Current Date

Search
Close this search box.
Search
Close this search box.

അടുത്ത തെരഞ്ഞെടുപ്പിൽ ഉർദുഗാൻ ജയിക്കുമോ ?

തുർക്കിയിൽ പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കാൻ ഇനി ആറ് മാസമെങ്കിലുമുണ്ട്. പക്ഷെ ജനത്തിന്റെ ശ്രദ്ധ ആ തെരഞ്ഞെടുപ്പുകളിലായിക്കഴിഞ്ഞു. നിരവധി അഭിപ്രായ സർവെകളും വന്നു കഴിഞ്ഞു. അതിലെല്ലാം നിലവിലെ പ്രസിഡന്റ് ഉർദുഗാനും അദ്ദേഹത്തിന്റെ ‘അക്’ പാർട്ടിയും മോശമല്ലാത്ത തിരിച്ചടി നേരിടുമെന്നാണ് പറയുന്നത്. ഇതിനിടക്കുള്ള മാസങ്ങളിൽ അദ്ദേഹവും പാർട്ടിയും നില മെച്ചപ്പെടുത്തിക്കൂടെന്നുമില്ല.

വരാൻ പോകുന്ന ഈ തെരഞ്ഞെടുപ്പ് തുർക്കിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം തന്നെയാണ്. 2001-ൽ രൂപീകരിക്കപ്പെട്ട ശേഷം 2002 നവംബർ മുതൽ തുടർച്ചയായി അധികാരത്തിലിരിക്കുന്ന അക് പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത് എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്ക് തർക്കമില്ല. 20 വർഷമായി പാർട്ടി ഒറ്റക്ക് ഭരിക്കുകയാണ്. 2018 മുതൽ പ്രസിഡൻഷ്യൽ രീതിയിലാണെന്ന് മാത്രം. അക് പാർട്ടിക്കെതിരെ നിരവധി പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചണിനിരക്കുകയാണ്. അക് പാർട്ടിയിൽ നിന്ന് പൊട്ടിപ്പിളർന്നു പോയ കക്ഷികളും അക്കൂട്ടത്തിലുണ്ട്.

സാമ്പത്തിക രംഗമാണ് ഭരണകക്ഷിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത്. ചില സാമ്പത്തിക പ്രശ്നങ്ങൾ ആഭ്യന്തരമായി തന്നെ സൃഷ്ടിക്കപ്പെട്ടതാണ്. കൊറോണ, റഷ്യ – യുക്രെയ്ൻ യുദ്ധം പോലുള്ള ആഗോള – മേഖലാ പ്രശ്നങ്ങളും സമ്പദ്ഘടനയെ പിടിച്ചുലച്ചു. സിറിയയിൽ നിന്നും മറ്റും വന്ന അഭയാർഥികളും ഭരണകക്ഷിക്കെതിരായ വികാരമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇതൊക്കെയാണ് അക് പാർട്ടിക്ക് ഏൽക്കുന്ന തിരിച്ചടിക്ക് കാരണമാവുക എന്നാണ് സർവെ ഫലങ്ങൾ പ്രവചിക്കുന്നത്. തുർക്കിയാലൊരിക്കലും അഭിപ്രായ സർവെ കൃത്യമാകാറില്ല. പ്രവണത മനസ്സിലാക്കാൻ അത് ഉപകരിക്കും എന്നേയുള്ളൂ. അഭിപ്രായ സർവെ നടത്തിയ കമ്പനികളുടെ ഒരു പ്രവചനം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം റൗണ്ട് വേണ്ടി വരും എന്നാണ്. അതായത് ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ഉർദുഗാന് അമ്പത് ശതമാനം വോട്ട് കിട്ടാൻ സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞടുപ്പിൽ അദ്ദേഹം ഒന്നാം റൗണ്ടിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏതായാലും സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധം. ആയതിനാൽ സാധാരണക്കാരുടെ ദൈനം ദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി നടപടികളാണ് ഉർദുഗാൻ ഗവൺമെന്റ് സ്വീകരിച്ചു വരുന്നത്. നികുതികളിൽ ഇളവ് വരുത്തി പകരം പൊതു കാര്യങ്ങൾക്ക്, പ്രത്യേകിച്ച് അവശ വിഭാഗങ്ങൾക്ക് കൂടുതൽ ഫണ്ട് വകയിരുത്തുക എന്നതാണ് ഇതിലൊന്ന്. പരിമിത വരുമാനമുള്ള കർഷകർ, യുവാക്കൾ, വിവാഹത്തിനൊരുങ്ങുന്നവർ എന്നിവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗവൺമെന്റ് ചെലവിൽ വ്യാപകമായ തോതിൽ പാർപ്പിട സൗകര്യമൊരുക്കുക എന്നതാണ് അതിൽ പ്രധാനം. ചില കാർഷികോൽപ്പന്നങ്ങൾക്ക് സബ്സിഡിയും നൽകുന്നുണ്ട്. കടാശ്വാസ പദ്ധതികളാവട്ടെ എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. മിനിമം വേതനം ഉയർത്തുക എന്നതാണ് മറ്റൊരു നടപടി. രണ്ട് തവണ അത് ഉയർത്തിക്കഴിഞ്ഞു. വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം നൽകുന്നു ഈ നടപടി. വരുന്ന വർഷമാദ്യം ഒരിക്കൽ കൂടി മിനിമം വേതനം കൂട്ടാൻ സാധ്യതയുണ്ട്ണ്ട്. കടം അടച്ച് തീർക്കാൻ കഴിയാത്തവർക്ക് മുൻസിപ്പൽ ഭരണകൂടങ്ങളുടെ സഹകരണത്തോടെ ആശ്വാസ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വല്ലാതെ പ്രയാസപ്പെടുന്നവരുടെ കടം എഴുതിത്തള്ളുകയും ചെയ്യുന്നു.

തുർക്കി ഗവൺമെന്റിന്റെ മുഖ്യപരിഗണന തെരഞ്ഞെടുപ്പിന് മുമ്പായി പണപ്പെരുപ്പം പിടിച്ചു നിർത്തുക എന്നത് തന്നെയായിരിക്കും. വരുന്ന വർഷം ആദ്യ മാസങ്ങളിൽ അതിന് സാധിക്കുമെന്ന് പ്രസിഡന്റ് ഉർദുഗാനും ധനകാര്യ മന്ത്രി നൂറുദ്ദീൻ നബാതിയും തങ്ങളുടെ പ്രസ്താവനകളിൽ ഊന്നിപ്പറയുന്നുണ്ട്. വളരെയേറെ വിമർശനങ്ങൾക്ക് വിധേയമായ ഉർദുഗാൻ മോഡൽ സാമ്പത്തിക പരിഷ്കരണം വിജയം കാണുമെന്നാണ് അവരുടെ പ്രതീക്ഷ.

ഉർദുഗാൻ ഭരണകൂടം പ്രതീക്ഷ വെക്കുന്ന രണ്ടാമത്തെ മേഖല വൈദേശിക രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ള ചില നേട്ടങ്ങളാണ്. ആഭ്യന്തര രാഷ്ട്രീയത്തിൽ അത് മാർക്കറ്റ് ചെയ്യുന്നതിൽ അക് പാർട്ടി വിജയിച്ചിട്ടുണ്ട്. റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ നടത്തിയ മാധ്യസ്ഥം, യുക്രെയ്ൻ ധാന്യങ്ങൾ കയറ്റി അയക്കാൻ സൗകര്യമൊരുക്കിയത്, തടവുകാരെ കൈമാറൽ, അമേരിക്കൻ – റഷ്യൻ രഹസ്യാന്വേഷണ പ്രതിനിധികൾക്ക് തുർക്കിയിൽ ആതിഥ്യമരുളിയത്, റഷ്യൻ പ്രകൃതി വാതകം യൂറോപ്പിലേക്ക് കയറ്റി അയക്കാനുള്ള കേന്ദ്രമായി തുർക്കി നിർദേശിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ.

അക് പാർട്ടിക്ക് പ്രതീക്ഷയേകുന്ന മൂന്നാമത്തെ കാര്യം പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മ തുടരുന്നു എന്നതാണ്. ആറ് പാർട്ടികൾ ചേർന്ന് ഒരു മുന്നണി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉർദുഗാനെതിരെ ഒരു പൊതു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇന്നേവരെ അവർക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ പ്രസിഡന്റ് കമാൽ കലീതശ്ദാർ ഒഗ് ലു താൻ തന്നെ പ്രസിഡന്റ് സ്ഥാനാർഥിയാകും എന്ന വാശിയിൽ നിൽക്കുകയാണ്. എന്നാൽ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ ഗുഡ് പാർട്ടി അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ എതിർക്കുകയാണ്. ഉർദുഗാനെ തോൽപ്പിക്കുന്നത് പോകട്ടെ, അതിന് പറ്റിയ സ്ഥാനാർഥിയെ കണ്ടെത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. സോഷ്യൽ മീഡിയാ ചർച്ചകളിലും മറ്റും സിറിയൻ അഭയാർഥി പ്രശ്നത്തിന്റെ രൂക്ഷത കുറഞ്ഞതും ഭരണ കക്ഷിക്ക് അനുകൂല ഘടകമാണ്.

അഭിപ്രായ സർവെ അത്ര കാര്യമായെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞല്ലോ. വരും മാസങ്ങളിൽ ജനാഭിപ്രായം അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നിൽക്കും. അത് ആശ്രയിച്ചിരിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ്. ഒന്ന്, സാമ്പത്തിക രംഗം. മിനിമം വേതനം, വിലക്കയറ്റം, ലീറയുടെ മൂല്യം, ഊർജ്ജം ഇക്കാര്യങ്ങളിലൊക്കെ പ്രതിപക്ഷത്തിന് ജനസ്വീകാര്യമായ എന്ത് സമർപ്പിക്കാനുണ്ട് എന്നതാണ് ചോദ്യം. രണ്ട്, തെരഞ്ഞെടുപ്പ് ഭൂപടം എങ്ങനെ രൂപപ്പെടുന്നു എന്നത്. പ്രതിപക്ഷ സഖ്യത്തിന് ഇപ്പോഴും മൂർത്തരൂപം വന്നിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് പൊതു സ്ഥാനാർഥിയെ പ്രഖ്യാപിക്കാനും കഴിഞ്ഞിട്ടില്ല. മൂന്ന്, ആറ് മാസത്തിനിടക്ക് ഉണ്ടായേക്കാവുന്ന യാദൃച്ഛിക സംഭവങ്ങൾ. അവ വോട്ടർമാരെ സ്വാധീനിക്കും. വടക്കൻ സിറിയയിൽ തുർക്കി സൈനികമായി ഇടപെട്ടാൽ അനന്തരഫലം എന്താവുമെന്ന് പ്രവചിക്കാനാവില്ല. അത് പോലെ ഗ്രീസുമായുളള സംഘർഷങ്ങൾ. ഇരു മുന്നണികളുടെയും ഭാഗ്യനിർഭാഗ്യം പോലിരിക്കും എന്നേ പറയാനാവൂ. ഇരു മുന്നണികളും പ്രത്യയശാസ്ത്രപരവും മറ്റുമായ വേർതിരിഞ്ഞ് നിൽപ്പ് മാത്രമായിരിക്കില്ല വോട്ടർമാരെ സ്വാധീനിക്കുക എന്നർഥം.

വിവ. അശ്റഫ് കീഴുപറമ്പ്

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles