Current Date

Search
Close this search box.
Search
Close this search box.

”അവരോ, നിങ്ങളെ സ്‌നേഹിക്കുന്നില്ല”

ഒരേ മാളത്തിൽ നിന്നും ഒരു വിശ്വാസിയെ രണ്ടു പ്രവാശ്യം പാമ്പ് കടിക്കാൻ പാടില്ല എന്നാണു പ്രവാചക വചനം. ഒരേ തെറ്റ് രണ്ട് തവണ സംഭവിക്കാൻ പാടില്ല എന്നും അതിനു വിശദീകരണം നൽകാം. കേരളത്തിലെ മുസ്ലിം സമുദായം പല തട്ടുകളിലായി ചിതറിക്കിടക്കുന്നു. മറ്റൊരു സമുദായത്തിനകത്തും ഇല്ലാത്ത രീതിയിൽ അവർക്കിടയിൽ അഭിപ്രായ ഭിന്നത പരന്നു കിടക്കുന്നു. സാധ്യമാകുന്ന തലത്തിൽ ഭിന്നതകൾ കുറയ്ക്കാനല്ല അതിന്റെ എണ്ണം കൂട്ടാനാണ് പലരും ശ്രമിക്കുന്നത്. അടിസ്ഥാന വിഷയങ്ങളിൽ പോലും ഒന്നിക്കാൻ മുസ്ലിം സമുദായത്തിന് കഴിയില്ല എന്ന ഉറപ്പിലാണ് പലരും മുന്നോട്ട് പോകുന്നത്.

പൗരത്വ നിയമത്തിൽ മുസ്ലിം സംഘടകൾ ഒന്നിച്ചു അണിനിരന്നത് നാം കണ്ടതാണ്. അതിനു ശേഷം പലരും പല വഴിക്ക് പോയി. രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെച്ച ആശയമാണ് വഖഫ് സ്ഥാപനങ്ങിൽ മുസ്ലിംകൾ അല്ലാത്തവർക്ക് ജോലി നൽകാമെന്നത്. വഖഫ് ഒരു മത വിഷയം എന്ന കാരണത്താൽ മുസ്ലിംകൾ അതിനെ ശക്തിയുക്തം എതിർത്തു. കേരള മുസ്ലിം സംഘടനകൾ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഒന്നിച്ചു പൊരുതാൻ തീരുമാനിച്ചു. നിയമം നടപ്പിൽ വന്നാലും നിയമനം നടപ്പിൽ വരുത്തില്ലെന്ന് സർക്കർ പലപ്പോഴും ഉറപ്പു നൽകിയിരുന്നു. അതും നൽകിയത് കേരളത്തിലെ പ്രബലമായ രണ്ടു സമസ്തകൾക്കും. ഈ വിഷയത്തിൽ ഒന്നിച്ചു മുന്നേറാനുള്ള സമുദായത്തിന്റെ ശക്തിയെയാണ് അന്ന് സമസ്ത തകർത്തത്.

പിണറായി എന്തോ ഉറപ്പ് കൊടുത്തു എന്ന പേരിൽ അന്ന് ജിഫ്രി തങ്ങൾ കൈകൊണ്ട തീരുമാനം ഇപ്പോൾ വെള്ളത്തിൽ വരച്ച വരപോലെയായി. മത പണ്ഡിതരെ കയ്യിലെടുക്കുക എന്നത് എക്കാലത്തെയും കമ്യുണിസ്റ്റ് അജണ്ടയാണ് . അതിനു സഖാവ് ലെനിനോളം പഴക്കമുണ്ട്. കാര്യം കഴിഞ്ഞാൽ അവർ വലിച്ചെറിയും എന്ന ചരിത്ര സത്യം ഒരുവേള ബന്ധപ്പെട്ടവർ മറന്നു പോയി. ഒറ്റ ഫോൺ വിളി കൊണ്ട് മാറ്റാൻ കഴിയുന്നതാണ് സമുദായത്തിന്റെ നിലപാടെന്ന് ഭരണകൂടം തിരിച്ചറിഞ്ഞു.

രണ്ടാം പിണറായി കാലത്ത് ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന വിഭാഗം മുസ്ലിംകൾ തന്നെ. അവരുടെ അവകാശങ്ങൾ ഓരോന്നോരോന്നായി ഭരണ കൂടം എടുത്തു കളയുന്നു. ന്യൂനപക്ഷ കമ്മീഷൻ ഇപ്പോൾ ഒരു സമുദായത്തിന്റെ കുത്തകയായി. മുസ്ലിംകളെ ഒറ്റപ്പെടുത്തുന്നതിൽ മോഡി സർക്കാരും പിണറായി സർക്കാരും തമ്മിൽ മത്സരമാണ്‌. സമുദായത്തെക്കാൾ സ്വന്തത്തിനു പ്രാധാന്യം നൽകുന്ന നിലപാട് നേതാക്കൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അപ്പുറത്ത് ഇടതു പക്ഷത്തിന്റെ സ്ഥാനാർഥി നിർണയത്തിൽ പോലും കൃസ്ത്യൻ സമൂഹം ശക്തമായ സ്വാദീനം ചെലുത്തുന്നു. പള്ളിക്കാരെയും സഭകളെയും തങ്ങളുടെ പാർട്ടി മുഖമാക്കുന്നതിൽ അവർ ഒരു വിഷമവും കാണുന്നില്ല. ഒരു കാലത്ത് യു ഡി എഫ് വോട്ടുബാങ്ക് എന്നറിയപ്പെട്ടിരുന്ന കൃസ്ത്യൻ സമൂഹം അധികാരമില്ലാത്ത യു ഡി എഫിനെ പുറം കാലുകൊണ്ട്‌ തൊഴിച്ചു പുറത്താക്കിയിരിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരം വാഴുന്നവരെ അവർ ദൈവമായി അംഗീകരിച്ചിരിക്കുന്നു. അതിൽ തന്നെ ചിലർ കേരളത്തിൽ നിലനിൽക്കുന്ന മതേതര സംസ്കാരത്തെ പൂർണമായി നിരാകരിക്കുന്ന നിലപാടിലേക്ക് മാറിയിരിക്കുന്നു. സംഘ പരിവാറിന്റെ ഭാഗമാകാൻ അവർക്ക് ഒരു മടിയും നാം കണ്ടില്ല.

അവിടെയാണ് മുസ്ലിം പണ്ഡിതർ നിലപാടില്ലാതെ ഉഴലുന്ന കാഴ്ച നാം കാണേണ്ടി വരുന്നത്. നിലപാടുള്ള ദർശനമാണ്‌ ഇസ്ലാം. കേരള മുസ്ലിംകളുടെ രാഷ്ട്രീയ നിലപാട് ഉറപ്പിക്കുന്നതിൽ സമസ്തക്ക്‌ വലിയ പങ്കുണ്ടായിരുന്നു. ചിലരുടെ അപക്വമായ ഇടപെടൽ മൂലം അതെല്ലാം തകർന്നിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത സമുദായം എന്നാണു ഭരണ കൂടങ്ങൾ ഇപ്പോൾ മനസ്സിലാക്കിയ കാര്യം.

സമസ്തയുടെ ഒരു ഭാഗം പണ്ട് മുതലേ അധികാരത്തിന്റെ ഭാഗത്താണ് . ബാക്കി ഭാഗം കൂടി തങ്ങളോടൊപ്പം ചേർക്കാൻ കഴിഞ്ഞു എന്നതിൽ പിണറായി സർക്കാർ സന്തോഷിക്കുന്നു. വഖഫ് വിഷയത്തിൽ മുസ്ലിം സംഘനട നേതാക്കൾക്ക് സർക്കാർ നൽകിയ ഉറപ്പിനെ എങ്ങിനെ കാണുന്നു എന്നത് നേതാക്കളാണ് പറയേണ്ടത്. കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ല എന്ന് പിണറായി പലപ്പോഴും പറയാറുണ്ട്‌ . പിണറായി സർക്കാരിന്റെ നിലപാട് വെച്ച് നോക്കിയാൽ നിയമം നടപ്പാക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ കേരളം മുന്നിൽ തന്നെ ഉണ്ടാകും എന്നുറപ്പാണ്.

പ്രവാചക കാലത്തെ ജൂതരെ കുറിച്ച് ഖുർആൻ ഇങ്ങിനെ പറയുന്നു “നിങ്ങൾ അക്കൂട്ടരെ സ്‌നേഹിക്കുന്നു. അവരോ, നിങ്ങളെ സ്‌നേഹിക്കുന്നില്ല.” മുസ്ലിം സമൂഹത്തിന്റെ രക്ഷകരായി പലരെയും കാണുന്നു. ഒരു വിളിയിൽ നാം നിലപാട് മാറ്റുന്നു . പക്ഷെ അവർ നിലപാടിൽ ഉറച്ചു നിൽക്കുന്നു. കാലം മാപ്പ് തരാത്തവരായി നാം മാറാതിരിക്കുക.

Related Articles