Current Date

Search
Close this search box.
Search
Close this search box.

നജീബിനെ നാം മറന്നുകൂട

ഭരണകൂടവും സംഘടനകളും നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് മനുഷ്യരുടെ അപ്രത്യക്ഷമാകൽ. അറസ്റ്റ്, തടങ്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയൊക്കെ അപ്രത്യക്ഷമാകലിന് കാരണമാകാറുണ്ട്. 98 ശതമാനം അപ്രത്യക്ഷമാകലും മരണത്തിലാണ് കലാശിക്കാറുള്ളത് എന്നത് യാഥാർഥ്യം.

ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലി 1992 ഡിസംബർ 18ന് പാസ്സാക്കിയ പ്രമേയമാണ് നിർബന്ധിത അപ്രത്യക്ഷമാകലിൽനിന്ന് എല്ലാ മനുഷ്യർക്കും സംരക്ഷണം നൽകുന്ന പ്രഖ്യാപനം (Declaration on the Protection of All Persons from Enforced Disappearance). പ്രഖ്യാപനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ഭൂലോകത്തെ എല്ലാ രാജ്യങ്ങളും പ്രവർത്തിക്കണമെന്നും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കണമെന്നുമാണ് യു.എൻ ആഹ്വാനം ചെയ്യുന്നത്.

മനുഷ്യാവകാശങ്ങൾ മാനിക്കണമെന്ന് രാഷ് ട്രങ്ങൾക്ക് ഉപദേശം നൽകുന്ന പ്രഖ്യാപനം (Universal Declaration of Human Rights) 1948ൽ തന്നെ യു.എൻ ജനറൽ അസംബ്ലി പാസ്സാക്കിയതാണ്. പ്രമേയങ്ങളും പ്രഖ്യാപനങ്ങളും നടത്തുകയല്ലാതെ അവ നടപ്പാക്കാനുള്ള ത്രാണിയൊന്നും യു.എന്നിന് ഇല്ലെന്ന് എല്ലാവർക്കുമറിയാം. അഞ്ച് രാഷ്ട്രങ്ങൾക്ക് വീറ്റോ അധികാരം നൽകിയതു മുതൽ യു.എൻ നോക്കുകുത്തിയാണ്. അതിനാൽ എല്ലാ വർഷവും ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനമായും 2011 മുതൽ ഓഗസ്റ്റ് 30 ‘നിർബന്ധ അപ്രത്യക്ഷമാകലിൽനിന്നുള്ള സംരക്ഷണ ദിന’മായും ആചരിച്ചു പോരുന്നു.

2014 മേയ് 26ന് ഫാഷിസത്തിനു പൂർണമായും കീഴ്‌പ്പെട്ടതോടെ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു ഇന്ത്യയിലിരുന്നാണ് നമുക്ക് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്. പശുവിന്റെ പേരിൽ തല്ലിക്കൊല്ലുന്ന, മുസ്ലിം ആയിപ്പോയതിന് ഓടുന്ന ട്രെയിനിൽനിന്ന് എടുത്തെറിയപ്പെടുന്ന, ജീവിക്കാനുള്ള അവകാശം ചോദിച്ചതിന് കർഷകരെ വാഹനമിടിച്ച് മൃഗീയമായി കൊല്ലുന്ന ഇന്ത്യയിൽനിന്നു തന്നെ!

എന്നാൽ, അതിനപ്പുറത്തേക്കും കൂടി നീളുന്നുണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതേതര രാഷ്ട്രത്തിലെ ഫാഷിസ്റ്റ് തേരോട്ടത്തിന്റെ ഭീകരത. തലസ്ഥാന നഗരിയിലെ ഒരു ഉന്നത കലാലയത്തിൽനിന്ന് പകൽ വെളിച്ചത്തിൽ കാണാതായ ഒരു വിദ്യാർഥിയുടെ തിരോധാനത്തിന്റെ അഞ്ചാം വാർഷികമാണ് നാളെ. 2016 ഒക്ടോബർ 15നാണ് ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ എം.എസ്.സി ബയോടെക്നോളജി ആദ്യ വർഷ വിദ്യാർഥി നജീബ് അഹ് മദിനെ മാണ്ഡവി ഹോസ്റ്റലിൽനിന്ന് കാണാതാവുന്നത്. ഐസ എന്ന സംഘടനയിൽ അംഗമായിരുന്ന നജീബുമായി വാക്കേറ്റത്തിലേർപ്പെട്ട സംഘപരിവാരത്തിന്റെ വിദ്യാർഥി ഭീകര രൂപമായ എ.ബി.വി.പിയുടെ പ്രവർത്തകർ ഇതിന് തൊട്ടുമുമ്പ് അദ്ദേഹത്തെ മർദ്ദിച്ചിരുന്നു. 2016 ഓഗസ്റ്റ് ഒന്നിന് എൻറോൾ ചെയ്ത നജീബ് വെറും രണ്ടര മാസം പൂർത്തിയാകുമ്പോഴേക്കാണ് അപ്രത്യക്ഷമായത്.

കാണാതായ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന പരിശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. തന്റെ മകൻ എവിടെയോ ജയിലിൽ അടക്കപ്പെട്ടതാണെന്നും എന്നെങ്കിലും അവൻ തിരിച്ചുവരുമെന്നുമാണ് ആ ഉമ്മ നിറകണ്ണുകളോടെ പറയുന്നത്. ആദ്യം ദൽഹി പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അതിനുശേഷം സി.ബി.ഐയും അന്വേഷിച്ചിട്ടും നജീബിനെക്കുറിച്ച് തുമ്പൊന്നും കിട്ടിയില്ലത്രെ! കാണാതായ അന്ന് പോലിസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നജീബിന്റെ തിരോധാനത്തിനു പിന്നിൽ സംശയിക്കപ്പെടുന്ന ഒമ്പതു പേരുകളുണ്ടായിരുന്നു. ഇവരെ ശരിക്കും ചോദ്യം ചെയ്താൽ തിരോധാനത്തിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമാകുമായിരുന്നു. എന്നിട്ടും അന്വേഷണം അങ്ങോട്ടേക്ക് നീങ്ങിയില്ല.

തിരോധാനം നടന്ന് വെറും രണ്ട് വർഷം തികയുമ്പോഴേക്ക് കേസ് ഫയൽ ക്ലോസ് ചെയ്യാൻ സി.ബി.ഐ കാണിച്ച തിടുക്കം തന്നെ ധാരാളം സംശയങ്ങൾക്ക് ഇടം നൽകുന്നതാണ്. 2017 മേയിലാണ് ദൽഹി ഹൈക്കോടതി സി.ബി.ഐയെ അന്വേഷണം ഏൽപിക്കുന്നത്. പ്രതികളെന്ന് കരുതുന്നവരെ ചോദ്യം ചെയ്യാൻ പോലും സി.ബി.ഐ തയ്യാറാവുന്നില്ലെന്ന് ഡിസംബറിൽ നജീബിന്റെ ഉമ്മ ആരോപണം ഉന്നയിച്ചെങ്കിലും പ്രതികളും അന്വേഷണ ഏജൻസിയും സംഘ്പരിവാർ ഭരണകൂടത്തിന്റെ ആളുകൾ ആയതിനാൽ ഒന്നും സംഭവിച്ചില്ല. അടുത്ത വർഷം മേയിൽ, അതായത് കേസ് ഏറ്റെടുത്ത് ഒരു വർഷം തികയുമ്പോഴേക്ക് സി.ബി.ഐക്ക് മതിയായത്രെ! നല്ല കഴിവുള്ള അന്വേഷണ ഏജൻസി ഭരണകൂടത്തിന്റെ തടവറയിലാകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നത്!! ക്ലോഷർ റിപ്പോർട്ടിനെതിരെ നജീബിന്റെ ഉമ്മ കോടതിയെ സമീപിച്ചിരുന്നു.

സംഘ് പരിവാറിന്റെ കണ്ണിലെ കരടാണ് ജെ.എൻ.യു. അതിന് പ്രധാന കാരണം രാജ്യത്തെ പ്രസ്റ്റീജ് യൂനിവേഴ്‌സിറ്റികളിൽ മുൻപന്തിയിലുള്ള ഇവിടേക്ക് മുസ്‌ലിം, ദലിത് വിദ്യാർഥികളുടെ കുതിച്ചുകയറ്റമാണ്. ദലിത്, പിന്നോക്ക വിഭാഗക്കാരായ വിദ്യാർഥികൾ ഇവിടേക്ക് കടന്നുവരുന്നത് ഇഷ്ടമല്ലാത്ത പരിവാറുകാർ അവരുടെ സംവരണ വിരുദ്ധ ഫാഷിസ്റ്റ് അജണ്ട പല വിധത്തിലും പുറത്തെടുക്കുന്നത് കണ്ടതാണ്. വിദ്യാർഥികളുടെ ഫീസ് കുത്തനെ വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ കഴിഞ്ഞ വർഷം സ്വീകരിച്ചത് ഇതിന്റെ ഭാഗമാണ്. ഇവിടത്തെ വിദ്യാർഥികളിൽ നാൽപതു ശതമാനത്തോളം പേർ ദാരിദ്ര്യാവസ്ഥയിലുള്ളവരാണ്. ഫീസ് വർധനയിലൂടെ അവരുടെ പഠന അവസാനിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണ് അരങ്ങേറിയത്. സംഘ്പരിവാർ ബാന്ധവമുള്ളവരെ ജെ.എൻ.യുവിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങളും നടക്കുകയുണ്ടായി.

ഇനിയും നജീബുമാർ ഉണ്ടാവരുത്, ഒരിക്കലും മടങ്ങിവരാത്ത മക്കളെയോർത്ത് കണ്ണീർ മഴയുമായി കഴിയുന്ന അമ്മമാരും ഉമ്മമാരും ഉണ്ടാവരുത്. വംശീയ ഉന്മൂലനത്തിൽ വിശ്വസിക്കുന്നവർ ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് മുഴങ്ങട്ടെ നമ്മുടെ ശബ്ദം.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles