Columns

നവോത്ഥാനത്തെ സംരക്ഷിക്കുന്ന മതിലോ, ജാതി മതിലോ ?

വീടിനു ചുറ്റുമതില്‍ എന്തിനു എന്ന് ചോദിച്ചാല്‍ വീട് ആരെങ്കിലും എടുത്തു കൊണ്ട് പോകും എന്ന് ഭയന്നിട്ടല്ല. തന്റെ പരിധിയിലുള്ള വസ്തുക്കള്‍ സംരക്ഷിക്കുക എന്നതെ അത്‌കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. സര്‍ക്കാര്‍ തലത്തില്‍ നടത്താന്‍ പോകുന്ന നവോത്ഥാന മതിലും ആ അര്‍ത്ഥത്തില്‍ തന്നെയാകും മനസ്സിലാക്കപ്പെടുക. കേരള സമൂഹം നേടിയെടുത്ത നവോത്ഥാനം എവിടെയോ കളഞ്ഞു പോകുന്നു എന്ന് മനസ്സിലാക്കപ്പെടുന്നു. അത് കൊണ്ട് അത് സംരക്ഷിക്കപ്പെടണം എന്നത് നല്ല കാര്യമാണ്. കേരള നവോത്ഥാനത്തിനു മതങ്ങളുമായി അടുത്ത ബന്ധമുണ്ട്. കേരള നവോത്ഥാനം ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ മാത്രം കുത്തകയല്ല എന്നതും നമുക്കറിയാം.

ഇപ്പോള്‍ നടക്കുന്നത് കേരളം നവോത്ഥാനത്തെ സംരക്ഷിക്കാനുള്ള മതിലല്ല ജാതി സംരക്ഷണ മതിലാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. കാരണം മതിലിന്റെ ഭാഗമാകാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷണിച്ചത് ജാതി സംഘടനകളെ മാത്രമാണ്. ഹിന്ദു മതത്തിലെ വിശ്വാസ സംരക്ഷണ മതിലെങ്കില്‍ അത് ശരിയാണ്. അതെ സമയം ഹൈന്ദവ സംഘടനകളുടെ മാത്രം മതില്‍ കേരള സമൂഹത്തെ മൊത്തം പ്രതിനിധാനം ചെയ്യും എന്ന് പ്രചരിപ്പിക്കുന്നത് നവോത്ഥാനത്തോട് കാണിക്കുന്ന ക്രൂരതയാണ്. ശബരിമലയില്‍ ഇപ്പോള്‍ ഉടലെടുത്ത വിഷയം നവോത്ഥാനത്തിന്റെ അപചയമാണ് എന്ന് പറയാന്‍ കഴിയില്ല. നവോത്ഥാന മതിലിന്റെ ഭാഗമായവര്‍ തന്നെ ശബരിമല മതിലിന്റെ പുറത്താണ് എന്ന് പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

കേരള നവോത്ഥാനം പിറകോട്ടു നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നാം ഉണ്ടാക്കിയ പുരോഗമന കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ നിന്നും ഉള്‍വലിഞ്ഞു തുടങ്ങിയിട്ട് നാളേറെയായി. കേരള സമൂഹത്തില്‍ ഒരു കാലത്തു മേല്‍കോയ്മ നേടിയിരുന്ന ജാതി ചിന്തകളെ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞു എന്നിടത്താണ് സമൂഹം വിജയിച്ചത്. അതെ സമയം ആ ജാതി ചിന്തകളെ കൂടുതല്‍ ശക്തിപ്പെടുത്താനെ ഈ ജാതീയ മതിലിനു സാധിക്കൂ.

മതിലിനോട് മത സംഘടനകള്‍ അവരുടെ നിലപാട് അറിയിച്ചിരിക്കുന്നു. സമസ്തയുടെ നിലപാടിനെ തീര്‍ത്തും അസഹിഷ്ണുതയോടെയാണ് പലരും കണ്ടത്. മതത്തിന്റെ മതിലുകള്‍ അംഗീകരിച്ചു വേണം പുറത്തു മറ്റൊരു മതില്‍ കെട്ടാന്‍ എന്നാണ് അവരുടെ നിലപാട്. നവോത്ഥാനത്തിന്റെ പേരില്‍ മതങ്ങളുടെ ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് എന്നാണ് അവര്‍ പറയുന്നതും. അതെസമയം നാല് കെട്ടുമായി അതിനെ ചേര്‍ത്ത് വെക്കാനാണ് പലര്‍ക്കും താല്പര്യം. അതും ഇടതുപക്ഷത്തു നിന്നുള്ളവര്‍ക്ക്. നവോത്ഥാന മതിലിനെ മുതിര്‍ന്ന നേതാവ് വി എസും അംഗീകരിക്കുന്നില്ല എന്നാണു മനസ്സിലായത്. അതൊരു ജാതി മതിലാണ് എന്നാണ് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചത്. വര്‍ഗീയ മതില്‍ എന്നാണു പ്രതിപക്ഷം ഇതിനെ സൂചിപ്പിച്ചത്.

അതെസമയം സംഘ പരിവാര്‍ ബന്ധമുള്ള പലരും മതിലിന്റെ കാര്യത്തില്‍ വളരെ ആവേശത്തിലാണ്. സംഘ പരിവാറിന്റെ നവോത്ഥാന സംരംഭങ്ങള്‍ നമുക്കറിയാം. അത് തീര്‍ത്തും പ്രതിലോമപരമാണ്. ഹിന്ദു മതത്തിലെ ജാതി ചിന്തകളെ നിലനിര്‍ത്തി വേണം അത് സംഭവിക്കാന്‍ എന്നതാണ് അവരുടെ നിലപാട്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സമൂഹ വിഭജനം നിലനില്‍ക്കണം എന്ന സംഘ പരിവാര്‍ നിലപാടിനെ സാധൂകരിക്കാനെ ഈ മതിലിനു കഴിയൂ എന്നാണ് നമുക്കു മനസ്സിലാവുക.

കേരള നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ദിശയും നല്‍കിയതില്‍ മുസ്ലിം സമൂഹത്തിന്റെ സ്ഥാനം വലുതാണ്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സാക്ഷാല്‍ നവോത്ഥാന മതില്‍ ആയിരുന്നെങ്കില്‍ അതില്‍ എല്ലാ ജനവിഭാഗവും വരേണ്ടതായിരുന്നു. ഇപ്പോള്‍ ഉടലെടുത്ത ശബരിമല സ്ത്രീ പ്രവേശനത്തിന് മതിലുമായി ബന്ധമില്ല എന്ന് കണ്‍വീനര്‍ തന്നെ വ്യക്തമാക്കിയിരിക്കെ ഇതിന്റ പിന്നിലെ ഉദ്ദേശ ശുദ്ധി ആരെങ്കിലും ചോദ്യം ചെയ്താല്‍ തെറ്റ് പറയാന്‍ കഴിയില്ല. മൊത്തത്തില്‍ ഇതൊരു ഇടതുപക്ഷ നവോത്ഥാനമായി തോന്നുന്നില്ല എന്നെ ഇപ്പോള്‍ പറയാന്‍ കഴിയൂ.

Facebook Comments
Related Articles
Show More

Check Also

Close
Close
Close