Current Date

Search
Close this search box.
Search
Close this search box.

വഖഫ് വീണ്ടും പുകയുമ്പോൾ

മന്ത്രി നിയമസഭയിൽ പറയുന്ന കാര്യങ്ങൾ രേഖകയാണ്. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം അങ്ങിനെ വേണം മനസ്സിലാക്കാൻ. കേരളത്തിലെ മുസ്ലിം മത സംഘടനകൾ ഈ വിഷയത്തിൽ ശക്തമായി മുന്നോട്ട് വന്നിരുന്നു. കേരള മത സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സമസ്തകൾ ഈ വിഷയത്തിൽ ഒരു സമരം വേണ്ടെന്നു തീരുമാനിച്ചിരുന്നു. നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം നടപ്പാക്കില്ല എന്ന ഉറപ്പിലാണ് അവർ പിറകോട്ടു പോയത്. അതെ സമയം അത് നടപ്പാക്കുമെന്ന് മന്ത്രിയും ഉറപ്പിച്ചു പറയുന്നു.

വഖഫ് എന്നതു ഒരു മത വിഷയമാണ്. അത് നോക്കി നടത്തേണ്ട ചുമതല വിശ്വാസികൾക്ക് തന്നെയാണ്. അതിൻറെ തലപ്പത്തു മറ്റുള്ളവർ വന്നാൽ അത് വഖഫ് സങ്കല്പത്തെ തന്നെ ബാധിക്കും. പി എസ് സി ഒരു പൊതുമേഖലാ സ്ഥാപനമാണ്‌. മതവും ജാതിയും അവർക്ക് പരിഗണിക്കാൻ കഴിയില്ല. മത ചിഹ്നങ്ങൾ പരമാവധി ഇല്ലാതാക്കുക എന്നതാണ് ഭരണകക്ഷിയുടെ പദ്ധതി. അതവരുടെ ആദർശത്തിന്റെ കൂടി വിഷയമാണ്‌. അപ്പോഴും വിഷയം “selective” ആയി മാത്രം കൈകാര്യം ചെയ്യപ്പെടുന്നു. മുസ്ലിം സമുദായത്തിന് നേരെ എന്ത് നിയമവും എപ്പോഴും വരാം എന്നിടത്താണ് നാമിപ്പോൾ ഉള്ളത്.

മുസ്ലിം സംഘടനകളെ തങ്ങളുടെ ഇച്ചക്കനുസരിച്ചു നിർത്താൻ കഴിയുമെന്ന് രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കിയിരിക്കുന്നു.അത് തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ ഉന്നമനത്തിനും മത സംഘനകളുടെ അധോഗതിക്കും കാരണം. വഖഫ് മാത്രമല്ല മറ്റു പല വിഷയത്തിലും നാം അത് കണ്ടതാണ്. സമന്വയത്തിന്റെ വാതായനത്തിനു പകരം അനൈക്യത്തിന്റെ വാതിലുകളാണ് പലരും തുറന്നു വെച്ചിരുന്നത്. കേരളത്തിലെ മൊത്തം വഖഫ് നിയമനം ഇരുനൂറിന് താഴെയാണ്. അത് പി എ എസ്സിക്ക് വിടുന്നത് കൊണ്ട് തൊഴിലില്ലായ്മക്ക് പരിഹാരം എന്ന് പറയാൻ കഴിയില്ല എന്നുറപ്പാണ്. അതെ സമയം വഖഫ് എന്ന മത വിഷയത്തിൽ കാര്യമായ പ്രതിഫലനങ്ങൾ നാം കാണേണ്ടി വരും.

വഖഫ് ബോർഡിൽ അഴിമതിയും കെടുകാര്യസ്ഥതയുമില്ല എന്നൊന്നും നാം പറയില്ല. മറ്റുള്ള സ്ഥലത്ത് നടക്കുന്ന പലതും ഇവിടെയും കാണും. ഒരു സർക്കാർ സ്ഥാപനം എന്ന സ്ഥിതിക്ക് സർക്കാരിന് എപ്പോൾ വേണമെകിലും ഇടപെടാൻ കഴിയും. അതായത് എലിയെ പിടിക്കാൻ ഇല്ലം ചുടെണ്ട ആവശ്യമില്ല എന്നർത്ഥം. വഖഫ് ബോർഡു നിയമനം പി എസിക്ക് വിടുക എന്നത് ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ തീരുമാനമാണ്. എന്ത് കൊണ്ട് ഒരു വിഭാഗത്തെ മാത്രം ഇത്തരം നിലപാടുകൾ പിടികൂടുന്നു എന്ന ചോദ്യത്തിന് നാം ഉത്തരം പ്രതീക്ഷിക്കരുത്. മുസ്ലിം സമുദായത്തിൽ കാര്യമായ ചേരിതിരിവ്‌ സൃഷ്ടിക്കുന്നതിൽ ഇടതു പക്ഷം വിജയിച്ചിട്ടുണ്ട്. കാലാകാലമായി ലീഗിന്റെ കൂടെ നിന്നിരുന്ന പലരെയും അടർത്തിമാറ്റാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

വഖഫ് വിഷയത്തെ മത പരതയിൽ നിന്നും ലീഗ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് ഇടതു പക്ഷം ശ്രമിക്കുന്നത്. കാലങ്ങളായി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത് ലീഗുമായി ബന്ധപ്പെട്ടവരാണ് എന്നതാണ് അവർ മുന്നോട്ട് വെക്കുന്ന കാര്യം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് ഈ വിഷയത്തിൽ സി പി എം നിലപാട് . സംഘ പരിവാറിന്റെയും മറ്റു തീവ്ര നിലപാടുകാരുടെയും കയ്യടി വാങ്ങാം എന്നതോടൊപ്പം മുസ്ലിം ലീഗിനെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്താം എന്നത് കൂടി അവർ മനസ്സിൽ കാണുന്നു.

ഇരു സമസ്തകളും മൌനികളായ സ്ഥിതിക്ക് സമുദായത്തിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വരില്ലെന്ന് അവർ കണക്കു കൂട്ടുന്നു. ന്യൂനപക്ഷ സംവരണത്തെ അവർ ഒരു വഴിക്കാക്കി. ഇനി അടുത്തത് വഖഫ് സ്വത്തുക്കളും. തൊട്ടടുത്ത കർണാടക ഹിജാബ്, ആരാധാനാലയങ്ങൾ നശിപ്പിക്കുക എന്നീ കലാപരിപാടികൾ നടപ്പിലാക്കുമ്പോൾ കേരളം ആന്തരികമായി അത് നടപ്പാക്കാൻ ശ്രമിക്കുന്നു. ഇടത് പക്ഷ ഭരണ കാലത്ത് സംഘ പരിവാർ സാന്നിധ്യം ഭരണ തലത്തിൽ കൂടുതലായി നമുക്ക് അനുഭവപ്പെടുന്നു. കണ്ടറിയാൻ മാത്രം വിവേകം മുസ്ലിം സംഘടനകൾക്ക് കുറവാണ് . ചിലർ കൊണ്ടും അറിയില്ല എന്നുറപ്പാണ്.

മന്ത്രി നിയമസഭയിൽ പറയുന്നത് മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണ്. ഒരു സമുദായത്തെ പറഞ്ഞു പറ്റിക്കുക എന്നതിനു ലെനിനിനോളം പഴക്കമുണ്ട്. മൂന്നു പതിറ്റാണ്ട് തുടർച്ചയായി ഒരു സംസ്ഥാനം ഭരിച്ച പാർട്ടിയുടെ പഴയ കാല ചരിത്രം കൂടി മുസ്ലിം സംഘടനകൾ ചികഞ്ഞു നോക്കുന്നത് നല്ലതാണ്

Related Articles