Sunday, November 16, 2025

Current Date

യുദ്ധത്തിൻ്റെ ഒന്നാം ദിവസം

In The Drone Eats with Me, Atef Abu Saif captures the unbearable horror and haunting normalcy of life under bombardment in Gaza. Through his..

“യുദ്ധമാണ് ഫലസ്തീനിലെ ഒരു കാലാവസ്ഥ” എന്നെഴുതിയ ഫലസ്തീൻ എഴുത്തുകാരനായ ആതിഫ് അബൂ സൈഫിൻ്റെ ശ്രദ്ധേയമായ പുസ്തകമാണ് ‘ദ ഡ്രോൺ ഈറ്റ്സ് വിത്ത് മി’. 2014-ൽ ഇസ്രായേൽ നടത്തിയ ഗസ്സ അധിനിവേശത്തിനിടെ അതിജീവിക്കാനുള്ള ഒരു സാധാരണ ഗസ്സക്കാരന്റെ പോരാട്ടത്തിന്റെ ചരിത്രരേഖയാണ് ഏറ്റവും ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകം. നാസി ഭീകര കാലത്തെ അതേ പോലെ അടയാളപ്പെടുത്തി വെച്ച ആൻ ഫ്രാങ്കിൻ്റെ ഡയറി കുറിപ്പുകൾ പോലെ എന്നേക്കുമുള്ളവർക്ക് ഈസ്രായേൽ എന്ന ക്രൂരതയെ മനസ്സിലാക്കിക്കൊടുക്കുന്ന ഒന്ന്.  കൺമുന്നിൽ ഗസ്സയിലെ യുദ്ധക്കെടുതികൾ കാണാൻ വിധിക്കപ്പെട്ട, ഭാഗ്യമില്ലാത്തവരായ നമ്മളുടെ കാലത്ത് ഒരു ഗസ്സക്കാരൻ്റെ അനുഭവം പറച്ചിലിന് ഒരുപാട് അർഥങ്ങളുണ്ട്. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയതല്ല ഈ അതിക്രമങ്ങളൊന്നും എന്ന ഓർമപ്പെടുത്തൽ കൂടിയാവുന്നുണ്ട് ഈ പുസ്തകം.

എല്ലായ്പ്പോഴുമെന്ന പോലെ 2014 ലെ റമദാനിലും ഇസ്രായേൽ ഗസ്സക്കു മേൽ ക്രൂരമായ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു.  നോമ്പുകാരായ കുടുംബങ്ങൾ ഭക്ഷണം കഴിക്കാൻ  കാത്തിരിക്കുന്ന അത്താഴത്തിൻ്റെയും ഇഫ്താറിൻ്റെയും അതേ നേരത്തു തന്നെ അവരെ കൂട്ടത്തോടെ ഇല്ലാതാക്കാൻ ഇസ്രായേലിൻ്റെ ഡ്രോണുകൾ വീടുകളിലെത്തി – അവരോടൊപ്പം കഴിക്കാൻ പോകുന്ന ഒരാളെപോലെ. 

2014 ജൂലൈ ( റമദാൻ) 7, തിങ്കൾ

യുദ്ധം തുടരുകയാണ്. ഓരോ മിനിറ്റിലുമെന്നോണം ബോംബിൻ്റെ കനത്ത പ്രകമ്പന ശബ്ദം കേൾക്കുന്നുണ്ട്. തൊട്ടടുത്ത്, അപ്പുറത്തെ തെരുവിൽ എല്ലാം. മണിക്കൂറുകളോളമായി തുടരുന്ന  ഷെല്ലാക്രമണവും നേരം പുലരായിട്ടും ഇപ്പോഴും അവസാനിച്ചിട്ടില്ല.  റമദാൻ രാത്രികളുടെ അന്ത്യയാമങ്ങളിൽ തെരുവിൽ വന്ന്  ഓരോ വീട്ടുകാരെയും സുഹൂറിന് (അത്താഴം) വേണ്ടി വിളിച്ചുണർത്തുന്ന മുസാഹറാത്തി(musaharati)യുടെ ഈണത്തിലുള്ള പാട്ടിന് പകരം ബോംബുകളിൽ തകർന്നു വീഴുന്ന കെട്ടിടങ്ങളുടെ ഒട്ടും സുഖകരമല്ലാത്ത ശബ്ദവും അതിനുള്ളിലെ ജീവനുകളുടെ നിലവിളികളുമാണ്.

ഫലസ്തീനിലുള്ളവർക്ക് മുസാഹറാത്തി വാതിൽക്കൽ വരാത്ത ഒരു നോമ്പ് കാലം ആലോചിക്കാനേ കഴിയില്ല. ഞങ്ങളുടെയെല്ലാം ഏറ്റവും ആദ്യത്തെ നോമ്പോർമയിൽ പോലും അവരുടെ ശബ്ദവും ഈണവുമുണ്ട്. ഓരോ പ്രദേശത്തെയും പ്രായമുള്ള ഒരാളാണ് അവിടുത്തെ മുസാഹറാത്തി ആവുക. രാത്രിയുടെ രണ്ടാം പകുതിയിൽ കൈയിലൊരു റാന്തൽ വിളക്കും ചെറിയൊരു തകരച്ചെണ്ടയുമേന്തി അദ്ദേഹം തെരുവിലിറങ്ങും. എന്നിട്ട് സുപരിചിതമായൊരീണത്തിൽ പാട്ട് പാടി ഓരോ വീട്ടിലെയും ആളുകളെ അത്താഴത്തിന് വിളിച്ചുണർത്തും. മാസാവസാനത്തിൽ- പെരുന്നാൾ തലേന്നോ മറ്റോ ഈ വീട്ടുകാരെല്ലാം പണമോ ധാന്യമോ അദ്ദേഹത്തിന് സമ്മാനമായി കൊടുക്കും. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി നാട്ടിലെ കുറച്ച് ചെറുപ്പക്കാരാണ് ആ ജോലി ഭംഗിയിൽ ചെയ്തു പോരുന്നത്. നോമ്പിന് പുലർച്ചെ ഏതാണ്ട് 2.40 ഒക്കെ ആവുമ്പോ അവർ തെരുവിലെത്തും. കൗതുകമുള്ള ഒരു കാര്യമുണ്ട് ഇവരുടെ പാട്ടിൽ. അവിടുത്തെ ഒരുവിധം എല്ലാവരുടെയും – ആണിൻ്റെയും പെണ്ണിൻ്റെയും കുട്ടികളുടെയും – എല്ലാം പേർ വരികൾക്കിടയിൽ അവർ ചേർത്തിട്ടുണ്ടാവും. ഞങ്ങള് ഇപ്പോഴുള്ള അപാർട്മെൻ്റിലേക്ക് മാറിയിട്ട് മൂന്ന് കൊല്ലമേ ആയിട്ടുള്ളൂ. കഴിഞ്ഞ രണ്ട് തവണയും ഞങ്ങളുടെ പേര് ചേർക്കാൻ അവർ വിട്ടുപോയിരുന്നു. ഇക്കൊല്ലം ഉറപ്പായും ചേർക്കണേ എന്ന് മറക്കാതെ ഓർമപ്പെടുത്തിയതാണ്. അവര് വിളിച്ചില്ലെങ്കിൽ ഉണരാത്തതുകൊണ്ടല്ല അത്. മറിച്ച് എൻ്റെ മക്കളുടെ – തലാൽ, മുസ്തഫ, നഈം , യാസിർ – എന്ന് കേൾക്കുമ്പോൾ ഇവിടെയീ മുറിക്കകത്ത് നിറയുന്ന പൊലിവ് കാണാനാണ്.  19 മാസം മാത്രം പ്രായമുള്ള ജെഫ മോൾക്ക് അതിൻ്റെ സന്തോഷം അറിയാനായിട്ടില്ല.

ഒടുവിൽ, മുസാഹറാത്തിയുടെ പാട്ടിൽ സ്വന്തം പേര് കേൾക്കാൻ പോകുന്നു!! മക്കൾ ഭയങ്കര സന്തോഷത്തിലായിരുന്നു. ആദ്യത്തെ നോമ്പിൻ്റെയന്ന് ഇനിയെങ്ങാനും ഉറങ്ങിപ്പോയിട്ട് അത് കേൾക്കാൻ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ച് അവർ മര്യാദക്കൊന്ന് ഉറങ്ങിയത് പോലുമില്ല. ആദ്യത്തെ പത്തിന് അത്താഴ നേരത്ത് മുറിയുടെ ജനാലക്കരികിൽ വന്ന് മുസാഹറാത്തിയുടെ പാട്ടും അതിനിടയിലെ പേര് വിളിയും ശ്രദ്ധിച്ച് സന്തോഷത്തോടെ ചെവിയോർത്ത് നിന്നു. 

പക്ഷേ ഇന്ന്, ബോംബിൻ്റെ കടുത്ത, ഭീകരമായ ശബ്ദവും തകർന്ന് വീഴാൻ പോകുന്ന വീടിൻ്റെ കിലുക്കവും ഷെല്ലിൻ്റെ തീ വെളിച്ചവും നിറഞ്ഞ ദിവസം മുറ്റത്ത് മുസാഹറാത്തിയോ വീടിൻ്റെ ജനലയിൽ അവരെ കാത്ത് കൗതുകത്തോടെ ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളുടെ പുഞ്ചിരിയോ ഇല്ല. അപ്പോഴേക്കും മക്കൾ ഉണരരുതേ എന്ന പ്രാർഥനയായിരുന്നു എനിക്ക്. പുറത്ത് അവസ്ഥ മോശമാണെന്ന്, പേടിയും നിരാശയുമില്ലാതെ കുഞ്ഞുങ്ങളുറങ്ങിക്കോട്ടെ. “അവര് വന്ന് പാട്ട് പാടി പോയോ?” അത്താഴത്തിന് ചെന്ന് വിളിച്ചപ്പോൾ നഈം ചോദിച്ചു. ഛെ, ഞാൻ ഉറങ്ങിപോയല്ലോ എന്ന ജാള്യതയുണ്ടായിരുന്നു മോൻ്റെ ശബ്ദത്തിൽ. 

“ഇല്ല. ഇനിയൊരിക്കലും അതൊന്നും ഉണ്ടാവുമെന്ന പ്രദീക്ഷയും ഇല്ല.” സത്യം പറയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ നിഷ്കളങ്കമായ മുഖത്ത് നോക്കി പേടിപ്പിക്കാൻ ഇഷ്ടമില്ലാഞ്ഞത് കൊണ്ട്, അവർ വന്ന് മോൻ്റെ പേര് വിളിച്ചു തിരിച്ച് പോയല്ലോ, എന്തേ എഴുന്നേൽക്കാഞ്ഞത്. നല്ല ഉറക്കായിരുന്നു അല്ലേ…” എന്നേ മറുപടി പറഞ്ഞുള്ളൂ. തലയ്ക്ക് മീതെ, മുറ്റത്ത്, കളിച്ചു കൊണ്ടിരിക്കുന്ന തെരുവിൽ, അയലത്ത്, സ്കൂളിൽ പോകുന്ന വഴിയിൽ, സ്കൂളിൽ, അങ്ങാടിയിൽ സകലതും ഇല്ലാതാക്കി, വേണ്ടപ്പെട്ടവരെ കൊന്ന് തള്ളി, ഭീകരമായി തുടരുന്ന യുദ്ധത്തെ കുറിച്ച് മുഴുവൻ മനസ്സിലായിട്ടില്ലാത്ത അഞ്ചു വയസ്സുകാരൻ _ എൻ്റെ കുഞ്ഞ് ആ കള്ളം വിശ്വസിച്ചു.

തുടർച്ചയായ ഭീകരാക്രമണത്തിൻ്റെ പതിനെട്ട് മണിക്കൂർ കഴിഞ്ഞപ്പോൾ പതിനൊന്ന് പേര് കൊല്ലപ്പെട്ടു എന്നും അനേകം ആളുകൾക്ക് പരിക്കുപറ്റി എന്നും അറിയാൻ തുടങ്ങി. ഓരോ മണിക്കൂറിലും ആ അക്കങ്ങൾ മാറിക്കൊണ്ടിരുന്നു. പതിനൊന്നിൽ നിന്ന് ഇരുപത്തൊന്നിലേക്ക്, അമ്പതിലേക്ക്, മൂന്നക്ക സംഖ്യയിലേക്ക്…ഈ നമ്പറുകൾ ഇന്നലെ വരെ ഞങ്ങൾ കണ്ട് സംസാരിച്ചവരായിരുന്നു, നോമ്പുള്ളവരായിരുന്നു, കുഞ്ഞുങ്ങളോടൊപ്പം പെരുന്നാള് കൂടാൻ കാത്തിരിക്കുന്നവരായിരുന്നു. സ്കൂളിലും കോളേജിലും ഓഫീസിലും പോകുന്നവരായിരുന്നു, സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ളവരായിരുന്നു. 

രാവിലെ ഹന്നയും മോനും കൂടി മുന്നത്തെ യുദ്ധങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. വെറുമൊരു  അഞ്ച് വയസ്സുകാരൻ അവൻ്റെ ഓർമയിലെ മൂന്നാമത്തെ യുദ്ധാനുഭവത്തെ കുറിച്ച് അനേകം യുദ്ധങ്ങൾക്കിടയിൽ വളർന്ന ഉമ്മയോട് സംസാരിക്കുക!!!  പൊടുന്നനെ, പെട്ടെന്നൊരു ദിനം കാരണങ്ങൾ  ഒന്നും ഇല്ലാതെയാണ് അധിക യുദ്ധങ്ങളും ഇസ്രായേൽ തുടങ്ങുക. എനിക്ക് നല്ല ഓർമ്മയുണ്ട്, 2008 ഡിസംബറിൽ ഗസ്സയിലെ ജവാസത് പ്രവിശ്യയിലെ ഹ്യൂമൺ റൈറ്റ് സെൻ്ററിൽ മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും കുറിച്ച് ക്ലാസെടുക്കുകയായിരുന്നു ഞാൻ. മിടുക്കരായ കുറച്ച് യുവാക്കളും യുവതികളുമാണ് അന്ന് ശ്രോതക്കളായി ഉണ്ടായിരുന്നുത്. (ഗസ്സയിലെ തന്ത്ര പ്രധാനമായ മിലിറ്ററി -പോലീസ് കോമ്പൗണ്ടിനോട് തൊട്ട് ചേർന്നുള്ള ഈ പ്രദേശത്താണ് ഇസ്രായേൽ ആദ്യം ഭീകരാക്രമണം നടത്തിയത്.) 

പെട്ടെന്ന് അതി തീവ്രമായ, ഭയാനകമായ ഒരു ശബ്ദവും പ്രകമ്പനവും കേട്ടു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഞങ്ങൾ കെട്ടിടത്തിൻ്റെ മുകളിലേക്ക് ഓടിക്കയറി. നാലുപാടും സ്‌ഫോടനങ്ങളുടെ ശബ്ദം. ഗസ്സ അപ്പാടെ കിടുങ്ങുന്നുണ്ടായിരുന്നു. എല്ലായിടത്തും സ്‌ഫോടനങ്ങൾ, ആകാശം കറുത്തിരുണ്ട പുക കൊണ്ട് മൂടി. ‘എൻ്റെ മക്കൾ! തലാലും മുസ്തഫയും സ്കൂളിൽ ആയിരിക്കും ഇപ്പോള്.’ ഒരു ആന്തൽ നട്ടെല്ലിലൂടെ പാഞ്ഞു.  അടുത്ത നിമിഷം ഹന്നയുടെ ഫോൺ വന്നു. “എങ്ങനെയെങ്കിലും, ആരെയെങ്കിലും വിട്ട് മക്കളെ കൂട്ടികൊണ്ട് വരാമോ?”  അവളുടെ സ്വരം ഭയം കൊണ്ട് വിറച്ചിരുന്നു. അന്ന്, അധികം വൈകാതെ കുഞ്ഞുങ്ങൾ സുരക്ഷിതരായി വീടെത്തി.  പക്ഷേ, വെറും വെറുതെ തുടങ്ങിവെച്ച ഈ യുദ്ധം  ഇരുപത്തി മൂന്ന് രാപകലുകൾക്കു ശേഷമാണ് താൽക്കാലികമായി നിർത്തി വെച്ചത്.

എന്നിട്ട്, മൂന്നു വർഷത്തിനുള്ളിൽ തന്നെ ഇസ്രായേൽ അടുത്ത യുദ്ധം തുടങ്ങി – 2012 നവംബറിൽ. അന്നും ബോംബ് സ്‌ഫോടനം നടന്നതിൻ്റെ ഏതാണ്ട് അരികിൽ ഞാനുണ്ടായിരുന്നു. പ്രതിരോധത്തിൻ്റെ നെടുംതൂൺ എന്ന് ഇസ്രായേൽ പേരിട്ട അന്നത്തെ ആക്രമണത്തിലാണ് ഹമാസ് നേതാവ് അഹ്മദ് ജബരി രക്തസാക്ഷിയായത്. 

ഗസ്സയിലെ സരായ ക്രോസ് റോഡിലൂടെ നടന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാരവാൻ കഫെയിലേക്കുള്ള റോഡ് ക്രോസ് ചെയ്യുകയായിരുന്നു ഞാൻ. പെട്ടെന്നാണ്   ബോംബ് സ്ഫോടനത്തിൻ്റെ അതി ഭയാനകമായ ശബ്ദം കേട്ടത് -തൊട്ട് അപ്പുറത്തെ സ്ട്രീറ്റിൽ. അതായത് ഗസ്സ മുനിസിപ്പൽ പാർക്കിൻ്റെ എതിർവശത്ത്. 

അന്ന് അങ്ങനൊരു ഭീകരാക്രമണം ഉണ്ടായേക്കാമെന്നോ അടുത്ത യുദ്ധം ഉടനെ തുടങ്ങുമെന്നോ യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. എന്നിട്ടും, അപ്പോഴാ തെരുവിലുണ്ടായിരുന്നവർക്ക് എന്ത് ചെയ്യണമെന്നും എങ്ങോട്ട് മാറി നിൽക്കണം എന്നും ആലോചിക്കാൻ അര നിമിഷം പോലും വേണ്ടി വന്നില്ല. ഞങ്ങള് അതൊക്കെ എന്നോ സ്വായത്തമാക്കിയിരിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സ്ഥലത്തെത്തുമ്പോഴേക്കും മിസൈലുകളുടെ തീമഴ പെയ്യാൻ തുടങ്ങിയിരുന്നു.

ഇപ്രാവശ്യം എന്തോ മുൻ യുദ്ധങ്ങളെ പോലെയൊന്നുമല്ല എന്നൊരു തോന്നൽ. എനിക്ക് മാത്രമായിരുന്നില്ല ആ തോന്നൽ ഉണ്ടായിരുന്നത് താനും. എല്ലാ യുദ്ധങ്ങളെക്കാളും ഭീകരമാണിത്. എന്ന് അവസാനിക്കും എന്നോ ഇത് ഇവിടെ ചെന്ന് നിൽക്കുമെന്നോ സൂചനയില്ലാത്ത അവസ്ഥ. യുദ്ധകാലത്തെ ഏറ്റവും ആദ്യത്തെ നിയമം ഒരിക്കലും പുറത്തിറങ്ങാതിരിക്കുക എന്നതാണ്. പക്ഷേ, പാലിക്കപ്പെടാൻ സാധിക്കാത്ത കാര്യമാണത്. ഇന്ന് ഉച്ചക്ക് എൻ്റെ സഹോദരി ആമിനാക്ക് ബൈത്ത് ഹാനൗൺ ആശുപത്രിയിൽ വെച്ച് സർജറി നടക്കുന്നുണ്ട്. പോയേ തീരൂ. 

ആശുപത്രിയിലേക്കുള്ള വഴിയിൽ 2012 ലെ യുദ്ധത്തിൽ ഭാഗികമായി തകർന്ന ഒരു വീടുണ്ടായിരുന്നു. അത് പിന്നീട് ശരിയാക്കാൻ വീട്ടുകാർക്ക് കഴിയാതിരുന്നതിനാൽ യുദ്ധത്തിൻ്റെ സ്മാരകം കണക്കെ അതേ കെടുപാടുകളോടെ ഇത്രയും നാൾ നിൽപ്പുണ്ടായിരുന്നു. ഇന്ന്, ആ പാതി വീടും ഏതോ മിസൈൽ തുടച്ചു കളഞ്ഞിരിക്കുന്നു. ആശുപത്രിയിലേക്കും തിരിച്ചുമുള്ള വഴിനീളെ ഇടതടവില്ലാതെ സ്‌ഫോടനങ്ങളും പ്രകമ്പനങ്ങളും പുകച്ചുരുളുകളുമായിരുന്നു.  ഗസ്സക്കാർക്ക് ബോംബിൻ്റെ ശബ്ദവും കാഴ്ചയുമില്ലാതെ നടക്കാനുള്ള വഴികൾ ഇല്ലാതായിരിക്കുന്നു. 

തിരികെ വീടെത്തിയപ്പോഴാണ് യുദ്ധം ഇനിയും കനക്കും മുമ്പ് അവശ്യ സാധനങ്ങൾ വാങ്ങി വെക്കണം എന്ന് ഹന്ന ഓർമ്മിപ്പിച്ചത്. ഞങ്ങള് മാത്രമല്ല, എല്ലാ ഗസ്സക്കാരും അത് ചെയ്ത് വെക്കും.  മക്കളെയും ഹന്നയും വീട്ടിൽ നിർത്തി സ്‌ഫോടങ്ങൾ അവസാനിച്ചിട്ടില്ലാത്ത വഴിയിലേക്ക് തന്നെ വീണ്ടും ഇറങ്ങി. പെട്ടെന്ന് അതി തീവ്രമായ ഒരു ആക്രമണമുണ്ടായി. ഉടനെ അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടി. കാൽ മണിക്കൂറോളം തുടർച്ചയായ, തുടരെത്തുടരെയുള്ള സ്‌ഫോടനങ്ങൾ മിസൈലുകൾ, ഷെല്ലാക്രമണം…

ഒരുപാട് നേരം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്താൻ സാധിച്ചത്. എല്ലാവരും കൂടി ഇഫ്താറിനുള്ള തയാറെടുപ്പ് തുടങ്ങി. മക്കളിൽ മുസ്തഫക്കും തലാലിനും മാത്രമേ നോമ്പോള്ളൂ. മഗ്‌രിബ് ബാങ്കിനു വേണ്ടി നിമിഷങ്ങളെണ്ണി കാത്തിരിപ്പായിരുന്നു അവർ. നമസ്കാരം കഴിഞ്ഞാൽ ഉപ്പയെ കാണാൻ പോകുന്ന പതിവുണ്ട് എനിക്ക്. “പ്ലീസ്, ഇന്ന് പോകണ്ട. ആ വഴി തീരെ സുരക്ഷിതമല്ല, അപകടം പിടിച്ചതാണ്.” ഹന്ന ദയനീയമായി പറഞ്ഞു.  “ആ വഴി എന്നല്ല, ഗസ്സയുടെ ഓരോ മുക്കും മൂലയും അത്യന്തം അപകടം പിടിച്ചവയാണ്”

വിവ: ഷഹ് ല പെരുമാൾ

 


Summary: In The Drone Eats with Me, Atef Abu Saif captures the unbearable horror and haunting normalcy of life under bombardment in Gaza. Through his diary-like reflections, he reveals how war seeps into every corner of daily existence — how families eat, sleep, and breathe beneath the constant buzz of drones that never leave the sky. The “drone” becomes both a literal and symbolic presence, a mechanical witness to human suffering and fear. Abu Saif’s words unveil the cruel irony of living in a place where death hovers overhead like routine weather, yet people still strive to preserve dignity, share meals, and hold on to fragments of hope.

Related Articles