Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയാണ് സൗദിയെ കയറൂരി വിടുന്നത് : യു.എസ് മാധ്യമങ്ങള്‍

പ്രസിഡന്റ് ട്രംപ് സഊദിയുടെ എല്ലാ കിരാത നടപടികളെയും പിന്തുണക്കുന്നു എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. ഒബാമ സഊദിയുടെ മുന്നില്‍ മുട്ട് മടക്കുന്നു എന്നായിരുന്നു മുമ്പ് ട്രംപ് ആരോപിച്ചിരുന്നത്. എന്നാല്‍ അതിലും കൂടുതലായി ട്രംപും നട്ടെല്ല് ചുരുക്കുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

ഖഷോഗിയെ ക്രൂരമായി കൊലപ്പെടുത്തി എന്ന് തന്നെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ വിരലുകള്‍ അടക്കം മുറിച്ചു കളഞ്ഞിരിക്കാം എന്നുവരെ ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നു വന്ന തങ്ങള്‍ക്ക് നേരെയുള്ള അഴിമതിയും ലൈംഗികാരോപണങ്ങളും പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ട്രംപ് സഊദിയുടെ കാടത്തങ്ങളെ മറയാക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനെ ഉപയോഗിക്കുന്നു എന്നും പത്രം പറയുന്നു.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ ഭരണകൂടത്തെ മോശമായി സ്വാധീനിക്കുന്നു എന്നും ആരോപണമുണ്ട്. കിരീടാവകാശിയുടെ അനുമതിയില്ലാതെ ഒരിക്കലും ഖഷോഗി കൊല്ലപ്പെടില്ല എന്നും പത്രം പറയുന്നു. കൊലയാളികളില്‍ നാല് പേര്‍ ഭരണകൂടവുമായി അടുത്തവരാണ് എന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. യമനില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക ഇടപെടല്‍ അമേരിക്ക വിചാരിച്ചാല്‍ നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. യമനിലെ തെരുവില്‍ അലഞ്ഞു നടക്കുന്ന കുട്ടികളുടെ അവസ്ഥ എന്ത് കൊണ്ട് ലോകം മനസ്സിലാക്കുന്നില്ല എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിക്കുന്നു എന്ന പേരില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനും അമേരിക്കന്‍ മാധ്യമങ്ങള്‍ സമയം കണ്ടെത്തുന്നു. സഊദി ലോകത്തു നടത്തുന്ന മതപഠന കേന്ദ്രങ്ങളിലൂടെ ഭീകരവാദവും തീവ്രവാദവും കയറ്റി അയക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. യമനില്‍ അല്‍ ഖാഇദക്കു പുതിയ യുദ്ധ മേഖല തുറന്നു കൊടുത്തത് സഊദിയാണ് എന്നും പത്രം പറയുന്നു. ‘ചുരുക്കത്തില്‍, ഭ്രാന്തന്‍ രാജകുമാരന്‍ പ്രാകൃതന്‍ മാത്രമല്ല, അയാള്‍ വിശ്വാസയോഗ്യമല്ലാത്തവനും അയോഗ്യനുമാണ്. അവന്‍ നമ്മുടെ താത്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നില്ല. അവന്‍ അവരെ നശിപ്പിക്കുന്നു. ഇറാനുമായി യുദ്ധം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നു’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തില്‍ പറയുന്നത്.

നമ്മുടെ (അമേരിക്കയുടെ) സഹകരണമില്ലാതെ സഊദിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു വിമാനത്തിന്റെ ഭാഗം പോലും മാറ്റാന്‍ അവര്‍ക്കു കഴിയില്ല എന്നിരിക്കെ കിരീടാവകാശിയെ കയറൂരി വിട്ടാല്‍ അത് പ്രദേശത്തിന്റെ സ്ഥിരത തന്നെ തകര്‍ക്കും എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്. ആയുധ കച്ചവടം എന്ന വിപണന തന്ത്രമാാണ് അമേരിക്കന്‍ ഭരണാധികാരികള്‍ മധ്യേഷ്യയില്‍ കാണുന്ന നേട്ടം. ആ നേട്ടം കൊണ്ട് ഇത്തരം ഭരണാധികാരികള്‍ വളര്‍ന്നു വരും എന്ന മുന്നറിയിപ്പും നല്കാന് പത്രങ്ങള്‍ മത്സരിക്കുന്നു.

ഖഷോഗിയുടെ കാര്യത്തില്‍ ഒരു അന്വേഷണം എന്നതിനേക്കാള്‍ നടപടി എന്നതാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നത്. ഇറാനെ ഒരു ഭാഗത്തു അമേരിക്കന്‍ ഭരണകൂടം പ്രതിയാക്കി നിര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വിഷയങ്ങളെ മോശമാക്കുന്നതു സഊദിയാണ് എന്ന അമേരിക്കന്‍ പത്രങ്ങളുടെ കണ്ടെത്തല്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും.

Related Articles