Current Date

Search
Close this search box.
Search
Close this search box.

ലെബനാൻ വീണ്ടും ആഭ്യന്തര കലാപത്തിലേക്കോ?

മിഡിലീസ്റ്റിലെ പാരീസെന്നും മെഡിറ്ററേനിയൻ തീരത്തെ രത്‌നമെന്നുമൊക്കെ ഒരുകാലത്ത് വിളിക്കപ്പെട്ടിരുന്ന ലെബനാൻ തലസ്ഥാനമായ ബൈറൂത്ത് വീണ്ടും കത്തുകയാണ്. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ തെരുവു യുദ്ധത്തിനാണ് തലസ്ഥാനമായ ബൈറൂത്ത് നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 1975 മുതൽ 1990 വരെ നീണ്ട നിർഭാഗ്യകരമായ ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിലേക്ക് രാജ്യം വീണ്ടും എടുത്തെറിയപ്പെടുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറു പേരും ഹിസ്ബുല്ല, അമൽ പാർട്ടികളിൽപെട്ട ശിഈ വിഭാഗക്കാരാണെന്ന് റിപ്പോർട്ടുകളുണ്ട്. അവർക്ക് നേരെ വെടിയുതിർത്തത് ക്രിസ്ത്യൻ പാർട്ടിയായ ലെബനീസ് ഫോഴ്‌സസിന്റെ (അൽ ഖുവ്വത്തുൽ ലുബനാനിയ എന്ന് അറബി നാമം) പ്രവർത്തകരാണെന്നും ആരോപിക്കപ്പെടുന്നു. ഇത് ശരിയാണെങ്കിൽ ലെബനാൻ വീണ്ടും ആഭ്യന്തര പോരാട്ടത്തിലേക്ക് നീങ്ങുമെന്ന് ന്യായമായും ആശങ്കിക്കേണ്ടതുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ ബൈറൂത്ത് പോർട്ടിലെ അതിശക്തമായ സ്‌ഫോടനത്തിന്റെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജഡ്ജി ത്വാരിഖ് ബിതാർ പക്ഷപാതിയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഹിസ്ബുല്ലയും സഖ്യ കക്ഷിയായ അമൽ പാർട്ടിയും നടത്തിയ പ്രതിഷേധത്തിനിടയിലാണ് എതിർ വിഭാഗത്തിൽനിന്ന് വെടിവെപ്പുണ്ടായത്. സൈനിക നടപടിയിലല്ല മരണങ്ങൾ ഉണ്ടായതെന്നും കെട്ടിടങ്ങളുടെ മുകളിൽനിന്നാണ് വെടിവെപ്പുണ്ടായതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ പ്രതിഷേധത്തെ നേരിടാൻ ലെബനീസ് ഫോഴ്‌സസ് പ്രവർത്തകർ തെരുവിലിറങ്ങിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

സാമുദായിക സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം പുനർ നിർവചിക്കപ്പെട്ട രാജ്യമാണ് ലെബനാൻ. ആഭ്യന്തര കലാപത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഫോർമുലയായിരുന്നു സുന്നി മുസ് ലിം വിഭാഗത്തിന് പ്രധാന മന്ത്രി പദവിയും മറോണൈറ്റ് ക്രിസ്ത്യൻ വിഭാഗത്തിന് പ്രസിഡന്റ് പദവിയും ശിഈ വിഭാഗത്തിന് പാർലമെന്റ് സ്പീക്കർ പദവിയും സംവരണം ചെയ്തുള്ള തീരുമാനം. അതുപോലും രാജ്യത്തെ നേരായ പാതയിലേക്ക് നയിക്കാൻ പര്യാപ്തമായിട്ടില്ല എന്നതാണ് ലെബനാന്റെ ദു:ഖം. മാർച്ച് 8 സഖ്യം, മാർച്ച് 14 സഖ്യം എന്നിങ്ങനെ രണ്ട് മുന്നണികളാണ് രാജ്യത്തിന്റെ രാഷ് ട്രീയ ഭാഗധേയം നിർണയിക്കുന്നത്. ഇരു മുന്നണികളിലും മുസ്ലിം, ക്രിസ്ത്യൻ പാർട്ടികളുണ്ട്.

ലെബനാനിലെ ശക്തമായ ക്രിസ്ത്യൻ സ്വാധീനമുള്ള പാർട്ടിയാണ് സമീർ ജഅജ നയിക്കുന്ന ലെബനീസ് ഫോഴ്‌സസ്. 128 അംഗ പാർലമെന്റിൽ ക്രിസ്ത്യാനികൾക്ക് സംവരണം ചെയ്യപ്പെട്ട 63 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടി വിജയിക്കുകയുണ്ടായി.

ആഭ്യന്തര കലാപകാലത്തെ സെക്‌റ്റേറിയൻ സംഘട്ടനങ്ങളിൽ കാര്യമായ പങ്കുണ്ട് മറോണൈറ്റ് ക്രിസ്ത്യാനികളുടെ ഈ പാർട്ടിക്ക്. ഇസ്രായിലിന്റെ ലെബനാൻ അധിനിവേശത്തിന് ഒത്താശ ചെയ്തുകൊടുത്തത് ബഷീർ ഗമായേൽ പാർട്ടിക്ക് നേതൃത്വം നൽകിയ കാലത്തായിരുന്നു. യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പി.എൽ.ഒ) ലെബനാനിൽനിന്ന് പുറത്താക്കാൻ ഇസ്രായിൽ സഹായം ആവശ്യപ്പെട്ടപ്പോൾ ഫലാഞ്ചിസ്റ്റ് മിലീഷ്യകളെ അതിന് നിയോഗിച്ചതും ബഷീർ ഗമായേൽ ആയിരുന്നു. 1982 സെപ്റ്റംബറിൽ ഇസ്രായിലിന്റെ ഐ.ഡി.എഫും ഫലാഞ്ചുകളും ചേർന്നാണ് സബ്‌റയിലെയും ശത്തിലയിലെയും ഫലസ്ത്വീൻ ക്യാമ്പുകളിൽ കൂട്ടക്കൊല നടത്തിയത്. ഫലസ്ത്വീനികളും ലെബനീസ് ശിഈകളും ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. തുടർന്ന് ഇസ്രായിലിന് തെക്കൻ ലെബനാനിൽ അധിനിവേശത്തിന് സൗകര്യമൊരുക്കിയതും ലെബനീസ് ഫോഴ്‌സസ് എന്ന പാർട്ടിയാണ്.

ഹിസ്ബുല്ലക്ക് ലെബനാന്റെ ഔദ്യോഗിക സൈന്യത്തേക്കാൾ കരുത്തുണ്ടെന്നത് രഹസ്യമല്ല. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ മിലീഷ്യയെ പിരിച്ചുവിടണമെന്ന ആവശ്യമൊക്കെ മുമ്പ പലപ്പോഴും ഉയർന്നതാണ്. എന്നാൽ അതു നടക്കുന്ന കാര്യമല്ലെന്ന് എല്ലാവർക്കുമറിയാം. ഇസ്രായിലിന്റെ ലെബനാൻ അധിനിവേശത്തിന് പ്രതിബന്ധം ഹിസ്ബുല്ലയാണ്. തെക്കൻ ലെബനാനിൽനിന്ന് ഇസ്രായിൽ സേനയെ കെട്ടുകെട്ടിച്ചതും 2008ൽ ലെബനാനെതിരെ ഇസ്രായിൽ നടത്തിയ ഭീകരമായ യുദ്ധത്തിൽ സയണിസ്റ്റ് സൈന്യത്തെ പ്രതിരോധിക്കാൻ രംഗത്തുണ്ടായതും സയ്യിദ് ഹസൻ നസറുല്ല നേതൃത്വം നൽകുന്ന ഹിസ്ബുല്ലയായിരുന്നു.

എന്നാൽ, ഹിസ്ബുല്ലയുടെ എല്ലാ ചെയ്തികളെയും ന്യായീകരിക്കാനാവില്ല. സമാന്തര സൈന്യമായി നിലകൊള്ളുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയാണെന്നതിൽ സംശയമില്ല. സർക്കാറിനെ സൃഷ്ടിക്കാനും താഴെയിറക്കാനും കെൽപുള്ള ഹിസ്ബുല്ല, തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒന്നിനെയും അംഗീകരിക്കാറില്ല. സിറിയയിൽ ഏകാധിപതിയും യുദ്ധക്കുറ്റവാളിയുമായ ബശ്ശാറുൽ അസദിനെ താങ്ങിനിർത്തുന്നതിൽ ഹിസ്ബുല്ലയുടെ പങ്ക് കുപ്രസിദ്ധമാണ്.

ലെബനീസ് പാർലമെന്റിൽ നിർണായക ശക്തിയായ പാർട്ടിയാണെന്നതു മാത്രമല്ല, ഇസ്രായിലിനെ നേരിടാൻ ത്രാണി ഹിസുബുല്ലക്ക് മാത്രമേയുള്ളൂവെന്ന് വലിയൊരു വിഭാഗം ലെബനീസ് ജനതയും സമ്മതിക്കുന്നു. ലെബനീസ് പ്രസിഡന്റും മറോണൈറ്റ് ക്രിസ്ത്യാനിയുമായ മിഷെൽ ഔനിന്റെ പാർട്ടിയായ ഫ്രീ പെയ്ട്രിയറ്റിക് മൂവ്‌മെന്റ് ഹിസ്ബുല്ല ഉൾപ്പെട്ട മാർച്ച് 8 സഖ്യത്തിന്റെ ഭാഗമാണ്. പാർട്ടിക്ക് 18 സീറ്റുകളുമുണ്ട്.

ലെബനാൻ രാഷ് ട്രീയം ഏറെക്കാലമായി അസ്വസ്ഥമാണ്. പുതിയ സംഭവ വികാസങ്ങൾ കൂടുതൽ രൂക്ഷത പ്രാപിക്കുകയാണെങ്കിൽ വലിയൊരു സെക്‌റ്റേറിയൻ കലാപമായി മാറാൻ അധിക സമയം വേണ്ടിവരില്ല. ലെബനീസ് ജനത തെരഞ്ഞെടുത്ത ഹിസ്ബുല്ലയെ ഭീകരപ്പട്ടികയിൽ പെടുത്തി (ഇസ്രായിലിനെ എതിരിടുന്നതാണ് കാരണം) ലെബനാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന അമേരിക്ക കലക്കുവെള്ളത്തിൽനിന്ന് മീൻ പിടിക്കാനുള്ള ശ്രമത്തിലാണ്. അതും പ്രശ്‌നങ്ങൾ രൂക്ഷമാക്കാനേ സഹായിക്കൂ.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles