Current Date

Search
Close this search box.
Search
Close this search box.

മക്രോണിനെ കോടതി തിരുത്തുമ്പോൾ

പിറന്ന മണ്ണിൽ ഇസ്രായിലി അധിനിവേശ ശക്തികളുടെ ആട്ടും തുപ്പുമേറ്റു ജീവിക്കാൻ വിധിക്കപ്പെട്ട ഫലസ്ത്വീനികളെ പിന്തുണക്കുന്നത് ഭീകരവാദവും റാഡിക്കലിസവുമാകുമോ? ആണെന്ന് ഫ്രഞ്ച് ഗവൺമെന്റ്. തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡെ നഗരത്തിനു സമീപമുള്ള പെസ്സാക് ടൗണിലെ അൽ ഫാറൂഖ് മസ്ജിദ് അടച്ചുപൂട്ടുന്നതിന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറഞ്ഞ ഇമ്മിണി ബല്യ ന്യായം അതായിരുന്നു! മാർച്ച് 14നാണ് ആറു മാസത്തേക്ക് പള്ളി അടച്ചുപൂട്ടിയുള്ള ഉത്തരവ് പുറത്തുവരുന്നത്. പെസ്സാക്കിലെ പള്ളി റാഡിക്കൽ ഇസ്ലാമിനെ പ്രമോട്ട് ചെയ്യുന്നു, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫലസ്ത്വീൻ അനുകൂല നിലപാടുകൾ പ്രചരിപ്പിക്കുന്നു എന്നിവയായിരുന്നു കുറ്റം. ഫലസ്ത്വീൻ അനുകൂല നിലപാട് സ്വീകരിക്കുകയെന്നാൽ സെമിറ്റിക് വിരുദ്ധതയാണെന്നാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസി തയ്യാറാക്കിയ ‘വൈറ്റ് മെമ്മോ’യിൽ പറഞ്ഞത്!

എന്നാൽ, പള്ളി അധികൃതർ ഉത്തരവ് ചോദ്യം ചെയ്ത് പ്രാദേശിക കോടതിയെ സമീപിച്ചു. പത്തു ദിവസത്തിനുശേഷം ഉത്തരവ് കോടതി റദ്ദ് ചെയ്‌തെങ്കിലും സർക്കാർ അപ്പീൽ ഫയൽ ചെയ്തു. എന്നാൽ പരമോന്നത കോടതി ചൊവ്വാഴ്ച സർക്കാർ അപ്പീൽ തള്ളി. ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് കോടതി നിരീക്ഷിച്ചത്. പള്ളികൾ അടച്ചുപൂട്ടിയുള്ള സർക്കാർ നടപടിയെ ഇതാദ്യമായാണ് ഫ്രാൻസിലെ പരമോന്നത കോടതി റദ്ദാക്കുന്നത്. അകാരണമായി പള്ളികൾ അടച്ചുപൂട്ടുന്ന സർക്കാർ ഉത്തരവുകൾക്ക് ഇനിയെങ്കിലും ശമനമുണ്ടാകുമെന്നാണ് ഫ്രഞ്ച് മുസ്ലിംകൾ പ്രതീക്ഷിക്കുന്നത്.

‘വിഭജന വിരുദ്ധ നിയമം’ എന്ന പേരിൽ മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ള നിയമം ഇക്കഴിഞ്ഞ ജൂലൈയിലാണ് ഫ്രഞ്ച് നാഷനൽ അസംബ്ലി പാസ്സാക്കിയത്. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള (47 ലക്ഷത്തോളം) ഫ്രാൻസിൽ റാഡിക്കലിസത്തിന്റെ പേരു പറഞ്ഞ് നിരവധി പള്ളികൾ അടച്ചുപൂട്ടുകയുണ്ടായി.

ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ മുസ്ലിംകൾ അഭിമുഖീകരിച്ച വലിയ ചോദ്യം മക്രോണും തീവ്ര വലതുപക്ഷ എതിരാളി മറിൻ ലു പെന്നും തമ്മിലുള്ള വ്യത്യാസം എന്ത് എന്നതായിരുന്നു. മുസ്ലിം വിരുദ്ധ നയങ്ങളിൽ ഇരുവരും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലെന്നതായിരുന്നു യാഥാർഥ്യം. ലു പെൻ തീവ്ര മുസ്ലിം വിരുദ്ധത പ്രസംഗിച്ചു നടന്നപ്പോൾ സെൻട്രിസ്റ്റായ മക്രോൺ പ്രസിഡന്റ് പദവിയിൽ ഇരുന്ന് പ്രസ്തുത നയങ്ങൾ നടപ്പിലാക്കുകയായിരുന്നു. പ്രവാചകനെ പരിഹസിക്കുന്ന അധമ രചനകളെ പ്രോൽസാഹിപ്പിക്കാനും പള്ളികൾ അടച്ചുപൂട്ടാനും ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന ഇസ്ലാമിനെ ഫ്രാൻസിൽ കുടിയിരുത്താനുമായിരുന്നു ഭരണത്തിന്റെ ആദ്യ ഊഴത്തിൽ മക്രോൺ ചെയ്തത്. ഫ്രാൻസിന്റെ ചരിത്രത്തിൽ ഇതാദ്യമായി തുടർച്ചയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് എന്ന ബഹുമതി നേടിയ മക്രോൺ പഴയ നിലപാട് ആവർത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കാരണം, രണ്ടാം റൗണ്ടിൽ മുസ്ലിം വോട്ടർമാരെ പ്രത്യേകം സന്ദർശിച്ച് അവരുടെ വോട്ട് ഉറപ്പു വരുത്താൻ മക്രോൺ ശ്രദ്ധിച്ചിരുന്നു.

Related Articles