Current Date

Search
Close this search box.
Search
Close this search box.

ഹിറ്റ് ലറോടും മുസോളിനിയോടും സാമ്യത?

ജമാഅത്ത് വിമർശകൻ സയ്യിദ് മൗദൂദിയെ ലക്ഷക്കണക്കിന് മനുഷ്യരെ കൊല്ലാൻ കാരണക്കാരായ ഹിറ്റ്ലറോടും മുസോളിനിയോടുമാണ് ഉപമിച്ചത്. എന്നാൽ സയ്യിദ് മൗദൂദി ഒരാളെയും കൊന്നിട്ടില്ല. തൻറെ അനുയായികളോട് ആരെയും കൊല്ലാൻ ആവശ്യപ്പെട്ടിട്ടുമില്ല. ഭരണകൂടത്തിൻറെ കൊടിയ പീഢനങ്ങളും തടവറകളും നിരോധങ്ങളും ഉണ്ടായപ്പോൾ പോലും സമാധാനം പാലിക്കാനും ക്ഷമിക്കാനുമാണ് തൻറെ അനുയായികളോട് ആവശ്യപ്പെട്ടത്.

എന്നാൽ ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലെ ലക്ഷങ്ങളെ കൊന്ന രക്തരക്ഷസ്സുകളെ കാണാൻ കമ്മ്യൂണിസ്റ്റ് നാടുകളിലേക്ക് നോക്കിയാൽ മതി. ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലെ അവരും ജീവിതകാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ദൈവങ്ങളായിരുന്നു. അധികാരം നഷ്ടപ്പെട്ടപ്പോൾ പിശാചുക്കളെക്കാൾ കൊള്ളരുതാത്തവരായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. സഖാവ് സ്റ്റാലിനും മാവോ സേതൂങും പോൾ പോട്ടും ചെഷസ്ക്യൂവുമെല്ലാം ആ ഗണത്തിൽ പെടുന്നു.

കേരളം കണ്ട ഏറ്റവും ആധികാരികനായ കമ്മ്യൂണിസ്റ്റ് ദാർശനികൻ കെ. ദാമോദരൻ എഴുതുന്നു:”മുതലാളിത്ത രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ട സോവിയറ്റ് യൂണിയൻ ലോകത്തിലെങ്ങുമുള്ള മർദ്ദിത കോടികളുടെ ആശാ കേന്ദ്രമായിരുന്നു. സർവ്വജ്ഞനും സർവ്വശക്തനും സർവ്വഗുണ സമ്പന്നനുമായ സ്റ്റാലിൻ ലോക വിപ്ലവത്തിൻറെ ആചാര്യനായിരുന്നു.”

“സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ് സ്റ്റാലിൻറെ ഭീകര ഭരണത്തെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടപ്പോൾ ഈ വിശ്വാസത്തിന് ഇളക്കം തട്ടി.ലെനിൻറെ സഹപ്രവർത്തകരുൾപ്പെടെ ലക്ഷക്കണക്കിനുള്ള കമ്മ്യൂണിസ്റ്റുകാർ വെടിവെച്ചു കൊല്ലപ്പെട്ടത് സോഷ്യലിസത്തിനു വേണ്ടിയായിരുന്നില്ല. സ്റ്റാലിനിസത്തെ കാത്തുരക്ഷിക്കാൻ വേണ്ടിയായിരുന്നു. സ്റ്റാലിൻ സർവജ്ഞനും സർവശക്തനും സർവ്വഗുണ സമ്പന്നനുമായ ദൈവമായിരുന്നില്ല. അധികാര മത്ത് കൊണ്ട് പിശാചായി മാറിയ ഒരു സാധാരണ മനുഷ്യനായിരുന്നു. സ്റ്റാലിനിസത്തിൻറെ കല്പനയനുസരിച്ച് ടീറ്റോയിസ്റ്റ് ട്രോട്സ്കിയിസ്റ്റ് മുദ്രകുത്തി വെടിവെച്ചു കൊല്ലപ്പെട്ടവർ രാജ്യദ്രോഹികളായിരുന്നില്ല. നിരപരാധികളായ കമ്മ്യൂണിസ്റ്റുകാരായിരുന്നു.”(മാതൃഭൂമി ആഴ്ചപ്പതിപ്പ് 1973 ഫെബ്രുവരി 11)

കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ യഥാർത്ഥ സ്വഭാവം അനാവരണം ചെയ്യുന്ന സ്റ്റാലിൻറെ കാലത്തെ ഒരനുഭവം കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ വിശദീകരിക്കുന്നു.

“ഒരിക്കൽ സ്റ്റാലിൻ താൻ പുക വലിക്കാൻ ഉപയോഗിക്കുന്ന പൈപ്പ് മേശപ്പുറത്തെ കണ്ടില്ല. മുറിയിലാകെ തിരഞ്ഞു നോക്കി. ഫലമുണ്ടായില്ല. ഉടൻ പോലീസ് ഇൻസ്പെക്ടർക്ക് ഫോൺ ചെയ്ത് വിവരമറിയിച്ചു.ചാരന്മാർ തൻറെ മുറിയിൽ വരെ വന്നിട്ടുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുകയും ഊർജിതമായി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അല്പ സമയം കഴിഞ്ഞ് ട്രൗസറിൻറെ പോക്കറ്റിൽ കയ്യിട്ടപ്പോൾ പൈപ്പ് അവിടെ ഉണ്ടായിരുന്നു. ഉടൻതന്നെ പോലീസ് ഇൻസ്പെക്ടറെ വിളിച്ച് വിവരമറിയിച്ചപ്പോൾ അദ്ദേഹത്തിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു:” സർ, ക്ഷമിക്കണം. ഞാൻ ഊർജിതമായി അന്വേഷണം നടത്തി. നാലുപേർ കുറ്റം സമ്മതിച്ചു. അവരെ നാലുപേരെയും തൂക്കിക്കൊല്ലുകയും ചെയ്തിട്ടുണ്ട്.”(വി. ആർ. കൃഷ്ണയ്യരുടെ ‘കമ്മ്യൂണിസ്റ്റ് നാടുകളിലൂടെ’ എന്ന പുസ്തകം കാണുക.)

കമ്മ്യൂണിസ്റ്റുകാർ ഭരിച്ച ചുരുങ്ങിയ കാലത്തിനിടയിൽ ലോകത്തിലെ വിവിധ നാളുകളിൽ കൊന്നൊടുക്കിയത് ഒമ്പതര കോടി മനുഷ്യരെയാണ്. കേരളത്തിലെ ആകെ ജനങ്ങളുടെ മൂന്നിരട്ടിയോളം. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും വംശീയത സൃഷ്ടിച്ച ഒന്നും രണ്ടും ലോക യുദ്ധങ്ങളിൽ വധിക്കപ്പെട്ട തിനേക്കാൾ എത്രയോ കൂടുതലാണിത്.

കമ്മ്യൂണിസം കൊണ്ട് ഗുണം കിട്ടിയ ഏതെങ്കിലും രാജ്യമോ പ്രദേശമോ ജനങ്ങളോ ലോകത്ത് എവിടെയെങ്കിലുമുണ്ടോ? അവർ കുറേ രാജ്യങ്ങൾ ഭരിച്ചല്ലൊ?! അവിടെയൊക്കെ ജനങ്ങൾ സഹികെട്ട് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ ചവുട്ടി പുറത്താക്കുകയാണുണ്ടായത്.
ഓരോ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും ക്രൂരതയ്ക്ക് കൈയും കാലും വെച്ച രാക്ഷസീയ രൂപങ്ങളായിരുന്നു.അവർ കൊന്നൊടുക്കിയ പൗരജനങ്ങൾക്ക് കയ്യും കണക്കുമില്ല!

Courtois രചിച്ച”The Black Book of Communism” എന്ന പുസ്തകത്തിലെ കണക്കു പ്രകാരം ലോകത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകാലത്തു കൊല്ലപെട്ടവരുടെ വെളിപ്പെട്ട കണക്ക് ഇങ്ങനെ:
“ആകെ മരണം വെളിവായത് 94 മില്യൺ. അഥവാ ഒമ്പത് കോടി നാൽപ്പതു ലക്ഷം.
ചൈനയിൽ മാത്രം 65 മില്യൺ അഥവാ ആറര കോടി ജനങ്ങൾ കൊല്ലപ്പെട്ടു.ഇപ്പോഴും പുറം ലോകമറിയാതെ അത് തുടരുന്നു. ലിയൂ സിയാബോ എന്ന നോബൽ പുരസ്‌കാര ജേതാവ് ഈയിടെയാണ് അവിടെ തടവറയിൽ മരിച്ചത്. അഥവാ വധിക്കപ്പെട്ടത്.

സോവിയറ്റ് യൂണിയനിൽ ഇരുപത് മില്യൺ ജനങ്ങൾ അഥവാ രണ്ടു കോടി മനുഷ്യർ കൊല്ലപ്പെട്ടു.
കമ്പൂച്ചിയയിൽ രണ്ട്മി ല്യൺ ജനങ്ങൾ അഥവാ ഇരുപത് ലക്ഷം മനുഷ്യർ വധിക്കപ്പെട്ടു. അത്രതന്നെ മനുഷ്യരെ ഉത്തര കൊറിയയിലും നാസ്തികർ കൊന്നൊടുക്കി.എത്യോപ്യയിൽ പതിനേഴ് ലക്ഷത്തെയും അഫ്ഗാനിസ്ഥാനിൽ പതിനഞ്ച് ലക്ഷത്തെയും കിഴക്കൻ യൂറോപ്പിലും വിയറ്റ്നാമിലും പത്ത് ലക്ഷം വീതവും ലാറ്റിനമേരിക്കൻ നാടുകളിൽ ഒന്നര ലക്ഷത്തെയുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊന്നു തള്ളിയത്.
കമ്മ്യൂണിസ്റ്റ് ദർശനത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ മാത്രം കണക്കാണിത് .സ്ഥിതിവിവര കണക്കുപ്രകാരം, പാലായനം ചെയ്യപ്പെട്ടവരും പട്ടിണിയിലമർന്നവരും , നാടുകടത്തപ്പെട്ടവരും ജയിലിൽ കൊല്ലപ്പെട്ടവരും മറ്റും ഇതിന്റെ എത്രയോ ഇരട്ടി വരും.
(അവലംബം:http://www.jrbooksonline.com/PDF…/blackbookcommunism.pdf)

Related Articles