Current Date

Search
Close this search box.
Search
Close this search box.

ദുബൈ എക്സ്‌പോ, രാമക്ഷേത്രം, അഫ്ഗാനിസ്ഥാന്‍ പിന്നെ അല്‍ബെയ്ക്കും

ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള 193 രാജ്യങ്ങൾക്കും ദുബൈ എക്‌സ്‌പോയിൽ പവലിയനുകളുണ്ട്. ചില രാജ്യങ്ങളുടെ പവലിയനുകൾ പൂർണമായും സംഘാടകരുടെ ചെലവിലാണ് പണിതത്. എന്തിനധികം, അമേരിക്കൻ പവലിയന്റെ നിർമാണത്തിൽ പോലും യു.എ.ഇയുടെ സംഭാവനയുണ്ട്. ഏതാണ്ട് 60 മില്യൻ ഡോളറാണ് ഈയിനത്തിൽ യു.എ.ഇ ചെലവിട്ടത്. ബാക്കി തുക വിവിധ യു.എസ് സംഘടനകളിൽനിന്ന് സ്വരൂപിച്ചുവെന്നാണ് റിപ്പോർട്ട്.

എക്‌സ്‌പോ പോലും സംഘി മേളയാക്കിയവരാണ് നാം. രാജ്യത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തത് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. മന്ത്രിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഗോമൂത്രവും ചാണകവും രാമക്ഷേത്രവും മാത്രം തലയിലേറ്റി നടക്കുന്നവരല്ലേ. അപ്പോൾ പിന്നെ എന്ത് എക്സ്പോ! പണി നടന്നുകൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ മാതൃകയാണത്രേ എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ അങ്ങേര് കണ്ട ആനക്കാര്യം. മികച്ച നിലയിൽ അത് ഡിസ്പ്ലേ ചെയ്തിട്ടുണ്ടെന്ന് അഭിമാനപൂർവ്വം ട്വീറ്റ് ചെയ്ത് മാലോകരെ അറിയിക്കുകയും ചെയ്തു. ‘രാജ്യത്തിന്റെ തേജോമയമായ പൂർവ്വകാലവുമായുള്ള അറ്റുപോകാത്ത ബന്ധത്തിന്റെ പ്രതീകം കൂടിയാണിതെ’ന്നും തട്ടിവിട്ടു മന്ത്രിയവർകൾ. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ടിട്ടും പിന്നീട് അത് നിലംപരിശാക്കിയും നീതിപീഠത്തെ വിലയ്‌ക്കെടുത്ത് ക്ഷേത്ര നിർമാണത്തിന് തിട്ടൂരം വാങ്ങിയും നടത്തിയ തുല്യതയില്ലാത്ത കാടത്തത്തെ മതേതര ഇന്ത്യയുടെ ചെലവിൽ വെളുപ്പിച്ചെടുക്കാൻ ഉളുപ്പില്ലാത്തവരാണല്ലോ നാട് ഭരിക്കുന്നത്. പിന്നെ, ഇതിനപ്പുറവും നടക്കും.

ദുബൈ എക്‌സ്‌പോയിൽ പങ്കെടുക്കാത്ത ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. ആ രാജ്യത്തിന് പവലിയൻ ഇല്ലാത്തതുകൊണ്ടല്ല, ഭരണമാറ്റത്തെ തുടർന്ന് പല അന്താരാഷ്ട്ര വേദികളിലും താലിബാൻ സർക്കാറിന് പ്രാതിനിധ്യമില്ലാത്തത് എക്‌സ്‌പോയിലും പ്രതിഫലിച്ചുവെന്നു മാത്രം. താലിബാൻ സർക്കാർ എക്‌സ്പോയോട് താൽപര്യം കാണിക്കാത്തതാണോ സർക്കാറിന് അന്താരാഷ്ട്ര അംഗീകാരം ഇല്ലാത്തതാണോ കാരണമെന്ന് വ്യക്തമല്ല. അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറിന്റെ കാലത്താണ് പവലിയന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. എന്നാൽ കഴിഞ്ഞ കുറേ ആഴ്ചകളായി പണികളൊന്നും നടന്നില്ല. സുരക്ഷാ ഗാർഡ് മാത്രമേ പവലിയനു മുന്നിലുള്ളൂ.

ദുബൈ എക്‌സ്‌പോ ആറു മാസം നീണ്ടുനിൽക്കും. 1,080 ഹെക്റ്ററിലായി (4.3 ചതുരശ്ര കിലോ മീറ്റർ) വ്യാപിച്ചുകിടക്കുന്ന എക്‌സ്‌പോയിലെ അഫ്ഗാൻ പവലിയൻ തുറക്കുമോയെന്നൊന്നും ഉറപ്പില്ല. വ്യാഴാഴ്ച ഉൽഘാടന വേളയിൽ മറ്റു രാജ്യങ്ങളുടേതു പോലെ അഫ്ഗാനിസ്ഥാന്റെ പതാകയും ഉയർത്തിയിരുന്നു. എന്നാൽ, പഴയ അഫ്ഗാൻ ഗവൺമെന്റിന്റേതായിരുന്നു (Islamic Republic of Afghani-stan) പതാക. താലിബാൻ ഭരണകൂടം രാജ്യത്തിന്റെ പേര് Islamic Emirate of Afghanistan എന്ന് മാറ്റിയിരുന്നല്ലോ. വ്യത്യസ്തമായ പതാകയാണ് അവർ ഉപയോഗിക്കുന്നതും.

അതേസയമം, അഫ്ഗാനിസ്ഥാന്റെ പവലിയൻ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് വ്യാഴാഴ്ച മുതൽ വലിയ തിരക്കാണ്. എന്താ കാര്യമെന്നല്ലേ. ജനപ്രിയ സൗദി ഭക്ഷ്യ ബ്രാൻഡായ അൽ ബെയിക്കിന്റെ ഔട്ട്‌ലെറ്റ് ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്! അഫ്ഗാനിസ്ഥാനോ? അവർക്ക് പവലിയനുണ്ടോ? ക്യൂവിലുള്ള പലർക്കും അൽഭുതം. തങ്ങൾ അൽ ബെയിക്കിന്റെ സ്‌പൈസി ചിക്കനുവേണ്ടിയാണ് കാത്തുനിൽക്കുന്നതെന്നും അവർ പറഞ്ഞു.

അൽ ബെയിക്ക് ഇക്കഴിഞ്ഞ മെയിലാണ് ദുബൈയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ദുബൈ മാളിൽ മാത്രമാണ് അവരുടെ ഔട്ടലെറ്റുള്ളത്. ഇക്കഴിഞ്ഞ മാസം ദൂബൈ വാസത്തിനിടെ അവിടെ സന്ദർശിച്ചപ്പോൾ കണ്ടത് അൽ ബെയിക്കിനു മുന്നിൽ കാത്തുനിൽക്കുന്ന ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. ചുറ്റുമുള്ള ഇന്റർനാഷനൽ ബ്രാൻഡ് ഭക്ഷ്യ ഔട്ടലെറ്റുകളിൽ മിക്കവാറും ആരുമില്ലെന്ന് തന്നെ പറയാം! അൽ ബെയിക്കിന്റെ പ്രധാന ഇനമായ ബ്രോസ്റ്റഡ് ചിക്കൻ ദുബൈ മാൾ ഔട്ട്‌ലെറ്റിൽ തുടങ്ങിയിട്ടില്ല. നഗറ്റ്‌സും മറ്റിനങ്ങളും മാത്രമേ അവിടെയുള്ളൂ. എന്നിട്ടും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കാത്തുനിൽക്കാൻ ആളുകൾ കാണിക്കുന്ന അങ്ങേയറ്റത്തെ ക്ഷമ അൽ ബെയിക്കിനോടുള്ള അവരുടെ ഇഷ്ടം തന്നെയാണ് അടയാളപ്പെടുത്തുന്നത്.

അഫ്ഗാനിസ്ഥാനും അൽ ബെയിക്കും തമ്മിൽ ബന്ധമില്ല. അവിടെ തൊഴിലെടുക്കുന്നവരിൽ അഫ്ഗാനികൾ ഉള്ളതായും അറിവില്ല. സൗദിയിലെ അൽ ബെയിക്ക് ഔട്ട്‌ലെറ്റുകൾ അക്ഷരാർഥത്തിൽ ബംഗ്ലാദേശികളുടെ കുത്തകയാണെന്നും പറയാം. അന്നാട്ടുകാർ ഇത്രയധികം പണിയെടുക്കുന്ന ഔട്ട്ലെറ്റുകൾ കണ്ടിട്ടില്ല.

അൽപം അൽ ബെയിക്ക് പുരാണം:
ഖത്തർ ആതിഥ്യമരുളിയ 1994ലെ ലോക കപ്പ് ഫുട്‌ബോൾ ഏഷ്യൻ മേഖലാ യോഗ്യതാ മൽസരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കളിയെഴുത്തുകാരനായി ദോഹയിൽ എത്തിയ സമയത്തായിരുന്നു സൗദിയിലേക്കുള്ള എന്റെ പ്രഥമ യാത്ര. ദോഹയിലെ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പും ഷാർജയിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റും റിപ്പോർട്ട് ചെയ്ത് മറ്റു ഗൾഫ് രാജ്യങ്ങളിലെ സന്ദർശനവും പൂർത്തിയാക്കി ഉംറ നിർവഹിക്കാൻ ജിദ്ദയിലെത്തിയപ്പോഴാണ് സുഹൃത്തുക്കളിലൂടെ അൽ ബെയിക്കിന്റെ മാഹാത്മ്യം അറിയുന്നത്. അക്കാലത്ത് ജിദ്ദയിലെത്തുന്ന മലയാളികൾ (മറ്റു രാജ്യക്കാരും) സൽക്കരിക്കപ്പെടുക അൽ ബെയിക്ക് ബ്രോസ്റ്റഡ് ചിക്കൻ നൽകിയായിരിക്കും.

പിന്നീട് അഞ്ചു വർഷത്തിനുശേഷം മാധ്യമ പ്രവർത്തകനായി ജിദ്ദയിൽ എത്തിയപ്പോൾ അൽ ബെയിക്കും ജീവിതത്തിന്റെ ഭാഗമായി. അന്നൊക്കെ ഔട്ട്‌ലെറ്റിന്റെ അര കിലോ മീറ്റർ ചുറ്റളവിൽ എത്തിയാൽ അറിയാം സമീപത്ത അൽ ബെയിക്ക് ഉണ്ടെന്ന്!

അമേരിക്കൻ റീറ്റെയിൽ ഭീമൻ വാൾമാർട്ടിനോടുള്ള പിരിശത്താൽ ദോഹയിലെ തന്റെ ബക്കാലക്ക് അതേ പേരിട്ട മലയാളിയെ അറിയാം. അതു പോലെയാണ് കോഴിക്കോട്ടെ റസ്റ്ററന്റിന് മറ്റൊരാൾ അൽ ബെയിക്ക് എന്ന പേര് നൽകിയത്. സൗദിയിലെ അൽ ബെയിക്കിന്റെ ഫ്രാഞ്ചയിസിയാണെന്ന് തെറ്റിദ്ധരിച്ചു കുറച്ചു കസ്റ്റമെഴ്‌സിനെ കിട്ടിയാൽ ഒത്തല്ലോ!

1974ലാണ് അൽ ബെയിക്കിന്റെ ഉദയം. സൗദി വ്യവസായി ഷക്കൂർ അബു ഗസ്സാല ജിദ്ദയിലെ ഓൾഡ് എയർപോർട്ട് റോഡിൽ ആദ്യ ഔട്ടലെറ്റ് തുടങ്ങി. ജിദ്ദയിൽ പലയിടങ്ങളിലുമായി പിന്നീട് ഔട്ട്‌ലെറ്റുകൾ ആരംഭിച്ചെങ്കിലും സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ പിന്നെയും സമയമെടുത്തു. 1990ൽ മക്കയിലും 2001ൽ മദിനയിലും ഓരോ ഔട്ട്‌ലെറ്റുകൾ ആരംഭിച്ചു. ഹജിന്റെ കേന്ദ്രങ്ങളിൽ ഒന്നായ മിനയിൽ 1998ൽ അൽ ബെയിക്കിന് അനുവാദം ലഭിച്ചു. മിനയിലെ ഔട്ട്‌ലെറ്റ് ഹജ് വേളകളിൽ മാത്രമാണ് പ്രവർത്തിച്ചത്.

ഇതിനപ്പുറത്തേക്ക് മറ്റു സൗദി നഗരങ്ങളിലേക്ക് കടക്കാൻ അൽ ബെയിക്കിന് ‘അപ്രഖ്യാപിത വിലക്ക്’ ഉണ്ടായിരുന്നു. 2010വരെയെങ്കിലും മറ്റു സൗദി നഗരങ്ങളിലേക്ക് ചേക്കേറാൻ അൽ ബെയിക്കിന് സാധിച്ചിരുന്നില്ല. 2018ൽ തലസ്ഥാനമായ റിയാദിലും അടുത്ത വർഷം കിഴക്കൻ പ്രവിശ്യയിൽ, വിശിഷ്യാ ദമ്മാമിലും ഔട്ടലെറ്റുകൾ ആരംഭിച്ചതോടെ അൽ ബെയിക്കിന്റെ സൗദിയിലെ തേരോട്ടം പൂർത്തിയായെന്നു പറയാം. ഇന്ന് സൗദിയിൽ മാത്രം 120ലേറെ ഔട്ടലെറ്റുകളാണ് അൽ ബെയിക്കിന്. ഇപ്പോൾ അയൽ രാജ്യങ്ങളിലേക്ക് കമ്പനി കാലെടുത്തുവെക്കാൻ തുടങ്ങിയിരിക്കുന്നു.

2012ലെ ഗ്ലോബൽ ബ്രാന്റ് സിംപ്ലിസിറ്റി ഇൻഡെക്‌സ് സർവേയിൽ മിഡിലീസ്റ്റിലെ നാലാമത്തെ ജനപ്രിയ ബ്രാന്റായി തെരഞ്ഞെടുക്കപ്പെട്ടത് അൽ ബെയിക്കിനെയായിരുന്നു. വെറും പത്ത് രിയാലിന് ബ്രോസ്റ്റഡ് ചിക്കൻ ലഭ്യമാക്കിയെന്നതാണ് അൽ ബെയിക്കിന്റെ വിജയം. ഏറ്റവും പാവപ്പെട്ട സാധാരണ തൊഴിലാളിക്ക് പോലും ഇഷ്ട വിഭവം ഭക്ഷിക്കാൻ ഇതുവഴി അവസരം ഒരുങ്ങി. ഒരുപക്ഷേ, പാവപ്പെട്ടവനും സമ്പന്നനും ഒരുപോലെ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നത് അൽ ബെയിക്ക് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലാവും. ഹജ് സീസണിൽ മക്കയിൽ താമസിക്കുന്ന തീർഥാടകർക്ക് അനുഗ്രഹമാണ് അൽ ബെയിക്.

അല്ലെങ്കിലും സൗദി അറേബ്യ പോലെ ചുരുങ്ങിയ ചിലവിൽ വയറു നിറച്ച് ഭക്ഷണം കിട്ടുന്ന മറ്റൊരു രാജ്യം ഗൾഫിൽ ഇല്ലെന്നുതന്നെ പറയാം. ഒരു രിയാലിന് ഫൂലും (ഒലിവെണ്ണയിൽ പാകം ചെയ്ത ഫവ ബീൻസ്) ഒരു രിയാലിന് തമീസും (വലിയ അഫ്ഗാൻ റൊട്ടി) രണ്ടംഗ കുടുംബത്തിന് ഒരുനേരം കഴിക്കാൻ ധാരാളമായിരുന്നു. ഞങ്ങളുടെ എഡിറ്റർ ഇൻ ചീഫായിരുന്ന ഫറൂഖ് ലുഖ്മാൻ ഓഫീസിൽ ഫൂലും തമീസും വരുത്തി അവസാനത്തെ കഷണം വരെ ഞങ്ങളുമൊത്ത് ഭക്ഷിക്കുന്നത് പലപ്പോഴും കൗതുകകരമായ കാഴ്ചയായിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles