Columns

ഒഴുക്കിനൊപ്പം നീങ്ങുന്ന പൊങ്ങുതടികള്‍

എന്ത് കൊണ്ട് കേരളത്തിലെ പ്രഗത്ഭമതികള്‍ ബി ജെ പി യില്‍ ചേരുന്നു?. ബി ജെ പിയാണ് ശരി എന്നതല്ലേ അത് കൊണ്ട് മനസ്സിലാവുന്നത്. ഒരു സംഘ പരിവാര്‍ സുഹൃത്ത് കാര്യമായി ഉന്നയിച്ച സംശയം.

അധികാരം എന്നും മനുഷ്യരെ ആകര്‍ഷിക്കും. എന്ത് കൊണ്ട് ഇതിനു മുമ്പ് ഇന്ന് അനുകൂല സാഹചര്യം കാണിക്കുന്ന പലരും നയം പുറത്തേക്കു കാണിച്ചില്ല എന്നത് സമയത്തിന്റെ മാത്രം വിഷയമായി കണക്കാക്കണം. ഒരാള്‍ സംഘ് പരിവാര്‍ കൂട്ടത്തിലേക്കു പോകുക എന്നത് അത്ര നിസാര സംഗതിയല്ല. സംഘ പരിവാര്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയം അവര്‍ക്കു കൂടി സ്വീകാര്യമാകുന്നു എന്നതാണ് അതിന്റെ കാരണം. മതേതരത്വവും ജനാധിപത്യം എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ. ഇന്ത്യയില്‍ ജനിച്ച എല്ലാവര്‍ക്കും വിദേശത്തു ജനിച്ച ഇന്ത്യക്കാരുടെ മക്കള്‍ക്കും ഇന്ത്യയില്‍ പൂര്‍ണ പൗരനായി ജീവിക്കാനും മരിക്കാനുമുള്ള അവകാശം നമ്മുടെ ഭരണഘടന നല്‍കുന്നു. ആര്‍ക്കും ആരോടും നാട് വിട്ടു പോകാന്‍ പറയാന്‍ പാടില്ല എന്നാണു ഭരണ ഘടന നിര്‍ദ്ദേശിക്കുന്നതും. അങ്ങിനെ വന്നാല്‍ ആരാണ് മുഴത്തിനു മുഴത്തിനു ഇന്ത്യയില്‍ നിന്നും പോകാന്‍ ആവശ്യപ്പെടുന്നത്?. അവരുടെ രാഷ്ട്രീയം ഈ പ്രഗത്ഭമതികള്‍ക്കു അഭിമതമാണെങ്കില്‍ നമുക്കവരെ എങ്ങിനെ പ്രഗത്ഭര്‍ എന്ന് വിളിക്കാന്‍ കഴിയും.

ഹിന്ദു മുസ്ലിം കൃസ്ത്യന്‍ എന്ന രീതിയിലല്ല ഭരണകൂടം ഇന്ത്യക്കാരെ കാണേണ്ടത്. ഒന്നാമത്തെ പരിഗണന ഇന്ത്യക്കാര്‍ എന്നതാണ്. അതെ സമയം നിലവില്‍ ഭരണം നടത്തുന്ന സര്‍ക്കാര്‍ അങ്ങിനെയാണോ ഇന്ത്യക്കാരെ കാണുന്നത്. അല്ല എന്നതല്ലേ നമ്മുടെ അനുഭവം. പണ്ടെങ്ങോ കാലത്തു നല്‍കിയ സ്ഥല നാമങ്ങള്‍ പോലും ചില സമുദായവുമായി അടുപ്പമുണ്ട് എന്നതിന്റെ പേരില്‍ അത് പോലും മാറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഭരണകൂടമാണ് നാട്ടിലുള്ളത്. ഈ പ്രഗത്ഭര്‍ അതും അംഗീകരിക്കുന്നു. എന്തിലും മേലെ വംശീയതയാണ് സംഘ് പരിവാറിന്റെ അടിത്തറ. അതും ഈ പ്രഗത്ഭര്ക്കു നല്ലതായി തോന്നുന്നു. അതെല്ലാം മാറ്റി വെച്ചാല്‍ തന്നെ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് ഇന്ത്യ സാമ്പത്തിക രംഗത്തു അനുഭവിച്ച ദുരിതങ്ങള്‍ ഇവര്‍ക്ക് മനസ്സിലായില്ലേ. റിസര്‍വ് ബാങ്ക് പോലും സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് നാം കണ്ടതാണ്. നോട്ട് നിരോധനം എന്ന ഭ്രാന്തന്‍ നയത്തെ അംഗീകരിക്കാന്‍ കഴിയുന്നു എന്നത് തന്നെ ആരുടെ പ്രാഗല്‍ഭത്തിനു എതിരാണ്.

ഒഴുക്കിനു അനുസരിച്ചു നീങ്ങാന്‍ എളുപ്പമാണ്. ചണ്ടികള്‍ക്കും അത് സാധിക്കും. അതെ സമയം സംഘ് പരിവാര്‍ തരിപ്പണമാക്കിയ നാടിനെ രക്ഷിക്കുക എന്നതാണ് ഒഴുക്കിനെതിരെ നീങ്ങാന്‍ ആവശ്യമായത്. ശക്തമായ അടിവേര് അതിനു അത്യാവശ്യമാണ്. മറ്റൊരു കാര്യം കൂടി കാണാതെ പോകരുത്. സംഘ് പരിവാര്‍ ഭാഗത്തേക്ക് ചായുന്ന മനസ്സുകള്‍ അധികവും സവര്‍ണമാണ്. ജാതീയ ഇന്ത്യയെ കെട്ടിപ്പടുക്കും എന്നതാണ് സംഘ പരിവാര്‍ നല്‍കുന്ന വാഗ്ദാനം. അത് കൊണ്ട് തന്നെയാണ് അവിടേക്കു അത്തരക്കാര്‍ ഒഴുകുന്നതും. മോഡി കാലത്തു മത ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ദളിതനും പിന്നോക്കക്കാരും നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്ന് കാണാതിരിക്കരുത്. ജനാധിപത്യവും മതേതരത്വവുമാണ് മോഡി കാലത്തു കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ടത്. അതിന്റെ പുനഃസ്ഥാപനമാണ് വിഷയമെങ്കില്‍ ഈ പ്രഗത്ഭര്‍ ഒരിക്കലും സംഘ് പരിവാര്‍ കൂട്ടത്തില്‍ എത്തില്ലായിരുന്നു എന്നുറപ്പാണ്.

Facebook Comments
Show More

Related Articles

Close
Close