Current Date

Search
Close this search box.
Search
Close this search box.

“ലഗ് വു”കൾ നമ്മുടെ സംസ്കാരം നശിപ്പിക്കും

“വിജയം പ്രാപിക്കുന്നവർ “ലഗ് വു ” കളിൽ നിന്ന് അകന്നു നിൽക്കുന്നവരാണ് ” എന്ന് വിശുദ്ധ ഖുർആൻ ഒട്ടേറെയിടങ്ങളിൽ പറഞ്ഞിട്ടുണ്ട് (അൽ മുഅമിനൂൻ: 2, അൽഖസ്വസ്: 55…)

“അനാവശ്യവും അനർത്ഥവും അനുചിതവും ഉത്തമ സംസ്കാരത്തിന് ചേരാത്തതുമായ എല്ലാ വാക്കുകളും പ്രവൃത്തികളും ” എന്നാണ് “ഖുർആൻ ബോധന “കർത്താവ് ടി.കെ ഉബൈദ് ലഗ് വിന് നൽകിയ മലയാള ഭാഷാന്തരം.

ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് നമ്മെ അകറ്റുന്ന മുഴുവൻ കാര്യങ്ങളും ലഗ് വ് എന്ന ഖുർആനിക പദത്തിന്റെ അർത്ഥ കൽപനയിൽ വരും. എന്നാൽ പൊതുവേ പരിധി കടന്ന വിനോദങ്ങളോട് ചേർത്തുകൊണ്ടാണ് പണ്ഡിതന്മാർ ലഗ് വ് പ്രയോഗിക്കാറ്.

Also read: ശൈഖ് മുഹമ്മദ് ഗസാലിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന്

തികഞ്ഞ ഉത്തരവാദിത്വമുള്ളവരാണ് സത്യവിശ്വാസികൾ. അവർക്ക് സമയത്തിന്റെ വില നന്നായി അറിയാം. അല്ലാഹു നൽകിയ പരീക്ഷാ കാലയളവാണ് ജീവിതം. മുന്നിലുള്ള ഓരോ നിമിഷവും ഗുരുതരമായ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനുള്ളതാണ്. ആ സമയം ഉത്തരം ആലോചിക്കാനും എഴുതാനും ഉപയോഗിക്കാതെ നിരർത്ഥകമായ കുത്തി വരകൾക്ക് ഉപയോഗിച്ചാൽ ഫലം പരാജയമായിരിക്കും.

ആർട്ടും സ്പോർട്ട്സു മൊക്കെ സത്യവിശ്വാസികൾക്ക് പാടില്ലെന്നല്ല ഇപ്പറഞ്ഞതിനർത്ഥം. അവയും ജീവിതമാകുന്ന ചോദ്യക്കടലാസിലെ ചില ചോദ്യങ്ങൾ തന്നെയാണ്. ആ ചോദ്യങ്ങൾക്ക് അവയുടെ സ്ഥാനത്ത് ഉത്തരം നൽകുകയും വേണം. എന്നാൽ ജീവിതത്തിന്റെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം വിനോദവും തമാശയുമല്ല. കളിതമാശക്കുമുണ്ട് അവയുടേതായ അർത്ഥങ്ങൾ.ആ അർത്ഥങ്ങൾ പരിഗണിച്ചും പാലിച്ചും കൊണ്ടായിരിക്കണം അതിൽ ഏർപ്പെടുന്നത്. ടി.വി, മൊബൈൽ പോലുള്ള സാങ്കേതിക വിദ്യകളുടെയും സോഷ്യൽ മീഡിയകളുടെയും വിധിയും ഇതു തന്നെ.

സംസ്കാര സമ്പന്നനും സംശുദ്ധനുമായിരിക്കണം യഥാർത്ഥ മുസ് ലിം. സംസ്കാര ശൂന്യമായ കർമങ്ങളും കെട്ട വർത്തമാനങ്ങളും അവരുടെ പ്രകൃതിക്കിണങ്ങുകയില്ല. അത് കേൾക്കുന്നതും കാണുന്നതും അവർക്ക് അരോചകമായിരിക്കും. തിന്മകൾ കേൾക്കാത്ത സാഹചര്യത്തെ അവർ വലിയ സൗഭാഗ്യമായി കരുതും. അതുകൊണ്ടാണ് സ്വർഗത്തെ പറ്റി പറയുമ്പോൾ പോലും “ല ഗ് വുകൾ ഇല്ലാത്തിടം” എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത്.

ചുരുക്കത്തിൽ ഈ പരിശുദ്ധ മാസത്തിലും ഈ മാസം കഴിഞ്ഞാലും ലഗ് വുകൾക്കെതി രെ നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Related Articles