Current Date

Search
Close this search box.
Search
Close this search box.

ബുലന്ദ്ശഹറിലെ കലാപവും ഫ്രാന്‍സിലെ സമരവും

പശുവിന്റെ ചാണകം കണ്ടു എന്നതാണ് നമ്മുടെ നാട്ടില്‍ ഒരു കലാപത്തിന് കാരണമായത്. അതിന്റെ പേരില്‍ ആസൂത്രിതമായി ഒരു പോലീസ് ഓഫീസറെ കൊന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. നമ്മുടെ നാട്ടില്‍ ജനം തെരുവില്‍ ഇറങ്ങുന്നത് പലപ്പോഴും മനുഷ്യര്‍ക്ക് വേണ്ടിയല്ല എന്നതാണ് രസകരം. അതെ സമയം അങ്ങ് ദൂരെ ഫ്രാന്‍സിലും കുറച്ചു ദിവസമായി ജനം തെരുവിലായിരുന്നു. വ്യത്യാസം അത് മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു എന്ന് മാത്രം. സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ക്ക് എതിരായി വലിയ സമരങ്ങളൊന്നും നമ്മുടെ നാട്ടില്‍ അടുത്ത കാലത്ത് നടന്നിട്ടില്ല. കര്‍ഷക സമരങ്ങള്‍ പലതും നടക്കുന്നു എന്നത് ശരിയാണ്. പക്ഷെ നാടിന്റെ നടുവൊടിക്കുന്ന നോട്ട് നിരോധനം, ഇന്ധന വില വര്‍ധന, കൃത്യതയില്ലാത്ത ജി.എസ്.ടി,വിലക്കയറ്റം എന്നതിനൊന്നും നമ്മുടെ നാട്ടില്‍ ആരും പ്രതിഷേധിക്കാറില്ല. അതെ സമയം പശു,അമ്പലം,പള്ളി എന്ന കാരണങ്ങള്‍ക്ക് സമരങ്ങള്‍ ധാരാളവും.

എന്ത് കൊണ്ട് യൂറോപ്പ് വികസിക്കുന്നു എന്ന് ചോദിച്ചാല്‍ അവിടെ പ്രതികരണ ശേഷിയുള്ള ജനമുണ്ട് എന്നത് തന്നെയാണ് ഒന്നാമത്തെ കാരണം. സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ അവര്‍ക്കൊരിക്കലും ഒന്നും തടസ്സമാവില്ല. അതെ സമയം നമ്മുടെ നാട്ടില്‍ അത്തരം വിഷയങ്ങള്‍ ഒരു പ്രാധാന്യമുള്ള കാര്യമായി ആരും പരിഗണിക്കുന്നില്ല എന്നത് തന്നെയാണ് ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നതും.

നിമിഷ നേരം കൊണ്ടാണ് പശുവിന്റെ ചാണകം കണ്ടെന്ന പേരില്‍ നൂറു കണക്കിന് ആളുകളെ കൂട്ടാന്‍ കലാപകാരികള്‍ക്കു കഴിഞ്ഞത്. ആരോ പശുവിനെ കൊന്നിരിക്കുന്നു എന്ന വാര്‍ത്ത പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു വലിയ വര്‍ഗീയ കലാപമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന ഒന്നാണ് വഴി മാറി പോയത്. മുസ്ലിംകളും ഹിന്ദുക്കളും തിങ്ങി താമസിക്കുന്ന സ്ഥലമാണ് ബുലന്ദ്ഷഹര്‍ എന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരമാവധി വര്‍ഗീയത പുറത്തു കൊണ്ട് വരിക എന്ന സംഘ പരിവാര്‍ തീരുമാനമാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും മനസിലാവും. അതായത് വികസനമോ ഭരണ നേട്ടമോ അവര്‍ക്ക് പറയാനില്ല.

ഒരു ജനാധിപത്യ രീതിയില്‍ ജനം സര്‍ക്കാരുകളുടെ പ്രവര്‍ത്തങ്ങള്‍ സാകൂതം വീക്ഷിക്കും. സര്‍ക്കാരുകളുടെ നിലപാടുകളെ അവര്‍ തിരുത്തും. അതിനാണ് ജനാധിപത്യത്തില്‍ സമരം നിശ്ചയിച്ചിട്ടുള്ളത്. എന്ത് കൊണ്ട് നമ്മുടെ ജനാധിപത്യത്തില്‍ നിന്നും അത്തരം സമരങ്ങള്‍ വിട പറയുന്നതും അതെ സമയം പശു പോലുള്ള വിഷയങ്ങള്‍ പെട്ടെന്ന് കത്തി പടരുകയും എല്ലാ പരിധികളും കടന്നു പോകുകയും ചെയ്യുന്നു. ആള്‍ക്കൂട്ട കൊലകള്‍ വര്‍ധിക്കുക എന്നതിന്റെ അര്‍ത്ഥം നാം അപരിഷ്‌കൃത കാലത്തേക്ക് തിരിച്ചു പോകുന്നു എന്നതാണ്. അത്തരം കൊലകളുടെ പേരില്‍ നമ്മുടെ നാട്ടില്‍ ആരും ഇന്നുവരെ ശിക്ഷിക്കപ്പെട്ടില്ല,അതെ സമയം അവര്‍ ആദരിക്കപ്പെടുന്നു. നമുക്കു പരിചിതമായ രാജ ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും ഇങ്ങിനെ ഒരു അവസ്ഥ ഉണ്ടാകില്ല.

സംഘ പരിവാര്‍ ഭീകരത ഒരു സമയത്തു നാട്ടില്‍ ഭീതി പരത്തുമ്പോള്‍ ജന വിരുദ്ധ നിലപാടുകളോട് ജനം കാണിക്കുന്ന നിസ്സംഗത ജനാധിപത്യത്തെ തന്നെ പിറകോട്ടു വലിക്കുന്നു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ നാട്ടില്‍ കലാപവും വിദ്വേഷവും നടക്കുമ്പോള്‍ നമുക്കെങ്ങനെ സമാധാനമായി മുന്നോട്ടു പോകാന്‍ കഴിയും എന്നത് കൂടി ചിന്തിക്കണം. ഒരു ജനതയുടെ മുന്നോട്ടുള്ള യാത്ര അവരുടെ നിലപാടുകളെ കൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുക എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

Related Articles