Current Date

Search
Close this search box.
Search
Close this search box.

യെർ ലാപിഡിന് ബഹ്‌റൈനിൽ ചുവപ്പ് പരവതാനി

സ്വന്തം സഹോദരങ്ങളെ നിഷ്ഠുരം കൊന്നൊടുക്കുന്ന കാട്ടാളന്മാർക്ക് ചുവപ്പ് പരവതാനി വിരിച്ചു സ്വീകരണം. ഇന്നലെ അധിനിവേശ ഫലസ്ത്വീനിലെ മൂന്നിടങ്ങളിൽ (ഗസ്സ, വെസ്റ്റ്‌ ബാങ്ക്, കിഴക്കൻ ജറുസലം) സയണിസ്റ്റ് പട്ടാളം നടത്തിയ തേർവാഴ്ചയിൽ രക്തസാക്ഷിത്വം വരിച്ചത് ഒരു യുവതി ഉൾപ്പെടെ മൂന്ന് പേർ. ഈ സംഭവങ്ങൾ നടന്നതിനു തൊട്ടു പിറകെയാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി യെർ ലാപിഡിന് ബഹ്‌റൈനിൽ ഗംഭീര സ്വീകരണം ലഭിക്കുന്നത്. ഇസ്രായേൽ എംബസി ഉൽഘാടനം ചെയ്യാൻ എത്തിയതായിരുന്നു ലാപിഡ്.

ഗസ്സയിൽ 41കാരൻ മുഹമ്മദ്‌ അബു അമ്മാറിനെ എന്തിനു കൊന്നു എന്ന ചോദ്യത്തിന് സയണിസ്റ്റ് പട്ടാളം മറുപടി നൽകിയിട്ടില്ല. പക്ഷി വേട്ട നടത്തി ഉപജീവനം കഴിക്കുന്ന മുഹമ്മദ്‌ പതിവ് പോലെ ഒരു സഞ്ചിയുമായി ഇറങ്ങിയതായിരുന്നു. ഗസ്സ അതിർത്തിയിലെ കമ്പിവേലിക്കു കുറച്ചകലെ മുഹമ്മദിനെ കണ്ടതും വെടിവെപ്പും കഴിഞ്ഞു. സയണിസ്റ്റ് ഭീകരർക്ക് ഫലസ്ത്വീനികളെ കൊല്ലാൻ അതു മതി. ഒരു സംഘടനയുമായും മുഹമ്മദ്ദിന് ബന്ധമില്ല. എന്നാലും ജീവിക്കാൻ അവകാശമില്ല പോലും!

വെസ്റ്റ് ബാങ്കിലെ ബുർഖിൻ ഗ്രാമത്തിൽ 22കാരൻ അലാ നാസ്സർ മുഹമ്മദ്‌ സയ്യൂദിനെ കൊന്നത് പോയന്റ് ബ്ളാങ്കിൽ. രണ്ടു വെടിയുണ്ടകൾ നെഞ്ചിലും ഓരോന്ന് വീതം കഴുത്തിലും തുടയിലും. കാരണം? റെയിഡ് നടത്തി കൊന്നു തള്ളി, അത്ര തന്നെ! പിടഞ്ഞു വീണ സയ്യൂദിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് സയണിസ്റ്റ് പട്ടാളം തടഞ്ഞു. അദ്ദേഹം മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മയ്യിത്ത് കൊണ്ടുപോകാൻ മാത്രം അനുവദിച്ചു.

മൂന്ന് കുട്ടികളുടെ ഉമ്മയായ മുപ്പതുകാരി ഇസ്റ ഖുസൈമയെയാണ് ജറുസലമിലെ പഴയ നഗരത്തിൽ വധിച്ചത്. ഒരു ഓഫീസറെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചുവെന്ന പതിവ് പ്രസ്താവനയും പുറത്ത് വന്നു.

ഈയിടെയാണ് വടക്കു-കിഴക്കൻ ജറൂസലമിനു സമീപമുള്ള ഹിസ്‌നയിൽ ഇരുപത്തൊമ്പതുകാരി കോളജ് അധ്യാപിക മായി അഫനാഹിനെ വെടിവെച്ചിടുകയും രക്തം വാർന്ന് അവൾ പിടയുമ്പോൾ ആശുപത്രിയിലേക്ക് മാറ്റുക കൂടി ചെയ്യാതെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തത്. ജോർദാൻ സർവ്വകലാശാലയിൽനിന്ന് മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഫ്‌നാഹിന് ഭർത്താവും അഞ്ചു വയസ്സുള്ള മകളുമുണ്ട്.

ഇസ്രായിലി സൈനികർക്കു നേരെ കാറോടിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുവെന്നായിരുന്നു വിശദീകരണം. ഇങ്ങനെ നിരവധി ഫലസ്ത്വീനികളെ സൈനികർ വെടിവെച്ചു കൊന്നിട്ടുണ്ട്. സൈന്യവും കുടിയേറ്റക്കാരും ചെയ്തുകൂട്ടൂന്ന ക്രൂരതകൾ അതിരുവിടുമ്പോഴാണ് നിരാശരായ ആ ജനത പ്രത്യാക്രമണം നടത്തുന്നത്. അതാകട്ടെ, ഒറ്റയാൾ പ്രതികരണമായിരിക്കും. അവരെ പിടികൂടാമെന്നിരിക്കെ വെടിവെച്ചു കൊല്ലലാണ് സയണിസ്റ്റ് രീതി.

അധിനിവേശ ഫലസ്ത്വീനിൽ സയണിസ്റ്റുകളുടെ നരവേട്ട തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പതിനാറു വയസ്സുള്ള ബാലനെയും നാലു ഹമാസ് പോരാളികളെയുമാണ്വെ സ്റ്റ്ബാങ്കിൽ കൊന്നു തള്ളിയത്.

പുലർച്ചെ വെസ്റ്റ്ബാങ്കിലെ ജെനിൻ, ജറുസലമിനു വടക്ക് ബിദ്ദു എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഒരു കാരണവുമില്ലാതെ ഇസ്രായിൽ സൈന്യം നടത്തിയ റെയ്ഡും അറസ്റ്റും ചെറുത്തപ്പോഴാണ് രൂക്ഷമായ വെടിവെപ്പുണ്ടായത്. തങ്ങളുടെ നാലു പ്രവർത്തകർ രക്തസാക്ഷികളായെന്ന് ഹമാസ് അറിയിച്ചു. കൊല്ലപ്പെട്ട പതിനാറുകാരൻ എതു ‘തീവ്രവാദി’യാണെന്ന് പറയേണ്ടത് സയണിസ്റ്റ് പട്ടാളമാണ്.
കഴിഞ്ഞ മേയിൽ ഗസ്സയിൽ സയണിസ്റ്റ് സൈന്യം നടത്തിയ നിഷ്ഠൂരമായ ബോംബിംഗ് ആരും മറന്നുകാണില്ല. ഈയ്യിടെയായി വെസ്റ്റ്ബാങ്കിലാണ് സയണിസ്റ്റുകളുടെ താണ്ഡവം. ഹമാസ് പോരാളികൾ ഇവിടെയും പിടിമുറുക്കുന്നതാണ് കാരണം.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles