ഐക്യരാഷ് ട്ര സഭയുടെ കീഴിലുള്ള United Nations High Commissioner for Refugese (UNHCR) ന്റെ മിഡിലീസ്റ്റ് പ്രതിനിധികളുടെ ടെലിഫോണ്‍ കോളുകള്‍ ഇടക്ക് ലഭിക്കും. സിറിയയിലെയും യെമനിലെയും യുദ്ധഭൂമിയില്‍ പ്രയാസപ്പെടുന്ന മനുഷ്യരുടെ കദന കഥകള്‍ അവര്‍ വിവരിക്കും. കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കും. ഇരു യുദ്ധ ഭൂമികളിലെയും കുട്ടികളുടെ കാര്യങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടുള്ളവയായിരുന്നു ഈയ്യടുത്ത് ലഭിച്ച കോളുകളുടെ പ്രത്യേകത.
ആധുനിക ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന യെമനാണ് യു.എന്‍.എച്ച്.സി.ആറിന്റെ ഉല്‍ക്കണ്ഠ. കഴിഞ്ഞ ആറു വര്‍ഷമായി യെമനില്‍ തുടര്‍ന്നുവരുന്ന യുദ്ധത്തെ സംബന്ധിച്ച് ഐക്യരാഷ് ട്ര സഭയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള ഏജന്‍സിയായ യൂനിസെഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇറാന്‍ അനുകൂല ഹൂതികളും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷി സേനയും തമ്മില്‍ നടന്നുവരുന്ന പോരാട്ടങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം മാത്രം പതിനായിരം കവിയുമത്രെ!
യുദ്ധ ഭൂമിയില്‍ കൊല്ലപ്പെട്ടത് 3,455 കുട്ടികളും പരിക്കേറ്റത് 6,600 കുട്ടികളുമാണെന്നാണ് യൂനിസെഫിന്റെ വേര്‍തിരിച്ചുള്ള കണക്ക്. എന്നാല്‍, ഈ കണക്ക് അപൂര്‍ണമാണെന്ന് യൂനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു. കുറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. യെമനിലെ യുദ്ധം മൊത്തം കവര്‍ന്നെടുത്തത് 130,000ത്തിലേറെ മനുഷ്യ ജീവനുകളാണ് .
ഒരു കോടി പത്തു ലക്ഷത്തോളം കുട്ടികള്‍ യെമനിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവിടെ അഞ്ചില്‍ നാല് കുട്ടികളും മാനുഷികമായ സഹായം ആവശ്യമുള്ളവരാണെന്ന് യൂനിസെഫ് പറയുന്നു. ആയിരക്കണക്കിന് യെമനികള്‍ പട്ടിണിയിലാണെന്നും ഭക്ഷണം ലഭ്യമല്ലാത്തതു കൊണ്ടല്ല, മറിച്ച് അവ വാങ്ങാന്‍ പണമില്ലാത്തതാണ് ഇതിനു കാരണമെന്നുമുള്ള ഞെട്ടിക്കുന്ന മറ്റൊരു വിവരവും യൂനിസെഫ് വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നര കോടി ജനങ്ങള്‍ക്ക് (അവരില്‍ പകുതിയിലേറെയും കുട്ടികള്‍) ശുദ്ധമായ കുടിവെള്ളമോ വൃത്തിയുള്ള ജീവിത സാഹചര്യങ്ങളോ ഇല്ല.
കുട്ടികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശമായി യെമന്‍ മാറിയിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും സ്ഥിതി കൂടുതല്‍ മോശമായി വരുന്നു. നാലു ലക്ഷത്തിലേറെ കുട്ടികള്‍ പോഷകാഹാരക്കുറവു കാരണം പ്രയാസപ്പെടുന്നു. ഇരുപതു ലക്ഷത്തിലേറെ കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ അപ്രാപ്യമായിരിക്കുന്നു. അധ്യാപകരില്‍ മൂന്നില്‍ രണ്ടിനും (ഏതാണ്ട് 170,000) സ്ഥിരം ശമ്പളം ലഭിച്ചിട്ട് നാലു വര്‍ഷത്തോളമായി.
സൗദി അറേബ്യയും ഇറാനും തമ്മിൽ ഈയ്യിടെയായി നടന്നുവരുന്ന നയതന്ത്ര തല ചർച്ചകളിലാണ് എന്റെ പ്രതീക്ഷ. ഇറാഖ് മുൻകയ്യെടുത്ത് നടത്തി വരുന്ന ചർച്ചകൾ സൗഹാർദ്ദ പൂർണവും ഫലപ്രദവും ആയിരുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും വ്യത്യസ്ത പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ കൊൺസുലേറ്റുകൾ (ജിദ്ദ/ഷിറാസ്) തുറക്കണമെന്ന നിർദേശം ഇറാൻ മുന്നോട്ടു വെച്ചതായി Bloomberg ഈയ്യിടെ റിപ്പോർട്ട് ചെയ്തിരുന്നു. യെമനിലെ പ്രശ്നങ്ങൾക്ക് മാത്രമല്ല, മേഖല നേരിടുന്ന ഭീഷണമായ അവസ്ഥകൾക്കും സൗദി-ഇറാൻ സൗഹൃദം ഒരു പരിധി വരെ പരിഹാരമാകും. ബാഹ്യ ഇടപെടലുകളിൽ നിന്ന് മേഖലയെ രക്ഷിക്കാനും അത് നല്ലതാണ്. യുദ്ധവും ശത്രുതയും ഒന്നിനും പരിഹാരമല്ല എന്ന പാഠം ലോകത്തിനു അടിക്കടി ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. അത് മനസ്സിലാക്കാനുള്ള വിവേകം എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കാം.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU