْكُمْ ۖ وَلَوْ شَاءَ اللَّهُ لَأَنْزَلَ مَلَائِكَةً), (സൂറത്ത് മുഅ്മിനൂൻ: 24). ഇവിടെ മലക്കുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരായ റസൂലുമാരുടെ രൂപത്തെയാണ് അവർ ചോദ്യം ചെയ്തത്.
  • മറിയം ബീവി താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പറഞ്ഞ വാക്കുകളിലും ബശർ എന്ന വാക്കിൻ്റെ കൃത്യത കാണാം: “എന്നെ ഒരു ബശറും സ്പർശിച്ചിട്ടില്ല”, (قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا) (സൂറത്ത് മറിയം: 20). ഇവിടെ ഒരു പുരുഷൻ തൻ്റെ ശരീരത്തെ സ്പർശിച്ചിട്ടില്ല എന്നാണ് അവർ വ്യക്തമാക്കിയത്. ഈ വാക്ക് ഉപയോഗിച്ചത് വഴി പുരുഷൻ, മനുഷ്യൻ, മനുഷ്യവർഗ്ഗം എന്നിവയിലേതെങ്കിലും തൊലി സ്പർശം ‘എനിക്കുണ്ടായിട്ടില്ലെന്ന് പറയാൻ ഒറ്റ വാക്കിൽ  അവർക്ക് സാധിച്ചു. ചുരുക്കത്തിൽ, ബശർ എന്നത് മനുഷ്യൻ്റെ ശാരീരിക രൂപത്തെയും ഭൗതിക ശരീരത്തെയും സൂചിപ്പിക്കുന്നു.

ചുരുക്കത്തിൽ:

  • ഇൻസ് (الإنس): ജിന്നുകളിൽ നിന്ന് വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മനുഷ്യവർഗ്ഗം.
  • ഇൻസാൻ (الإنسان): ബുദ്ധിയുള്ള, ഉത്തരവാദിത്തബോധമുള്ള മനുഷ്യൻ.
  • ബശർ (البشر): മനുഷ്യൻ്റെ ശാരീരിക രൂപവും ശരീരഘടനയും.

ഈ ഓരോ പദവും അതിൻ്റേതായ കൃത്യതയോടെ ഖുർആനിൽ ഉപയോഗിച്ചിരിക്കുന്നു.  ഖുർആനിൻ്റെ ഭാഷാപരമായ സൂക്ഷ്മതയുടെ വലിയൊരു ഉദാഹരണമാണിത്. ഖുർആൻ മനുഷ്യൻ്റെ ഉത്തരവാദിത്തങ്ങളെയും വികാരങ്ങളെയും കുറിച്ച് വിശദീകരിക്കുമ്പോൾ ഇൻസാൻ എന്ന വാക്കും, ഭൗതിക രൂപത്തെക്കുറിച്ച് പറയുമ്പോൾ ബശർ എന്ന വാക്കും, ജിന്നുകളോടോ മറ്റു സൃഷ്ടികളോടോ താരതമ്യം ചെയ്യുമ്പോൾ ഇൻസ് എന്ന വാക്കും ഉപയോഗിക്കുന്നു എന്നർത്ഥം.

Related Articles