Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ അടയാളങ്ങളെ അവമതിക്കുന്നവര്‍

കഅ്ബയുടെ പ്രസക്തിയും പ്രാധാന്യവും വിശ്വാസികളെ പറഞ്ഞറിയിക്കേണ്ട കാര്യമില്ല. കഅ്ബയും അതുമായി ബന്ധപ്പെട്ടതും അല്ലാഹുവിന്റെ ഇത്തരത്തിലുള്ള ചിഹ്നങ്ങളില്‍പെട്ടതാണ്. അല്ലാഹു പറയുന്നു: ‘അല്ലയോ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത്. പവിത്രമാസങ്ങളെ, ബലിമൃഗങ്ങളെ, അല്ലാഹുവിലേക്ക് നേര്‍ന്നതിന്റെ അടയാളമായി കഴുത്തില്‍ പട്ടകെട്ടിയവയെ, അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവന്റെ പവിത്രഭവനത്തിലേക്ക് സഞ്ചരിക്കുന്നവരെ’ (അല്‍മാഇദ 2). ‘സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാണ്’ (അല്‍ബഖറ 158). അതായത് ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ട അല്ലാഹുവിന്റെ അടയാളങ്ങളില്‍ അധികവും കഅ്ബയുമായി ബന്ധപ്പെട്ടതാണ്. കഅ്ബ പോലെ എന്നും നിലനില്‍ക്കുന്ന അടയാളം മറ്റൊന്നില്ല എന്നത് തന്നെയാകാം അതിന്റെ കാരണം.

പക്ഷെ പുതിയ ട്രെന്‍ഡ് മാറിയിട്ടുണ്ട്. പലര്‍ക്കും കഅ്ബ അത്ര പോര. അത് ഇസ്മായിലിന്റെ ഖബര്‍ മാത്രമായി അവര്‍ക്കു ചുരുങ്ങി പോകും. എന്നിട്ടു അവര്‍ വലിയ മഹത്വം മദീനക്ക് നല്‍കും. മദീനയുടെ മഹത്വം ആരും നിഷേധിച്ചില്ല. പക്ഷെ കഅ്ബയുടെ മഹത്വം ഇല്ലാതാക്കിവരുന്നു അതെന്നു മാത്രം. പക്ഷെ അവര്‍ മുന്നോട്ടു വെക്കുക്കുന്നത് അതിലും മഹത്വരമായ പലതുമാണ്. വിശ്വാസികള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം അല്ലാഹുവിനും ശേഷം പ്രവാചകനുമാണ്. പ്രവാചകനെ എങ്ങിനെ ആദരിക്കണം എന്നത് മുസ്ലിം സമുദായത്തിന് അഭിപ്രായ അന്തരമില്ലാത്ത കാര്യമാണ്. അതെ സമയം ഒന്നിന്റെ സ്ഥാനം കുറച്ചു കൊണ്ടല്ല മറ്റൊന്നിനെ സ്ഥാപിക്കേണ്ടത്. പ്രവാചക സ്‌നേഹം പോലെ കച്ചവട സാധ്യതയില്ലാത്ത ഒന്നാണ് കഅ്ബ എന്ന് തോന്നുന്നു. അത് കൊണ്ടാകാം പലര്‍ക്കും കഅ്ബയോടു വല്ലാത്ത ഒരു പുച്ഛം. ഇസ്‌ലാം എന്നത് കെട്ടുകഥകള്‍ പറഞ്ഞു ജനത്തെ പറ്റിക്കാനുള്ള വഴിയല്ല. അത് തീര്‍ത്തും അടിസ്ഥാനങ്ങളുടെ മേല്‍ നില കൊള്ളുന്ന പ്രസ്ഥാനമാണ്. ഇമാം ഹുസ്സൈന്‍ അവര്‍കളുടെ ഖബറാണ് കഅ്ബയെക്കാള്‍ മഹത്വരം എന്ന് വിശ്വസിക്കുന്നവരാണ് ഷിയാക്കളില്‍ പലരും. കര്‍ബലക്കു അവര്‍ നല്‍കുന്ന പ്രധാന്യവും അങ്ങിനെ തന്നെ. അതെ സമയം ഓരോന്നിനും അതിന്റെ പ്രാധാന്യം വിവരിച്ചു തന്നാണ് പ്രവാചകന്‍ വിട പറഞ്ഞത്.

