Current Date

Search
Close this search box.
Search
Close this search box.

ഏതു വർ​ഗീയതയാണ് ഏറ്റവും തീവ്രം?

കഴിഞ്ഞ ഫെബ്രുവരി ആറാം തിയ്യതി സി പി എം കേന്ദ്ര കമ്മിറ്റി Report on Political Developments എന്നൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. വിഷയങ്ങളെ അന്താരാഷ്ട്രം, ദേശീയം, പ്രാദേശികം എന്ന രീതിയിൽ തരം തിരിച്ചാണ് അതിൽ ചർച്ച ചെയ്തിട്ടുള്ളത്. ഏകദേശം ലോകത്തുള്ള മുഴുവൻ വിഷയങ്ങളും ആ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. പാർട്ടിയുടെ വെബ്സൈറ്റിൽ അത് വായിക്കാവുന്നതാണ്. ഇന്ത്യയെ കുറിച്ച് പറയുമ്പോൾ റിപ്പോർട്ട് കൂടുതൽ സ്ഥലത്ത് എടുത്തു പറഞ്ഞത് സംഘ പരിവാർ രാജ്യത്തെ മതേതര ജനാധിപത്യ വ്യവസ്ഥക്ക് ഏൽപ്പിക്കുന്ന പരിക്കിനെ കുറിച്ചാണ്. സംഘ പരിവാർ എങ്ങിനെ ഓരോ വ്യക്തിയുടെയും സ്വാകാര്യ ജീവിതത്തിലേക് കടന്നു കയറുന്നു എന്നതും കൃത്യമായി തന്നെ പറയുന്നുണ്ട്. ഇന്ത്യയിൽ ഭൂരിപക്ഷ വർഗീയത ഒരു സത്യമാണ്. ന്യൂനപക്ഷ വർഗീയത ആദ്യത്തെതിന്റെ പ്രതിപ്രവർത്തനം എന്നാണു സി പി എം നിലപാട്.

1958 ൽ കോണ്ഗ്രസ് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ഇങ്ങിനെ പറഞ്ഞു” ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതയെക്കാൾ കൂടുതൽ അപകടകരം. കാരണം ഭൂരിപക്ഷ വർഗീയതക്ക് ദേശീയതയുടെ നിറം പിടിപ്പിക്കാൻ എളുപ്പമാണ്. പല മാന്യന്മാരുടെ മനസ്സിലും ഒളിഞ്ഞിരിക്കുന്ന വർഗീയത പുറത്തു വരികയും വളരെ മോശമായ രീതിയിൽ അവർ പ്രതികരിക്കാനും കാരണമാകും” . നെഹ്‌റു ഈ വിശകലനം നടത്തിയിട്ട് ആറു പതിറ്റാണ്ടുകൾ കഴിഞ്ഞു. അന്ന് നെഹ്‌റു നിലനിന്നിരുന്ന ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. വർഗീയത ദേശീയതയുടെ മുഖംമൂടി സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല പതിറ്റാണ്ടുകളുടെ മതേതരത്വ പാരമ്പര്യമുള്ള പലരും ഭൂരിപക്ഷ വർഗീയതയുടെ വർണം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

പക്ഷെ കേരളത്തിൽ ഇതൊന്നും വിലപോകില്ല എന്നായിരുന്നു നമ്മുടെ പ്രതീക്ഷ. നമ്മുടേത്‌ ഒരിക്കലും വർഗീയതയുടെ വളർച്ചക്ക് പാകമായ മണ്ണല്ല. മതേതരത്വ കക്ഷികൾക്ക് വേരുള്ള സ്ഥലമാണ്‌ എന്നത് തന്നെയാണ് അതിനു കാരണം . കേരള നവോഥാനത്തിൽ ഇടതു പക്ഷത്തിനു പങ്കില്ലെങ്കിലും അത് മുന്നോട്ടു വെച്ച സാമൂഹിക പരിവർത്തനം നടപ്പാക്കുന്നതിൽ ഇടതു പക്ഷത്തിനു പങ്കുണ്ടെന്ന് കേരളം അംഗീകരിക്കുന്നു. വർഗീയത ഒരു മോശം രോഗമാണ്. ഭൂരിപക്ഷം ന്യൂനപക്ഷം എന്ന വകതിരിവ് വർഗീയതക്കില്ല. ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയത രൂപം കൊള്ളുന്നത്‌ ഭൂരിപക്ഷ വർഗീയതയുടെ അതിപ്രസരം കൊണ്ടാണ് എന്ന് ഇടതു പക്ഷവും സമ്മതിക്കുന്നു. ഇന്ത്യ ഇന്ന് അനുഭവിക്കുന്ന മുഴുവൻ ദുരന്തങ്ങൾക്കും കാരണം ഭൂരിപക്ഷ വർഗീയതയാണ്. സംഘപരിവാർ ഇന്ത്യൻ സമൂഹത്തെ അത്രമാത്രം വർഗീയവല്ക്കരിച്ചിരിക്കുന്നു. നൂറു കണക്കിന് വർഗീയ കലാപങ്ങൾ, കൂട്ടക്കൊലകൾ, പശുവിന്റെ പേരിലുള്ള ക്രൂരതകൾ, ഗുജറാത്ത്‌ കലാപം, പൗരത്വ നിയമം തുടങ്ങി ശുദ്ധ വർഗീയ നിലപാടുകൾ ഭൂരിപക്ഷ വർഗീയത ശക്തി ഉപയോഗിച്ച് നടപ്പാക്കുമ്പോൾ അതല്ല അധികാരത്തിന്റെ ഏഴയലത്ത് പോലും വരാത്ത ന്യൂനപക്ഷ വർഗീയതയെ പ്രതിയാക്കുന്ന സി പി എം നിലപാട് ആരെ സുഖിപ്പിക്കാൻ എന്നാണ് കേരളം ചോദിക്കേണ്ടത്‌.

എന്ത് കൊണ്ട് സി പി എം കേരള സെക്രട്ടറിക്ക് വർഗീയതയെ കുറിച്ച് അവരുടെ പാർട്ടി അംഗീകരിച്ച കാര്യങ്ങൾ അംഗീകരിക്കാൻ കഴിയാതെ പോകുന്നു എന്നതു ആശ്ചര്യം തന്നെയാണ്. ഭൂരിപക്ഷ വർഗീയതയെ കണ്ടില്ലെന്നു നടിക്കാൻ സ്വബോധമുള്ള ആർക്കും കഴിഞ്ഞെന്നു വരില്ല. കേരള സി പി എം ഇന്ത്യയുടെ മറ്റു ഭാഗത്തുള്ള പാർട്ടി ഘടകങ്ങളിൽ നിന്നും വിഭിന്നമായാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. പതിറ്റാണ്ടായി ഭരണം നടത്തിക്കൊണ്ടിരുന്ന പല സംസ്ഥാനങ്ങിൽ നിന്നും പാർട്ടി നിഷ്കാസിതമായിരിക്കുന്നു. ഇനി ആകെക്കൂടി വേരുകൾ ബാക്കിയുള്ളത് കേരളത്തിൽ മാത്രം. കേരളം കാലങ്ങളായി വർഗീയതയെ പടിക്ക് പുറത്തു നിർത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ വലതു ഇടതു എന്ന രൂപത്തിലാണ് കേരളം മുന്നോട്ടു പോയത്. കേരളത്തിൽ ഇന്നുവരെ സി പി എം ഉയർത്തി കൊണ്ട് വന്നത് രാഷ്ട്രീയ ചോദ്യങ്ങളായിരുന്നു. അടുത്ത കാലത്ത് അവരിൽ വന്ന മാറ്റം നാം കാണാതെ പോകരുത്. തുടർ ഭരണം വേണമെങ്കിൽ അപ്പുറത്തുള്ള യു ഡി എഫ് തകരണം. മൂന്നാം ശക്തിയായി കേരളത്തിൽ സംഘ പരിവാരുണ്ട്. കഴിഞ്ഞ അഞ്ചു വര്ഷം കേരളത്തിൽ സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം അത്ര മോശം കാലമല്ല. ഭരണമില്ല എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു കുറവായി അനുഭവപ്പെട്ടില്ല.

കോണ്ഗ്രസ് മുക്ത ഭാരതം എന്നതാണ് സംഘ പരിവാർ മുദ്രാവാക്യം. ഭാരതം എന്ന് പറയാൻ ഇല്ലാത്തതു കൊണ്ട് കോണ്ഗ്രസ് മുക്ത കേരളം എന്നതാണ് സി പി എം മുദ്രാവാക്യം. യു ഡി എഫ് പക്ഷത്തെ വോട്ടുകൾ ലഭിക്കുക എന്നതിനേക്കാൾ സൗകര്യം സംഘ പരിവാർ വോട്ടുകൾ ലഭിക്കുക എന്നതിനാണ്. അപ്പോൾ ന്യൂനപക്ഷ വിരുദ്ധത എന്നത് പാർട്ടിയുടെ നിലപാടിന്റെ കാര്യമാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. നേരത്തെ നെഹ്‌റു പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലമാണ്. മുസ്ലിം ലീഗിനെ ഉന്നം വെച്ചാണ് വിജയ രാഘവൻ ഇത്തരം ഒരു പ്രസ്ഥാനവന നടത്തിയത് എന്ന് വ്യക്തം. ന്യൂനപക്ഷ വിഭാഗത്തിൽ അധികാരമുള്ള പാർട്ടി അവർ മാത്രമാണ്. ഭൂരിപക്ഷ വർഗീയത രാജ്യത്തെ മൊത്തമായി വിഴുങ്ങാൻ കാത്തിരിക്കുന്ന സമയത്ത് ഇത്തരം പ്രസ്താവനകൾ കേരള സമൂഹത്തെ മോശമായി ബാധിക്കും എന്നത് പരമാർത്ഥം മാത്രം.

ചില വാക്കുകൾ അറിയാതെ പുറത്തു വരും. അതിനെ നാം അബദ്ധം എന്ന് വിളിക്കുന്നു. അതെ സമയം മനസ്സിൽ മൂടിവെച്ച പലതും ചിലപ്പോൾ പുറത്ത് ചാടും. അത് അബദ്ധമല്ല സുബദ്ധമായ നിലപാട് തന്നെയാണ്. “ ഇതിലും കൂടുതൽ വൃണമായ ചിന്തകൾ ഇവരുടെ മനസ്സിലുണ്ട്” എന്ന ഖുർആൻ പ്രഖ്യാപനം എത്ര ശരിയായി പുലരുന്ന കാലം.

Related Articles