Current Date

Search
Close this search box.
Search
Close this search box.

ഗൊരഖ്പൂര്‍ ശിശുമരണം: യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനോട് മാപ്പു പറയണം

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ 63 പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ മരിച്ചു വീണത്. ഇവിടുത്തെ ഡോക്ടര്‍ ആയിരുന്ന ഖഫീല്‍ അഹ്മദ് ഖാന്‍ സ്വന്തം നിലയില്‍ തന്റെ ക്ലിനിക്കില്‍ നിന്നും മറ്റു ആശുപത്രികളില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന പ്രയത്‌നം നടത്തിയതോടെയാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെയും സര്‍ക്കാരിനെയും സംഭവത്തിന്റെ പേരില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് ഖാന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയത്. പിന്നാലെ വാദി പ്രതിയാകുന്ന സ്ഥിതിവിശേഷമായിരുന്നു ഇവിടെ കാണാന്‍ സാധിച്ചത്. ശിശുക്കളുടെ മരണത്തിന് ഉത്തരവാദി കഫീല്‍ ഖാനാണെന്ന് ആരോപിച്ച് യോഗി സര്‍ക്കാര്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുത്ത് ജയിലിലടക്കുകയും ചെയ്തു. ഒമ്പത് മാസങ്ങള്‍ ജയിലില്‍ കിടന്ന അദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആരോപണങ്ങളെല്ലാം വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശിശുക്കളുടെ മരണത്തിന് ഉത്തരവാദി ഖഫീല്‍ ഖാനല്ലെന്ന് കാണിച്ച് അന്വേഷണ സംഘം വ്യാഴാഴ്ച ഖഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

2017 ഓഗസ്റ്റിലാണ് ഖാന്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രീഷനായി ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ഓഗസ്റ്റ് 10നും 11നുമാണ് 63 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ ഐ.സി.യുവിലും കുട്ടികളുടെ വാര്‍ഡിലുമായി മരിച്ചത്. ഓക്‌സിജന്‍ വിതരണ ഏജന്‍സിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് മരണകാരണമെന്ന് നേരത്തെ തന്നെ ആരോപണം ഉയരുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയരുകയും യോഗിയുടെ മണ്ഡലം കൂടിയായിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും പരാതികളുയര്‍ന്നു. തുടര്‍ന്ന് യോഗി ആശുപത്രി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഖാനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. കൃത്യമായ നടപടിയെടുക്കുന്നതില്‍ ഖാന്‍ പരാജയപ്പെട്ടെന്നും വിഷയം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും ആരോപിച്ചായിരുന്നു നടപടി. ഖാന്‍ എന്‍സഫലൈറ്റിസ് (മസ്തിഷ്‌ക വീക്കം) ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ വാര്‍ഡിന്റെ നോഡല്‍ ഓഫീസറായിരുന്നു എന്നും അതിനാല്‍ ആശുപത്രിയിലെ ഗുരുതരമായ അവസ്ഥ അറിയാമെന്നുമാണ് അദ്ദേഹത്തിനെതിരെയുണ്ടായിരുന്ന ആരോപണം. ആയിരക്കണക്കിന് കുട്ടികളാണ് മസ്തിഷ്‌ക ജ്വരം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.

ഒമ്പത് പേരെ പ്രതി ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡോ. ഖാനും മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും ഇതില്‍പ്പെടും. 2017 സെപ്റ്റംബര്‍ 2നാണ് യു.പി പൊലിസ് ഖാനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. എട്ടു മാസങ്ങള്‍ക്കു ശേഷം 2018 ഏപ്രിലില്‍ അലഹാബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകായിരുന്നു. ഖാന് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായ യാതൊരു തെളിവും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

‘എന്റെ കുട്ടികളുമായി സമയം ചിലവഴിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. ഞാന്‍ ജയിലിലേക്ക് പോകുമ്പോള്‍ എന്റെ മകള്‍ക്ക് 10 മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഞാന്‍ ജയിലില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ അവള്‍ക്ക് എന്നെ തിരിച്ചറിയാന്‍ പറ്റിയില്ല. ഇന്നും എനിക്ക് ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. ഇനിയും എനിക്ക് ഒരു കുട്ടിയെ രക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ ഇനുയും ഞാന്‍ അത് ചെയ്യും’ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഡോ. ഖാന്‍ പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നെ ബലിയാടാക്കുകയായിരുന്നു. ഇത്ര മാസമായിട്ടും റിപ്പോര്‍ട്ട് എനിക്ക് അയച്ചു തന്നിട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗം ഇപ്പോള്‍ എന്റെ സ്വകാര്യ പ്രാക്ടീസ് വിഷയത്തിലുള്ള കേസുമായി മുന്നോട്ടു പോകുകയാണ്. കുട്ടികളുടെ രണവും ആ കേസും തമ്മില്‍ യാതൊരു ബന്ധവുമില്ല. സര്‍ക്കാര്‍ നിര്‍ബന്ധമായും എന്നോട് മാപ്പു പറയണം. അന്ന് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ഇപ്പോഴും നീതി പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും സംഭവം സി.ബി.ഐ അന്വേഷിക്കുകയും വേണം.- ഖാന്‍ പറയുന്നു.

താന്‍ നിരപരാധിയാണെന്ന് തനിക്ക് എല്ലായ്പ്പോഴും അറിയാം. ആ നിര്‍ഭാഗ്യകരമായ ദിവസം, ഒരു ഡോക്ടര്‍, അച്ഛന്‍, ഒരു സാധാരണ ഇന്ത്യക്കാരന്‍ എന്നീ നിലകളില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. പക്ഷേ എന്നെ ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ എന്നെ അപമാനിച്ചു, എന്റെ കുടുംബത്തെ ഉപദ്രവിച്ചു, ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. യഥാസമയം പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടവരാണ് യഥാര്‍ത്ഥ കുറ്റവാളികളെന്നും ഖഫീല്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് 15 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഖാന് കൈമാറിയത്. നേരത്തെ ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കുമാര്‍ ആയിരുന്നു ഈ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് അന്വേഷണത്തിനൊടുവില്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഡോ. കഫീല്‍ എന്‍സെഫലൈറ്റിസ് വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ ആയിരുന്നില്ല. അവധിയിലായിരുന്നിട്ടും, സ്വന്തംനിലയ്ക്ക് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചുവെന്നും ഓക്‌സിജന്റെ വിതരണത്തിനും ടെന്‍ഡര്‍, പണമടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഡോ. കഫീലിന് ഉത്തരവാദിത്തമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പതിവു പോലെ ബി.ജെ.പി സര്‍ക്കാര്‍ തങ്ങളെ വിമരര്‍ശിക്കുന്നവരെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ജയിലിലടച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെയും നടന്നിട്ടുള്ളത്. യു.പിയിലെ യോഗി സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങള്‍ പൊതുജനത്തിനു മുന്‍പില്‍ വിളിച്ചു പറയുന്നവരുടെ വായ മൂടികക്കെട്ടാനുള്ള ശ്രമമാണ് ഖഫീല്‍ ഖാന്‍ സംഭവത്തിലും അരങ്ങേറിയത്. ഖാന് നഷ്ടപ്പെട്ട ദിവസങ്ങളും ജോലിയും ജീവിതവും തിരിച്ചു നല്‍കാന്‍ യോഗി സര്‍ക്കാരിനാവുമോ. കുറഞ്ഞ പക്ഷം അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ജോലിയില്‍ തിരിച്ചെടുക്കാനും നഷ്ടപെട്ട ആനുകൂല്യങ്ങള്‍ നല്‍കാനെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാരും അധികാരികളും തയാറാകണം.

Related Articles