Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിസ്റ്റുകൾ ഒരു പുസ്തകത്തിൽ നിന്ന് വായിച്ചിരുന്ന നല്ല കാലം തിരിച്ചു വരുമോ?

ഈയിടെ ബൈറൂത്തിൽ യോഗം ചേർന്ന ചില ഇസ്ലാമിക ചെറുത്തു നിൽപ്പ് സംഘങ്ങളുടെ നേതാക്കൾ ഇസ്ലാമിസ്റ്റ് ധാരകൾ ഒന്നിച്ച് നിന്ന് പഴയ കാലം ഓർത്തെടുത്തു. അറബ് ലോകത്തുടനീളം സ്വാധീനമുണ്ടായിരുന്ന ഇഖ് വാനുൽ മുസ്ലിമൂൻ, ഇറാഖിലെ ഹിസ്ബുദ്ദഅ് വ അൽ ഇസ്ലാമിയ്യ, അതിന്റെ മറ്റു അറബ് ശാഖകൾ, സയ്യിദ് നവാബ് സ്വഫവി നേതൃത്വം നൽകിയിരുന്ന ഇറാനിലെ പ്രതിപക്ഷം ഫിദാഇയ്യുൽ ഇസ്ലാം സംഘം, ലബ്നാനിലെയും മറ്റും ഇസ്ലാമിക ധാരകൾ ഇവയൊക്കെയാണ് ആ സുപ്രധാന ചരിത്ര ഘട്ടത്തിൽ ഒന്നിച്ചണിനിരന്നത്. ഒരേ ഗ്രന്ഥങ്ങളാണ് അവർ പാരായണം ചെയ്തിരുന്നത്. സയ്യിദ് ഖുത്വ് ബിന്റെയും മുഹമ്മദ് ഖുത്വ് ബിന്റെയും പുസ്തകങ്ങൾ അറബ്-ഇസ്ലാമിക ലോകത്തുടനീളം വായിക്കപ്പെടുമായിരുന്നു. ഈ രണ്ട് പേരുടെയും അറബ് ഗ്രന്ഥങ്ങൾ പാർസിയിലേക്ക് വിവർത്തനം ചെയ്തത് ഇന്നത്തെ ഇറാന്റെ പരമോന്നത മതാധ്യക്ഷൻ അലി ഖാംനഈ (അന്നദ്ദേഹം വിപ്ളവ ഗാർഡിൽ ആണ് ഉണ്ടായിരുന്നത് ) ആയിരുന്നു. അവിടത്തെ പണ്ഡിതരും വിദ്യാർഥികളും ആ ഗ്രന്ഥങ്ങൾ പഠിക്കുകയും വലിയ സ്വാധീനം അവരിൽ അവ ചെലുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം അറബിയിൽ പ്രസിദ്ധീകൃതമായ തന്റെ ഓർമക്കുറിപ്പിൽ അലി ഖാംനഈ എഴുതുന്നുണ്ട്.

ശിഈ ദീനീ പണ്ഡിതനും വലിയ വൈജ്ഞാനിക അതോറിറ്റിയുമായ ശഹീദ് സയ്യിദ് മുഹമ്മദ് ബാഖിർ സ്വദ്‌റിന്റെ കൃതികൾ (പ്രത്യേകിച്ച് ഫൽസഫത്തുനാ, ഇഖ്തിസാദുനാ, അൽ ബങ്കുല്ലാ റബവി എന്നിവ ) അറബ്- ഇസ്ലാമിക ലോകത്തെ എല്ലാ ഇസ്ലാമിക ധാരകളുടെയും അവലംബം തന്നെയായിരുന്നു. അത്തരം കൃതികളെ കൂടി കൂട്ടുപിടിച്ചാണ് മുസ്ലിം ലോകം കമ്യൂണിസ്റ്റ് – മുതലാളിത്ത ചിന്തകളെ ചെറുത്തത്. ലബനീസ് പണ്ഡിതൻ ഫതഹിയകന്റെ പുസ്തകങ്ങൾക്കും ലോകത്തുടനീളം ഇസ്ലാമിക പ്രാസ്ഥാനിക മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അത് പോലെ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ കൃതികൾ ഉർദുവിൽ നിന്ന് പാർസിയിലേക്കും അറബിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. സമുദായങ്ങളുടെ ഉത്ഥാന പതനങ്ങൾ പഠിക്കാനുള സുപ്രധാന ടൂളായി മാലിക് ബിന്നബിയുടെ ചിന്തകൾ ഉപയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതികൾ ഫ്രഞ്ചിൽ നിന്ന് അറബിയിലെത്തി. അബുൽ ഹസൻ അലി നദ് വി, ഇമാം ഹസനുൽ ബന്ന, ജമാലുദ്ദീൻ അഫ്ഗാനി, ഹസൻ ഹുളൈബി, മുഹമ്മദ് മഹ്ദി ശംസുദ്ദീൻ, മുഹമ്മദ് ഹുസൈൻ ഫദ്ലുല്ല, ശൈഖ് യൂസുഫുൽ ഖറദാവി, ഡോ. ഹസൻ തുറാബി, സമീഹ് ആത്വിഫ് സൈൻ, മുസ്ത്വഫാ അസ്സിബാഇ, ഡോ. മുഹമ്മദ് സലീം അൽ അവാ, കവി മുഹമ്മദ് ഇഖ്ബാൽ, ഡോ. ത്വാരിഖുൽ ബിശ്‌രി, ശൈഖ് ഫൈസ്വൽ മൗലവി, ഡോ. അബ്ദുൽ വഹാബ് മസ്വീരി, സയ്യിദ് മുഹ്സിനുൽ അമീൻ, സയ്യിദ് മുഹ്സിനുൽ ഹകീം, മൂസാ സ്വദ്ർ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള പണ്ഡിതൻമാരും ചിന്തകൻമാരും ആ നിരയിലുണ്ടായിരുന്നു. വിവിധ ഇസ്ലാമിക ധാരണകളുടെ ഏകോപനത്തിന് അത് വഴി വെച്ചു. അക്കാലത്തെ ഹിസ്ബുത്തഹരീർ എന്ന സംഘടന ഇഖ് വാനുൽ മുസ്ലിമൂന്റെ താത്വികവും രാഷ്ടീയവുമായ നിലപാടുകളെയും ഇറാൻ വിപ്ളവത്തെയുമൊക്കെ ശക്തമായി വിമർശിച്ചിരുന്നുവെങ്കിലും, ആ സംഘടന പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അവരുടെ നിലപാടുകളും ആഗോള ഇസ്ലാമിക വേദികളിൽ ചർച്ചാ വിഷയമായിരുന്നു. പല കാര്യങ്ങളിലും ഭിന്നത നിലനിൽക്കെ തന്നെ, എല്ലാ മദ്ഹബുകളിൽ പെട്ടവരും ആ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.

പിന്നെ വന്ന സംഘടനാ നേതാക്കളും ചിന്തകൻമാരും ഐക്യത്തിന്റെയും ചേർന്നു നിൽപ്പിന്റെയും സഹകരണത്തിന്റെയും പാതയിൽ തന്നെയാണ് സഞ്ചരിച്ചത്. ഫലസ്തീനിലും ലബ്നാനിലും മറ്റുമുള്ള ചെറുത്തു നിൽപ്പ് പ്രസ്ഥാനങ്ങളും ഇതേ നിലപാടിലായിരുന്നു. ഹറകത്തുൽ ജിഹാദിൽ ഇസ്ലാമിയുടെ സ്ഥാപകൻ ഡോ. ഫതഹി അശ്ശഖാഖി, മുനീർ ശഫീഖ്, ഡോ. റമദാൻ അബ്ദുല്ല ശല്ലഹ്, ഡോ. ബുശൈർ നാഫിഅ്, ഡോ. സഊദ് മൗലാ, അനീസ് അന്നഖാശ്, ശൈഖ് അഹമദ് യാസീൻ, മുഹമ്മദ് അലി തസ്ഖീരി, റാശിദുൽ ഗന്നൂഷി, സഈദ് ശഅബാൻ, അഹമദ് സൈൻ, അബ്ബാസ് മൂസവി, ഹാനി ഫഹസ്, മുഹമ്മദ് ഹസൻ അൽ അമീൻ, ഖലീൽ അകാവി (അബൂ അറബി ), റാഗിബ് ഹർബ്, മാഹിർ ഹമൂദ് തുടങ്ങി പല ധാരകളിലെ ചിന്തകരിലും ചെറുത്ത് നിൽപ്പ് സംഘങ്ങളുടെ നേതാക്കളിലും ഈ ഒത്തൊരുമ കാണാമായിരുന്നു.

പാശ്ചാത്യ അധിനിവേശകരെയും അവരുടെ ചിന്താപദ്ധതികളെയും നേരിടുന്നതിൽ വലിയ വിജയങ്ങൾ നേടിയെടുക്കാൻ ഈ ചേർന്നു നിൽപ്പിന് സാധിച്ചു. കടുത്ത വെല്ലുവിളികൾക്ക് മധ്യേ ഇസ്ലാമിക ചിന്തക്ക് പ്രതിരോധമൊരുക്കാനും അതിന്റെ വ്യാപനം എളുപ്പമാക്കാനും സാധ്യമായി.

പക്ഷെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ഒത്തൊരുമ പലതരം പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. തീവ്രവാദ-വിഭാഗീയ പ്രവണതകളാണ് പകരം കാണാനാവുന്നത്. ഓരോ ഇസ്ലാമിക ധാരയും / പ്രസ്ഥാനവും സ്വന്തം പുസ്തകമേ ഇപ്പോൾ വായിക്കുന്നുള്ളൂ. ചിന്താപരവും ഭൂമിശാസ്ത്രപരവും മദ്ഹബ്പരവുമായ അതിരുകൾ ഭേദിക്കുന്ന ചിന്തകരെ അപൂർവ്വമായേ കണ്ടെത്താനാവൂ. ലോകമാകട്ടെ ഒരു ഗ്രാമമായി ചുരുങ്ങിയിരിക്കുകയുമാണ്. സോഷ്യൽ മീഡിയയും ഉപഗ്രഹ ചാനലുകളുമൊക്കെ ഐക്യ ചിന്തയും സഹകരണ മനോഭാവവും വ്യാപിപ്പിക്കാനായി ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. പകരം നാം കാണുന്നത് എന്താണ്? തീവ്രവാദ ചിന്തയുടെ പലയിനം തരംഗങ്ങൾ, മറു വിഭാഗത്തെ സമുദായത്തിൽ നിന്ന് തന്നെ പുറത്താക്കുന്ന ( തക്ഫീർ ) പ്രവണതകൾ, പലതരം ഹിംസകൾ, സമാന്തരമായി തീവ്രവാദി സംഘങ്ങളുടെ കടന്നുവരൽ …..

ഈ വരണ്ട വർഷങ്ങൾക്കൊടുവിൽ ഇന്ന് നാം ഐക്യത്തിന്റെയും സഹകരണത്തിന്റെയും പുതു നാമ്പുകൾ ഒരിക്കൽക്കൂടി കണ്ടു തുടങ്ങുന്നു. ചൈനയുടെ മധ്യസ്ഥതയിൽ സൗഊദി – ഇറാൻ ഒത്തുതീർപ്പ്, അറബി- തുർക്കിയ സഹകരണത്തിലുണ്ടായ പുരോഗതി, ഇറാനുമായും സിറിയയുമായും അടുക്കാനുള്ള അറബ് രാജ്യങ്ങളുടെ ശ്രമങ്ങൾ – ഈ നീക്കങ്ങളെല്ലാം ഐക്യത്തിന്റെതും സഹകരണത്തിന്റെതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. സയണിസ്റ്റ് ഭീകര അധിനിവേശത്തിനെതിരെ ഫലസ്തീനിലും ലബ്നാനിലും നാം ഈ പരസ്പര ധാരണയും സഹകരണവും കൂടുതലായി കാണുന്നുണ്ട്.

ചോദ്യമിതാണ്: തുടക്കത്തിൽ സൂചിപ്പിച്ച, ഒരേ പുസ്തകം എല്ലാവരും വായിക്കുന്ന, വെല്ലുവിളികൾക്കെതിരെയുള്ള ചേർന്നു നിൽപ്പിന്റെ ആ സുന്ദര കാലഘട്ടത്തിലേക്ക് ഇസ്ലാമിക ധാരകൾക്ക് തിരിച്ചു പോകാൻ കഴിയില്ലേ? ശരികളും പിഴവുകളും വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്ന സമഗ്രമായ ഒരു പുനർവായന നമുക്ക് പ്രതീക്ഷിക്കാമോ? അങ്ങനെ പുതിയ ലോകത്തെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്ന ഒരു ചിന്താപദ്ധതിക്ക് രൂപം നൽകാൻ അവക്ക് സാധിക്കുമോ?

ആ നല്ല കാലത്തേക്ക് തിരിച്ച് പോകാനുള്ള മികച്ച രാഷ്ട്രീയ സന്ദർഭം രൂപപ്പെടുന്നതായി തോന്നുന്നു. പക്ഷേ അത് യാഥാർഥ്യമാവണമെങ്കിൽ പണ്ഡിതൻമാരിൽ നിന്നും ചിന്തകരിൽ നിന്നും നേതൃനിരയിൽ നിന്നും വലിയ പരിശ്രമങ്ങൾ ആവശ്യമായി വരും. എങ്കിലേ തീവ്രതയുടെയും വിഭാഗീയതയുടെയും കാലത്ത് നിന്ന് പുറത്ത് കടന്ന് സഹകരണത്തിന്റെയും സംവാദത്തിന്റെയും പരസ്പര ധാരണയുടെയും സാംസ്കാരിക പങ്കാളിത്തത്തിന്റെയും പുതിയ മേച്ചിൽപുറങ്ങളിൽ നമുക്ക് എത്തിച്ചേരാനാവൂ.

ആ ദീപശിഖ ഇന്ന് ആര് ഏറ്റെടുക്കും ? ഐക്യപ്രയാണത്തിന് ആര് തിരി കൊളുത്തും?

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles