Sunday, November 16, 2025

Current Date

വംശഹത്യ കാലത്തെ ബദൽ പരീക്ഷണങ്ങൾ

ഒരു വലിയ ലോഹ ബാരലിന് താഴെ വിറകുകള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ഗസ്സക്കാരനായ അബു അസ്സ. കുറേ കത്തുമ്പോള്‍ അത് ഇന്ധനമായി മാറുന്നു. ഗസ്സക്കു മേലെ ഇസ്രായേലിന്റെ വംശഹത്യ യുദ്ധവും കര്‍ശനമായ ഉപരോധവും തുടരുന്നതിനിടെയും ഗസ്സ മുനമ്പിലെ ഫലസ്തീനികള്‍ ഗതാഗതത്തിനും ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനം ഉത്പാദിപ്പിക്കുന്നതിനും ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ”ബാരലുകള്‍, പ്ലേറ്റുകള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ ഞങ്ങള്‍ ശേഖരിക്കുന്നു, ഇവയില്‍ ചിലത് മാലിന്യങ്ങളില്‍ നിന്നും ചിലത് തെരുവുകളില്‍ നിന്നും, ചിലപ്പോള്‍ ബോംബാക്രമണം നടന്ന വീടുകളില്‍ നിന്നുമാണ് ശേഖരിക്കുന്നത്. അവിടെ വെച്ച് കേടുവന്ന വാട്ടര്‍ ബാരലുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഞങ്ങള്‍ കണ്ടെത്തുന്നു,” അബു അസ്സ പറഞ്ഞു. ചിലപ്പോള്‍ അവര്‍ ചെറിയ വില കൊടുത്ത് ആളുകളില്‍ നിന്നും ഇവ ശേഖരിക്കുന്നു. അതില്‍ നിന്നും അവര്‍ ഇനം അനുസരിച്ച്് പ്ലാസ്റ്റിക് തരംതിരിക്കുന്നു. പ്ലാസ്റ്റിക് പിന്നീട് ചെറിയ കഷണങ്ങളായി മുറിച്ച് പ്രത്യേക ഇരുമ്പ് ബാരലുകളിലേക്ക് ഇട്ടതിന് ശേഷം അടുപ്പില്‍ വെച്ച് തീ കത്തിക്കുകയാണ് ചെയ്യുന്നതെന്നും അബു അസ്സ വിശദീകരിച്ചു.

പ്ലാസ്റ്റിക് പൂര്‍ണ്ണമായും കഷ്ണങ്ങളാക്കേണ്ടതാണെങ്കിലും, വൈദ്യുതിയുടെയും പ്രത്യേക യന്ത്രങ്ങളുടെയും അഭാവം കാരണം അവര്‍ തന്നെ അത് കൈകൊണ്ട് സ്വയം കഷ്ണങ്ങളാക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെ മുറിച്ചിട്ട പ്ലാസ്റ്റിക് രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ആദ്യം, അത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുകയും കത്തിച്ച് നീരാവിയായി മാറ്റുകയും ചെയ്യുന്നു. പിന്നീട്, അത് ഘനീഭവിപ്പിച്ച് തണുപ്പിച്ച്, ഒരു ദ്രാവക പദാര്‍ത്ഥമാക്കി മാറ്റുന്നു, തുടര്‍ന്ന് അത് വാറ്റിയെടുത്ത് ഗ്യാസോലിന്‍, ഗ്രീസ് എന്നിവയില്‍ നിന്ന് ഡീസല്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നതെന്നും അസ്സ പറഞ്ഞു. അതിലെ ശേഷിക്കുന്ന മാലിന്യങ്ങള്‍ കൂടി നീക്കം ചെയ്യുന്നതിനായി ഇന്ധനം അധിക ശുദ്ധീകരണത്തിന് വിധേയമാക്കുന്നു, അങ്ങനെ അവസാനം ഉപയോഗത്തിന് തയ്യാറായ ഗ്യാസോലിന്‍ അല്ലെങ്കില്‍ ഡീസല്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

ഈ പ്രക്രിയ വഴി സാധാരണയായി ഏതാനും ലിറ്റര്‍ ഇന്ധനം ഉത്പാദിപ്പിക്കാന്‍ ഏകദേശം 12 മണിക്കൂര്‍ സമയം എടുക്കും. ഇങ്ങനെയുണ്ടാക്കുന്ന ഇന്ധനത്തിന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തേക്കാള്‍ ഗുണനിലവാരം പൊതുവെ കുറവാണെങ്കിലും,ഗസ്സന്‍ ജനത ജനറേറ്ററുകള്‍, ജലസേചനത്തിനുളള പമ്പുകള്‍, വലിയ ട്രക്കുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനെല്ലാം ഇത്തരത്തില്‍ നിര്‍മിക്കുന്ന ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്. ”ആദ്യമൊക്കെ ആളുകള്‍ ഇത്തരത്തിലുള്ള ഇന്ധനം വാങ്ങാന്‍ മടിച്ചുനിന്നു, ഈ ഇന്ധനം വാങ്ങുന്നത് ഒഴിവാക്കി. എന്നാല്‍ പെട്രോളും ഡീസലും ഗസ്സയില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമാവുകയും, അല്ലെങ്കില്‍ വളരെ ഉയര്‍ന്ന വിലയ്ക്ക് മാത്രം ലഭ്യമാവുകയും ചെയ്തപ്പോള്‍ ഇതിനും ഡിമാന്‍ഡ് വര്‍ധിക്കാന്‍ തുടങ്ങി, ഇന്ന്, ഗസ്സയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും ഗതാഗതത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും വൈദ്യുതി വിതരണത്തിനും ഈ ഇന്ധനം വളരെ അത്യാവശ്യമായി മാറിയിരിക്കുന്നു. ഇസ്രായേലിന്റെ സമ്പൂര്‍ണ്ണ ഉപരോധത്തെത്തുടര്‍ന്ന് ഇന്ധന വില കുതിച്ചുയര്‍ന്നതോടെ ജോലി തുടരാന്‍ പാടുപെടുന്ന ടാക്‌സി ഡ്രൈവര്‍മാരാണ് ഞങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍.” അബു അസ്സി പറയുന്നു.

ഗ്യാസോലിന്‍ ഗസ്സയിലെ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായെങ്കിലും, ഡീസലിന് ലിറ്ററിന് ഏകദേശം 70-90 ഷെക്കല്‍ ആണ് വില. പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മിക്കുന്ന ഇന്ധനം ഗതാഗതത്തിന് ഊര്‍ജ്ജം പകരുമെങ്കിലും, ചില എഞ്ചിനുകള്‍, ആശുപത്രികള്‍, പ്രധാന സേവന ദാതാക്കള്‍ എന്നിവര്‍ക്ക് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഇന്ധനം കൊണ്ട് ആകുന്നില്ല. അതിനാല്‍ തന്നെ ഗസ്സയിലെ ഇന്ധന വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ ഇത്തരം ആശുപത്രികളടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങളും നിലച്ചു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ നിന്ന് ഇന്ധനം വീണ്ടെടുക്കാന്‍ യു.എന്‍ ഏജന്‍സികളെ അനുവദിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതാണ് ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്.

മെയ് 15നും ജൂണ്‍ 9നും ഇടയില്‍, വടക്കന്‍ ഗസ്സയിലേക്കുള്ള യു.എന്‍ ഏജന്‍സിയുടെ പ്രവേശനം ഇസ്രായേലി അധികൃതര്‍ 14 തവണയാണ് നിഷേധിച്ചത്. ഇത് ഇന്ധനം വീണ്ടെടുക്കുന്നതിനെ തടയുകയും ഏകദേശം 260,000 ലിറ്റര്‍ കൊള്ളയടിക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു. ഇന്ധനവും എഞ്ചിന്‍ ഓയിലും വിതരണം ചെയ്യത്തതിനാല്‍ ഗസ്സയിലുടനീളമുള്ള ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്, ഇത് പൂര്‍ണ്ണമായും വൈദ്യുതി മുടക്കത്തിലേക്ക് മുനമ്പിനെ തള്ളിവിടുമെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

ഉപരോധത്തെ മറികടക്കുന്ന ബദലുകള്‍

പാചകം ഉള്‍പ്പെടെയുള്ള മറ്റ് സുപ്രധാന ആവശ്യങ്ങള്‍ക്കായി ഈ പ്രോസസ് ചെയ്ത ഇന്ധനം ഉപയോഗിക്കാനുള്ള വഴികള്‍ ഗസ്സന്‍ ജനത കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 2ന് ഇസ്രായേല്‍ ഗസ്സയുടെ അതിര്‍ത്തികള്‍ അടച്ചതിനുശേഷം, പാചകവാതകം ലഭ്യമല്ലാത്തതിനാല്‍, മിക്ക കുടുംബങ്ങളും ദൈനംദിന ഭക്ഷണം പാചകം ചെയ്യാനായി വിറക് അടുപ്പാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ബദല്‍ ഇന്ധനം ലഭ്യമായതോടെ പല കുടുംബങ്ങളും പോര്‍ട്ടബിള്‍ മണ്ണെണ്ണ സ്റ്റൗകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്ലാസ്റ്റിക്കില്‍ നിന്നുള്ള ഡീസല്‍ വാങ്ങാന്‍ തുടങ്ങി. ഗസ്സക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിലുടനീളം ദീര്‍ഘകാലം വിറകടുപ്പ് ഉപയോഗിക്കുന്നത് ഫലസ്തീനികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത് കൊണ്ടി കൂടുതല്‍ പേരും ബദല്‍ ഇന്ധനത്ത ആശ്രയിക്കാന്‍ തുടങ്ങി.

”അധിനിവേശം മിക്ക ഗസ്സക്കാരെയും തെക്കോട്ടേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയപ്പോഴും ഞങ്ങള്‍ വടക്കന്‍ ഗസ്സ വിട്ടു പോകാന്‍ തയാറായില്ല,പകരം, അനവധി ബുദ്ധിമുട്ടുകള്‍ സഹിച്ച് വടക്കന്‍ ഗസ്സയില്‍ തന്നെ നിന്നു. പാചകം ചെയ്യുന്നതിനും കുളിക്കുന്നതിനും വെള്ളം ചൂടാക്കുന്നതിനും വിറകിനെ ആശ്രയിക്കുന്നതായിരുന്നു ഏറ്റവും കഠിനമായ വെല്ലുവിളികളില്‍ ഒന്ന്’ 48 വയസ്സുകാരനായ ഉംസഈദ് അര്‍ഹീം പറഞ്ഞു. ‘ഇത് എല്ലാവരെയും ബാധിച്ചു, പുരുഷന്മാര്‍ക്ക് വിറക് കണ്ടെത്തി ശേഖരിക്കേണ്ടിവന്നു, അതേസമയം സ്ത്രീകള്‍ വിറകില്‍ നിന്നുള്ള കനത്ത പുകയും ശ്വസിച്ച് ഭക്ഷണം തയ്യാറാക്കാന്‍ മണിക്കൂറുകളോളം ചെലവഴിച്ചു, ഈ നിരന്തരമായ പ്രവൃത്തി ഞങ്ങള്‍ക്കിടയില്‍ വ്യാപകമായ ശ്വസന, കാഴ്ച പ്രശ്‌നങ്ങള്‍ക്ക് കാരണമായി.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

വിപണിയില്‍ മെച്ചപ്പെട്ട ഇന്ധനം കൂടുതല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ, അര്‍ഹീം ഒരു മണ്ണെണ്ണ സ്റ്റൗ വാങ്ങാന്‍ തീരുമാനിച്ചു. ”ഇത് ഞങ്ങളുടെ ഒരു പ്രധാന വെല്ലുവിളിയെയാണ് പരിഹരിച്ചത്. ഇത് പാചകവാതകത്തിന് പകരമാവില്ല, എങ്കിലും അതിര്‍ത്തി അടച്ചുപൂട്ടലുകളെ ഭയപ്പെടാതെ ഒരു ബദല്‍ സംവിധാനം ഞങ്ങളുടെ കൈവശമുണ്ടെന്നുള്ളതില്‍ ഞങ്ങള്‍ അഭിമാനിതരാണ്’ കാലക്രമേണ ഇതിനും വിലകള്‍ വര്‍ദ്ധിച്ചേക്കാം, പ്രത്യേകിച്ച് വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കാരണം പ്ലാസ്റ്റിക്കിന് ക്ഷാമം ഉണ്ടായാല്‍, എങ്കിലും ഇന്ധനം ലഭ്യമാകുമെന്നും ഉപരോധം ഇതിനെ ബാധിക്കില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ അവര്‍ തുടര്‍ന്നു.

2007 മുതല്‍ ഗസ്സയില്‍ ഇസ്രായേലിന്റെ ഉപരോധം ആരംഭിച്ചതു മുതല്‍ തീരദേശ പ്രദേശമായ ഗസ്സയിലെ ജനങ്ങള്‍ നിരന്തരം ഇന്ധന പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. മുനമ്പിലെ ഏക പവര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ വരെ ഉപരോധം കാരണമായി. പാചകവാതകം ഇല്ലാത്തത്, ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍, ജീവന്‍ രക്ഷിക്കാനുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്, ഓക്‌സിജനും വൈദ്യുതിയും ആശ്രയിച്ച് കഴിയുന്ന രോഗികളുടെയും കുഞ്ഞുങ്ങളുടെയും മരണത്തിന് വരെ ഇത് കാരണമായിത്തീര്‍ന്നു.

2023 നവംബറില്‍ ഇന്ധനക്ഷാമം മൂലം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കളും തീവ്രപരിചരണ വിഭാഗത്തിലെ ഏഴ് പേരും ഉള്‍പ്പെടെ 20 രോഗികളാണ് മരിച്ചുവീണത്. 2024 ഫെബ്രുവരിയില്‍, തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസിലെ നസ്ര്‍ ആശുപത്രി ഉപരോധത്തിനിടെ വൈദ്യുതിയും ഓക്‌സിജനും വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അഞ്ച് രോഗികള്‍ മരിച്ചു. വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍, ഇന്ധന വിതരണം തടസ്സപ്പെട്ടത് മൂലം നാല് കുട്ടികളും മറ്റ് രോഗികളും മരിക്കാന്‍ കാരണമായിരുന്നു.

”ഇന്ധനം തടസ്സപ്പെടുത്തുന്നത് ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഞങ്ങള്‍ ഇത് നേരിടുന്നുണ്ട്. അന്ന് മുതല്‍ ഞങ്ങള്‍ ബദലുകള്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ ഞങ്ങള്‍ പരാജയപ്പെടും മറ്റ് ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും. ഒടുവില്‍ ജീവിതത്തിന്റെ അവശ്യവസ്തുക്കള്‍ ഞങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, പ്രത്യേകിച്ച് കഴിഞ്ഞ 20 മാസത്തിനിടയില്‍. അതിനാല്‍ തന്നെ ‘വംശഹത്യ എന്നത് കണ്ടുപിടുത്തങ്ങളുടെ മാതാവാണ്’ അര്‍ഹീം പറഞ്ഞവസാനിപ്പിച്ചു.

അവലംബം: മിഡിലീസ്റ്റ് ഐ
വിവ: സഹീര്‍ അഹ്‌മദ്

Related Articles