Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

കൊറോണാനന്തര ലോകത്ത് ചരിത്രകാരന്മാർ നാശം വിതച്ച കൊറോണ വൈറസിന്റെ ചരിത്രം ഭാവിയിൽ എഴുതുമ്പോൾ കുട്ടികളുടെയും വിദ്യാർഥികളുടെയും കൊറോണ ഓർമ്മക്കുറിപ്പുകളാണ് അത്തരമൊരു രചനയിൽ വലിയൊരു ഭാഗധേയം നിർണയിക്കുക. പൊതുവേ, എത്ര മഹൽ വ്യക്തിത്വങ്ങളായാലും വലിയ, പ്രായമായ ആൾക്കാരിൽ നിന്നല്ല ചരിത്രങ്ങൾ ശേഖരിക്കുന്നത്. മറിച്ച് സാധാരണ ജീവിതങ്ങളും നേരിട്ടുള്ള അനുഭവങ്ങളും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പുകളുമാണ് ഇവയ്ക്കാധാരം. യുദ്ധമുഖത്തിന്റെ ഭീതി പറഞ്ഞ് സൈനികൻ എഴുതുന്ന കത്തുകൾ, കുറിപ്പുകൾ ഇവയ്ക്ക് ഉദാഹരണമാണ്. ഹാർവാർഡ് യൂണിവേഴ്സിറ്റി അമേരിക്കൻ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ജീൻ കാംനിസ്കി ന്യൂ യോർക്ക് ടൈംസിൽ എഴുതുന്നു: “കത്തുകളും ഡയറി കുറിപ്പുകളും സുവർണ ഏടുകളാണ്. ജന ജീവിതങ്ങളെ കുറിച്ചുള്ള ഏറ്റവും ശക്തമായ സാക്ഷ്യങ്ങളാണവ”. അതു കൊണ്ട് തന്നെ മക്കളെ ഡയറി എഴുതി ശീലിപ്പിക്കാൻ, പ്രത്യേകിച്ച് കൊറോണ പോലെ, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കാൻ ഇടയുള്ള ഒരു വിപത്തിന് സാക്ഷികളായി നാം ജീവിക്കുന്ന സാഹചര്യത്തിൽ ആ അനുഭവങ്ങൾക്കു ഒത്തിരി പ്രാധാന്യമുണ്ട്. അതിനു പുറമേ മറ്റൊരു പാട് ഫലങ്ങളും ഈ ഡയറി എഴുത്തിൽ ഉണ്ട്.

2015 ഡിസംബറിൽ നാഷണൽ ട്രസ്റ്റ് 8 മുതൽ 16 വരെ വയസ്സുള്ള 3259 വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കണക്കെടുപ്പ് പ്രകാരം അവരിൽ അഞ്ചിലൊരു ഭാഗവും ഒഴിവു സമയങ്ങളിൽ ഡയറി കുറിപ്പുകൾ എഴുതാൻ തയ്യാറാവുന്നവരാണ്‌. പെൺ കുട്ടികൾ ഈ വിഷയത്തിൽ ആൺ കുട്ടികളെക്കാൾ മൂന്നിരട്ടി മുന്നിലാണ്. അതുപോലെ 14 മുതൽ 16 വരെയുള്ള വയസ്സിന് ഇടയിലുള്ള കുട്ടികളെക്കാൾ മൂന്നിരട്ടി 8 മുതൽ 11 വരെ വയസ്സുള്ള കുട്ടികൾ ഡയറി എഴുതുന്നു.

ഡയറി എഴുത്തും എഴുത്തിലെ ഭംഗിയും തമ്മിൽ പൊതുവായ ബന്ധമുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. മാസത്തിൽ ഒരു തവണയെങ്കിലും ഡയറി എഴുതുന്നവരിൽ 5.5% താഴ്ന്ന നിലവാരത്തിലുള്ള എഴുത്തും 67.4% സാധാരണ നിലവാരത്തിലുള്ള എഴുത്തും 27.1% ശരാശരിക്കും മുകളിലുള്ള എഴുത്തുമായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിനു പുറമേ ഡയറി എഴുത്തിൽ മറ്റൊരു പാട് ഫലങ്ങളും ഉണ്ടെന്ന് സ്കൂൾ റൺ എന്ന വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

