2025 ജൂൺ 14 ശനിയാഴ്ച രാത്രി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഫീൽഡ്, തെഹ്‌റാനിലെ ഇന്ധന സംഭരണകേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ എന്നിവയുൾപ്പെടെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ഉൾപ്പെടെയുള്ള ഇറാനിയൻ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ബോംബാക്രമണം തീപിടുത്തത്തിനും ഉൽപ്പാദനം ഭാഗികമായി നിർത്തിവയ്ക്കുന്നതിനും കാരണമായി. ഇത് ആഗോള ഊർജ്ജ വിതരണത്തിൽ തടസ്സമുണ്ടാകുമോ എന്ന ഭയം ഉയർത്തി.
വെള്ളിയാഴ്ച സൈനിക നീക്കം ആരംഭിച്ച ഇസ്രായേൽ, ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. നിരവധി നേതാക്കളെയും ശാസ്ത്രജ്ഞരെയും വധിച്ചു. ഇത് ഇസ്രായേലി നഗരങ്ങളിൽ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ട് തിരിച്ചടി നല്കാൻ ടെഹ്‌റാനെ പ്രേരിപ്പിച്ചു. ഏറ്റുമുട്ടലിൽ ഇറാനിൽ കുറഞ്ഞത് 20 കുട്ടികൾ ഉൾപ്പെടെ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനും ഇസ്രായേലിൽ 10 മരണങ്ങൾക്കും കാരണമായി. കൂടാതെ ഇരുവശത്തുമായി 800-ലധികം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
ഇരു രാജ്യങ്ങൾക്കിടയിൽ രൂപപ്പെട്ട സംഘർഷഭരിതമായ നിലവിലെ സാഹചര്യം, ആഗോള എണ്ണ വിപണിയിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇരു രാജ്യങ്ങളിലും വലിയ മനുഷ്യനാശത്തിനും ഇത് കാരണമാകും. ആഗോള ഊർജ വിപണി സുസ്ഥിരമാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ഇറാനിയൻ ഊർജ ഉൽപാദന മേഖല തകർക്കലാണ് ഈ സംഘട്ടനത്തിൽ ഇസ്രായേലിൻ്റെ തന്ത്രപ്രധാനമായ ലക്ഷ്യം. വൻ ശക്തികളുടെ ഉപരോധത്തെ മറികടക്കാൻ ഇറാന് ആഭ്യന്തരമായ കരുത്ത് പകർന്ന ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി വർത്തിച്ചത് ഇറാന്റെ ഊർജ്ജോല്പാദന മേഖലയായിരുന്നു.
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ്റെ കണക്കനുസരിച്ച്, പ്രകൃതിവാതക ശേഖരത്തിൻ്റെ കാര്യത്തിൽ ഇറാൻ ലോകത്ത് രണ്ടാം സ്ഥാനത്തും ക്രൂഡ് ഓയിൽ കരുതൽ ശേഖരത്തിൽ മൂന്നാം സ്ഥാനത്തുമാണ്. കൂടാതെ അതിൻ്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ തകർക്കുക എന്നത് ഇസ്രായേലിന് സാധ്യതയുള്ള ചിരകാല സ്വപ്നവുമാണ്. ഇറാനിൽ ഇസ്രയേൽ ഇപ്പോൾ കാണിച്ച പ്രകോപനങ്ങൾക്ക് മുമ്പ്, ആഗോള എണ്ണ, വാതക വിപണിയിൽ അത്തരം ആക്രമണങ്ങൾ ഉണ്ടാക്കുന്ന വിലക്കയറ്റത്തിൻ്റെ സാധ്യത കണക്കിലെടുത്ത്, അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദ്ദം കാരണം, ഇറാനിയൻ ഊർജ കേന്ദ്രങ്ങളെ അക്രമിക്കുന്നത് ഇസ്രായേൽ വലിയതോതിൽ ഒഴിവാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ “ടെഹ്‌റാൻ കത്തിക്കുമെന്ന്” ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകി, ഇറാൻ്റെ തലസ്ഥാനത്തിൻ്റെ ഇരുവശത്തും വലിയ തീപിടിത്തമുണ്ടായി. ടെഹ്‌റാൻ്റെ വടക്കുപടിഞ്ഞാറുള്ള ഷഹ്‌റാൻ ഇന്ധന, ഗ്യാസ് സംഭരണകേന്ദ്രത്തിലും നഗരത്തിന് തെക്ക് അൽ-റേയിലെ ഏറ്റവും വലിയ ഇറാനിയൻ എണ്ണ ശുദ്ധീകരണശാലകളിലുമാണ് തീപടർന്നത്.
തൊട്ടുടനെ, ഇറാനിയൻ സ്റ്റുഡൻ്റ് ന്യൂസ് നെറ്റ്‌വർക്ക് ഇത് നിഷേധിച്ചു. ഇസ്രായേൽ അൽ-റായി റിഫൈനറിയെ അക്രമിച്ചിട്ടില്ലെന്നും അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും നെറ്റ്‌വർക്ക് അവകാശപ്പെടുകയും ചെയ്തു. എങ്കിലും റിഫൈനറിക്ക് പുറത്തുള്ള ഒരു ഇന്ധന ടാങ്കിന് തീപിടിച്ചതായി അവർ സമ്മതിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമായതെന്ന് നെറ്റ്‌വർക്ക് വിശദീകരിച്ചിട്ടില്ല. എന്നാൽ അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന ഷഹ്‌റാൻ വെയർഹൗസിനെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്ന് ഇറാനിയൻ എണ്ണ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
തെക്കൻ ഇറാനിലെ ബുഷെർ ഗവർണറേറ്റിലെ “സൗത്ത് പാർസ്” എണ്ണപ്പാടം ലക്ഷ്യമാക്കിയും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്; ഇറാൻ്റെ വാതക ഉൽപാദനത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗത്തിൻ്റെ ഉറവിടവും. ഇറാന്റെ ആഭ്യന്തര ഉപയോഗത്തിനുള്ള പ്രകൃതി വാതകവും എണ്ണയും ഇവിടെ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ഫേസ് 14 പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിൽ കാര്യമായ നാശനഷ്ടങ്ങളും തീപിടുത്തങ്ങളും ഉണ്ടായതായി ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. പ്രതിദിനം 12 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതി വാദകം ഉത്പാദിപ്പിക്കുന്ന ഓഫ്‌ഷോർ പ്രൊഡക്ഷൻ പ്ലാറ്റ്‌ഫോം അടച്ചുപൂട്ടിയതായും ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റൊരു ഇസ്രായേലി ആക്രമണത്തിൽ, ഇറാനിലെ ഏറ്റവും വലിയ സംസ്കരണ ശാലയായ ഫജ്റെ ജാം ഗ്യാസ് ഫാക്ടറിയിൽ തീപിടുത്തമുണ്ടായി. സൗത്ത് പാർസ് ഫീൽഡിൽ നിന്നുള്ള ഇന്ധനം സംസ്കരിക്കുന്ന ബുഷെർ പ്രവിശ്യയിലും ഇത് തന്നെയായിരുന്നു സ്ഥിതി. പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാനിയൻ എണ്ണ മന്ത്രാലയവും സ്ഥിരീകരിച്ചു.
ടെഹ്‌റാനിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഇന്ധന സംഭരണ, വിതരണ കേന്ദ്രങ്ങളിൽ ഒന്നാണ് ഷഹ്‌റാൻ ഓയിൽ സംഭരണി. നഗരത്തിലുടനീളം ഇന്ധന വിതരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 11 ഭീമൻ ടാങ്കുകളിലായി ഏകദേശം 260 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഇത് തെഹ്റാൻ നഗരത്തിലെ ഇന്ധന ശൃംഖലയുടെ ഒരു പ്രധാന സ്തംഭമാണ്. വടക്കൻ ടെഹ്‌റാനിലെ നിരവധി സ്റ്റേഷനുകളിലേക്ക് ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും ഇതിനാണ്.
ടെഹ്‌റാന്റെ തെക്ക് റേയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെഹ്‌റാൻ ഓയിൽ റിഫൈനിംഗ് കമ്പനി നടത്തുന്നതുമായ ടെഹ്‌റാൻ റിഫൈനറി, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റിഫൈനറികളിൽ ഒന്നാണ്, പ്രതിദിനം ഏകദേശം 225,000 ബാരൽ ശുദ്ധീകരണ ശേഷിയാണ് റിഫൈനറിക്കുള്ളത്. ആക്രമണങ്ങൾ മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഇവിടെയുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഇന്ധന വിതരണരംഗത്ത് പിരിമുറുക്കത്തിനും ഇറാനിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും സാമ്പത്തികമായി പ്രധാനപ്പെട്ടതുമായ റേ മേഖലയിൽ കടുത്ത പ്രതിസന്ധിക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഗൾഫിലെ സൗത്ത് പാർസ് വാതക സംഭരരണ ശാലയയിൽ ഏകദേശം 1,260 ട്രില്യൺ ക്യുബിക് അടി വാതകം സൂക്ഷിച്ചിട്ടുണ്ട്. ഇതാകട്ടെ, ആഗോള കരുതൽ ശേഖരത്തിൻ്റെ ഏകദേശം 20% വരും. ആഭ്യന്തര വിപണിയിലൂടെ ക്രയവിക്രയം ചെയ്യപ്പെടുന്ന വാതകത്തിൻ്റെ ഏറ്റവും വലിയ ഭാഗം ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഇതിനു സാധിക്കുന്ന ഏത് അപകടവും വൈദ്യുതി വിതരണം മുതൽ രാജ്യത്തെ പല സുപ്രധാന വ്യവസായങ്ങളുടെയും ഉൽപാദന ശേഷിയെയും പ്രതികൂലമായി ബാധിക്കും.
അതേസമയം, ബുഷെർ പ്രവിശ്യയിലെ ഫജർ ജം ഗ്യാസ് റിഫൈനറിക്ക് നേരെയുള്ള ആക്രമണം, ഇറാൻ്റെ ഗാർഹിക വൈദ്യുതി, ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തും; പ്രത്യേകിച്ച് ഇതിനകം തന്നെ വലിയ സമ്മർദ്ദം നേരിടുന്ന തെക്കൻ, മധ്യ പ്രവിശ്യകളിലേക്കുള്ള ഇന്ധനവിതരണത്തെ. സർക്കാർ കണക്കുകൾ പ്രകാരം വൈദ്യുതി മുടക്കം മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിദിനം ഏകദേശം 250 മില്യൺ ഡോളർ നഷ്ടം സംഭവിക്കും.
അസ്ഥിരമാകാൻ പോകുന്ന ആഗോള വിപണി
ആഗോള വിപണിയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിൻ്റെ വെളിച്ചത്തിൽ, ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള സാധ്യതയെക്കുറിച്ച് ഇറാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇത് എണ്ണ വില കുത്തനെ ഉയരാൻ ഇടയാക്കും.
ഗൾഫിലേക്കുള്ള ഏക കടൽ പ്രവേശന കവാടമാണ് ഹോർമുസ് കടലിടുക്ക്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതുയർത്തുന്ന ഭീഷണി വളരെ വലുതാണ്. കാരണം ആഗോള എണ്ണ ഉപഭോഗത്തിൻ്റെ 20% വിനിമയം ചെയ്യപ്പെടുന്നത് ഇതുവഴിയാണ്. ഇറാനെ ഒമാനിൽ നിന്നും യുഎഇയിൽ നിന്നും വേർതിരിക്കുന്ന ഈ കടലിടുക്ക് ആഗോള ഊർജ വ്യാപാരത്തിനുള്ള സുപ്രധാന ഇടനാഴിയാണ്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് അനുസരിച്ച്, ഇത് “the most important oil transit point in the world” ആയി കണക്കാക്കപ്പെടുന്നു. പല പ്രധാന രാജ്യങ്ങൾക്കും ഊർജ ലഭ്യത ഉറപ്പാക്കുന്നതിൽ കടലിടുക്കിൻ്റെ സുപ്രധാന പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്.
ഇറാൻ്റെ എണ്ണ-വാതക കേന്ദ്രങ്ങൾ ഒഴിവാക്കി, ഇസ്രായേൽ കഴിഞ്ഞ വെള്ളിയാഴ്ച യുദ്ധം തുടങ്ങിയതോടെ എണ്ണ വില 9% വർദ്ധിപ്പിച്ചു. തിങ്കളാഴ്ച എണ്ണ വിപണി വീണ്ടും തുറക്കുമ്പോൾ വില കുത്തനെ ഉയരുമെന്ന് നിരീക്ഷകർ മുന്നറിയിപ്പു നല്കിയിരുന്നു.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ ഒപ്പം നിർത്താൽ പ്രേരിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന നയതന്ത്ര വിദഗ്ധനായ അലൻ ഐർ പറയുന്നത്, ആത്യന്തികമായി, ഇസ്രായേലിൻ്റെ ലക്ഷ്യം, ഇറാനിയൻ ഭരണകൂടത്തെ മാറ്റുക. അല്ലെങ്കിൽ, അതിനെ അട്ടിമറിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. ശക്തമായ സൈനിക നടപടികൾക്കിടയിലും ഇറാൻ ഈ യുദ്ധത്തിൽ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഐർ തൻ്റെ വിശകലനത്തിൽ കൂട്ടിച്ചേർത്തു: “ഇറാൻ്റെ സാധ്യതകൾ വളരെ പരിമിതമാണ്; ആഭ്യന്തരമായി മുഖം രക്ഷിക്കാൻ അത് സൈനികമായി പ്രതികരിക്കണം, പക്ഷേ ഇറാന് ഇസ്രായേലിനകത്ത് വേണ്ടത്ര നാശനഷ്ടം വരുത്താനോ ബോംബിംഗ് നിർത്താൻ ആവശ്യമായ സമ്മർദ്ദം ചെലുത്താനോ സാധ്യമാവുകയില്ല.”
ഐറിൻ്റെ അഭിപ്രായത്തിൽ, “ഇറാൻ അന്താരാഷ്ട്ര സമൂഹത്തിൽ വളരെയധികം സഖ്യകക്ഷികളില്ലാത്ത രാജ്യമാണ്. നേരെമറിച്ചാണെങ്കിലും, അന്താരാഷ്ട്ര അഭിപ്രായത്തിന് ചെവികൊടുക്കാൻ ഇസ്രായേൽ തയ്യാറാവുകയില്ല എന്നതാണ് നാളിതുവരെയുള്ള അനുഭവവും.”ഇത് പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുകയും ആഗോള രാഷ്ട്രീയ നയതന്ത്ര രംഗത്തെ കൂടുതൽ അപകടകരമാക്കുകയും ചെയ്യും
വിവ: എസ്.എം സൈനുദ്ദീൻ
അവലംബം: അൽജസീറ