Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് ?

അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ബ്രിട്ടനിലെ ചര്‍ച്ച വിഷയം. തെരേസ മേ രാജിവെച്ച ഒഴിവിലേക്ക് ഭരണകക്ഷിയില്‍ നിന്നും രണ്ടു പേര്‍ രംഗത്തുണ്ട്. ബോറിസ് ജോണ്‍സന്‍, ജെറെമി ഹ്യൂണ്ട് എന്നിവരാണത്. അതില്‍ കൂടുതല്‍ ആളുകളുടെ പിന്തുണ ബോറിസ് ജോണ്‍സണ് തന്നെയാണ്. ഈ വരുന്ന ജൂലൈ 22നു പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും എന്നാണു ഔദ്യോഗിക വിവരം.

ബോറിസ് ജോണ്‍സണ്‍ മുമ്പ് നടത്തിയ പല അഭിപ്രായങ്ങളും വംശീയ അധിക്ഷേപങ്ങള്‍ സൃഷ്ടിക്കുകയും ബ്രിട്ടനിലെ വംശീയ, മത, ലൈംഗിക ന്യൂനപക്ഷ സമുദായങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എം.പിയും തുല്യാവകാശ പ്രചാരകനുമായ ഡേവിഡ് ലാമി പറയുന്നതനുസരിച്ച് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ദുരന്തമായിരിക്കും എന്നാണ്. അദ്ദേഹം ബ്രെക്സിറ്റിനു വേണ്ടി പ്രചാരണം നടത്തി എന്നതിനേക്കാള്‍ കറുത്തവരെയും മുസ്‌ലിം സ്ത്രീകളെയും അദ്ദേഹം ഉപമിക്കാന്‍ ഉപയോഗിച്ച പദങ്ങളാണ് ‘ലെറ്റര്‍ ബാക്സെന്നും ബാങ്ക് കൊള്ളക്കാരെന്നും’. ഈ പ്രയോഗം ബ്രിട്ടനില്‍ വളരെ പ്രസിദ്ധമാണ്. തന്റെ പഴയ കമന്റിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി എന്നതും ശ്രദ്ധേയമാണ്. ഒന്നുകില്‍ പണ്ട് നടത്തിയ പ്രകടനം വൈകാരികമായിരുന്നു എന്ന് മനസ്സിലാക്കണം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പു സമയത്ത് പുതിയ വിവാദത്തിനു മുതിരാന്‍ അദ്ദേഹം തയ്യാറല്ല. ‘കഴിഞ്ഞ 20,30 വര്‍ഷങ്ങളില്‍ ആളുകള്‍ വാക്കുകള്‍ എന്റെ ലേഖനങ്ങളില്‍ നിന്ന് പുറത്തെടുക്കുകയും മാറ്റത്തിരുത്തലുകള്‍ നടത്തുകയും ചെയ്തു. അതില്‍ ഞാന്‍ ഖേദിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇസ്ലാമോഫോബിയയുടെ വക്താവ് കൂടിയാണ് ബോറിസ് ജോണ്‍സന്‍ എന്നാണ് പറയപ്പെടുന്നത്. യൂറോപ്പ് ഒരു വലതുപക്ഷ തീവ്രതയിലേക്ക് പോകുന്നു എന്ന ഭയം പലരിലുമുണ്ട്. അത് പുറത്തു പ്രകടമായില്ലെങ്കിലും അകത്ത് അത് നടക്കുന്നു എന്നുറപ്പാണ്. അതെ സമയം രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥക്ക് ഒരു മാറ്റമാകും ബോറിസ് ജോണ്‍സന്‍ എന്ന് പറയുന്നവരുമുണ്ട്. ഇതുവരെ നടന്ന കാര്യങ്ങള്‍ വെച്ച് നോക്കിയാല്‍ ബോറിസ് ജോണ്‍സന്‍ തന്നെ അടുത്ത ബ്രിട്ടന്‍ പ്രധാനമന്ത്രിയായി വരും എന്നുറപ്പാണ്. അതെ സമയം പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാട്ടില്‍ പല തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കും ഇടവെച്ചിട്ടുണ്ട്. യൂറോപ്പില്‍ ശക്തമായ സ്വാധീനം ഉണ്ട് എന്നതു തന്നെയാണ് ബ്രിട്ടീഷ് ഭരണാധികാരികളുടെ എന്നത്തേയും പ്രത്യേകത. അതെ സമയം പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ഭരണത്തില്‍ വന്നാല്‍ എളുപ്പമല്ല എന്നതാണ് ബ്രിട്ടീഷ് ചരിത്രം.

ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് നിലവിലെ പ്രധാനമന്ത്രിക്ക് രാജി വെക്കേണ്ടി വന്നത്. അതിനു സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വേണ്ട സഹായം ലഭിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വരാന്‍ സാധ്യതയുള്ള പ്രാധാനമന്ത്രിയും ബ്രെക്സിറ്റിന്റെ വാക്താവാണ്. മെയ് തോറ്റിടത്ത് എത്ര കണ്ടു ബോറിസ് ജോണ്‍സണ് ജയിക്കാന്‍ കഴിയും എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. അതോ തന്റെ മുന്‍ നിലപാടുകള്‍ നടപ്പാക്കുന്ന കാര്യത്തിലാണോ പുതിയ പ്രധാനമത്രി ശ്രദ്ധ ചെലുത്തുക എന്നതും ലോകം ഉറ്റു നോക്കുന്നു.

Related Articles