Current Date

Search
Close this search box.
Search
Close this search box.

വലതുപക്ഷ തീവ്രവാദം ന്യൂസ്‌ലാന്റിലും പിടിമുറുക്കുമ്പോള്‍

ക്രൂരത ചെയ്യുന്നു എന്നതിലപ്പുറം അത് ലോകത്തെ ലൈവായി കാണിക്കുന്നു എന്നതാണ് പുതിയ രീതി. 28 വയസ്സ് പ്രായമുള്ള ആസ്‌ട്രേലിയന്‍ സ്വദേശി യൂറോപ്പിലും ആസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിലും വളര്‍ന്നു വരുന്ന ഇസ്ലാമോഫോബിയയുടെ പുതിയ രൂപങ്ങള്‍ മാത്രം. ട്രംപിന്റെ വരവ് അത്തരക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും 87 പേജുള്ള മുസ്‌ലിം വിരുദ്ധ കുടിയേറ്റ വിരുദ്ധ രേഖകള്‍ പിടിച്ചെടുത്തെന്നു പറഞ്ഞു കേള്‍ക്കുന്നു.

ഇന്നലെ ന്യൂസ്‌ലാന്റിലെ രണ്ടു പള്ളികളില്‍ ഉണ്ടായ വെടിവെപ്പില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ദേശീയ ദുരന്തം എന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്. ഭീകരാക്രമണമാണിതെന്നും അവര്‍ ചേര്‍ത്ത് പറഞ്ഞു. ലോകത്തിലെ പല നേതാക്കളും കേട്ട മാത്രയില്‍ തന്നെ ഈ കിരാത പ്രവര്‍ത്തനത്തെ അപലപിച്ചു.

സ്വതവേ സമാധാന രാജ്യമായ ന്യൂസിലന്റ് പോലും ഇസ്ലാമോഫോബിയയുടെ രംഗമാക്കി മാറ്റുന്നതില്‍ ശത്രുക്കള്‍ വിജയിച്ചിരിക്കുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും ഇപ്പോള്‍ തന്നെ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടു വരുന്നു. മോശമായ ദേശീയതയുടെ മൂര്‍ത്ത രൂപങ്ങളായി ഇത്തരം നീക്കങ്ങളെ നല്ല മനുഷ്യര്‍ കാണുന്നു. വംശീയ ആക്രമണങ്ങള്‍ യൂറോപ്പിലും മറ്റു രാജ്യങ്ങളിലും വര്‍ധിച്ചു വരുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കണം.

ഇസ്ലാം ഒരിക്കലും നേര്‍ക്കുനേര്‍ ഭീകരതക്ക് കാരണമായിട്ടില്ല. പക്ഷെ വളഞ്ഞ വഴികളിലൂടെ പലരും ഇസ്ലാമിനെ ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു. ആരെന്നു പോലും അറിയാതെ അവരുടെ ചെയ്തികള്‍ ഇസ്ലാമിന്റെ പേരില്‍ വരവ് വെക്കാന്‍ പലരും ധൃതി കാണിക്കുന്നു. അല്‍ ഖ്വായിദ മുതല്‍ ഐ എസ് വരെ ആ രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഉയര്‍ന്നു വന്ന പദമാണ് ഇസ്ലാമോഫോബിയ. ഈ പദത്തിന് നല്‍കാന്‍ കഴിയുന്ന നല്ല അര്‍ഥം ഇസ്ലാമിനെ കുറിച്ച് മോശം പ്രതികരണവും അകാരണമായ ഭയവും സൃഷ്ടിക്കുക എന്നതാണ്. ഇസ്ലാമിന്റെ പേരില്‍ ഭീകരത പടച്ചുണ്ടാക്കി ഈ നിലപാട് നിലനിര്‍ത്തുന്നതില്‍ ശത്രുക്കള്‍ വിജയിച്ചിരിക്കുന്നു എന്ന് കൂടി പറയണം.

വേഗത്തില്‍ വളരുന്ന വിശ്വാസം എന്നതാണ് ഇസ്ലാമിന്റെ പ്രത്യേകത. ഒരാളെ ഒതുക്കി നിര്‍ത്താന്‍ നല്ലത് ഭയപ്പെടുത്തലാണ്. ഇസ്ലാം കൊണ്ട് ജനത്തിനു ഹാനികരമാണ് എന്ന് പറയാനാണ് പലര്‍ക്കും താല്പര്യം. ഇസ്ലാമോഫോബിയ അങ്ങിനെയാണ് ഒരു ജനതയുടെ ഉറക്കം കെടുത്തുന്നത്. വെള്ളക്കാരുടെ അധീശത്വം എന്നതാണ് ഇന്ന് കേട്ട് കൊണ്ടിരിക്കുന്ന മുദ്രാവാക്യം. ന്യൂസ്‌ലാന്റിലെ അക്രമിയും അത് തന്നെയാണ് ഉയര്‍ത്തിയത്.

ഫ്രാന്‍സില്‍ ഇസ്ലാമിന്റെ പേരില്‍ ആരോ ബോംബു പൊട്ടിച്ചപ്പോള്‍ കേട്ട ബഹളം ഇന്നലെ നാം കേട്ടില്ല. പ്രതികളുടെയും ഇരകളുടെയും ജാതിയും മതവും വര്‍ണവും വര്‍ഗ്ഗവും നോക്കി പ്രതികരിക്കുക എന്നത് ഒരു ആഗോള പ്രതിഭാസമായി തീര്‍ന്നിരിക്കുന്നു. വളര്‍ന്നു വരുന്ന ഇത്തരം പ്രവണതകള്‍ മുളയിലെ നുള്ളിയില്ലെങ്കില്‍ അത് തീരാത്ത ദുരന്തമായി അവശേഷിക്കും. ലോകത്ത് വളര്‍ന്നു വരുന്ന വലതു പക്ഷ രാഷ്ട്രീയം മാനവികതക്ക് തന്നെ ഭീഷണിയാണ്. ഇന്ത്യയില്‍ സംഘ പരിവാര്‍ രീതി പോലെ തികഞ്ഞ അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര. ലവ് ജിഹാദിന്റെ പേരില്‍ ഒരു മുസ്ലിമിനെ തല്ലിക്കൊന്ന് തീയിടുന്ന വിഡിയോ കുറച്ചു മുമ്പ് ഇന്ത്യയില്‍ നിന്നും പുറത്തു വന്നിരുന്നു. അതെ രീതി തന്നെയാണു ലോകത്തുള്ള എല്ലാ വലതുപക്ഷ തീവ്രവാദികളും സ്വീകരിക്കുന്നത്. സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നല്ല ഗുണങ്ങള്‍ക്ക് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മോശം വശങ്ങള്‍ ലോകത്ത് പ്രചരിപ്പിച്ചാല്‍ സംഭവിക്കുന്നതാണ് ഇപ്പോള്‍ സംഭവിച്ചതും.

Related Articles