Current Date

Search
Close this search box.
Search
Close this search box.

മുർതദ്ദുകളെ കൊന്നൊടുക്കിയത് ആരാണ്

ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് കെ. ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഇസ്ലാമിക തീവ്രവാദം’ എന്ന പുസ്തകത്തിൽ ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണം സയ്യിദ് മൗദൂദി മുർതദ്ദുകളെ അഥവാ മതപരിത്യാഗികളെ വധിക്കണമെന്ന് തൻറെ പുസ്തകത്തിൽ പറഞ്ഞുവെന്നാണ്. ഇതിൻറെ വസ്തുത പലതവണ വിശദീകരിച്ചിട്ടുണ്ട്. വേണമെങ്കിൽ ഇനിയും വിശദീകരിക്കാം. എന്നാൽ ആരാണ് കോടിക്കണക്കിന് മുർതദ്ദുകളെ കൊന്നതെന്നും കൊന്നു കൊണ്ടിരിക്കുന്നതെന്നും പരിശോധിച്ചാലറിയാം ആരാണ് നാടിനും സമൂഹത്തിനും അപകടകാരികളെന്ന്.

1948ലാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടത്. ഇതിനകം 73 കൊല്ലം പിന്നിട്ടു. ദീർഘമായി കാലയളവിൽ ഒരൊറ്റ ജമാഅത്തെ ഇസ്ലാമിക്കാരനും മുർതദ്ദിനെയെന്നല്ല, ഒരൊറ്റ മനുഷ്യനെയും വധിച്ചിട്ടില്ല. എന്നാൽ കമ്മ്യൂണിസ്റ്റുകാരോ? കേരളത്തിൽ മാത്രം കമ്മ്യൂണിസ്റ്റുകാർ ചുരുങ്ങിയത് ഇരുനൂറ് പേരെയെങ്കിലും ക്രൂരമായി അടിച്ചും ഇടിച്ചും വെട്ടിയും കുത്തിയും കൊന്നിട്ടുണ്ട്. അവരിൽ ചിലർ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ട മുർതദ്ദുകളാണ്. ടി.പി. ചന്ദ്രശേഖരൻ ഉദാഹരണം. ആ മുർതദ്ദിനെ 51 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്.

കേരളത്തിൽ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളുള്ളിടത്തെല്ലാം അവർ മുർതദ്ദുകളെ കൂട്ടത്തോടെ കൊന്നു കൂട്ടിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടിനിടയിൽ 9 കോടി 40 ലക്ഷത്തെയാണല്ലോ കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയത്. അവരിൽ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാടിൽ മുർതദ്ദുകളാണ്. സോവിയറ്റ് യൂനിയനിൽ സ്റ്റാലിൻറെ കാലത്ത് രണ്ട് കോടി കമ്മ്യൂണിസ്റ്റുകൾ, ഭരണാധികാരിയുടെ ഭാഷയിൽ മുർതദ്ദുകൾ വധിക്കപ്പടുകയുണ്ടായി. ലെനിനും സ്റ്റാലിനും മാവോയും പോൾ പൊട്ടും ചെഷസ്ക്യൂയും ഹോചിമിനും കിംഇൻസൂങ്ങും കൊന്നൊടുക്കിയ ജനകോടികളിൽ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയിൽ പ്രതി വിപ്ലവകാരികൾ അഥവാ മുർതദ്ദുകളായിരുന്നു. ചുരുക്കത്തിൽ മൗദൂദിയുടെ പുസ്തകം വായിച്ച് ഒരു ജമാഅത്ത് കാരനും ഒരു മുർതദ്ദിനെയും കൊന്നിട്ടില്ല. കമ്മ്യൂണിസ്റ്റുകാരുടെ ആദർശം സ്വീകരിച്ചവർ കോടിക്കണക്കിന് മുർതദ്ദുകളെ നിഷ്ഠൂരമായി കൊന്നൊടുക്കിയിട്ടുണ്ട്. ഈ വസ്തു നിഷേധിക്കാൻ ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരന് കഴിയുമോ?

ആരാണ് ജനാധിപത്യവിരുദ്ധർ?

കെ. ടി.കുഞ്ഞിക്കണ്ണൻ ഉന്നയിച്ച മറ്റൊരു ആരോപണം ജമാഅത്ത് ജനാധിപത്യവിരുദ്ധമാണെന്നാണ്.

ജമാഅത്തെ ഇസ്ലാമി ദൈവവിശ്വാസികളുടെ സംഘടനയാണ്. നിയമനിർമാണത്തിൻറെ പരമാധികാരം ജനങ്ങൾക്കാണെന്ന സിദ്ധാന്തത്തെ, അഥവാ ശരിയും തെറ്റും നന്മയും തിന്മയും ധർമ്മവും അധർമ്മവും നീതിയും അനീതിയും സന്മാർഗവും ദുർമാർഗവും തീരുമാനിക്കേണ്ടത് ഭൂരിപക്ഷ-ന്യൂനപക്ഷ അടിസ്ഥാനത്തിലാണെന്ന തത്വത്തെ ഒരു യഥാർത്ഥ ഈശ്വര വിശ്വാസിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. ശാശ്വത മൂല്യങ്ങളെയും സനാതനധർമ്മങ്ങളെയും നിരാകരിക്കുന്ന ദൈവ നിഷേധികൾക്ക് മാത്രമേ അത് സ്വീകാര്യമാകുയുള്ളൂ. ജനാധിപത്യത്തിൻറെ ഈ പരിമിതി തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ പാർലമെൻറിന് ഭൂരിപക്ഷ പ്രകാരം മൗലികാവകാശങ്ങൾ റദ്ദ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചത്.

ഏത് ദൈവ വിശ്വാസിയും നിരാകരിക്കാൻ ബാധ്യസ്ഥമായ ശരി -തെറ്റുകളും നന്മ-തിന്മകളും തീരുമാനിക്കാനുള്ള പരമാധികാരം ജനങ്ങൾക്കാണെന്ന മതവിരുദ്ധ ആശയത്തെയാണ് ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നത്. എന്നാൽ ജനാധിപത്യത്തിൻറെ രീതിശാസ്ത്രത്തെ ജമാഅത്ത് പൂർണ്ണമായും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. അഥവാ രാജ്യം ഭരിക്കേണ്ടത് ആരാണെന്ന ചോദ്യത്തിന് അത് നൽകുന്ന മറുപടി രാജാവോ ചക്രവർത്തിയോ സുൽത്താനോ സർവാധിപതിയോ സ്വഛിധിപതിയോ അല്ലെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന അവരുടെ പ്രതിനിധികളാണെന്നും ജമാഅത്ത് അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിൻറെ ചില ദാർശനിക വശത്തെ വിശകലനം ചെയ്ത് എതിർപ്പ് രേഖപ്പെടുത്തിയ സയ്യിദ് മൗദൂദി തന്നെ ഇക്കാര്യം തെളിയിച്ചു പറഞ്ഞിട്ടുണ്ട്. രാജ്യത്തിൻറെ വ്യവസ്ഥ മാറേണ്ടതും ജനാധിപത്യ രീതിയിലൂടെയായിരിക്കണം. അഥവാ കമ്മ്യൂണിസ്റ്റ് നാടുകളിൽ സംഭവിച്ച പോലെ സായുധ വിപ്ലവത്തിലൂടെയോ അട്ടിമറിയിലൂടെയോ കലാപങ്ങൾ അഴിച്ചുവിട്ടോ ആവരുതെന്നും മനം മാറ്റത്തിലൂടെയായിരിക്കണം വ്യവസ്ഥാ മാറ്റമെന്നും ജമാഅത്ത് സംശയാതീതമായി വ്യക്തമാക്കുന്നു. അങ്ങനെ ജനാധിപത്യത്തിൻറെ രീതിശാസ്ത്രത്തെ അംഗീകരിക്കുകയും സ്വന്തം സംഘടനയിൽ ഓരോ നാല് വർഷം കൂടുമ്പോഴും തദടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു.

എന്നാൽ കമ്മ്യൂണിസത്തിലോ? സോവിയറ്റ് യൂണിയൻ, കമ്മ്യൂണിസ്റ്റ് ചൈന, വിയറ്റ്നാം, ഉത്തരകൊറിയ, കിഴക്കൻ ജർമനി, ചെക്കോസ്ലാവാക്യ, ഹങ്കറി തുടങ്ങി ഏത് രാജ്യത്താണ് ജനാധിപത്യത്തിലൂടെ കമ്മ്യൂണിസം അധികാരത്തിൽ വന്നത്. അവിടങ്ങളിൽ കമ്മ്യൂണിസം നില നിന്നപ്പോൾ ജനാധിപത്യം പുലർന്ന ഏതെങ്കിലും രാജ്യമുണ്ടോ?

ഇങ്ങിവിടെ കമ്മ്യൂണിസ്റ്റുകാർക്ക് മേധാവിത്വമുള്ള പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യം പുലരാൻ അവർ അനുവദിക്കാറുണ്ടോ? പോളിംഗ് ബൂത്തുകളിൽ പ്രിസൈഡിങ്ങ് ഓഫീസർമാരെ വരെ ഭീഷണിപ്പെടുത്തി കൃത്രിമമായി വോട്ടു ചെയ്യുകയും എതിർ കക്ഷികളെ ആട്ടിയോടിക്കുകയുമല്ലേ ചെയ്യാറുള്ളത്? ഇവ്വിധം ജനാധിപത്യത്തെ അട്ടിമറിക്കുന്നവരാണ് ജനാധിപത്യത്തിൻറെ പേരിൽ ജമാഅത്തിനെ വിമർശിക്കുന്നതെന്നത് ബഹു വിചിത്രം തന്നെ!  

Related Articles