Current Date

Search
Close this search box.
Search
Close this search box.

ഡെമോക്രാറ്റുകളുടെ മുന്നേറ്റം: ട്രംപിനെ പ്രകോപിതനാക്കുന്നുവോ ? 

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പരാജയം ട്രംപിനെ എത്രമാത്രം പ്രകോപിതനാക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനം. ‘നമുക്ക് ഒന്നിച്ചു പലതും ചെയ്യാനുണ്ട്. വെറുതെ കഴിഞ്ഞ കാലത്തു നടന്ന കാര്യങ്ങളുടെ അന്വേഷണം എന്നു പറഞ്ഞു മുന്നോട്ടു പോയാല്‍ അതൊരു സമയം കൊല്ലല്‍ മാത്രമാകും. ജനപ്രതിനിധി സഭയെ ഉപയോഗിച്ച് നിങ്ങള്‍ നടപടികള്‍ തുടങ്ങിയാല്‍ സെനറ്റ് ഉപയോഗിച്ച് പണി തരാന്‍ ഞങ്ങള്‍ക്കും കഴിയും’ എന്നാണ് ഡെമോക്രാറ്റുകളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചത്.

അതിനിടെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം സി എന്‍ എന്‍ റിപ്പോര്‍ട്ടറുമായി തട്ടിക്കയറിയതു അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എന്ത് കൊണ്ട് കരീബിയന്‍ കുടിയേറ്റക്കാരെ മാറ്റി നിര്‍ത്തുന്നു, അവര്‍ക്കെതിരെ നടത്തിയ കാമ്പയിന്‍ ജനം സ്വീകരിച്ചില്ല എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് പരാജയം എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. ‘കുടിയേറ്റക്കാര്‍ ശരിയായ രീതിയില്‍ വന്നാല്‍ സ്വീകരിക്കുന്നത് കൊണ്ട് കുഴപ്പില്ല, അമേരിക്കക്ക് ആളുകളെ ആവശ്യമുണ്ട്’ എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. അതെ സമയം എന്ത് കൊണ്ട് അവരെ ‘അധിനിവേശക്കാര്‍’ എന്ന് വിളിക്കുന്നു എന്ന ചോദ്യമാണ് ട്രംപിനെ വിറളി പിടിപ്പിച്ചത്. റഷ്യക്ക് വിവരം ചോര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട അടുത്ത ചോദ്യത്തിന് മുതിര്‍ന്ന സി എന്‍ എന്‍ ലേഖകന്‍ ഖശാ ആകസ്റ്റയെ ‘വകതിരിവില്ലാത്തവന്‍, ഭീകരന്‍’ എന്ന വാക്കുകളുപയോഗിച്ചാണ് ട്രംപ് ആക്ഷേപിച്ചത്. ‘അദ്ദേഹത്തില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങൂ’ എന്നും, ഈ ലേഖകന്‍ സി എന്‍ എന്നിന് അപമാനമാണ് എന്നും പറഞ്ഞു.

ട്രംപിന്റെ ഇന്നലത്തെ വാര്‍ത്ത സമ്മേളനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ ഇടയുള്ള രാഷ്ട്രീയ സംഘട്ടനങ്ങളുടെ തുടക്കമായി നിരീക്ഷകര്‍ കാണുന്നു. റഷ്യക്ക് തിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്ത ചോര്‍ത്തി കൊടുത്തു എന്ന് പറയപ്പെടുന്നത് തീര്‍ച്ചയായും അന്വേഷണ പരിധിയിലാണ് എന്നാണു ഡെമോക്രാറ്റുകള്‍ പറയുന്നത്. ആളുകളുടെ നികുതി പണം കൊണ്ട് സമയം കളയുന്ന കാര്യങ്ങള്‍ ചെയ്താല്‍, പറ്റാവുന്ന രീതിയില്‍ ഞങ്ങളും തിരിച്ചടിക്കും എന്നത് ട്രംപിന്റെ വരാനിരിക്കുന്ന നാളുകള്‍ അസ്വസ്ഥമായിരിക്കും എന്ന സൂചന തന്നെയാണ് നല്‍കുന്നത്.

Related Articles