Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ റസൂല്‍(സ) എന്തുകൊണ്ടാണ് മൂന്ന് പ്രാവശ്യം യത്തീമായത്?

ക്രിസ്തുവര്‍ഷം 571ല്‍ നടന്ന ആന സംഭവത്തിന്റെ അമ്പരപ്പില്‍ നിന്ന് കരകയറിയിട്ടില്ലാത്ത മക്കയില്‍, യുവതിയായ തന്റെ പ്രിയതമ ആമിന ബിന്‍ത് വഹബിനെ വിട്ട് യുവാവായ അബ്ദുല്ലാഹി ബ്‌നു അബ്ദുല്‍ മുത്വലിബ് യസ്രിബിലേക്ക് പോയി. അപ്പോഴവര്‍ ഗര്‍ഭിണിയായിരുന്നു. അറേബ്യന്‍ ഉപദ്വീപിലും പുറത്തുള്ള വിവിധ രാഷ്ട്രങ്ങളായ റോമിലും പേര്‍ഷ്യയിലും എത്യോപ്യയിലും ആന സംഭവം ചര്‍ച്ച വിഷയമായിരുന്നു. യസ്രിബിലെ ബനൂ നജ്ജാര്‍ ഗോത്രത്തില്‍പെട്ട അമ്മാവന്മാരില്‍ നിന്ന് മക്കയിലെ തന്റെ കുടുംബത്തിന് ഭക്ഷണമെത്തിക്കാനാണ് (ഈത്തപ്പഴം) അബ്ദുല്ല പോയിരിക്കുന്നത്. എന്നാല്‍, അബ്ദുല്ല പെട്ടെന്ന് മരണപ്പെട്ടു. മരിക്കുമ്പോള്‍ പതിനെട്ട് വയസ്സായിരുന്നു. തന്റെ കുഞ്ഞിനെ കാണാതെയാണ് അബ്ദുല്ല മരിക്കുന്നത്; കുഞ്ഞ് ഉപ്പയെയും. കുഞ്ഞ് ജനിച്ചതിന് ശേഷമാണോ അതല്ല മുമ്പാണോ അബ്ദുല്ല മരിക്കുന്നത്? കുഞ്ഞ് ജനിച്ചതിന് ശേഷമാണ് അബ്ദുല്ല മരിച്ചതെന്നാണ് മിക്ക പണ്ഡിതരും അഭിപ്രായപ്പെടുന്നതെന്ന് അസ്സുഹൈലി ‘അര്‍റൗദുല്‍ അന്‍ഫി’ല്‍ പറയുന്നു. പൊതുവെ, ഇത് പ്രാധാന്യമുള്ള കാര്യമല്ല. മറിച്ച്, കുഞ്ഞായ മുഹമ്മദ് മുല കുടി പ്രായമായിരിക്ക, പിതാവ് അബ്ദുല്ലാഹി ബ്നു അബ്ദുല്‍ മുത്വലിബ് മരണപ്പെട്ടുവെന്നതാണ് പ്രധാനം. ഉപ്പക്ക് കുഞ്ഞിനെയും കുഞ്ഞിന് ഉപ്പയെയും കാണാന്‍ കഴിയാതെ, കുഞ്ഞിലെ മുഹമ്മദ് അനാഥനായി. നന്നെ ചെറുപ്പത്തിലും ആദ്യമായും മുഹമ്മദ് അനാഥനായി.

രണ്ടാമത് മുഹമ്മദ് ബിന്‍ അബ്ദില്ല അനാഥനാകുന്നത് ആറ് വയസ്സുള്ളപ്പോഴാണ്. ബനൂ നജ്ജാറുകാരായ അമ്മാവന്മാരെ കുഞ്ഞ് മുഹമ്മദിന് പരിചയപ്പെടുത്താന്‍ ഉമ്മ ആമിന യസ്രിബ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ മുഹമ്മദിന് ആറ് വയസ്സായിരുന്നു. ഒരുപക്ഷേ, പ്രിയതമന്റെ ഖബര്‍ സന്ദര്‍ശനവും ആമിനയുടെ യസ്രിബ് സന്ദര്‍ശന ഉദ്ദേശമായിരിക്കാം. കുറച്ച് ദിവസം യസ്രിബില്‍ കഴിഞ്ഞ് മക്കിയിലേക്ക് തിരിച്ചു. മക്കക്കും മദീനക്കും ഇടയിലുള്ള സ്ഥലമായ അബ്വാ എത്തിയപ്പോള്‍ ആമിനയെ രോഗം പിടികൂടുകയും മരണപ്പെടുകയും അവിടെ മറവ് ചെയ്യുകയും ചെയ്തു. അനാഥനായ മുഹമ്മദ് ബിന്‍ അബ്ദുല്ല മക്കയിലേക്ക് ഒറ്റക്ക് മടങ്ങി. ഉപ്പയുടെ സ്‌നേഹമോ ഉമ്മയുടെ കാരുണ്യമോ ഇല്ലാതെ ആറ് വയസ്സുകാരന്‍ നടന്നു. അബ്വായില്‍ നന്ന് മക്കയിലേക്കുള്ള ദൂരം 200 കി.മീ ആയിരുന്നു. ദൈര്‍ഘ്യമേറിയ ദുഷ്‌കരമായ യാത്രയില്‍ അല്ലാഹു മാത്രമായിരുന്നു ആ ബാലനൊപ്പം ഉണ്ടായിരുന്നത്. ദൈര്‍ഘ്യമേറിയ ദുഷ്‌കരമായ അല്ലാഹു മാത്രമുള്ള മറ്റൊരു യാത്രക്കുള്ള തയാറെടുപ്പായിരുന്നു അത്.

അനാഥനായ ബാലന്‍ വല്ല്യുപ്പയായ അബ്ദുല്‍ മുത്വലിബിന്റെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്. ആ ബാലന് മക്കയിലെ നേതാവായ വല്ല്യുപ്പയോടും പ്രമാണിമാരോടും നല്ല അടുപ്പമായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെ തുടരണമെന്നായിരുന്നില്ല അല്ലാഹുവിന്റെ തീരുമാനം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, എട്ട് വയസ്സായപ്പോള്‍ വല്ല്യുപ്പ പേരക്കുട്ടിയെ വിട്ട് അല്ലാഹുവിലേക്ക് യാത്രയായി. മൂന്നാമതും ബാലന്‍ അനാഥനായി. പിന്നീട് മുഹമ്മദിന്, വലിയ കുടുംബവും കുറഞ്ഞ സമ്പത്തുമുണ്ടായിരുന്ന എളാപ്പയായ അബൂത്വാലിബിനൊപ്പം പ്രതിസന്ധി നിറഞ്ഞ ജീവിതമായിരുന്നു. മുഹമ്മദിന് പദവിയും സമ്പത്തുമുണ്ടായിരുന്നില്ല, ദാരിദ്രം അനുഭവിക്കുകയും വളരെ നേരത്തെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യേണ്ടി വന്നു.

നേതൃത്വമല്ല, പ്രവാചകത്വമാണ്

യുവാവായിരിക്കെ മക്കക്കാര്‍ക്കിടയില്‍ ഉന്നത സ്ഥാനമുണ്ടായിരുന്ന, പിതാവായ അബ്ദുല്‍ മുത്വലിബിന് ശേഷം നേതൃത്വത്തിന് യോഗ്യതയുണ്ടായിരുന്ന അബ്ദുല്ലയുടെ സംരക്ഷണത്തില്‍ നമ്മുടെ പ്രവാചകന്‍ ജീവിച്ചിരുന്നെങ്കിലെന്ന് നിങ്ങള്‍ സങ്കല്‍പിക്കുക. അല്ലെങ്കില്‍, നേതൃത്വവും സ്ഥാനവും പദവിയും തേടി വിവിധ ഭാഗങ്ങളില്‍ നിന്ന് അറബികളെത്തിയിരുന്ന നേതാവായ തന്റെ വല്ല്യുപ്പ അബ്ദുല്‍ മുത്വലിബിന്റെ സംരക്ഷണത്തില്‍ മുഹമ്മദ് വളര്‍ന്ന് വലുതാവുകയെന്ന് കരുതുക. ഇത് സത്യമാണെന്നും നിങ്ങള്‍ വിചാരിക്കുക. മക്കക്കാരുടെ മനസ്സിലേക്ക് ആദ്യം വരുന്നത്, തന്റെ ഉപ്പയുടെയോ വല്ല്യുപ്പയുടെയോ നേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മാത്രമാണ് മുഹമ്മദ് പ്രബോധനം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതായിരിക്കും. അറേബ്യന്‍ ഉപദ്വീപ് മുഴുവന്‍ വ്യാപിക്കുന്ന നേതൃത്വം മുഹമ്മദിന്റെ താല്‍പര്യമാണെന്നും ആളുകള്‍ കരുതും. എന്നാല്‍, രാജതാല്‍പര്യങ്ങളില്‍ നിന്നും നേതൃമോഹങ്ങളില്‍ നിന്നും അകറ്റി ഈ ബാലനെ അനാഥനായി വളര്‍ത്തണമെന്നതായിരുന്നു അല്ലാഹുവിന്റെ തീരുമാനം. മുഹമ്മദ് നബി(സ) ഇസ്ലാമിക പ്രബോധനം പ്രഖ്യാപിച്ചപ്പോള്‍, ആദ്യമായി എതിര്‍ത്തത് എളാപ്പയായിരുന്ന അബൂ ലഹബായിരുന്നു. ഇത്, മുഹമ്മദ് രാജാധികാരം താല്‍പര്യപ്പെടുകയോ മക്കയില്‍ ബനൂ ഹാശിമിന്റെ നേതൃത്വം തിരിച്ചുകൊണ്ടുവരാനും അറേബ്യന്‍ ഉപദ്വീപ് മുഴുവന്‍ വ്യാപിപ്പിക്കാനും ആഗ്രഹിക്കുകയോ ചെയ്യുകയെന്ന ചെറിയ സംശയത്തെ പോലും ഇല്ലാതാക്കുന്നു.

സുപ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കം

ഉപ്പയുടെയും ഉമ്മയുടെ ലാളനയില്ലാതെ, അവരോടൊപ്പമുള്ള ആഹ്ലാദമില്ലാതെ, നേതൃത്വവും പദവിയുമില്ലാതെ, അല്ലാഹുവിന്റെ സംരക്ഷണത്തിലായിരുന്നു മുഹമ്മദിന്റെ കുട്ടിക്കാലം. കഷ്ടതകള്‍ നേരിട്ടു. പല ജോലികളിലും വ്യാപൃതനായി. കുട്ടിക്കാലം മതുല്‍ക്ക് തന്നെ ദൈര്‍ഘ്യമേറിയ യാത്രകള്‍ നടത്തി. അത് മുഹമ്മദിന് പൗരുഷവും കാര്യഗൗരവവും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുളള ശേഷയും പകര്‍ന്നു. ഉപ്പയുടെയും ഉമ്മയുടെയും സംരക്ഷണത്തില്‍ വളര്‍ന്ന കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി അനാഥനായ ബാലന്റെ ലോകവും ചിന്തയും വിസ്തൃതമായ. ഇതെല്ലാം അല്ലാഹുവിന്റെ റസൂലിനെ കാത്തിരുന്ന സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കങ്ങളായിരുന്നു.

അനാഥര്‍ക്ക് ആശ്വാസം പകരുന്നു

അനാഥനായ അല്ലാഹുവിന്റെ റസൂല്‍ അനാഥര്‍ക്കെല്ലാം ആശ്വാസം പകരുകയാണ്. അവരുടെ മനസ്സിന്റെ മുറിവനെ ശുശ്രൂഷിക്കുകയാണ്. അനാഥകള്‍ ചുറ്റിലും നോക്കുമ്പോള്‍, ഉപ്പമാരില്ലാത്ത ഉമ്മമാരുള്ള, ഉമ്മമാരില്ലാത്ത ഉപ്പമാരുള്ള കുഞ്ഞുങ്ങളെ കാണുന്നു. അപ്പോഴവര്‍ ചോദിക്കുന്നു; അനാഥരാകാന്‍ ഞങ്ങളെന്ത് കുറ്റം ചെയ്തു? അല്ലാഹുവിന്റെ സൃഷ്‌കളില്‍ ഏറ്റവും പ്രിയപ്പെട്ട റസൂല്‍ ജീവിതത്തില്‍ മൂന്ന് പ്രാവശ്യമാണ് അനാഥനായത്. അനാഥത്വത്തിന്റെ വേദനയറിഞ്ഞ അല്ലാഹുവിന്റെ റസൂലിനെ പോലെയാകുന്നതില്‍ നിങ്ങള്‍ സംതൃപതരല്ലേ എന്നാണ് അവരോട് പറയാനുള്ളത്.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles