Current Date

Search
Close this search box.
Search
Close this search box.

സ്വീകരിക്കുന്നതിനെക്കാള്‍ സന്തോഷം ലഭിക്കുന്ന കാര്യമാണ് നല്‍കുന്നത്

ഒരു പണ്ഡിതന്‍ തന്റെ ശിഷ്യനൊപ്പം വിശാലമായി പരന്നുകിടക്കുന്ന വയലോരത്തൂടെ നടക്കുകയായിരുന്നു. നടത്തത്തിനിടെ പഴകിയൊരു ചെരുപ്പ് അവര്‍ കാണാനിടയായി. ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കര്‍ഷകന്‍ അഴിച്ചുവെച്ചതായിരുന്നുവത്. ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു: ഈ ചെരുപ്പ് ഒളിച്ചുവെച്ച് അയാളെന്താണ് ചെയ്യുന്നതെന്ന് നമുക്ക് മറഞ്ഞിരുന്ന് നോക്കിയാലോ. ഗുരു പ്രതിവചിച്ചു: മകനേ, പാവങ്ങളുടെ കണക്കുപുസ്തകത്തില്‍ നാം ഒരിക്കലും കയ്യിടാതെ നോക്കണം. നീ സമ്പന്നനാണ്, നിനക്ക് വേറെയും വഴികളിലൂടെ സന്തോഷം കണ്ടെത്താം. അല്‍പം പണം ആ ചെരുപ്പില്‍ ഒളിപ്പിച്ചുവച്ച ശേഷം മറഞ്ഞിരുന്ന് ആ കര്‍ഷകന്റെ പ്രതികരണം കാണുന്നതിനെപ്പറ്റി എന്താണ് നിന്റെ അഭിപ്രായം? ഗുരുവിന്റെ അഭിപ്രായം ഇഷ്ടപ്പെട്ട ശിഷ്യന്‍ ചെരുപ്പില്‍ അല്‍പം പണം വെക്കുകയും ഒളിഞ്ഞിരുന്ന് വീക്ഷിക്കുകയും ചെയ്തു. അല്‍പം കഴിഞ്ഞ് ചെരുപ്പ് ധരിക്കാന്‍ വന്ന കര്‍ഷകന്‍ ചെരുപ്പിനകത്ത് പണം കണ്ട് കാല്‍മുട്ടില്‍ വീണ് ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി പറഞ്ഞു: പടച്ചവനേ, എന്റെ മക്കള്‍ പട്ടിണിയിലാണെന്ന് മനസ്സിലാക്കിയ നിനക്ക് നന്ദി. ഈ പണം അത്യാവശ്യം ഭക്ഷണം വാങ്ങാനുള്ളതാണ്. ഗുരു ശിഷ്യനുനേരെ നോക്കി പറഞ്ഞു: ആദ്യം നീ പറഞ്ഞ കാര്യം ചെയ്താല്‍ കിട്ടുന്നതിലേറെ സന്തോഷം ഇപ്പോള്‍ നിനക്കില്ലേ!?

ഗുണപാഠം 1

പാവപ്പെട്ടവര്‍ ഒരിക്കലും പരിഹാസപാത്രമാവരുത്. അല്ലാഹു പാവപ്പെട്ടവനെ പടച്ചത് അവന്റെ ഇല്ലായ്മ കൊണ്ടല്ല, ദുഷിച്ചവനെ പടച്ചത് അവന്റെ അശക്തത കൊണ്ടും രോഗിയെ പടച്ചത് കഴിവില്ലായ്മ കൊണ്ടുമല്ല. അല്ലാഹു എത്രയോ മഹോന്നതാണ്. ഇവയെല്ലാം അവനിഷ്ടപ്പെട്ട രീതിയില്‍ അടിമകള്‍ക്കിടയില്‍ വീതിച്ചിട്ടുള്ള അവന്റെ ഔദാര്യമാണ്. അവന്‍ പണം കൊടുത്താലും തടഞ്ഞാലും അവന്‍ സമ്പന്നനാണ്. നല്ലതു പടച്ചാലും മോശം പടച്ചാലും അവന്റെ കഴിവാണത്. പാവപ്പെട്ടവനെയോ മറ്റോ പരിഹസിക്കുമ്പോള്‍ നമ്മളറിയാതെ അല്ലാഹുവിനെയാണ് നാം പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത്.

അവന്‍ ബുദ്ധിയെയും അത്തരത്തിലാണ് വീതിച്ചിരിക്കുന്നത്. അങ്ങേയറ്റം പാവപ്പെട്ടവരെ നാം കൂടെ നിര്‍ത്തണം. മൂസാ നബിയുടെ കാലത്ത് ഒരു ദരിദ്രനായ മനുഷ്യന്‍ കഴുതയെ മേച്ചിരുന്നു. അയാള്‍ ഒരിക്കല്‍ പറഞ്ഞത്രെ: അല്ലാഹുവേ, നിന്റെ പക്കലും കഴുതയുണ്ടെങ്കില്‍ എന്റെ കഴുതകള്‍ക്കൊപ്പം ഞാനതിനെ മേച്ചുകൊള്ളാം. ഇതറിഞ്ഞു കോപാകുലനായ മൂസാ നബിക്ക് അല്ലാഹു ദിവ്യബോധനം നല്‍കിയത്രെ: ഓ മൂസാ, ഞാന്‍ ജനങ്ങളെ അവരുടെ ബുദ്ധിയനുസരിച്ചാണ് പരിഗണിക്കുന്നത്!

ഗുണപാഠം 2

നന്മ ചെയ്തില്ലെങ്കിലും എന്നും നന്മമാത്രം കരുതുക. നിയ്യത്താണ് ചെറിയൊരു കര്‍മത്തെപ്പോലും സ്വര്‍ഗത്തിലേക്കുള്ള കോണിയാക്കി മാറ്റുന്നത്. അതുതന്നെയാണ് വലിയ കര്‍മത്തെപ്പോലും നരകത്തിലേക്കുള്ള വഴിയാക്കിമാറ്റുന്നതും. നബി തങ്ങള്‍ക്കു പിറകില്‍ ജമാഅത്തായി പള്ളിയില്‍ സുബ്ഹ് നിസ്‌കരിച്ചിരുന്ന ആളായിരുന്നല്ലോ ഇബ്‌നു സലൂല്‍. പക്ഷെ, ഈ മഹത്തായ കാര്യത്തിനു പിന്നില്‍ ഒരു ദുര്‍ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നരകത്തിന്റെ അടിത്തട്ടിലാണയാള്‍. ബനൂ ഇസ്‌റാഈലിലെ വ്യഭിചാരിണിയായ ഒരു സ്ത്രീ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗപ്രവേശം നേടി. ആ ചെയ്തത് വളരെ ചെറിയൊരു കാര്യമാണെങ്കിലും അതിനു പിറകില്‍ അല്ലാഹുവിന്റെ സൃഷ്ടികളോടുള്ള അലിവെന്ന മഹത്തായൊരു കാര്യമുണ്ടായിരുന്നു.

നരകം ആദ്യമായി ശിക്ഷിക്കുന്നത് മൂന്നുവിഭാഗം ആള്‍ക്കാരെയാണ്. രക്തസാക്ഷി, ഖുര്‍ആന്‍ പണ്ഡിതന്‍, സ്വദഖ ചെയ്തവന്‍! നിയ്യത്തുകാരണം ഫലമില്ലാതെ പോയ മൂന്നു വിശുദ്ധ കര്‍മങ്ങള്‍. അന്ത്യനാളില്‍ രക്തസാക്ഷിയായ മനുഷ്യനെ കൊണ്ടുവന്ന് ദുനിയാവില്‍ എന്തുചെയ്തുവെന്ന് ചോദിക്കുമ്പോള്‍ രക്തസാക്ഷ്യം വഹിക്കുന്നതുവരെ ഞാന്‍ നിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുവെന്നുപറയും. നീ പറയുന്നതു കളവാണെന്നും ധീരനെന്ന പേരിനുവേണ്ടിയാണ് നീയതു ചെയ്തതെന്നും അല്ലാഹു പറയുകയും അയാള്‍ നരകത്തിലിടപ്പെടുകയും ചെയ്യും. സമാനമായി, ഖുര്‍ആന്‍ പണ്ഡിതനെയും ഹാജരാക്കി ചോദിക്കും. ദുനിയാവില്‍ ഞാന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുവെന്ന് അയാള്‍ പറയും. നീ പറയുന്നതു കളവാണെന്നും പണ്ഡിതനെന്ന പേരിനുവേണ്ടിയാണ് നിങ്ങളതു ചെയ്തതെന്നു പറഞ്ഞ് അയാളെയും നരകത്തിലിടും. ദാനധര്‍മങ്ങള്‍ ചെയ്ത മനുഷ്യനോടും സമാനമായ ചോദ്യം ചോദിക്കും. നിന്റെ മാര്‍ഗത്തില്‍ പണം ചെലവഴിക്കാന്‍ കിട്ടിയ ഓരോ അവസരവും ഞാന്‍ ഉപയോഗിച്ചുവെന്ന് അയാളും പറയും. ധര്‍മിഷ്ടനെന്ന പേരിനുവേണ്ടിയാണ് നിങ്ങളതു ചെയ്തതെന്നും അതു പറയപ്പെട്ടുവെന്നും പറഞ്ഞ് അയാളും നരകത്തിലിടപ്പെടും. അവയവങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത കര്‍മമാണ് നിയ്യത്ത്. പക്ഷെ, അതു പിഴക്കുന്നതോടെ അവയവങ്ങളുടെ കര്‍മങ്ങളെയും അത് ബാധിക്കും. അതു നന്നായാല്‍ കര്‍മങ്ങളില്ലാതെ തന്നെ ചിലപ്പോള്‍ പ്രതിഫലം ലഭിക്കും.

ബനൂ ഇസ്‌റാഈല്യരെപ്പറ്റിയുള്ള ഒരു കഥയുണ്ട്. മൂസാ നബിയുടെ കാലത്ത് ശക്തമായ ക്ഷാമം പിടിപെട്ടൊരു സമയം പാവപ്പെട്ട ഒരു മനുഷ്യന്‍ പര്‍വതനിരകളെ നോക്കി പറഞ്ഞത്രെ: അല്ലാഹുവേ, ഈ പര്‍വതനിരകള്‍ പോലെ എന്റെ പക്കല്‍ സ്വര്‍ണമുണ്ടായിരുന്നെങ്കില്‍ അവയെല്ലാം നിന്റെ മാര്‍ഗത്തില്‍ ഞാന്‍ ചെലവഴിച്ചേനെ. തദ്‌സമയം, അല്ലാഹു മൂസാ നബിക്ക് ദിവ്യബോധനമറിയിച്ചു: എന്റെ ദാസനോടു പറഞ്ഞേക്കുക, ഞാനയാളുടെ ദാനധര്‍മം സ്വീകരിച്ചുവെന്ന്!

ഗുണപാഠം 3

സ്വീകരിക്കുന്നതിനെക്കാള്‍ സന്തുഷ്ടി ലഭിക്കുന്ന കാര്യമാണ് നല്‍കുകയെന്നത്. നല്‍കിയവര്‍ക്കല്ലാതെ അറിയാത്തൊരു മാധുര്യം അതിലുണ്ട്. സ്വീകരിക്കുന്നതിലേറെ കൊടുക്കല്‍ നമ്മുടെ ശീലമാവണം. നമ്മുടെ ദാനധര്‍മം പാവപ്പെട്ടവന്റേതിലേറെ നമ്മുടെ ആവശ്യമാണ്. കാരണം, അവര്‍ക്കത് ദുനിയാവിന്റെ ആവശ്യമാണ്. നമുക്ക് പരലോകത്തിന്റേതും.

ചുറ്റുമുള്ള ലോകത്തേക്ക് ഒരാവര്‍ത്തി കണ്ണോടിച്ചു നോക്കൂ. ഏറ്റവും മൂല്യമേറിയതൊക്കെയും കൂടുതല്‍ കൊടുത്തു ശീലമുള്ള കാര്യങ്ങളാണ്. ഏറ്റവും കൂടുതല്‍ ഫലം നല്‍കുന്ന മരത്തിനാണല്ലോ കൂടുതല്‍ വില. മേഖങ്ങളുടെ മൂല്യം അതു നല്‍കുന്ന മഴയിലും തണലിലുമാണ്. സൂര്യന്റെ മൂല്യം അതു നല്‍കുന്ന ഇളംചൂടിലും വെളിച്ചത്തിലുമാണ്. പണ്ഡിതന്മാരുടെ മൂല്യം അവര്‍ പകര്‍ന്നു നല്‍കുന്ന നന്മകളിലാണ്, തലപ്പാവിന്റെ വലിപ്പത്തിലോ താടിയുടെ നീളത്തിലോ അല്ല.

ഹൃദയത്തില്‍ നിന്നു നല്‍കുമ്പോള്‍ ആ നല്‍കുന്നതിലൊക്കെയും ഒരു മാധുര്യമുണ്ടാകും. നമ്മുടെ ഏറ്റവും വലിയ പ്രശ്‌നമെന്തെന്നാല്‍ എപ്പോഴും കിട്ടാനുള്ളതിനെക്കുറിച്ച് നാം ചിന്തിക്കുന്നുവെന്നതാണ്. നമ്മുടെ അവകാശങ്ങളെക്കുറിച്ച് ചോദിക്കുന്ന നാം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നേയില്ല. മറ്റുള്ളവര്‍ നമുക്കെന്തു ചെയ്തുവെന്ന് ചോദിക്കുന്ന നാം, മറ്റുള്ളവര്‍ക്ക് നമ്മളെന്തു ചെയ്തുവെന്നതെക്കുറിച്ച് ആലോചിക്കുന്നില്ല. പക്ഷെ, നമ്മുടെ അവകാശങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും ഉദാത്തമായ മാര്‍ഗം നമ്മുടെ ബാധ്യതകള്‍ ആദ്യം തന്നെ നിറവേറ്റുകയെന്നതാണ്.

ഗുണപാഠം 4

യഥാര്‍ഥ ദാനവും പിശുക്കും സമ്പത്തില്‍ മാത്രമല്ല. അത് വെറുമൊരു ഉപരിപ്ലവമായൊരു മാനം മാത്രമാണ്. സമ്പത്തിലേറെ മൂല്യമേറിയ ദാനങ്ങള്‍ ഒരുപാടുണ്ടവിടെ. ദൂരെയുള്ള സുഹൃത്തിനു വേണ്ടിയുള്ള തേട്ടം ദാനമാണ്! സുജൂദിലുള്ള സ്മരണ ദാനമാണ്! കോപിഷ്ഠനാവുമ്പോള്‍ ദേഷ്യം പിടിച്ചുവെക്കുന്നത് ദാനമാണ്! മാപ്പുനല്‍കല്‍ ദാനമാണ്! മറ്റുള്ളവരുടെ പിഴവുകള്‍ പൊറുക്കുന്നതും ദാനമാണ്. ഇക്കാര്യങ്ങളാണ് സമ്പത്തിലേറെ മനുഷ്യന് ആവശ്യമായിട്ടുള്ളത്.

ചിലപ്പോള്‍ ദുഃഖഭാരം പേറിയിരിക്കുമ്പോള്‍ ഒരു കൂട്ടിയിണക്കല്‍ മാത്രം മതിയാകും നമുക്ക്. എല്ലാം തകര്‍ന്നു കിടക്കുമ്പോള്‍ സ്‌നേഹസമ്പന്നമായ ഒരു തലോടല്‍ മാത്രം മതിയാകും. ആവശ്യസമയത്ത് ആത്മാര്‍ഥമായൊരു പ്രാര്‍ഥനയും വെപ്രാളപ്പെടുമ്പോള്‍ സ്‌നേഹമുള്ളൊരു കരുതലും മാത്രം മതി നമുക്ക്.

ദുനിയാവിലെ ഏറ്റവും മൂല്യമേറിയ കാര്യങ്ങള്‍ക്കൊന്നും വില നിശ്ചയിക്കാനാവില്ലതന്നെ! സല്‍ഗുണസമ്പന്നനായ ഒരു മകന്റെ വിലയെത്രയാണ്! മാതാവിന്റെ ഉള്ളുരുകിയുള്ള ദുആയുടെ വിലയെത്രയാണ്! സദ്‌വൃത്തയായ ഭാര്യയുടെ വിലയെത്രയാണ്! സ്‌നേഹനിധിയായ ഭര്‍ത്താവിന്റെ വിലയെത്രയാണ്! സ്‌നേഹസമ്പന്നനായ പിതാവിന്റെ വിലയെത്രയാണ്! വിശ്വസ്തനായൊരു സുഹൃത്തിന്റെ വിലയെത്രയാണ്! ഇക്കാര്യങ്ങളൊക്കെയും വില നിശ്ചയിക്കാനാവാത്തതാണ്, പണം കൊടുത്ത് വാങ്ങാന്‍ പറ്റാത്തതും. ഇതൊന്നുമില്ലാതെ, ദുനിയാവു മുഴുവന്‍ കൈക്കലാക്കിയാലും നാം ഫഖീറുമാര്‍ തന്നെയാണ്!

ഗുണപാഠം 5

കാര്യം വെറുമൊരു ചെരുപ്പിന്റേതായാലും നിന്റെ ചിന്തകൊണ്ട് നീ ഉന്നതനായിരിക്കണം. അബ്ദുല്ലാഹി ബിന്‍ മസ്ഊദി(റ)ന്റെ ചെരുപ്പ് ഒരിക്കല്‍ മോഷ്ടിക്കപ്പെടുകയുണ്ടായി. അദ്ദേഹം അപ്പോള്‍ ചെയ്ത ദുആ കണ്ടുനോക്കൂ: അല്ലാഹുവേ, ആ ചെരുപ്പ് എടുത്തവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് നീ ബറകത്ത് ചെയ്യണേ. ഇനിയവന്‍ ആവശ്യക്കാരനല്ലെങ്കില്‍ ഇതവന്റെ അവസാന തെറ്റാക്കി മാറ്റണേ. എത്ര മനോഹരമായൊരു പ്രാര്‍ഥന!

പ്രമുഖ ഇന്ത്യന്‍ രാഷ്ട്രീയ നേതാവായ മഹാത്മാ ഗാന്ധി ഒരു ട്രെയിനില്‍ കയറാനായി ഓടുകയായിരുന്നു. ഓടിപ്പിടിച്ച് കയറുന്നതിനിടെ ചെരുപ്പുകളില്‍ ഒന്ന് നിലത്തു വീണുപോയി. ഉടനടി അടുത്ത ജോഡിയും അദ്ദേഹം നിലത്തേക്കെറിഞ്ഞു. എന്തിനാണതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ഏതെങ്കിലുമൊരു പാവപ്പെട്ടവന് അത് ഉപകാരപ്പെട്ടോട്ടെ എന്ന് കരുതിയാണ്! എത്ര മനോഹരമായൊരു മറുപടി!
( തുടരും )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

 

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles