കമ്മ്യൂണിസ്റ്റുകാർ ദേശ സ്നേഹമില്ലാത്തവരാണെന്ന സംഘപരിവാർ ആരോപണത്തിൽ പേടിച്ചരണ്ടത് കൊണ്ടോ അവരെ പ്രീണിപ്പിക്കാമെന്ന പ്രതീക്ഷയിലോ എന്നറിയില്ല, എല്ലാ ദേശാതിർത്തികളെയും അവഗണിച്ചും നിരാകരിച്ചും “സാർവ്വദേശീയ തൊഴിലാളികളേ ഒന്നിക്കുവിൻ”എന്ന് ആഹ്വാനം ചെയ്ത കാറൽമാർക്സിൻറെ അനുയായിയായ കുഞ്ഞിക്കണ്ണൻ വലിയ ദേശീയ വാദിയായി വേഷം കെട്ടിയിരിക്കുന്നു. അങ്ങനെ മൗലാനാ മൗദൂദിയുടെ ദേശീയതയെ ചോദ്യം ചെയ്തിരിക്കുന്നു. അതിനായി വാലും തലയും മുറിച്ച ഏതാനും ഉദ്ധരണികൾ അവിടെ നിന്നും ഇവിടെ നിന്നും എടുത്ത് ചേർത്തിരിക്കുന്നു.
‘ശരിയായാലും തെറ്റായാലുംഎൻറെ നാട്’ എന്ന കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. എന്നല്ല; ശരിയായാലും തെറ്റായാലും എൻറെ വീട്, എൻറെ കുടുംബം, എൻറെ സമുദായം, എൻറെ വർഗ്ഗം എന്ന സങ്കുചിതവും നീതിരഹിതവുമായ വീക്ഷണങ്ങളെ അത് തീർത്തും നിരാകരിക്കുന്നു. സങ്കുചിത ദേശീയതയാണ് ഒന്നും രണ്ടും ലോക ഭീകര യുദ്ധത്തിന് കാരണമായത്.രബീന്ദ്ര നാഥ് ടാഗോറിനെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെയും പോലുള്ള മനുഷ്യസ്നേഹികൾ സങ്കുചിത ദേശീയതക്ക് പകരം സാർവ്വദേശീയതയെ ഉയർത്തിപ്പിടിച്ചവരത്രെ. അതേസമയം ഓരോ ജമാഅത്ത്കാരനും നാടിനെയും വീടിനെയും കുടുംബത്തെയും സമുദായത്തെയും ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീര വിപ്ലവകാരിയായ മൗലാനാ മുഹമ്മദലി ചരിത്രപ്രധാനമായ കറാച്ചി വിചാരണവേളയിൽ ഇതേക്കുറിച്ച് പറഞ്ഞതിങ്ങനെ:
“സ്വതന്ത്രമായ മാനുഷിക ഇടപാടുകൾക്കും വിശാലമായ മാനുഷിക വികാരങ്ങൾക്കും വിലങ്ങുതടിയായി ആധുനിക യൂറോപ്പ് ആവിഷ്കരിച്ച “ദേശീയത്വം” പോലുള്ള അപകടകരമായ സിദ്ധാന്തങ്ങൾ ഇസ്ലാം അംഗീകരിക്കുന്നില്ല. ജാതീയമോ ഭൂമിശാസ്ത്രപരമോ ആയ അതിർവരമ്പുകൾ അതിന് അന്യമാണ്.”സത്യമായാലും അസത്യമായാലും എൻറെ നാട്” എന്ന സിദ്ധാന്തിക്കുന്ന ദേശീയത്വത്തിൻറെ ദേവാലയത്തിലല്ല ഞങ്ങൾ ആരാധനകൾ നടത്തുന്നത്.”
മൗലാനാ മൗദൂദിക്കെതിരെയുള്ള കുഞ്ഞിക്കണ്ണൻറെ മറ്റൊരാരോപണം അദ്ദേഹം സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചില്ല എന്നതാണ്. ഇതൊക്കെയും ജമാഅത്തെ ഇസ്ലാമിയോട് കടുത്ത അസൂയയും പകയും വെച്ചുപുലർത്തിയിരുന്ന കേരളത്തിലെ ഒരു മത സംഘടന ഇടതും വലതും നോക്കാതെ എഴുതിവെച്ചത് അതേപോലെ പകർത്തിയതാണ്. അക്കാര്യം തെളിവ് സഹിതം പിന്നീട് വ്യക്തമാക്കാം. ‘ഭരിക്കുന്ന കൈകൾ മാത്രം മാറിയാൽ പോരാ, ഭരണവ്യവസ്ഥയും മാറണമെന്ന് ‘ ഊന്നിപ്പറഞ്ഞ സയ്യിദ് മൗദൂദി സ്വാതന്ത്ര്യത്തിനു വേണ്ടി പണിയെടുക്കേണ്ടത് മതപരമായ ബാധ്യതയാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതി:” ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് എത്രയും അടിയന്തരമാണ്.ഫർദാ(നിർബന്ധം)ണ്. ഒരു മുസ്ലിമിനും അടിമത്തവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയില്ല.”(മുസൽമാൻ ഔർ മൗജൂദ: സിയാസീ കശ്മകശ്. ഉദ്ധരണം: ഡോക്ടർ മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി. ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തിൽ. പുറം:5)
ഇവിടെ ഒരു കാര്യം വിമർശകരെ ഉണർത്തുന്നു. ജമാഅത്തെ ഇസ്ലാമിക്കാരാരും കമ്മ്യൂണിസ്റ്റുകാരെപ്പോലെ ക്വിറ്റിന്ത്യാ സമരത്തെ പിന്നിൽനിന്ന് കുത്തിയിട്ടില്ല. ബ്രിട്ടീഷുകാരുടെ ഇൻഫർമാർമാരായി സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റു കൊടുത്തിട്ടില്ല. അതിൻറെ പേരിൽ ആനുകൂല്യം പറ്റിയിട്ടുമില്ല.
ഏതായാലും കുഞ്ഞിക്കണ്ണൻ സയ്യിദ് മൗദൂദിക്ക് കുറേ കൂട്ടുകാരെ നൽകിയിരിക്കുന്നു. സർ സയ്യിദ് അഹമ്മദ് ഖാനും സയ്യിദ് അമീറലിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. അദ്ദേഹം എഴുതുന്നു:”സർ സയ്യിദ് അഹമ്മദ് ഖാനെയും സയ്യിദ് അമീർ അലിയെയും പോലുള്ള പ്രമുഖർ പോലും മതേതര ദേശീയതയെ സംശയത്തോടെ വീക്ഷിച്ചു. മുസ്ലിംകൾ കോൺഗ്രസിൻറെ ഭാഗമാകണമെന്ന ബദ്റുദ്ദീൻ തയ്യിബ്ജിയെപ്പോലുള്ളവരുടെ നിലപാടുകളെ എതിർത്ത പക്ഷമായിരുന്നു സർ സയ്യിദ് അഹമ്മദ് ഖാൻറേത്.(പുറം:21 )