Current Date

Search
Close this search box.
Search
Close this search box.

വഖഫ് ബോര്‍ഡ് വിവാദം : ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വഖഫ് ബോര്‍ഡിലെ നിയമനം പി എസ് സി ക്ക് വിടാനുള്ള ബില്‍ നിയമസഭ പാസാക്കിയിരിക്കുന്നു. ഇനി അതേ വേദിയില്‍ തന്നെ അത് തിരുത്തപ്പെട്ടില്ലെങ്കില്‍ അത് നടപ്പിലായേക്കും. താല്ക്കാലിക നിയമനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 130ല്‍ പരം തസ്തികകളാണ് വഖഫ് ബോര്‍ഡ് എന്ന സംവിധാനത്തിലുള്ളത്. അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാറല്ല. വഖഫ് ബോര്‍ഡ് ആണ്. അതിലേക്ക് നിയമനം നടത്തിക്കൊണ്ടിരിക്കുന്നതും നടത്തേണ്ടതും വഖഫ് ബോര്‍ഡ് തന്നെ. ഇന്ത്യയിലെല്ലായിടത്തും അങ്ങിനെ തന്നെയാണ്. എന്‍ ആര്‍ സി ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന യു പി മുഖ്യമന്ത്രി യോഗി ഉള്‍പ്പെടെയുള്ള ഫാസിസ്റ്റുകള്‍ ദുരുപയോഗം ചെയ്തു മുതലെടുക്കുകയുണ്ടായി. ഇതുപോലെ കേരളം അന്യായമായി തുടങ്ങിവെക്കുന്ന ഈ അബദ്ധ മാതൃക ഫാഷിസ്റ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റും അനുകരിക്കുകയും അതിനുള്ള മാതൃകയും പ്രേരണയും കേരളമാവുകയും ചെയ്യുന്നത് കേരളത്തിന്റെ സദ്കീര്‍ത്തിക്ക് ഒട്ടും നിരക്കുന്നതല്ല. മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമെന്നത് പി എസ് സി ക്ക് നടത്താന്‍ പറ്റില്ല. ആയത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ഒടുവില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അതേ ദുര്‍ഗതി വരികയും ചെയ്‌തേക്കും. മാത്രമല്ല, പി എസ് സി നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് കിട്ടേണ്ട സംവരാണുനുകൂല്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

വഖഫ് ബോര്‍ഡിനെ നന്നാക്കാനാണ്, പി എസ് സി നിയമനമെന്നത് ഒട്ടും വിശ്വാസയോഗ്യമല്ല. മുസ്‌ലിം ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ വഖഫ് ബോര്‍ഡ് പോലുള്ള ഒരു വേദിയെ ദുരുപയോഗം ചെയ്യുന്നത് ഒട്ടും ശരിയല്ല. മുസ്‌ലിം ലീഗിനോട് ആര്‍ക്കും വിയോജിക്കാം. അതിനെ വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ, നിലവില്‍ മുസ്‌ലിം ബഹുജനങ്ങളില്‍ നല്ല സ്വാധീനമുള്ള ഒരു സുശക്ത രാഷ്ട്രീയ പാര്‍ട്ടിയാണത്. അതിന്റെ ഫലമായിട്ടാണ് വഖഫ് ബോര്‍ഡിലെ മഹല്ല് ഭാരവാഹികളുടെ പ്രതിനിധിയായി മുസ്‌ലിം ലീഗ് നേതാക്കളായ മായന്‍ഹാജിയും, അഡ്വ. പി വി സൈനുദ്ദീനും തിരഞ്ഞെടുക്കപ്പെടുന്നത്. ജനാധിപത്യ രീതിയില്‍ 75 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയിട്ടാണവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.അവരെ ആരെങ്കിലും പിന്നാമ്പുറത്ത് കൂടെ കേറ്റി വിട്ടതൊന്നുമല്ല. 1990ന് ശേഷം വഖഫ് ബോര്‍ഡിന് പന്ത്രണ്ട് അധ്യക്ഷന്‍മാരുണ്ടായതില്‍ അഞ്ച് പേര്‍ എല്‍ ഡി എഫ് കാലത്ത് വന്നവരാണ്. ആറ് ദശകക്കാലത്തെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടെങ്കില്‍ അതില്‍ എല്‍ ഡി എഫിന്നും പങ്കുണ്ട്. ആയത് മൊത്തം മുസ്‌ലീം ലീഗിന്റെ പിരടിയില്‍ കെട്ടിവെക്കുന്നത് നീതിയല്ല. വഖഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തനങ്ങളില്‍ അബദ്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ വഖഫ് നിയമനങ്ങള്‍ ഉപയോഗിച്ച് തിരിച്ചു പിടിക്കേണ്ടത് തിരിച്ചുപിടിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യാം, ചെയ്യുകയും വേണം. തങ്ങളുടെ ഭരണപരാജയങ്ങള്‍ മറച്ചുപിടിക്കാനും നിരവധി നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും മുസ്‌ലിം സമുദായത്തോട് പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന പലവിധ അനീതികള്‍ സമുദായത്തിന്റെ ശ്രദ്ധയില്‍ വരാതിരിക്കാനും മറ്റും നടത്തുന്ന ഒരു സൂത്രം കൂടിയാണ് വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തിയുള്ള ഈ കോലാഹലം. ഇത് വഴി നാനാജാതി മതസ്ഥര്‍ക്കിടയില്‍ വഖഫ് ബോര്‍ഡിനെ വിലയിടിച്ചു കാണിക്കുകയാണ്. വഖഫ് എന്ന മഹത് കര്‍മത്തെയും വഖഫ് സ്ഥാപനങ്ങളെയും സംവിധാനങ്ങളേയുമെല്ലാം വളരെ പുഛത്തോടെ കാണാനിടവരുത്തുന്നതാണ് കോലാഹലങ്ങള്‍. മതവിരുദ്ധരായ ആളുകള്‍ക്ക് ഇസ്‌ലാമിനെ അമാന്യമായി പ്രഹരിക്കാന്‍ ഇത് അവസരം സൃഷ്ടിച്ചുകൊടുക്കുന്നുണ്ട്. മതവും മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും കൂട്ടായ്മകളും തകര്‍ന്നു കിട്ടേണ്ടത് മാര്‍ക്‌സിസത്തിന്റെ മുഖ്യ കാഴ്ചപ്പാടാണ്.

ബോര്‍ഡില്‍ അഴിമതികള്‍ നടന്നിട്ടുണ്ടെങ്കില്‍ ആയത് വസ്തുനിഷ്ഠമായി രേഖാസഹിതം നിയമ സംവിധാനങ്ങളുടെ മുമ്പിലെത്തിച്ച്, അഴിമതി ഇല്ലാതാക്കാനുള്ള സുതാര്യവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ വിഷയങ്ങള്‍ വക്രീകരിച്ചും പര്‍വതീകരിച്ചും അങ്ങാടിയിലിട്ട് അലക്കുകയല്ല വേണ്ടത്. അഴിമതി അവസാനിപ്പിക്കാന്‍ പിഎസ് സി ഒരു പരിഹാരമേ അല്ല. ഇങ്ങേയറ്റം വില്ലേജ് ആഫീസ് മുതല്‍ ഭരണകൂടത്തിന്റെ ഉന്നതങ്ങളില്‍ വരെ പലവിധ അഴിമതികള്‍ നിര്‍ബാധം നടത്തുന്നത് പി എസ് സി വഴി വന്ന ഉദ്യോഗസ്ഥരാണ്. വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാറല്ല വേതനംനല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വലിയ വേതനം നല്‍കുന്ന വിവിധ കോര്‍പ്പറേഷനുകളിലേക്കും മറ്റിതരം സംവിധാനങ്ങളിലേക്കും പി എസ് സി വഴയല്ല നിയമനം. രണ്ടര വര്‍ഷം തട്ടിമുട്ടി കാലം കഴിച്ചാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ കിട്ടുന്ന, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്കും നിയമനങ്ങള്‍ നടത്തുന്നതും പി എസ് സി വഴിയല്ല. ( പിഎസ്‌സിയെ പറ്റി തന്നെ പലപരാതികളും ഉണ്ട്. ഉത്തരക്കടലാസ് ഷീറ്റുകളും സീലുകളും മറ്റും കുട്ടിസഖാക്കളില്‍നിന്ന് പിടിച്ചെടുതത് മറക്കാതിരിക്കുക.)

കേരള ജനസംഖ്യയുടെ 28 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളുടെ വഖഫ് സ്വത്തുക്കളുടെ വരുമാനത്തില്‍ നിന്നാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങിയത്. എന്നാല്‍ ബോര്‍ഡിന് വരുന്ന ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിലോ ബോര്‍ഡില്‍നിന്ന് സര്‍ക്കാര്‍ കടം വാങ്ങിയ തുക തിരിച്ചു നല്‍കുന്നതിലോ ഒരു നിര്‍ബന്ധ ബുദ്ധിയും കാണുന്നില്ല. നേരത്തെ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഗുരുവായൂര്‍ എം എല്‍ എ അബ്ദുല്‍ ഖാദിര്‍ സാഹിബില്‍ നിന്നും വളറെ വ്യത്യസ്തമാണ് നിലവിലെ ചെയര്‍മാന്റെ പ്രവര്‍ത്തനശൈലി.

സി പി എമ്മിന് ബാദ്ധ്യതയും ഭാരവുമായ, ഒരു വ്യക്തിയെ കുടിയിരുത്താനുള്ള സങ്കേതമായി ബോര്‍ഡിനെ സി പി എം കണ്ടത് നിര്‍ഭാഗ്യകരമാണ്. ബോര്‍ഡിലുണ്ടാവേണ്ട മുസ്‌ലിം എം എല്‍ എ, എം പി എന്നിവയുടെ പ്രതിനിധികളെ ഇനിയും തിരഞ്ഞെടുത്തിട്ടില്ല. ആ ശ്യൂനത നികത്താനെന്താണിത്ര മടി? കേരള സര്‍ക്കാറിന്ന് വേണ്ടി ജില്ലാ കലക്ടര്‍ ഒപ്പിട്ട കരാറിലെ നിബന്ധന പ്രകാരം കാസര്‍കോട്ടെ വഖഫ് ഭൂമി സര്‍ക്കാര്‍ ഇനിയും തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. ഇത് പോലെ സര്‍ക്കാറിന്റെ പിടുത്തത്തില്‍ കുടുങ്ങിക്കിടക്കുന്ന വഖഫ് ഭൂമികള്‍ വേറെയുമുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

കേന്ദ്ര നിയമപ്രകാരം നിലവില്‍ വന്ന വഖഫ് ബോര്‍ഡുകള്‍ക്ക് ആറ് ദശകത്തിന്റെ പഴക്കമുണ്ടാകും. എന്നാല്‍ പല വഖഫുകള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും. കാലത്തിന്റെ കറക്കത്തില്‍ പലകാരണങ്ങളാല്‍ വന്നുചേര്‍ന്ന സങ്കീര്‍ണതകള്‍ക്കും അന്യാധീനപെട്ടലിന്നുമെല്ലാം വഖ്ഫ് ബോര്‍ഡിനെ അന്ധമായും രൂക്ഷമായും അധിക്ഷേപിക്കുന്നതില്‍ ശരികേടുണ്ട്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും വിലപ്പെട്ട അനേകം വഖഫ് സ്വത്തുകള്‍ അന്യാധീനപെട്ടിട്ടുണ്ട്. അവയൊക്കെ വീണ്ടെടുക്കാന്‍ പരമാവധി പരിശ്രമിക്കണം.

ഇക്കാര്യത്തില്‍ സമുദായം ഒറ്റക്കെട്ടാണ് ;ഒറ്റകെട്ടായിരിക്കുകയും വേണം. പരസ്പരം കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്തുകഴിയുമ്പോള്‍ അത് വഖഫുകള്‍ അപഹരിക്കുന്നവര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയുക. കേരളത്തിലും ചില വഖഫുകള്‍ സങ്കീര്‍ണ്ണതകളില്‍ കുടുങ്ങിക്കഴിയുന്നുണ്ടാകാം, അന്യാധീനപ്പെട്ടിട്ടുണ്ടാകാം പ്രയോജനരഹിതമായിട്ടുണ്ടാകാം. എല്ലാ വഖ്ഫുകളും ഒരു പോലെയല്ല.പലതിന്റെയും സ്വഭാവം പലതാണ്.വിഷയങ്ങള്‍ വിശദമായി പഠിക്കാതെ കാടടച്ച് വെടിവെക്കുന്ന ശൈലി ഒട്ടും രചനാത്മകമല്ല തന്നെ.വഖഫുകളെ പറ്റി പഠിക്കാന്‍ കേന്ദ്രം നിയമിച്ച നിലവിലുള്ള വഖ്ഫ് ചെയര്‍മാന്‍ കൂടി അംഗമായ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി കേരളത്തിലെ വഖഫ് ബോര്‍ഡ് താരതമ്യേനെ ഭേദമാണെന്നാണ് കണ്ടത്തിയത്.മൂന്നര ദശകം മാര്‍ക്‌സിസ്റ്റുകള്‍ ഭരിച്ച പശ്ചിമബംഗാളില്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ധാരാളം വഖഫുകള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്.ബംഗാളിലെ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഒന്നും ചെയിതിട്ടിലെന്ന് മാത്രമല്ല, വഖഫുകള്‍ അപഹരിച്ചവരില്‍ മാര്‍ക്‌സിസ്റ്റുകളും പെടുമെന്ന് കല്‍ക്കത്തയിലെ പ്രമുഖ എക്‌സ്‌പോര്‍ട്ടറും കേരള മുസ്ലിം അസോസിയേഷന്റെ നേതാവും പൗരപ്രമുഖനുമായിരുന്ന മര്‍ഹൂം :കെ.എ മക്കാര്‍ സാഹിബ് (ആലുവ) കല്‍ക്കത്തയിലെ സന്ദര്‍ശനവേളയില്‍ നേരില്‍ എന്നോട് പറഞ്ഞതാണ്. വഖഫ് ഉള്‍പ്പെടെ മുസ്ലിം പ്രശ്‌നങ്ങളില്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലിം വിരുദ്ധവും പ്രതിലോമ പരവുമായ നിലപാട് മറ്റൊരാളുടെയും വിശദീകരണം ആവശ്യമില്ലാത്ത വിധം നേരില്‍ അവിടുന്ന് മനസ്സിലാക്കിയതാണ്.(വിശുദ്ധ ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് കല്‍ക്കത്ത ഹൈകോടതിയില്‍ കേസ് വന്നപ്പോള്‍ മുസ്ലിം പക്ഷത്തിനുവേണ്ടി കേസ് വാദിച്ചത് നിയമജ്ഞന്‍ കുടിയായ മക്കാര്‍ സാഹിബായിരുന്നു. സമുദായ സ്‌നേഹിയായ ഇദ്ദേഹം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.) മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ തിക്തഫലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവിടെ ഉപ്പു വെച്ച കലം പോലെയായി എന്നതാണ് പകല്‍ മാര്‍ക്‌സിസറ്റും നിശാ വേളയില്‍ ബിജെപിയുമായിരുന്ന സവര്‍ണ്ണ മാര്‍ക്‌സിസ്റ്റുകളില്‍ ഗണ്യമായ വിഭാഗം പച്ചയായി,പരസ്യമായി ബിജെപിയുടെ പതാക വാഹകരായി മാറി. ബംഗാളിലെ അതേ ലൈനിലാണ് കേരളത്തിലെ പാര്‍ട്ടിയും നീങ്ങുന്നതതെങ്കില്‍ അത് അവരുടെ നാശത്തിലാണ് കലാശിക്കുക. ഇവിടെ ഭരണത്തുടര്‍ച്ച ലഭിച്ചത് തന്നെ നാശ ഹേതുകമായി ഭവിചേക്കുമോ എന്ന് പക്വമതികളായ പല സഖാക്കളും ഉള്ളാലെ ഭയപ്പെടുന്നുണ്ട്.

വഖഫ് ബോര്‍ഡില്‍ പി എസ് സി വഴി നിയമനം നടത്തുന്ന രീതി ഉത്തരേന്ത്യയിലെ ഫാസിസ്റ്റുകള്‍ക്കും മറ്റും തെറ്റായ ഒരു മാതൃകയും കീഴ്വഴക്കവും ഉണ്ടാക്കി ക്കൊടുക്കലാണെന്ന് ചിന്താശീലരായ വര്‍ഗീയ മനസ്സില്ലാത്ത സഖാക്കള്‍ സമ്മതിക്കുന്നുണ്ട്.

പല മഹല്ലുകളിലും ധാരാളം വഖഫ് സ്വത്തുക്കളുണ്ട്. ഇത് നമ്മുടെ പൂര്‍വീകര്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അല്ലാഹുവിന്ന് വേണ്ടി ഉഴിഞ്ഞിട്ടതാണ്. ഇതിന്റെ ഉടമാവകാശം ജഗന്നിയന്താവായ അല്ലാഹുവിന്ന് മാത്രമാണ്. നൂറ്റാണ്ടുകളായി പലപ്പോഴായി ഇങ്ങിനെ ഉണ്ടായിത്തീര്‍ന്ന വഖഫ് സ്വത്തുക്കള്‍ കാലത്തിന്റെ കറക്കത്തില്‍ കൈമോശം വരുകയും അന്യാധീനപ്പെടുകയും കവര്‍ന്നെടുക്കപ്പെടുകയും പാഴായിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അങ്ങിനെ സംഭവിക്കുന്നുമുണ്ട്. ഇതിന്ന് പല കാരണങ്ങളുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനവധി വഖഫ് സ്വത്തുക്കള്‍ വിഭജനവും തുടര്‍ന്നുണ്ടായ പ്രശ്‌നസങ്കീര്‍ണതകളും അരക്ഷിതാവസ്ഥയും മൂലം വിനഷ്ടമായിട്ടുണ്ട്. പുരാവസ്തു സംരക്ഷണം ദേശീയ പൈതൃക സംരക്ഷണം, ചരിത്ര രേഖകളുടെ സംരക്ഷണം തുടങ്ങിയ പല പേരുകളിലും സര്‍ക്കാര്‍ തന്നെ വഖഫ് സ്വത്തുക്കള്‍ കയ്യടക്കുകയും അതിനെ ദുരുപയോഗം ചെയ്യുകയും ഫലശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്.

വികസനത്തിന്റെയും മറ്റും മറവില്‍ ധാരാളം വഖഫ് ഭൂമികള്‍ സമുദായത്തിന്ന് നഷ്ഠപ്പെട്ടിട്ടുണ്ട്.
കുടികിടപ്പിലൂടെയും മറ്റും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. പല നിയമങ്ങളും വഖഫിന്ന് പ്രതികൂലമായ ഭവിച്ചിട്ടുമുണ്ട്.

വഖഫിന്റെ കൈകാര്യകര്‍ത്താക്കളുടെ വിക്രിയകള്‍, കെടുകാര്യസ്ഥത, അശ്രദ്ധ തുടങ്ങിയവ വഴിയും വഖഫ് സംരക്ഷിക്കപ്പെടാതെ പാഴായിപ്പോയിട്ടുണ്ട്.

സമുദായത്തിന്റെ അനൈക്യം മൂലവും ധാരാളം വഖഫ് പാഴായിപ്പോകുകയോ ഫലശൂന്യമായിത്തീരുകയോ ചെയ്യുന്നുണ്ട്.

സമഗ്രവും സുവ്യക്തവുമായ കാഴ്ചപ്പാടി (Vision) ന്റെ അഭാവം ആസൂത്രണമില്ലായ്മ തുടങ്ങിയ കാര്യങ്ങളാലും വഖഫ് പാഴായിപ്പോകുന്നുണ്ട്.

മുസ്ലിംകള്‍ സാമൂഹ്യമായും രാഷ്ട്രീയമായും സുസംഘടിതരല്ലാത്തതിനാല്‍ വഖഫ് സംരക്ഷണവും വികസനവും നടക്കാതെ പോകുന്നുണ്ട്.

ഇന്ത്യന്‍ മുസ്ലിംകളുടെ വഖഫ് സ്വത്തുക്കളുടെ പകുതിയിലേറെ ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളത് തന്നെ പലവിധ ഭീഷണികളെ പല നിലക്കും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
സമുദായത്തിലെ വഖഫ് സ്വത്തുക്കള്‍ ശരിക്കും സംരക്ഷിച്ച് വികസിപ്പിക്കുകയും ആസൂത്രണ ബുദ്ധ്യാ ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും ദാരിദ്ര്യവും ഒരളവോളം പരിഹരിക്കാന്‍ സാധിക്കുമെന്നതാണ് വസ്തുത.

അനൈക്യം, ദീര്‍ഘദൃഷ്ടിയില്ലായ്മ തുടങ്ങിയ കാരണത്താല്‍ ഇപ്പോഴും നമ്മുടെ വഖഫ് സ്വത്തുക്കള്‍ ഫലശൂന്യമാവുകയോ വിനഷ്ടമാകുകയോ ചെയ്യുന്നുണ്ട്. വലിയ ഭൂസ്വത്ത് വിറ്റ് പട്ടണങ്ങളില്‍ കെട്ടിടം വാങ്ങി വാടകവരുമാനമുണ്ടാക്കുക തുടങ്ങിയ വിഡ്ഢിത്തങ്ങള്‍ ചിലേടെത്തെങ്കിലും നടക്കുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് പരമാവധി കാല്‍ നൂറ്റാണ്ടില്‍ താഴെ മാത്രമേ നിലനില്‍പ്പുള്ളൂ. നഗരവികസന പരിപാടികള്‍ മൂലം പല കെട്ടിടങ്ങള്‍ക്കും വിലയിടിയാനും ചിലപ്പോള്‍ കെട്ടിടം തന്നെ തകരാനും വാടക കിട്ടുന്ന തുകക്ക് വലിയ തോതില്‍ മൂല്യശോഷണം സംഭവിക്കാനുമുള്ള സാധ്യത ധാരാളമാണ്. ഖബറിസ്ഥാനായി ഉപയോഗിക്കേണ്ട ഭൂമിയില്‍ വരുമാന മാര്‍ഗമെന്ന നിലയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതും അവിവേകമാണ്. കുറച്ചധികം കാശുണ്ടെങ്കില്‍ കെട്ടിടങ്ങള്‍ വേറെ എവിടെയും ഉണ്ടാക്കാനോ വാങ്ങാനോ പറ്റിയേക്കാം. പുതിയ ഖബറിസ്ഥാന്‍ ഇനി വളരെ പ്രയാസമാണ്. പാര്‍പ്പിടങ്ങള്‍ തട്ടുകളായിമുകളിലോട്ട് പണിയാം. ഖബറുകള്‍ ഭൂമിയില്‍ തന്നെ വേണമല്ലോ?

സമുദായത്തിന്റെ കുറെ വഖഫ് സ്വത്തുക്കള്‍ സമാന്തര പ്രവര്‍ത്തനങ്ങളില്‍ പാഴാകുന്നുണ്ട്. പല പള്ളികളും മദ്രസകളും തഖ്വയുടെ അസ്ഥിവാരങ്ങളിന്മേലല്ല, മറിച്ച് സംഘടനാ പക്ഷപാതിത്വങ്ങളിലും മാത്സര്യത്തിലുമാണ് പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്. സമാന്തര പ്രവര്‍ത്തനങ്ങളില്‍ പാഴാകുന്ന സമ്പത്തും ഊര്‍ജ്ജവും വളരെ വലുതാണ്. ഇതിന്റെ ഫലങ്ങള്‍ ഒട്ടും രചനാത്മകവുമല്ല.

ഒരു മഹല്ലില്‍ അത്യാവശ്യമായി പുലരേണ്ടത് സമാധാനം, നിര്‍ഭയാവസ്ഥ, ദാരിദ്ര്യത്തില്‍നിന്നുള്ള വിമുക്തി എന്നിവയാണെന്ന് മക്കയുടെ രാഷ്ട്രപിതാവ് കൂടിയായ ഇബ്രാഹീം നബിയുടെ പ്രാര്‍ത്ഥനയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഒരു മഹല്ലിന്റെ വഴികേടിന്നും ഗതികേടിന്നും മൂല കാരണം ഭിന്നിപ്പും തജ്ജന്യമായ പ്രത്യക്ഷപരോക്ഷ വിഗ്രഹങ്ങളുമാണ്. സംഘടനകളും ഗ്രൂപ്പുകളും നേതാക്കളും കളിമണ്‍ വിഗ്രഹത്തേക്കാള്‍ മാരകവും ഗുരുതരവുമായ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. നല്ലൊരു വിഭാഗം സമുദായം ഈ അഭിനവ വിഗ്രഹങ്ങളുടെ ഉപാസകരുമായി മാറിയിരിക്കുന്നു. സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവുമായ ഏകദൈവവിശ്വാസം അന്തിമ വിശകലനത്തില്‍ ഉള്‍ക്കരുത്താര്‍ന്ന ഉദ്ഗ്രഥനവും ഏകീകരണവും ഒരുമയും ഉണ്ടാക്കേണ്ടതാണ്. ഉദ്ഗ്രഥനത്തിന്ന് പകരം വിഗ്രഥനത്തിന്റെ വിനാശങ്ങളാണ് പല മഹല്ലുകളിലും നാം ദര്‍ശിക്കുന്നത്. നമ്മുടെ മഹ്ലലുകള്‍ ഒരുമയുടെ പെരുമ പ്രഘോഷണം ചെയ്യുന്ന മാതൃകാ ഗ്രാമങ്ങളായി വളരാന്‍ സമുദായം ഉണര്‍ന്നുയര്‍ന്നു അക്ഷീണം യത്‌നിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ അതിന്ന് തുണക്കുമാറാകട്ടെ! ആമീന്‍.

(കേരള സ്‌റ്റേറ്റ് വഖഫ്‌ബോര്‍ഡ് മുന്‍ മെമ്പറാണ് ലേഖകന്‍ )

Related Articles