Also read: കൊറോണ ബാധിച്ചവരുടെ മയ്യിത്ത് ദഹിപ്പിക്കുന്നതിന്റെ വിധി

കുട്ടികളുടെ എഴുത്ത് മനോഹരമാക്കുന്നു
സിലബസിനു പുറത്തുള്ള എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളുമായി കുട്ടികൾക്ക് ബന്ധപ്പെടാനുള്ള ഏറ്റവും എളുപ്പമുള്ള, എന്നാൽ ഫലപ്രദമായ മാർഗമാണ് ഡയറി എഴുത്ത്. നാഷണൽ ലിറ്ററസി ട്രസ്റ്റ് പ്രോഗ്രാം മാനേജർ ക്‌ലേർ ഏർഗർ പറയുന്നു: “എന്തു തരത്തിലുള്ള എഴുത്തും കുട്ടികളുടെ കഴിവുകളെ പരി പോഷിപ്പിക്കുന്നതാണ്. സ്കൂളിന് പുറത്തു വെച്ച് കുട്ടികൾ എഴുതുന്നത് പ്രത്യേകം ശ്രദ്ധ ചെലുത്തി വളർത്തി കൊണ്ടു വരേണ്ട ഒരു കഴിവാണ്”.

ഇഷ്ട പ്രകാരം എഴുതാനുള്ള സ്വാതന്ത്ര്യം
പലപ്പോഴും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എഴുതേണ്ട കാര്യങ്ങൽ അധ്യാപകർ പറഞ്ഞു കൊടുത്ത് അവർ എഴുതുന്ന രീതിയാണല്ലോ. അവിടെ വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല. അതെ സമയം ഡയറി എഴുത്ത് ഒരു വിദ്യാർത്ഥിക്ക് പരിപൂർണ എഴുത്ത് സ്വാതന്ത്ര്യം നൽകുന്നു. നിർബന്ധ ബാധ്യത പോലെ ചെയ്യുന്ന ഹോം വർക്കുകൾ ക്ക് പുറമേ ഇത്തരം കാര്യങ്ങൾ കൂടി വിദ്യാർത്ഥികൾ എഴുതുമ്പോൾ രചനാ സുഖവും വിശാലമായ എഴുത്തിന്റെ ലോകത്തേക്ക് ക്കുളള പ്രവേശവും സാധ്യാമാവുന്നു.

കയ്യെഴുത്ത് നന്നാക്കാൻ സാധിക്കുന്നു
സ്കൂളിനകത്തും വിശേഷിച്ച് വീട്ടിലും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങി ടെക്നോളജി കളുടെ ലോകവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇന്നത്തെ കുട്ടികളുടെ ഇടയിൽ നിന്ന് കൈ ഉപയോഗിച്ചുള്ള എഴുത്ത് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അതെ സമയം അത് അതിമഹത്തായൊരു അടിസ്ഥാന കഴിവാണ്താനും. ക്‌ലേർ എഴുതുന്നു: “ഓർമകൾ കുറിച്ചു വെക്കാൻ സാങ്കേതികപരമായ പല വിദ്യകളും ഉണ്ടെങ്കിലും എല്ലാവരും കയ്യെഴുത്ത് തന്നെ ഉപയോഗിച്ചാണ് അത് ചെയ്യുന്നത്. ആയതിനാൽ ഡയറി എഴുത്ത് മക്കളുടെ കൈപ്പട നന്നാക്കാനുള്ള മാർഗം കൂടിയാണ് “.

Also read: വീട്ടിലിരിക്കുന്നതിന്റെ നീതിശാസ്ത്രം

അനുഭവങ്ങളുടെ അവതരണം
പ്രാഥമിക സ്കൂൾ തലങ്ങളിൽ തന്നെയുള്ള വിദ്യാർത്ഥികളിൽ ബുദ്ധിപരമായ വെല്ലുവിളികൾ വർധിച്ചു വരുമ്പോൾ തന്നെ സ്വന്തം വികാരങ്ങളും അനുഭവങ്ങളും കുറിച്ച് വെക്കാൻ സാധിക്കുക എന്നത് ഉന്നതമായ ഒരു ശേഷിയാണ്. ഡയറി എഴുത്ത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉൾവിളികൾ രേഖപ്പെടുത്താനും ചിന്തകൾ രൂപപ്പെടുത്താനുമുള്ള മർഗമാണെന്ന് ക്‌ലേർ തുടർന്ന് എഴുതുന്നു.

രചനാ ശൈലികൾ പഠിക്കാം
ഡയറി എഴുത്ത് വെറും വാക്കുകളുടെ ചേർത്തു വെക്കൽ മാത്രമല്ല, ‘ ദി ഡയറി ഓഫ് എ വിംബി കിഡ് ‘ എന്ന പുസ്തകം വായിച്ചവർക്ക്‌ അക്കാര്യം മനസ്സിലാകും. അപ്പോൾ വെറും വസ്തുതകൾ ചേർത്ത് കടലാസിൽ എഴുതി വെക്കുന്നതല്ല, മറിച്ച് മനോഹരമായ ആഖ്യാന ശൈലിയിലൂടെ ഹൃദ്യമായ വായനാനുഭവം നൽകുന്നത് കൂടിയാണ് ഡയറിക്കുറിപ്പുകൾ. തന്റെ സ്കൂൾ ജീവിതവും സുഹൃത്തക്കളോടും കുടുംബത്തോടും ഒപ്പമുള്ള നിമിഷങ്ങളും രസകരമായി ഡയറി കുറിപ്പുകളായി എഴുതിയ ഗ്രീഗ്‌ ഹെഫ്ലി എന്ന കുട്ടിയുടെ ഡയറിക്കുറിപ്പുകൾ അടിസ്ഥാനമാക്കി ജെഫ് കെന്നി എന്ന അമേരിക്കൻ എഴുത്തുകാരൻ എഴുതിയ ഒൻപത് നോവൽ പരമ്പരയാണ് ‘ ദി ഡയറി ഓഫ് എ വിംബി കിഡ് ‘.

മുന്നോട്ടുള്ള ചവിട്ടു പടികൾ ക്ക് ആവേശം പകരാം
മക്കൾക്ക് പ്രത്യേകമായി ഒരു ഡയറി വാങ്ങി നൽകുക, അതവർക്ക് നൽകുന്ന ആത്മിശ്വാസം ചെറുതായിരിക്കില്ല. ഇനി അൽപം പിടി വാശിക്കാരനാണ് കുട്ടിയെങ്കിൽ സാധാരണ നിലയിലുള്ള തിയതി വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറിയേക്കാൾ നല്ലത് മനോഹരമായ അലങ്കാരങ്ങളുള്ള മറ്റു പുസ്തകങ്ങളാവും. ഇനി വലിയ പ്രായത്തിലുള്ള കുട്ടികൾക്ക് തങ്ങളുടെ ചിന്തകളെ രൂപപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളും നിർദേശിച്ചു കൊടുക്കുക. ചരിത്രപരമായ ഡയറിക്കുറപ്പുകൾ അവർക്ക് കാണിച്ചു കൊടുക്കുക. ആവശ്യമായ കളർ പേനകളും പേപ്പറുകളും എല്ലാം നൽകി കുട്ടികളെ അവരുടെ ലോകത്ത് വിട്ടേക്കുക, അവരുടെ സ്വന്തമായ ഡയറിക്കുറിപ്പ് സ്വസ്ഥമായി അവർ എഴുതി തുടങ്ങട്ടെ. എല്ലാ ദിവസവും എഴുതാനോ ഇത്ര തോതിൽ എഴുതാനോ അവരെ നിർബന്ധിക്കരുത്. അവസാനമായി നിങ്ങളുടെ മക്കളുടെ സുരക്ഷിത ഭാവിയെ കുറിച്ച് നിങ്ങൾക്ക് അല്പമെങ്കിലും ആശങ്കയുണ്ടെങ്കിൽ കുട്ടികളുടെ ഡയറി കുറിപ്പുകൾ ഇടക്കിടെ പരിശോധിച്ച് ഒരു കുട്ടിത്ത മനോഭാവത്തോടെ അവരെ സമീപിക്കരുത്, കാരണം ഇവിടെ ഏറ്റവും സുപ്രധാനായ കാര്യം അവർ അവർക്ക് വേണ്ടി എഴുതുക എന്നതാണ്, മറ്റുള്ളവർക്ക് വേണ്ടിയല്ല.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles