Current Date

Search
Close this search box.
Search
Close this search box.

വലിയ ജനകീയ പ്രതിഷേധത്തിനാണ് ക്യൂബ സാക്ഷ്യം വഹിക്കുന്നത്

കമ്യൂണിസ്റ്റ് ക്യൂബയെ ഞെട്ടിച്ച ജനകീയ പ്രക്ഷോഭത്ത ചൈനീസ് മോഡൽ അടിച്ചമർത്തൽ കൊണ്ട് നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു ഭരണകൂടം. ജനങ്ങളുടെ വികാരങ്ങൾക്കൊപ്പം നിൽക്കുമെന്നും ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാമെന്നുമുള്ള പ്രഖ്യാപനം ജനങ്ങളെ തൃപ്തരാക്കുമോയെന്ന് കണ്ടറിയണം.

കമ്യൂണിസ്റ്റ് സർവ്വാധിപത്യ /സ്റ്റാലിനിസ്റ്റ് റെജീമുകളിൽ സാധാരണ കാണാത്ത രണ്ട് കാര്യങ്ങൾ ക്യൂബൻ ഭരണകൂടത്തിൽനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നു. വാരാന്ത്യത്തിൽ നടന്ന പതിഷേധത്തിൽ പ്രകടമായ ജനവികാരത്തിൽനിന്ന് പാഠം ഉൾക്കൊള്ളുമെന്ന പ്രഖ്യാപനമാണ് ഒന്നാമത്തേത്. അതിനേക്കാളേറെ പ്രാധാന്യമുള്ളത് പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനലിന്റെ പ്രസ്താവനയാണ്. പ്രതിഷേധത്തിന്റെ പേരിൽ ജനങ്ങളെ പഴിചാരുന്നതിനുപകരം ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കുമ്പസാരം.

കുമ്പസാരം എന്നു പറയാൻ കാരണമുണ്ട്. പ്രക്ഷോഭത്തിനു പിന്നിൽ സാമൂഹ്യ മാധ്യമങ്ങളും അമേരിക്കൻ ഭരണകൂടവുമാണെന്നായിരുന്നു തുടക്കത്തിൽ പ്രസിഡന്റ് പറഞ്ഞിരുന്നത്. മാത്രമല്ല, ക്യൂബയെ അസ്ഥിരപ്പെടുത്താൻ അമേരിക്ക വിലയ്‌ക്കെടുത്ത കൂലിപ്പടയാളികളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 1959ലെ വിപ്ലവത്തെ പ്രതിരോധിക്കാൻ തെരുവിലിറങ്ങണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. തെരുവിലിറങ്ങിയത് കമ്യൂണിസ്റ്റ് സഖാക്കൾ തന്നെ. അവർ ചോദിച്ചത് പക്ഷെ, റൊട്ടിയും മരുന്നുകളും എവിടെയെന്നായിരുന്നു!

കാൽ നൂറ്റാണ്ടിനുശേഷം ആദ്യമായാണ് ഇത്രയും വലിയ ജനകീയ പ്രതിഷേധത്തിനു ക്യൂബ സാക്ഷ്യം വഹിക്കുന്നത്. 1991 ഡിസംബറിൽ സോവിയറ്റ് യൂനിയന്റെ പതനത്തോടെ ക്യൂബക്കുള്ള സഹായം നിലച്ചപ്പോഴും ഇതുപോലെ ജനം തെരുവിൽ ഇറങ്ങിയിരുന്നു. അന്ന് ജനങ്ങളോടൊപ്പം തെരുവിലിറങ്ങാൻ ഒരു ഭരണാധികാരിയുണ്ടായിരുന്നു – കോമ്രേഡ് ഫിഡൽ! അദ്ദേഹം തെരുവുകളിലൂടെ നടന്ന് ഓരോരുത്തരെയും വ്യക്തിപരമായി കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു.

ചൈനയിലെ ടിയാനന്മെൻ സംഭവത്തിൽനിന്ന് (1989) പാഠം ഉൾക്കൊണ്ടതിനാലാവണം പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അന്ന് വലിയൊരു പതനത്തിന്റെ വക്കിലായിരുന്നു ക്യൂബ. രാജ്യത്തിന്റെ ജി.ഡി.പി 35 ശതമാനവും കയറ്റുമതിയും ഇറക്കുമതിയും 80 ശതമാനവും ഇടിഞ്ഞു. സോവിയറ്റ് യൂനിയനിൽനിന്ന് വേർപിരിഞ്ഞു സ്വതന്ത്ര രാജ്യമായ റഷ്യയും കമ്യൂണിസ്റ്റ് ചൈനയും മാത്രമല്ല, മറ്റു നിരവധി രാജ്യങ്ങളും അന്ന് ക്യൂബക്ക് താങ്ങായി എത്തി.

ക്യൂബയെ തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വം കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ശ്രമിക്കുന്നുവെന്നത് പുതിയ കാര്യമല്ല. അതൊന്നും ആർക്കും നിഷേധിക്കാനുമാവില്ല. എന്നാൽ അതിന്മേൽ പിടിച്ച് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമർത്താനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ഇത്രയും കാലം ശ്രമിച്ചുപോന്നത്. ഭക്ഷണത്തിനും മരുന്നിനും മറ്റു അത്യാവശ്യ സാധനങ്ങൾക്കുമായി നീണ്ടനേരം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലായിരുന്നു കുറച്ചുകാലമായി ക്യൂബൻ ജനത. ഇതിനു പുറമെയാണ് നിരന്തരം സംഭവിക്കുന്ന വൈദ്യുതി തടസ്സങ്ങൾ. പൊറുതിമുട്ടിയ ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിഞ്ഞതിൽ അൽഭുതമില്ല. പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ലെങ്കിലും അധികവും 25നും 37നുമിടയിൽ പ്രായമുള്ളവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷണം, ഷാംപൂ, സോപ്പ്, യാത്രക്കാർ ദ്വീപിലേക്ക് കൊണ്ടുവന്ന മരുന്ന് എന്നിവയുടെ പരിധി, താരിഫ് എന്നിവ സർക്കാർ താൽക്കാലികമായി നീക്കുമെന്ന് ദേശീയ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിൽ പ്രധാനമന്ത്രി മാനുവൽ മാരെറോ ഉറപ്പുനൽകിയിട്ടുണ്ട്. നിങ്ങൾ വിദേശരാജ്യങ്ങളിൽ പോയി ഇത്രയും സാധനങ്ങൾ യഥേഷ്ടം കൊണ്ടുവന്നുകൊള്ളൂവെന്നാണ് ഗവൺമെന്റ് പറയുന്നത്. അതൊക്കെ എത്രത്തോളം ഫലം കാണുമെന്നും അറിയേണ്ടിയിരിക്കുന്നു.

ഉരുക്കുമുഷ്ടി, ഇരുമ്പുമറ തുടങ്ങിയ കലാപരിപാടികൾ നടത്തി ജനങ്ങളെ ചങ്ങലക്കിടുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് അവശേഷിക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുമോ? ക്യുബ മുകുന്ദന്മാരുടെ കാലമൊക്കെ കഴിഞ്ഞു. കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ അവരുടെ ആയോധന മാർഗങ്ങൾ വിലക്കുകയും പ്രതിഷേധിച്ചാൽ നേരിടുമെന്നൊക്കെ പറയുന്ന നേതാക്കൾ ഇങ്ങ് കേരളത്തിലുമുണ്ട്. അവർക്ക് പാഠമാകാൻ ക്യൂബയൊന്നും വേണ്ട, ബംഗാളും ത്രിപുരയും മാത്രം മാതി.

Related Articles