Current Date

Search
Close this search box.
Search
Close this search box.

മനുഷ്യ ജീവനെ കുറിച്ച് ഇസ്‌ലാം പറയുന്നത് ?

കേരളത്തിൽ ഒരു ചെറുപ്പക്കാരൻ കൂടി കഠാര രാഷ്ട്രീയത്തിന് ഇരയായി. നാം എന്നും ആവർത്തിച്ചു കൊണ്ടിരിക്കുന്ന വാക്യങ്ങൾ തന്നെ വീണ്ടും ഉരുവിട്ടു. കൊല്ലപ്പെട്ടവന്റെ മാതാവ്, ഭാര്യ കുട്ടികൾ എന്നിങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്. അതിലപ്പുറം മറ്റൊന്നും സംഭവിക്കില്ല എന്നുറപ്പാണ്. ഈ കോലാഹലം മറക്കുമ്പോൾ നാം അടുത്ത കൊലയെക്കുറിച്ച് വായിക്കേണ്ടിയും കേൾക്കേണ്ടിയും വരുന്നു.

മലപ്പുറത്തു കഴിഞ്ഞ ദിവസം നടന്ന കൊലപാതകം കുടുംബ കലഹത്തിന്റെ ബാക്കിപത്രം എന്നാണ് ഒരു നിർവചനംകഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് രൂപം കൊണ്ട രാഷ്ട്രീയ വൈര്യം കുടംബത്തിലേക്ക് കടന്നെന്നാണ് വായനകളിൽ നിന്നും മനസ്സിലാവുന്നത്. അവസാന വായനയിൽ രാഷ്ട്രീയം തന്നെയാണ് ഈ കൊലയുടെയും പിന്നിലെ ചേതോവികാരം. രാഷ്ട്രീയം എന്നത് കൊണ്ട് വിവക്ഷ രാഷ്ട്രത്തിന് ഹിതകരമായത് എന്നാണ്. രാഷ്ട്രീയത്തിൽ ഒരാളുടെ ജീവൻ നഷ്ടമാകുന്നത് രാഷ്ട്രത്തിന് വേണ്ടിയാകണം. അതെ സമയം നമ്മുടെ നാട്ടിൽ സങ്കുചിത വ്യക്തി, സംഘടന എന്നീ കാര്യങ്ങളിലാണ് പലപ്പോഴും ജീവനുകൾ നഷ്ടമാകുന്നത്. ലോകത്തിൽ ഏറ്റവും വില പിടിച്ചത് മനുഷ്യ ജീവനാണ് എന്ന് എല്ലാവരും സമ്മതിക്കുന്നു. മനുഷ്യന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കുന്നത്. ധർമ്മവും നീതിയും എല്ലാവരും ഊന്നിപ്പറയുന്നു. എന്നിട്ടും ഭൂമിയിലെ ഏറ്റവും വില കുറഞ്ഞ സാധനമായി മനുഷ്യ ജീവൻ മാറി എന്നതാണ് വിരോധാഭാസം.

മനുഷ്യ ജീവനെ കുറിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് അത് സൃഷ്ടാവായ ദൈവത്താൽ ആദരിക്കപ്പെട്ടത്‌ എന്നാണ്. “ നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു” എന്നത് അല്ലാഹു തന്നെ നേരിട്ട് പറഞ്ഞതാണ്‌. കൊലയെ അത് കൊണ്ട് തന്നെ ഇസ്ലാം വൻപാപങ്ങളിൽ എണ്ണിയിട്ടുണ്ട്. വിശ്വാസികളുടെ അടയാളം പറയുമ്പോൾ “അല്ലാഹു അല്ലാത്ത ഒരു ഇലാഹിനെയും വിളിച്ചു പ്രാർഥിക്കില്ല എന്നത് പോലെ തന്നെയാണു അല്ലാഹു ആദരിച്ച ഒരു ആത്മാവിനെയും അവർ കൊല ചെയ്യില്ല” എന്നതും ഖുർആന് ചേർത്ത് പറഞ്ഞു. പ്രസ്തുത വചനം ഇങ്ങിനെ വിശദീകരിക്കപ്പെടുന്നു. “ , അറബികളിൽ നിരന്തരം നടമാടിക്കൊണ്ടിരുന്ന മൂന്നു കുറ്റങ്ങളിൽ നിന്നും അവർ അകന്നുനിൽക്കുന്നു. ഒന്ന്, ബഹുദൈവത്വം. രണ്ട്, അന്യായമായ വധം, മൂന്ന്, വ്യഭിചാരം.

ഒരിക്കൽ, ഏറ്റവും വലിയ പാപം ഏതെന്ന ചോദ്യത്തിന് പ്രവാചകൻ നൽകിയ മറുപടി “നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണെന്നിരിക്കെ, അവന്ന് സമശീർഷനെ ആരോപിക്കുക” എന്നായിരുന്നു. അതു കഴിഞ്ഞാൽ ഏതാണെന്നു ചോദിക്കപ്പെട്ടപ്പോൾ അവിടുന്നരുളി: (നിന്റെ ഭക്ഷണത്തിൽ പങ്കാളിയാകുമെന്നു ഭയപ്പെട്ട് സ്വന്തം കുഞ്ഞിനെ കൊന്നുകളയുക.) അതും കഴിഞ്ഞാൽ ഏതെന്നു വീണ്ടും ചോദിക്കപ്പെട്ടപ്പോൾ അവിടുന്നരുളി (നിന്റെ അയൽക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുക.) വൻപാപങ്ങൾ വേറെയും പലതുണ്ടെങ്കിലും അക്കാലത്ത് അറബ് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നത് ഇവ മൂന്നുമായിരുന്നു. അന്യായമായി ഒരാളെ കൊന്നാൽ മനുഷ്യ കുലത്തിന്റെ പൂർണമായി കൊന്നവൻ എന്നാണു മറ്റൊരിക്കൽ ഖുർആൻ പറഞ്ഞത്. “ കൊല്ലുന്നുവൻ എന്തിനു കൊല്ലുന്നു, കൊല്ലപ്പെടുന്നവൻ എന്തിനു കൊല്ലപ്പെടുന്നു എന്നറിയാത്ത കാലം വരും” എന്നും മറ്റൊരിക്കൽ പ്രവാചകൻ പറഞ്ഞു.

മറ്റുള്ള പാപം പോലെയല്ല കൊലപാതകം. മറ്റു തിന്മകളിൽ നിന്നും വ്യത്യസ്തമായി പക അവസാനിക്കാത്ത കാര്യം കൂടിയാണ് കൊലകൾ. ഒരു കൊലയുടെ ബാക്കിയാകും മിക്കവാറും ശേഷം വരുന്ന കൊലകൾ. ഇത് നാം വായിക്കുന്ന യാഥാർഥ്യം. സാമൂഹിക അന്തരീക്ഷത്തെ മോശമാക്കുന്നു എന്നതാണ് കൊലകളുടെ രീതിശാസ്ത്രം. ആർക്കോ വേണ്ടി കൊല്ലുക എന്ന പ്രവാചക വചനത്തെ ശരിവെക്കുന്നതാണ് ഇന്ന് നാം കേൾക്കുന്ന രാഷ്ട്രീയ കൊലകൾ. കൊല ചെയ്യപ്പെട്ടവനും കൊലയാളികളും തമ്മിൽ പലപ്പോഴും ഒരു ബന്ധവും കാണില്ല. വിശ്വാസികളാണ് പലപ്പോഴും കൊലയാളികളെന്നതു കൂടുതൽ ആശങ്ക ഉണ്ടാക്കുന്നു. കേരളത്തിൽ അടുത്ത കാലത്താണ് ഒരു മത സംഘടനയുടെ പ്രവർത്തകൻ കൊല്ലപ്പെട്ടത്. ( അദ്ദേഹം മറ്റൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു എന്നും പറഞ്ഞു കേൾക്കുന്നു). കേരളം അടുത്തിടെ കൂടുതൽ ചർച്ച ചെയ്ത കാര്യമാണത്. മറ്റു കൊലപാതകങ്ങളിൽ നിന്നും ഭിന്നമായി പ്രസ്തുത കൊലപാതകം മത രംഗത്തും രാഷ്ട്രീയ രംഗത്തും ചർച്ച ചെയ്യപ്പെട്ടു.

നമ്മുടെ നാട്ടിൽ പലപ്പോഴും കൊലയുടെ പ്രാധാന്യം വരിക ആർ കൊല്ലപ്പെട്ടു എന്ന് നോക്കിയല്ല. ആരാണ് കൊലപാതകി എന്ന് നോക്കിയാണ്. കൊലപാതകിയുടെ രാഷ്ട്രീയമാണ് കാസർഗോഡ്‌ കൊലപാതകത്തെ ജന ശ്രദ്ധയിൽ കൊണ്ട് വന്നത്. എല്ലാ കൊലയും പാപമാണ് എന്നതാകണം നമ്മുടെ നിലപാട്. ആ നിലപാട് മത സംഘടനകൾക്ക് പോലുമില്ല എന്നതാണ് വർത്തമാന അനുഭവം. രാഷ്ട്രീയ ലാഭ നഷ്ടമല്ല മതം കണക്കാക്കുന്നത്. അതിന്റെ നീതിയും ധാർമികതയുമാണ്. തന്റെ ജീവൻ പോലെ പരിശുദ്ധവും വിലയേറിയതുമാണ് അന്യന്റെ ജീവനുമെന്ന സത്യം അംഗീകരിക്കുമ്പോൾ മാത്രമേ ഈ കൊലപാതക രാഷ്ട്രീയം അവസാനിക്കൂ. അത് കൊണ്ട് തന്നെയാണ് ഒരാളുടെ ധനവും രക്തവും അഭിമാനവും പരിശുദ്ധമാണ് എന്ന് ഇസ്ലാം എടുത്തു പറയുന്നതും.

 

Related Articles