Current Date

Search
Close this search box.
Search
Close this search box.

ഗൗരവമായ വായനകള്‍ കൂടുതല്‍ നടക്കേണ്ടതുണ്ട്

reading3.jpg

വായിക്കുക എന്ന് പറഞ്ഞാണ് അവസാന പ്രവാചകന് ബോധനം വന്നു തുടങ്ങിയത്. അതും എഴുത്തും വായനയും അറിയാത്ത ഒരാളോട് വായിക്കുക എന്ന് പറയല്‍ പരിഹാസമാണ്. എന്നിട്ടും പ്രവാചകനോട് മൂന്ന് പ്രവാശ്യം ജിബ്രീല്‍ വായിക്കാന്‍ പറഞ്ഞു. അത് പ്രവാചകനും ജിബ്രീലും തമ്മിലുള്ള ഒരു സ്വകാര്യ സംഭാഷണമായി നാം തെറ്റിദ്ധരിച്ചു. വാസ്തവത്തില്‍ പ്രവാചകനിലൂടെ അള്ളാഹു നല്‍കിയ കല്‍പ്പന മൊത്തം മനുഷ്യ സമൂഹത്തിനായിരുന്നു എന്ന് ഇപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. വായന ഒരു ശീലമാണ്. പ്രത്യേകിച്ചും വിശ്വാസികള്‍ക്ക്. വായിക്കുക എന്ന കല്‍പ്പന ലഭിച്ച വിശ്വാസികള്‍ ആ കല്പനയെ വേണ്ട രീതിയില്‍ മനസ്സിലാക്കിയില്ല എന്ന് വേണം കരുതാന്‍.

വായിക്കപ്പെടുന്നത് എന്നതാണ് വിശ്വാസികളുടെ അടിസ്ഥാന ഗ്രന്ഥത്തിന്റെ തന്നെ നാമം. ഗ്രന്ഥത്തില്‍ പലപ്പോഴും എഴുത്തിനെ കുറിച്ചും പേനയെ കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്നു. പരമകാരുണ്യകന്‍ എന്ന വാക്കിനു ശേഷം പിന്നെ പറഞ്ഞത് ‘അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു’ എന്നതാണ്. പഠനത്തിന്റെ മാര്‍ഗങ്ങളില്‍ ഒന്ന് കേള്‍വിയും മറ്റൊന്ന് വായനയുമാണ്. നിരക്ഷരനായ പ്രവാചകന്‍ അത് സമൂഹത്തെ കേള്‍പ്പിച്ചു. സാക്ഷരരായ അനുയായികള്‍ അത് എഴുതി സൂക്ഷിച്ചു.

ഇന്ന് വായന ദിനം. മനുഷ്യ ജീവിതത്തിന്റെ തന്നെ നിലനില്‍പ്പിനു ആധാരമാണ് വായന. വിജ്ഞാനം കൈമാറപ്പെടുക എന്നതാണ് വായനയുടെ അടിസ്ഥാനം. വായന മരിച്ചാല്‍ വിജ്ഞാനവും അവസാനിക്കും. വൈജ്ഞാനിക സംവാദങ്ങള്‍ കുറയുന്നു എന്നതാണ് ഗൗരവമായ വായന കുറയാന്‍ കാരണം. എഴുത്ത് ഒരു ജനതയുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. കഴിഞ്ഞു പോയ സമൂഹങ്ങളെ കുറിച്ചുള്ള പഠനത്തില്‍ അവരുടെ എഴുത്തും ഒരു സൂചികയാണ്. അറിവ് കൊണ്ടാണ് വിശ്വാസം പൂര്‍ണമാകുന്നത്. അതിനുള്ള ഉപാധിയില്‍ പ്രമുഖമായതു വായന തന്നെ.

പുതിയ തലമുറ വായനയില്‍ പിറകിലാണ് എന്ന് പറയാന്‍ കഴിയില്ല. അവരും വായിക്കുന്നു. പക്ഷെ അതൊരു പരന്ന വായനയല്ല എന്ന് മാത്രം. ഇന്നലെ കോട്ടയത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. വീടിന്റെ സ്വീകരണ മുറിയില്‍ വലിയ അലമാര നിറയെ വൈവിധ്യമായ പുസ്തകങ്ങള്‍. ആരാണ് വായിക്കുന്നത് എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം ‘മകള്‍’ എന്നായിരുന്നു. പലപ്പോഴും പുസ്തക വില്‍പനശാലകളില്‍ യുവാക്കളെയും യുവതികളെയും ധാരാളം കാണാറുണ്ട്. അതൊരു സന്തോഷമുള്ള കാര്യമാണ്. വായന ജീവിക്കുന്നു എന്നതിന്റെ തെളിവാണ് സാമൂഹിക മാധ്യങ്ങളിലെ ജന സ്വാധീനം. അവിടെയും നടക്കുന്നത് വായനയാണ്. എങ്കിലും ഗൗരവമായ വായനകള്‍ കൂടുതല്‍ നടക്കേണ്ട കാലമാണിത് എന്നാണ് ഈ വായന ദിനത്തില്‍ മുന്നോട്ട് വെക്കാനുള്ളത്.

Related Articles