കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യമായെടുത്ത തീരുമാനം നവംബറില്‍ നടത്തപ്പെട്ടിരുന്ന ടിപ്പു ജന്മദിനാഘോഷം അവസാനിപ്പിക്കുക എന്നതായിരുന്നു. സാധാരണയായി ആദ്യത്തെ മന്ത്രിസഭ യോഗത്തില്‍ സംസ്ഥാനം നേരിടുന്ന മുഖ്യ വിഷയങ്ങളെയാണ് പരിഗണിക്കുക. കര്‍ണാടക ബി ജെ പി സര്‍ക്കാരിന്റെ മുഖ്യ വിഷയം എന്തെന്ന് അവര്‍ തന്നെ വ്യക്തമാക്കി. ടിപ്പു എന്നതിലൂടെ അവര്‍ കാണുന്നത് ഒരു സമുദായത്തെയാണ്. ടിപ്പു ഒരു ചരിത്ര പുരുഷനാണ്. അദ്ദേഹം പോരാടിയതും ജീവന്‍ ത്യജിച്ചതും ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഏറ്റുമുട്ടിയാണ്. തെക്കേ ഇന്ത്യയില്‍ ബ്രിട്ടീഷ്‌കാര്‍ തങ്ങളുടെ ആധിപത്യത്തിന് തടസ്സമായി കണ്ടത് ടിപ്പുവിനെ തന്നെ. അത് കൊണ്ട് തന്നെ പല നുണകളും പറഞ്ഞാണ് അവര്‍ ടിപ്പുവിനെതിരെ പടയൊരുക്കം തുടങ്ങിയത്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതി നിന്നു എന്നതാണ് ടിപ്പുവിനെ എന്നും ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കാരണം. രാജ്യസ്‌നേഹം ചിലരുടെ മാത്രം കുത്തകയായ കാലത്തു മറ്റാരും ആ പേരില്‍ അറിയപ്പെടാന്‍ പാടില്ല എന്നത് സംഘ പരിവാര്‍ തീരുമാനമാണ്. ചരിത്രത്തില്‍ നാമറിയുന്ന ടിപ്പു സ്വന്തം നാടിനു വേണ്ടി പൊരുതിയ ഭരണാധികാരിയാണ്. തന്റെ ഭരണത്തിന്റെ ഉന്നത സ്ഥാനത്തു പല അമുസ്ലിംകളെയും അദ്ദേഹം നിയമിച്ചിരുന്നു. മറ്റൊന്ന് മത വ്യത്യാസം കൂടാതെ എല്ലാ ആരാധനാലയങ്ങള്‍ക്കും അദ്ദേഹം സഹായം നല്‍കിയ വാര്‍ത്തകളും ചരിത്രവും നാം വായിക്കുന്നു. കൂട്ടത്തോടെ മറ്റു മതക്കാരെ ഇസ്ലാമിലേക്ക് മാറ്റി എന്നതാണ് ഉന്നയിക്കപ്പെടുന്ന വലിയ ആരോപണം. ആ ആരോപണത്തെയാണ് സംഘപരിവാര്‍ എടുത്തു കാട്ടുന്നതും.
സംഘ പരിവാര്‍ സര്‍ക്കാരുകള്‍ പലപ്പോഴും ഒരു സമുദായത്തെ പ്രതി സ്ഥാനത്തു നിര്‍ത്താന്‍ വ്യഗ്രത കാണിക്കാറുണ്ട്. പല നിയമങ്ങളും ചിലരെ മാത്രം ഉന്നം വെച്ച് തട്ടിക്കൂട്ടുന്നതും നാം കണ്ടതാണ്. ടിപ്പു ജന്മദിനാഘോഷത്തിന് കഴിഞ്ഞ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് തുടക്കം കുറിച്ചത്. ഒരു ജനതയുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്ന കാലത്തു അത്തരം ആഘോഷങ്ങള്‍ക്ക് രാഷ്ട്രീയ മാനമുണ്ട്. അത് ഫാസിസ്റ്റു വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമാണ്. പഴയ കാല രാജാക്കന്മാരുടെ ജീവിത രീതി വെച്ച് കൊണ്ടാണ് പലപ്പോഴും സംഘ പരിവാര്‍ മുസ്ലിംകളുടെ രാജ്യസ്‌നേഹം അളക്കുന്നത്. നാട്ടു രാജാക്കന്മാര്‍ തമ്മില്‍ പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. അതൊക്കെ അവരുടെ നിലനില്‍പ്പിന്റെ ഭാഗം മാത്രം. ശക്തി ഉപയോഗിച്ച് ഒരു ഭരണാധികാരിയും തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഒരു ചരിത്രവും നമുക്കറിയില്ല.
ടിപ്പു ദേശത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നതാണ് സംഘ പരിവാര്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. പിന്നെ എന്തിനാണ് ബ്രിട്ടീഷ് ഭരണകൂടം ടിപ്പുവിനെ ശത്രുവായി കണ്ടത്. ടിപ്പുവും ബ്രിട്ടീഷുകാരും തമ്മില്‍ പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. ചില ഗ്രൂപ്പുകളുമായി അദ്ദേഹത്തിന് രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ ഉണ്ടായതായി ചരിത്രം പറയുന്നു. അതില്‍ ചില മുസ്ലിം ഗ്രൂപ്പുകളും ഉള്‍പ്പെടുന്നു. ടിപ്പുവിന്റെ വീഴ്ചയോടെ തെക്കേ ഇന്ത്യ ഏകദേശം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി. മലബാര്‍ ഉള്‍പ്പെടെ. സത്യസന്ധമായ ചരിത്ര വായനയില്‍ ടിപ്പു എന്നും എതിര്‍ത്തത് നാടിന്റെ ശത്രുക്കളെയാണ്. അതില്‍ മതവും ജാതിയും ഉണ്ടായിരുന്നില്ല. തന്റെ നാടിനു വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ ഒരു ധീര ദേശാഭിമാനിയുടെ ഓര്‍മ്മകള്‍ സംഘ പരിവാറിന്റെ ഉറക്കം കെടുത്തുന്നുവെങ്കില്‍ അതിനുള്ള കാരണവും കാണും. ഒരിക്കല്‍ പോലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരു ചരിത്രവും സംഘ പരിവാറിന് പറയാനില്ല. അതെ സമയം നാടിനു വേണ്ടി ജീവന്‍ നല്‍കിയവരെ ശത്രുക്കളായി കാണുന്ന രീതി നമ്മെ ഭയപ്പെടുത്തണം.
രാഷ്ട്ര പിതാവിനോടും മറ്റൊരു നിലപാടല്ല സംഘപരിവാര്‍ കൈക്കൊള്ളുന്നത് എന്നത് കൂട്ടി വായിച്ചാല്‍ ടിപ്പുവിന്റെ കാര്യത്തിലെ അവ്യക്തത മാറിക്കിട്ടും. ദേശ സ്‌നേഹം തങ്ങളുടെ കുത്തകയായി മാറ്റുന്ന കാലത്ത് ഇനിയും ഇത്തരം പ്രവണതകള്‍ നാം കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും തീര്‍ച്ച. എന്ത് കൊണ്ട് ഒരു സര്‍ക്കാരിന്റെ ആദ്യ തീരുമാനം ഇങ്ങിനെയായി എന്ന് ചോദിച്ചാലും അതിനുള്ള മറുപടിയും മറ്റൊന്നാകില്ല.