ഗസ്സയുടെ രാത്രികൾക്ക് അതിൻ്റെ ഇരുട്ടും നിശ്ശബ്ദതയും നഷ്ടമായിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ് എങ്ങും. ബോംബിൻ്റെ, എണ്ണിയാൽ തീരാത്ത ഡ്രോണുകളുടെ ദൂരങ്ങളോളം ചെന്നെത്തുന്ന വെളിച്ചങ്ങൾ. മിന്നലിനൊപ്പം ശക്തമായ ഇടി വെട്ടുന്നത് പോലെ സ്‌ഫോടനങ്ങളുടെ ശബ്ദങ്ങൾ. ഓരോന്നിലും വീട് കുലുങ്ങി വിറക്കുന്നു, തൊട്ടടുത്ത് എന്തൊക്കെയോ പൊളിഞ്ഞു വീണ് താറുമാറാകുന്നു, തൊട്ടു മുന്നത്തെ നിമിഷം വരെ കൺമുന്നിൽ ഉണ്ടായിരുന്ന കെട്ടിടങ്ങൾ നിലം പൊത്തുന്നു, ആളുകൾ കൊല്ലപ്പെടുന്നു.
ചില്ലുകളുടയുന്ന ശബ്ദം കേട്ട് ഞാൻ മക്കളുടെ അടുത്തേക്കോടി. തൽക്കാലത്തെ ആശ്വാസത്തിന് അത് അവരുടെ മേൽ ആയിരുന്നില്ല. പിന്നെയും സ്ഫോടനങ്ങൾ, മുമ്പത്തേക്കാൾ അടുത്തെവിടെയോ, നിലവിളികൾ… യുദ്ധ വാർത്തകളറിയാൻ റേഡിയോ ഓൺ ചെയ്തു നോക്കി.
“അൽ സർക്ക ( Al Zarka) ജില്ലയിൽ തുടരെ രണ്ട് വലിയ ആക്രമണങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്…”
“അൽ തിവാം ക്വാർട്ടറിൽ കനത്ത സ്ഫോടനം.”
“ഞാനിപ്പോൾ നിൽക്കുന്നത് ഗസ്സയുടെ വടക്കു ഭാഗത്താണ്. ഇവിടെ കരാമ ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിന് ഇസ്രായേൽ ബോംബിട്ടു.”
‘ദിവസം തോറും ഇസ്രായേൽ കൂടുതൽ കൂടുതൽ ഡ്രോണുകൾ ഇറക്കുകയാണ്. അതോടൊപ്പം തന്നെ, യുദ്ധക്കപ്പലുകളും ഗസ്സയുടെ തീരത്തേക്ക് അടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ യുദ്ധം കൂടുതൽ കനക്കും എന്ന് വേണം അനുമാനിക്കാൻ.”
നാടിൻ്റെ പല ഭാഗങ്ങളിലുമുള്ള റിപ്പോർട്ടർമാർ യുദ്ധം റിപ്പോർട്ട് ചെയ്യുകയാണ്. പക്ഷേ അതിലൊന്നും, അല്പം മുമ്പ് ഞങ്ങളനുഭവിച്ച , കൺമുന്നിൽ കണ്ട സ്ഫോടനത്തെ കുറിച്ച് ഒരു വാർത്തയുമുണ്ടായിരുന്നില്ല. പുറംലോകമറിയാത്ത അതുപോലെ എത്രയെത്ര ആക്രമണങ്ങൾ, നാശ നഷ്ടങ്ങൾ!!!ഇതിനൊക്കെ ഇടയിലും യുദ്ധം നടക്കുന്നത് ശ്രദ്ധിക്കാതെ, ഒന്നും സംഭവിക്കാത്ത മട്ടിൽ വിനോദ പരിപാടികൾ സംപ്രേഷണം നടത്തുന്നുണ്ട് ചില ചാനലുകൾ. അവയിലൊന്നിൽ ഒട്ടും നല്ലതല്ല എങ്കിലും ഒരു റമദാൻ സീരീസ് കാണാനായിരുന്നു ഞാൻ. പുറം ലോകത്തെ മനപ്പൂർവം മറവിക്ക് വിടുക എന്നതാണ് സമാധാനം കിട്ടാനുള്ള വഴി. ഫലം ഉണ്ടായാലും ഇല്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്തേ പറ്റൂ.
ജനലിന് പുറത്ത് ഡ്രോണുകൾ, സ്ഫോടനങ്ങൾ, പീരങ്കിയൊച്ചകൾ, ടി.വി യിലെത്തിനേക്കാൾ ഉറക്കെ മിസൈൽ ശബ്ദങ്ങൾ, തൊട്ടടുത്ത് വരെയെത്തുന്ന തീയിൻ്റെ വെളിച്ചം…
പെട്ടെന്ന്, അതി ശക്തമായ ഒരാക്രമണത്തിൽ ഇരുന്നിരുന്ന സോഫയിൽ നിന്ന് ഞാൻ തെറിച്ചു പോയി. കൈയ്യിലുണ്ടായിരുന്ന റിമോർട്ട് പല കഷ്ണങ്ങളായി ചിതറി. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. റിമോർട്ടിൻ്റെ കൂർത്ത ഭാഗങ്ങൾ മക്കളുടെ കാലിൽ തറക്കും മുമ്പ് എടുത്ത് മാറ്റാൻ വേണ്ടി സർവ ധൈര്യവും എടുത്ത് എഴുന്നേൽക്കവേ കറൻ്റ് പോയി. കൂരാ കൂരിരുട്ട് വീടിനെ വിഴുങ്ങി. അതിൻ്റെ തുടർച്ചയെന്നോണമുണ്ടായ സ്ഫോടനങ്ങളിൽ വീട് വിറച്ചു കൊണ്ടിരുന്നു. അതിനുള്ളിലുള്ളതെല്ലാം താഴെ വീഴുമെന്ന് തോന്നിപ്പോയി എനിക്ക്.
മക്കളും ഹന്നയും കൂടി അടുക്കളയുടെ എതിർ വശത്തുള്ള വരാന്തയിൽ ബെഡ് വിരിച്ചാണ് കിടന്നിരുന്നത്. അതായിരുന്നു മക്കളെ കിടത്താൻ വീട്ടിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം. അവിടെ ചുമരില്ല. അതുകൊണ്ട് എന്തെങ്കിലും ആക്രമണം നടന്നാലും ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ ദേഹത്ത് അത്ര പെട്ടെന്ന് ചുവർ ഇടിഞ്ഞു വീഴില്ല. രണ്ടു ദിവസം മുമ്പ് വലിയൊരു ആക്രമണമുണ്ടായപ്പോൾ ഞങ്ങൾക്ക് തോന്നിയ ഉപായമായിരുന്നു അത്.
ആ ആശ്വാസം പക്ഷേ, അധികം നീണ്ടു നിന്നില്ല. തുടരെയുള്ള സ്ഫോടനങ്ങളിൽ ജനൽച്ചില്ലു തെറിച്ചു വീണുടയുന്ന ശബ്ദം കേട്ട് കൈയിലെ ചെറിയ ടോർച്ചിൻ്റെ മിനുങ്ങു വെളിച്ചത്തിൽ ഞാനങ്ങോട്ട് ഓടിപ്പോയി. എങ്ങും, എല്ലായിടത്തും നിറയെ ചില്ലുകൾ…തലയിണയിൽ, ബെഡിൽ, നിലത്ത്.. എല്ലാവരും ഉറക്കം ഞെട്ടിയുണർന്നിരുന്നു. ഞാൻ ഓരോരുത്തരെയായി വാരിയെടുത്ത് അപ്പുറത്തെ മുറിയിലെത്തിച്ചു. എവിടെയെങ്കിലും ചില്ലു കൊണ്ട് മുറിഞ്ഞിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും നോക്കി, തലോടി ആശ്വസിപ്പിച്ചു. ജഫയെ എടുക്കുമ്പോഴായിരുന്നു ഏറ്റവും എടങ്ങേർ തോന്നിയത്.. കുഞ്ഞ് ആകെ പേടിച്ചരണ്ടിരുന്നു. ഉറഞ്ഞു പോയ ഭയം കാരണം അവൾക്ക് കരയാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
റേഡിയോയിൽ എപ്പോഴും ഇസ്രായേൽ ആക്രമണങ്ങളുടെ വാർത്തകൾ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരുന്നു.
“മൊകാത്ത് കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ ഇസ്രായേൽ ബോംബിട്ടു. ”
“അൽ വഫ ആശുപത്രിയുടെ ഒരു ഭാഗം സ്ഫോടനത്തിൽ തകർന്നു.”
അടുത്ത നിമിഷം, ജനലിന് പുറത്ത് അത്യുഗ്രമായൊരു മിന്നൽപ്പിണർ പോലെ ഭയപ്പെടുത്തുന്ന വെളിച്ചം കണ്ടു. വലിയ വലിയ തീഗോളങ്ങൾ ആകാശത്തേക്കുയരുന്നു. പിന്നീടുള്ള കുറച്ച് സമയം തുടരെത്തുടരെ സ്‌ഫോടനങ്ങളുടേതായിരുന്നു. തുടർച്ചയായി ഭൂകമ്പം പോലെ കെട്ടിടങ്ങൾ ആടിയുലഞ്ഞു. എന്തൊക്കെയോ തകർന്നു വീഴുന്നു, നോക്കി നിൽക്കെ നാട് കത്തിയമരുന്നു .
സ്വന്തം വീടിനകത്ത് പോലും സുരക്ഷിതത്വമുണ്ടായിരുന്നില്ല. ഭീകരമായ പേടി സ്വപ്നം കണക്കേ ഒന്നിന് പിറകെ ഒന്നായി ആക്രമണങ്ങൾ. മരിച്ചവരെയും മരണം കനിയാത്തതിനാൽ ജീവനോടെ നരകിക്കുന്നവരെയും മുറിവേറ്റ അനാഥരായ കുഞ്ഞുങ്ങളെയും കണ്ടു കണ്ട് റിപ്പോർട്ടർമാർ വല്ലാതെ അവശരായിരുന്നു. നാലുപാടും എല്ലാ നേരവും ആക്രമണങ്ങൾ, രാവെന്നോ പകലെന്നോ ഇല്ലാതെ കരയിലും കടലിലും ആകാശത്തും ഇസ്രായേൽ ഗസ്സയെ ബോംബിട്ടു കൊല്ലുകയാണ്.
ഒരുപാട് ആളുകൾ പരിക്ക് പറ്റി വീണു കിടക്കുന്ന സൈത്തൂൻ ക്വോർട്ടറിലേക്ക് ഉടനെ ആംബുലൻസ് എത്തിക്കൂ എന്ന് കേണപേക്ഷിക്കുന്നുണ്ട് ഒരു റിപ്പോർട്ടർ. മറ്റൊരാൾ തനിക്ക് മുന്നിൽ നടന്ന മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുകയാണ്. ശൈഖ് റദ്‌വാൻ സെമിത്തേരിയിൽ ഇസ്രായേൽ ബോംബിട്ടിരിക്കുന്നു!! മുൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഖബറുകളാണ് അവിടെയുള്ളത്. ഖബറുകളിലെ മൃതദേഹങ്ങൾ സ്ഫോടനത്തിൻ്റെ ശക്തിയിൽ തെറിച്ച് പലയിടത്തേക്ക് ചിതറിവീണു!! മരിച്ചിട്ടും പിന്നെയും യുദ്ധക്കെടുതി അനുഭവിക്കേണ്ടി വന്ന തീരെയും ഭാഗ്യമില്ലാത്തവർ.
കുഞ്ഞുങ്ങൾ ഉറങ്ങാനാകാതെ പേടിച്ച് ഹന്നയുടെ തട്ടത്തിൻ്റെ തുമ്പ് പിടിച്ച് സോഫയിൽ അവളോട് ചേർന്ന് ഇരിപ്പാണ്. അല്ലെങ്കിൽ തന്നെ, വീടിൻ്റെ മുറ്റത്ത് വരെ ബോംബ് പൊട്ടുകയും പീരങ്കികൾ റോന്ത് ചുറ്റുകയും വെടിയൊച്ചകൾ മുഴങ്ങുകയും ഡ്രോണുകൾ ആകാശത്ത് വട്ടമിടുകയും കണ്ണിൽ കാണുന്ന മനുഷ്യരെയും വാഹനങ്ങളെയും വീടുകളെയുമെല്ലാം തീ വിഴുങ്ങുകയും ചെയ്യുന്ന ഭയാനതയിൽ എങ്ങനെ ഉറങ്ങാനാണ്!? “സാരമില്ല, പേടിക്കേണ്ട. അത് നിങ്ങളെ ഒന്നും ചെയ്യില്ല” എന്ന് ആശ്വസിപ്പിക്കാനാകാത്ത നിസ്സഹായതയിലായിരുന്നു ഞാനും ഹന്നയും. വീടിനുള്ളിൽ തടങ്കലിൽ ആയപോലെയാണ് തോന്നുന്നത് ഇപ്പോൾ.
പുറത്ത് ആർത്തിയോടെ ഇര പിടിക്കാനിറങ്ങിയ മിസൈലുകളെ വെറുതെ നോക്കിയിരുന്നു. നഈം ജനലിനടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഭയത്തോടെ ഞാനവനെ വിലക്കി. അത്താഴത്തിന് സമയമായി എന്ന് ഹന്ന പറഞ്ഞു. ഇരുട്ടത്ത് , യുദ്ധത്തിൻ്റെ രാത്രിയിൽ എങ്ങനെയൊക്കെയോ ഭക്ഷണം തയാറാക്കാൻ തുടങ്ങുമ്പോൾ വീട്ടിലെ ഫോൺ ബെല്ലടിച്ചു.
“ഇത് ഗസ്സയല്ലേ ? ”
ഫ്രഞ്ച്കാരിയാണ് വിളിക്കുന്നതെന്ന് അവരുടെ ഇംഗ്ലീഷ് കേട്ടപ്പോൾ തന്നെ മനസ്സിലായി.
“അതെ.”
“നിങ്ങൾ ഫലസ്തീനിയാണോ?”
“അതെ. ”
“ഞാനൊരു ഫ്രഞ്ച്കാരിയാണ്. എൻ്റെ ഐക്യദാർഡ്യം അറിയിക്കാൻ വിളിച്ചതാണ്. ”
“നന്ദി. Merci”
എനിക്കൊരു ഫ്രഞ്ച് വാക്കെങ്കിലും അറിയാമെന്ന് കണ്ടപ്പോൾ അവർക്ക് സന്തോഷമായി.
“Parlez – vous francais? ”
“Un Pea ”
പിന്നീടും അവർ ഫ്രഞ്ച് ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. ഒരക്ഷരവും മനസ്സിലായില്ല എങ്കിലും ഫലസ്തീനിനോട്, ഗസ്സയോട് അവർക്കുള്ള അലിവും സ്നേഹവും ആ വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നു. ഞാനവരോട് നന്ദി പറഞ്ഞു.
കറന്റ് വന്നു. റിമോർട്ട് കഷണങ്ങൾ പെറുക്കി മാറ്റാൻ ധൃതിപ്പെട്ട് നോക്കവേ കറൻ്റ് പെട്ടെന്ന് തന്നെ പോവുകയും ചെയ്തു.
പള്ളിയിൽ നിന്ന് സുബ് ഹ് ബാങ്ക് കേൾക്കുന്നുണ്ട്. യുദ്ധ കാലത്തെ ഒരു നോമ്പിന് കൂടി തുടക്കമായി.
Summary: The nights of Gaza have lost their darkness and silence, replaced by blinding lights from bombs and countless drones, and the deafening sounds of explosions that shake houses and turn buildings to rubble. The narrator, terrified for their children’s safety, describes nights filled with shattered glass, collapsing walls, and constant bombings reported on the radio. Despite the chaos, some TV channels continue normal broadcasts as if nothing is happening, forcing people to seek brief mental escape. Every explosion brings fear and despair — hospitals, farms, and cemeteries are bombed, and even the dead are not spared.