Current Date

Search
Close this search box.
Search
Close this search box.

ഒരിക്കലും കൈവിട്ടു പോകാന്‍ പാടില്ലാത്ത ഒന്നാണ് ജാഗ്രത

പ്രവാചകന്റെ ഹിജ് റക്ക് ശേഷം അവതരിപ്പിക്കപ്പെട്ട അദ്ധ്യായങ്ങളില്‍ പ്രത്യേകമായി കാണാന്‍ കഴിയുന്ന ഒരു സവിശേഷത അത് വിശ്വാസികളോട് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്നു എന്നതാണ് . ജാഗ്രത ആര്‍ക്കും വേണ്ട ഗുണമാണ്. നീണ്ട കാലത്തെ ഉറക്കത്തില്‍നിന്ന് എഴുനേറ്റ ഗുഹാവാസികള്‍ ഭക്ഷണം വാങ്ങാന്‍ ഒരാളെ പറഞ്ഞയക്കുന്നുണ്ട്. അപ്പോള്‍ നല്‍കുന്ന ഉപദേശം “ തങ്ങള്‍ ആരാണെന്ന് മറ്റാര്‍ക്കും അറിയാതിരിക്കാന്‍ ജാഗ്രത കാണിക്കണം” എന്നായിരുന്നു. ജാഗ്രത കൈവിട്ടാല്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണു പോകുന്നയാള്‍ക്ക് നല്‍കുന്ന ഉപദേശം.

ജാഗ്രത എന്നത് ആശങ്കയായി മാറരുത്. പുതിയ സംഭവ വികാസങ്ങളെ എങ്ങിനെയാണ് വിശ്വാസികള്‍ കാണേണ്ടത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ജാഗ്രതയോടെ എന്നാകും. പക്ഷെ അതിലും കൂടുതല്‍ ആശങ്കയും നിരാശയുമാണ്‌ സമുദായത്തില്‍ നാം കാണുന്നത്.. അതില്‍ ഒന്നാണ് എന്തും ലോകാവസാനവുമായി ബന്ധപ്പെടുത്തി കാണുന്ന സമുദായ മനസ്സ്. അന്ത്യ ദിനം എന്നത് മുസ്ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ഒരിക്കല്‍ ഈ ലോകം അവസാനിക്കുമെന്നും ശേഷം മനുഷ്യര്‍ വിചാരണ നേരിടണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകം നല്‍കപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ സംഭവിക്കല്‍ നിര്‍ബന്ധമായ അന്ത്യ ദിനവുമായി വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ട ആശങ്ക ദൈവ സന്നിധിയില്‍ തന്റെ ഭാവി എന്താകും എന്നതിനെ കുറിച്ച് മാത്രമാണ്. അതെ സമയം ലോകത്തുണ്ടാകുന്ന എല്ലാ പ്രതിഭാസങ്ങളും അന്ത്യ ദിനത്തിന്റെ ലക്ഷണമായി കാണാനാണ് പലര്‍ക്കും താല്പര്യം.

അടുത്തിടെ കൊറോണ വയറസ് പോലുള്ള മഹാമാരിയെ കുറിച്ച് ഒരു മുസ്ലിം പണ്ഡിതന്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്നറിയിപ്പ് നല്‍കി എന്ന പേരിലായിരുന്നു. അതിനു സമാനമായ രീതിയില്‍ അറബി ഉദ്ധരണികളും എടുത്തു കൊടുത്തിരുന്നു. അതിലൂടെ അതിന്റെ പിന്നിലുള്ളവര്‍ ആഗ്രഹിക്കുന്ന ഒന്നുണ്ട്. എല്ലാം അവസാനിച്ചു എന്ന രീതിയില്‍ സമുദായത്തിനെ ബോധ്യപ്പെടുത്തുക. ഇത്തരം സാഹചര്യങ്ങള്‍ പ്രവാചക കാലത്തും നടന്നിട്ടുണ്ട്. അത് അന്ത്യ ദിനമായിരുന്നില്ല. അതെന്നു വരുമെന്ന് അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമായ അറിവാണ്. പ്രവാചകന്‍ ചില സൂചനകള്‍ നല്‍കി. ആ സൂചനകള്‍ നിരാശരാകാനുള്ള കാരണമല്ല. പകരം കൂടുതല്‍ പുണ്യം നേടാനും നല്ല രീതിയില്‍ ജീവിക്കാനുമുള്ള പ്രചോദനം മാത്രം.

Also read: ആഫ്രിക്കയിലെ മെഡിക്കൽ കൊളോണിയലിസം

പ്രവാചകന്‍ ജീവിച്ചിരിക്കെ ഉഹദ് യുദ്ധത്തില്‍ പ്രവാചകന്‍ കൊല്ലപ്പെട്ടു എന്ന പ്രചാരണം നാം കണ്ടതാണ്. ഒരു വേള സഹാബികളുടെ ഊര്‍ജം പിറകോട്ടു പോകാന്‍ അത് കാരണമായി. അതിനെ ശക്തമായി തന്നെ ഖുര്‍ആന്‍ ആക്ഷേപിച്ചു. “ മുഹമ്മദ്‌ ദൂതന്‍ മാത്രമാണ് . അദ്ദേഹത്തിന് മുമ്പും ദൂതന്മാര്‍ വന്നിട്ടുണ്ട്. അദ്ദേഹം കൊല്ലപ്പെടാം മരിക്കാം. ആ കാരണം കൊണ്ട് നിങ്ങള്‍ പിന്തിരിഞ്ഞു പോകുകയാണോ?” എന്നാണ് ഖുര്‍ആന്‍ ചോദിച്ചത്. അങ്ങിനെ സംഭിച്ചാല്‍ അല്ലാഹുവിനു ഒന്നും സംഭവിക്കില്ല എന്നും തുടര്‍ന്ന് പറയുന്നു. കൊറോണ ലോകത്തിന്റെ അവസാനമാണ് എന്ന് പ്രചരിപ്പിക്കുന്ന ആളുകള്‍ ധാരാളം. അതെ സമയം കഴിഞ്ഞ നാല് നൂറ്റാണ്ടിലും ഇത്തരം മഹാമാരികള്‍ ലോകത്ത് വന്നിട്ടുണ്ട്. ഇത്രമാത്രം സാങ്കേതിക മേന്മയില്ലാത്ത ലോകം അതിനെ കവച്ചു വെച്ചിട്ടുണ്ട്.

വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ലാത്ത രണ്ടു ഗുണങ്ങള്‍ ഭയവും നിരാശയുമാണ്‌. ഇത് രണ്ടും വിശ്വാസികളെ പുറകോട്ടടിക്കും. ഭയം എന്നത് കൊണ്ട് ഉദ്ദേശം തങ്ങളെ ആരെങ്കിലും ഇല്ലാതാക്കി കളയുമോ എന്ന ഭയമാണ് . അതില്‍ നിന്നും ഉടലെടുക്കുന്ന നിരാശയും. അതിനാണ് ജാഗ്രത കൈക്കൊള്ളാന്‍ ആവശ്യപ്പെടുന്നതും. ഇന്ത്യയില്‍ ദിനേന കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്നു . ലോകത്തില്‍ എല്ലായിടത്തും അത് തന്നെയാണ് അവസ്ഥ. മുസ്ലിം സംഘത്തിന്റെ ജാഗ്രത കുറവ് ചിലയിടങ്ങളില്‍ രോഗം എത്തിക്കാന്‍ കാരണമായിട്ടുണ്ട് എന്ന് നാം മനസ്സിലാകുന്നു. അതിന്റെ പേരില്‍ മുസ്ലിംകളെ ഭയപ്പെടുത്തുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വര്‍ദ്ധിക്കുന്നു. കൊറോണ പരത്തി എന്ന പേരില്‍ ഡല്‍ഹിയില്‍ ഒരാളെ അടിച്ചു കൊല്ലാന്‍ തുനിയുന്നു.

കേന്ദ്ര സര്‍ക്കാര്‍ അങ്ങിനെ പാടില്ല എന്ന് പറഞ്ഞു തീരും മുമ്പേ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും ആ ചര്‍ച്ച നിര്‍ത്തിയിട്ടില്ല. നമ്മില്‍ നിന്നും സംഭവിച്ച ചെറിയ ജാഗ്രത കുറവ് നമുക്ക് നല്‍കിയ വിശേഷണം കൊറോണയുടെ വിതരണക്കാര്‍ എന്നതാണ്. മറ്റൊരു രീതിയില്‍ ഇതെല്ലാം ഇങ്ങിനെ സംഭവിക്കും എന്ന് പണ്ടേ പറഞിട്ടുണ്ട് എന്ന രീതിയിലുള്ള പ്രചാരണവും. അത് ഏറ്റെടുക്കാന്‍ സമുദായം കാണിക്കുന്ന ഉത്സാഹവും.

കിട്ടുന്ന എന്തും ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കാലത്ത് മുസ്ലിം സമുദായം ആദ്യം നടപ്പാക്കേണ്ട നിര്‍ദ്ദേശം ജാഗ്രത പുലര്‍ത്തുക എന്നതാണ്. ആ ജാഗ്രതയുടെ ഭാഗമാണ് ഖുര്‍ആന്‍ നിരന്തരം ഉപദേശിക്കുന്ന “ തഖ്‌വ”. ഖുര്‍ആനിലെ അവസാനമായി അവതീര്‍ണമായ വചനം എന്ന് അധിക പണ്ഡിതരും പറയുന്ന “ നിങ്ങള്‍ അല്ലാഹുവിലേക്ക് മടക്കപ്പെടുന്ന ദിനത്തെ സൂക്ഷിക്കുക” എന്നതിന് ആ ദിനത്തെ കുറിച്ചും അതിലെ വിചാരണയെ കുറിച്ചും ജാഗ്രത പുലര്‍ത്തണം. അതെപ്പോള്‍ വരുംമെന്നറിയില്ല. ഒരിക്കല്‍ വരും. അതിനെ കുറിച്ച് ജാഗ്രതയില്ലാതെ ജീവിതം മുന്നോട്ടു പോകരുത് എന്ന വിശദീകരണം നല്‍കപ്പെടുന്നു. കടത്തിനും പലിശക്കും ഇടയിലാണ് ഈ വചനം വരുന്നത്. അതായത് നിത്യ ജീവതത്തിന്റെ തിരക്കില്‍ ഒരിക്കലും കൈവിട്ടു പോകാന്‍ പാടില്ലാത്ത ഒന്നാണ് ജാഗ്രത എന്ന് സാരം.

Related Articles