Current Date

Search
Close this search box.
Search
Close this search box.

അത് തട്ടിത്തെറിപ്പിക്കാന്‍ ആരുണ്ട്‌

ബംഗാളിലെ ദിനാജ്പൂര്‍, മാള്‍ട, മുര്ഷിദാബാദ്, ബിര്‍ഭം എന്നിവ ബീഹാറിനോടും പൂര്‍ണിയ ജാര്‍കണ്ടിലെ സന്തല്‍ പര്‍ഗാന മേഖലയോടും ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളാണ്. അത് മാത്രമല്ല അതിന്റെ പ്രത്യേകത. ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശം എന്ന് കൂടി ഇതിന്റെ പ്രത്യേകതയാണ്. ബീഹാറും ബംഗാളും അടുത്ത സംസ്ഥാനങ്ങളാണ് എന്നതിനേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം ബീഹാറിന് ശേഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനം കൂടിയാണ് ബംഗാള്‍ എന്നതാണ്. ബീഹാറില്‍ മഹാസഖ്യത്തിനു തോല്‍വി സംഭവിച്ചതില്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് കാര്യമായ ഉത്തരവാദിത്തമില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും പരാജയത്തിന്റെ ഭാരം ഒവൈസിയുടെ തലയില്‍ കെട്ടിവെച്ചു രക്ഷപ്പെടാനുള്ള ശ്രമം കോണ്ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നു.

ബീഹാറിലെ 243 മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള സീറ്റുകള്‍ മുപ്പതിന് താഴെയെങ്കില്‍ ബംഗാളില്‍ അത് തൊണ്ണൂറു സീറ്റ് വരുമെന്നാണ് കണക്കുകള്‍ പരയുന്നത്. മുസ്ലിം പ്രദേശങ്ങളില്‍ ഒവൈസിയുടെ പാര്‍ട്ടി പെട്ടെന്ന് വളരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ബീഹാറിലെ വിജയം തീര്‍ച്ചയായും പാര്‍ട്ടിക്ക് തൊട്ടടുത്ത ബംഗാളില്‍ മുന്നേറ്റം ഉണ്ടാക്കും എന്നുറപ്പാണ്. അടുത്ത കൊല്ലം അങ്ങിനെ വന്നാല്‍ ബംഗാളില്‍ പല ഭാഗത്തും നാല് മുന്നണികള്‍ മത്സരിക്കും. ബി ജെ പി യുടെ നേതൃത്വത്തില്‍ എന്‍ ഡി എ, കോണ്ഗ്രസ് ഇടതു പക്ഷ മുന്നണി, തൃണമൂല്‍ കോണ്ഗ്രസ്, ഒവൈസിയുടെ കീഴില്‍ മൂന്നാം മുന്നണി. അടുത്ത കൊല്ലം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ഒന്നാം സ്ഥാനം നല്‍കുന്നത് ബംഗാളിന് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നല്ല അതിനെക്കാള്‍ മുന്നേറ്റം നടത്തി ഇരുനൂറു സീറ്റ്‌ പിടിക്കുമെന്ന് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു.
നാല് മുന്നണികള്‍ പരസ്പരം മത്സരിച്ചാല്‍ രക്ഷപ്പെടുന്നത് ബി ജെ പി തന്നെയാകുമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധി ആവശ്യമില്ല. അതാണ്‌ ബി ജെ പി ആഗ്രഹിക്കുന്നതും. മുസ്ലിംകള്‍ കഴിഞ്ഞ തവണ പിന്തുണച്ചത്‌ തൃണമൂല്‍ കൊണ്ഗ്രസ്സിനെയാണ്. അവരിലാണ് ഒവൈസി കണ്ണുവെക്കുന്നത്. 2016 ല്‍ മുസിംകള്‍ക്ക് സ്വാദീനമുള്ള 90 സീറ്റുകളില്‍ വലിയ ശതമാനം സീറ്റുകള്‍ നേടിയത് തൃണമൂല്‍ തന്നെയാണ്. ഈ മണ്ഡലങ്ങളില്‍ നിന്നും ഒവൈസി പിടിക്കുന്ന വോട്ടുകള്‍ വാസ്തവത്തില്‍ കയരിപ്പിടിക്കുന്നതു മമതയുടെ സീറ്റുകളില്‍ തന്നെയാണ്. കോണ്ഗ്രസ് ഇടതു പക്ഷത്തിനു മുസ്ലിം വോട്ടുകള്‍ കാര്യമായി അടുത്തിടെ ലഭിക്കാറില്ല. ഇന്നത്തെ അവസ്ഥയില്‍ ഒവൈസി ബംഗാളില്‍ മത്സരിക്കണം എന്നാഗ്രഹിക്കുന്നതില്‍ പ്രധാനി ബി ജെ പി തന്നെ. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ടു ശതമാനം 12 ശതമാനം മാത്രമായിരുന്നു. അതെ സമയം 2019 പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അവരുടെ വോട്ടു വിഹിതം 39 ശതമാനമായി ഉയര്‍ന്നു .

Also read: മഹാസഖ്യം എന്‍.ആര്‍.സി.യെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല!

നിലവിലുള്ള മുസ്ലിം വോട്ടുകളില്‍ നിന്നും കുറവ് വന്നാല്‍ അത് നേര്‍ക്ക് നേരെ ബാധിക്കുക തൃണമൂലിനെ തന്നെയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ വോട്ടു 7 ശതമാനമായിരുന്നു. കോണ്ഗ്രസ് ഇടതു പക്ഷ വോട്ടു വിഹിതം ഒന്നിച്ചു ചേര്‍ത്താല്‍ പതിനഞ്ചു ശതമാനം പോലുമാകില്ല. കഴിഞ്ഞ കൊല്ലം നേടിയ നാല്പതു ശതമാനം വോട്ടുകള്‍ നിലനിര്‍ത്തിയാല്‍ പോലും ബി ജെ പി ഇന്നത്തെ അവസ്ഥയില്‍ ബംഗാള്‍ പിടിക്കും എന്നുറപ്പാണ്. തൃണമൂലില്‍ നിന്നും നിന്നും അവരുടെ കുത്തക വോട്ടര്‍മാരായ മുസ്ലിംകള്‍ ഒഴിഞ്ഞു പോയാല്‍ മതേതര വോട്ടുകള്‍ പലയിടത്തായി വിഭജിക്കപ്പെടും. അതിനുള്ള പരിഹാരമാണ് കൊണ്ഗ്രസ്സും ഇടതു പക്ഷവും നോക്കേണ്ടത്. കോണ്ഗ്രസ് ഇടതു പക്ഷ ഐക്യം ഒരേ സമയം രണ്ടു ശത്രുക്കളെ മുന്നില്‍ കണ്ടാണ്‌. സി പി എമ്മിന് ശത്രു തൃണമൂലാണ്. അവരാണ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ കുത്തക തകര്‍ത്തത്. അതെ സമയം കൊണ്ഗ്രസ്സിനു ബി ജെ പി യോടാണ് ശത്രുത. രണ്ടു പേരും ഉന്നം വെക്കുന്നത് രണ്ടു പേരെയും. പക്ഷെ ഇവര്‍ രണ്ടു പേരുടെയും വോട്ടു വിഹിതം തൃണമൂല്‍ ബി ജെ പി എന്നീ പാര്‍ട്ടികളുടെ അടുത്തൊന്നും വരുന്നില്ല എന്നിരിക്കെ നിലവിലുള്ള മുസ്ലിം വോട്ടുകള്‍ മാറിപ്പോയാല്‍ പിന്നീട് ബി ജെ പിയുടെ വിജയം സുനിശ്ചിതമാണ്.

ബീഹാറില്‍ മഹാ സഖ്യത്തില്‍ ഇടം കിട്ടാതെ പോയതാണ് ഒരു മൂന്നാം മുന്നണി പിറക്കാന്‍ കാരണം. അതിനു ഇടംകൊടുത്താല്‍ മറ്റൊരു ബീഹാറായി ബംഗാള്‍ മാറും എന്നുറപ്പാണ്. ബീഹാറില്‍ കിട്ടിയ സീറ്റുകള്‍ അപ്പുറത്തും പരീക്ഷിക്കാന്‍ ഒവൈസിയെ പ്രേരിപ്പിക്കും എന്നുറപ്പാണ്. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗാണ് ഹിന്ദു മഹാ സഭയുടെ രൂപീകരണത്തിന് കാരണം എന്ന് പലരും പറയാറുണ്ട്‌. ജിന്ന ഇല്ലായിരുന്നെങ്കില്‍ ഗോള്‍വള്‍ക്കര്‍ ഉണ്ടാകുമായിരുന്നില്ലെന്നും പറയുന്നവരുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദിശയില്‍ തന്നെ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ വ്യവസ്ഥ മുസ്ലിംകളെ പരിഗണിക്കുന്നില്ല എന്ന വികാരണമാണ് മുസ്ലിം ലീഗെന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കാന്‍ കാരണം. സ്വതന്ത്ര ഇന്ത്യന്‍ മണ്ണില്‍ പരമ്പരാഗതമായി മതേതര കക്ഷികള്‍ക്ക് വോട്ടു നല്‍കിയിട്ടും തങ്ങളുടെ പിന്നോക്കാവസ്ഥ മാറിയില്ല എന്ന തിരിച്ചറിവാണ് ഒവൈസി പോലുള്ളവര്‍ക്ക് പിന്തുണ ലഭിക്കാന്‍ കാരണം. കാരണം ഇല്ലാതാക്കിയാല്‍ മാത്രമേ കാര്യവും ഇല്ലാതാകൂ. അതിനാണ് മതേതര കക്ഷികള്‍ ശ്രമിക്കേണ്ടത്. ഒവൈസിയില്‍ മറ്റൊരു ജിന്നയെ കാണാനാണു പലരും ശ്രമിക്കുന്നത്.

ഒരിക്കല്‍ ബംഗാളില്‍ മുസ്ലിംകള്‍ കൊണ്ഗ്രസ്സിനു വോട്ടു ചാര്‍ത്തി നല്‍കി. അന്ന് കോണ്ഗ്രസ് നാട് ഭരിച്ചു. പിന്നെ ആ ആ ഭാഗ്യം ലഭിച്ചത് ഇടതു പാര്‍ട്ടികള്‍ക്ക്. മൂന്നര പതിറ്റാണ്ട് ഭരണം നടത്തിയിട്ടും ബംഗാള്‍ ന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ ഒരു മാറ്റവും വന്നില്ല . പിന്നെ അവര്‍ തൃണമൂലിനെ പിന്തുണച്ചു. അവിടെയും അവര്‍ നിരാശരായി. ആ നിരാശയിലാണ് ഒവൈസി കയറിപ്പിടിച്ചത്‌. ഇല്ലാത്ത വര്‍ഗീയതയും ഭീകരതയും ആരോപിച്ചു ഒവൈസിയെ കൂടുതല്‍ അകറ്റിയാല്‍ ബീഹാര്‍ തന്നെ ബംഗാളിലും ആവര്‍ത്തിക്കും. തൃണമൂല്‍ കോണ്ഗ്രസ് ഇടതുപക്ഷം മൂന്നാം മുന്നണി ഉള്‍പ്പെടുന്ന ഒരു കൂട്ടു മുന്നണിക്ക്‌ മാത്രമേ ബംഗാളിനെ രക്ഷിക്കാന്‍ കഴിയൂ എന്നാണു കണക്കുകള്‍ പറയുന്നത്. അത് വായിക്കാതെ മുന്നോട്ട് പോയാല്‍ മറ്റൊരു സംസ്ഥാനം കൂടി സംഘ പരിവാരിനു ഏല്‍പ്പിചു കൊടുത്തു എന്ന ആശ്വാസത്തില്‍ മതേതര പാര്‍ട്ടികള്‍ക്ക് ജീവിക്കാം.

Also read: പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇങ്ങിനെ കുറിച്ചു “ മുപ്പത്തിമൂന്നു കൊല്ലമാണ് ഇടതു പക്ഷം ബംഗാള്‍ ഭരിച്ചത്. അതിന്റെ ഫലം നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന ബംഗാളികള്‍ എന്ന് നാം വിളിക്കുന്ന അതിഥി തൊഴിലാളികളും . വികസനമല്ല വികസന മുരടിപ്പാണ് ഇടതു പക്ഷത്തിന്റെ ബംഗാള്‍”. ഇപ്പോള്‍ നമ്മുടെ വിഷയം ഇതൊന്നുമല്ല. ബംഗാള്‍ സംഘ പരിവാറിന്റെ കയ്യകലത്തിലാണ്. അത് തട്ടിത്തെറിപ്പിക്കാന്‍ ആരുണ്ട്‌ .

Related Articles