കേരളത്തിലെ ചില മത സംഘടനകളുടെ പ്രാസംഗികന്മാര്‍ മത്സരിക്കുകയാണ്. കഅ്ബയുടെ സ്ഥാനം കുറക്കാന്‍. അണികളില്‍ അധികവും ഇസ്ലാം അടിസ്ഥാന സ്രോതസ്സുകളില്‍ നിന്നും നേരിട്ട് പഠിച്ചവരാണ് എന്നത് കൊണ്ട് തന്നെ അവര്‍ പലപ്പോഴും സുരക്ഷിതരാണ്. അതെ സമയം ഇത്തരം സംസാരങ്ങള്‍ ഇസ്‌ലാമിന് വരുത്തുന്ന മുറിവ് വലുതാണ്. ഔലിയാക്കള്‍ ഈയടുത്ത് പൊട്ടിമുളച്ചതാണ് എന്ന് തോന്നും. എന്റെ അടുത്ത നാട്ടുകാരനായ ഉമര്‍ ഖാദി തന്നെ ഉദാഹരണം. അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത് ശക്തനായ സാമ്രാജ്യത്വ വിരുദ്ധന്‍ എന്ന നിലയിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ അദ്ദേഹം നടത്തിയ സമരങ്ങളാണ് അവരിലേക്ക് ചേര്‍ത്ത് പറയാന്‍ ഉത്തമം. പക്ഷെ സാധാരണക്കാരന് അറിയുക അദ്ദേഹത്തിന്റെ അത്ഭുത കഥകളാണ്. മമ്പുറം തങ്ങന്മാരുടെയും മഖ്ദൂമുമാരുടെയും ചരിത്രം അങ്ങിനെ തന്നെ. ചരിത്ര വായനയെക്കാള്‍ പലര്‍ക്കും താല്പര്യം ഇത്തരം കഥകളാണ്. പ്രവാചക ചരിത്രവും ഖുലഫാഉ റാശിദുകളുടെ ചരിത്രവും നാം വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ്. അവരുടെ കറാമത്തുകളെക്കാള്‍ മുഴച്ചു നില്‍ക്കുന്നത് അവരുടെ ത്യാഗമാണ്. അവരുടെ ത്യാഗം തന്നെയാണ് ഖുര്‍ആനും എടുത്ത് പറയുന്നത്.

എല്ലാത്തിനും അതിന്റെ സ്ഥാനം നല്‍കുക എന്നതാണ് ഇസ്ലാം പറയുന്നത്. പ്രവാചകനും കഅ്ബക്കും അതിന്റെ സ്ഥാനം നല്‍കണം. പ്രവാചകന്‍ പോലും ആഗ്രഹിച്ചതാണ് കഅ്ബയിലേക്കു തിരിഞ്ഞു നമസ്‌കരിക്കാന്‍. പ്രവാചകനെ അനുസരിക്കലാണ് പ്രാധ്യാന്യം. അതാണ് പ്രവാചകന് നല്‍കുന്ന ആദരവ്. അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു മാര്‍ഗമില്ല എന്നത് കൂടി നാം ചേര്‍ത്ത് വായിക്കണം. കഅ്ബയോടുള്ള ആദരവ് മറ്റൊരു തരത്തിലാണ്. അനുസരണമില്ലാതെ ആദരവ് നിലനിര്‍ത്താന്‍ കഴിയില്ല. അനുസരണ സ്വഭാവമുള്ളവരല്ല സമുദായത്തിലെ അധികം ആളുകളും. ആരെയും അനുസരിക്കാതിരിക്കുക എന്നത് ആദരവായി കൊണ്ട് നടക്കുക എന്നതൊരു അലങ്കാരമായി അവര്‍ കാണുന്നു. മഹാന്മാരായ സഹാബികള്‍ ജീവിച്ച കാലത്ത് നമുക്ക് കാണാന്‍ കഴിയാത്ത പലതും അതിനു ശേഷം നാം കേള്‍ക്കുന്നു. മത പ്രസംഗം എന്ന പേരില്‍ ജനത്തെ വിളിച്ചു കൂട്ടി നല്‍കുന്ന പലതും മത വിരുദ്ധമാണ്. മത പ്രഭാഷണങ്ങള്‍ കൊണ്ട് ഉദ്ദേശം പൊതു ജനത്തെ ഇസ്‌ലാമിന്റെ ജ്ഞാനത്തിലേക്കു കൊണ്ട് വരിക എന്നതിന് പകരം അവരെ അജ്ഞതയുടെ വഴിയിലേക്ക് കൊണ്ട് പോകുക എന്നതായി മാറിയിരിക്കുന്നു. നാട്ടില്‍ പലപ്പോഴും മത പ്രസംഗം നടക്കുന്നത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായിട്ടാണ്. അതിനു പ്രത്യേക കാരണവും കാണും. എല്ലാം സാമ്പത്തിക വിഷയമായി മാറുമ്പോള്‍ കഥകളിലൂടെ ജീവിക്കുന്ന ഇസ്‌ലാമിനെ നല്‍കാനാണ് പലരും ശ്രമിക്കുക. അത് കൊണ്ടാണ് പാലപ്പഴും ഒരു അമര്‍ ചിത്ര കഥയുടെ രൂപത്തിലേക്ക് പലരുടെയും മഹത്വങ്ങള്‍ വന്നു നില്‍ക്കുന്നതും.

Related Articles