Current Date

Search
Close this search box.
Search
Close this search box.

ആളും സ്ഥലവും നോക്കിയുള്ള നിലപാട് !?

ആളും സ്ഥലവുമൊക്കെ നോക്കിയാണോ മനുഷ്യാവകാശ ലംഘനങ്ങൾ നിശ്ചയിക്കുക? ലോബിയിങ്ങിലൂടെ മായ്ച്ചു കളയേണ്ടതാണോ യുദ്ധക്കുറ്റങ്ങൾ? ജനീവയിൽ ചേർന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ (UNHRC) യോഗം രണ്ടു വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ അതിലേക്ക് വിരൽ ചൂണ്ടുന്നു.

പാഠം ഒന്ന്, യെമൻ:
ഏഴു വർഷത്തിലേറെയായി തുടരുന്ന യെമനിലെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന യു.എൻ നേതൃത്വത്തിലുള്ള കമ്മീഷന്റെ കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് നെതർലാന്റ്‌സ് അവതരിപ്പിച്ച പ്രമേയം ബഹ്‌റൈന്റെയും റഷ്യയുടെയും നേതൃത്വത്തിൽ പരാജയപ്പെടുത്തി. കൗൺസിലിന്റെ 15 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പ്രമേയം പരാജയപ്പെടുന്നത്.

ഒരു ലക്ഷത്തിലേറെ പേർ കൊല്ലപ്പെടുകയും 40 ലക്ഷത്തിലേറെ പേർ ഭവനരഹിതമാക്കപ്പെടുകയും ചെയ്ത രാജ്യമാണ് യെമൻ എന്നോർക്കണം. അവിടെ ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും പൊരിഞ്ഞ പോരിലാണ്. ഇരു വിഭാഗങ്ങളും ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തിയതായി യു. എൻ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. അത് അന്വേഷിക്കേണ്ടെന്നാണ് ബന്ധപ്പെട്ട കക്ഷികളും അവരുടെ സുഹൃദ് രാജ്യങ്ങളും പറയുന്നത്. ബഹ്‌റൈനാണ് 47 അംഗ കൗൺസിലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. നെതർലാന്റ്‌സിന്റെ പ്രമേയത്തിനെതിരെ 21 രാജ്യങ്ങൾ വോട്ടു ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കേണ്ടെന്ന് വാദിച്ച രാജ്യങ്ങൾ ഏതെന്ന് അറിയുന്നത് കൗതുകകരമാകും. ചൈന, ക്യൂബ, പാക്കിസ്ഥാൻ, റഷ്യ, വെനിസ്വേല, ഉസ്‌ബെക്കിസ്ഥാൻ…! ബ്രിട്ടൻ, ഫ്രാൻസ്, ജർമനി ഉൾപ്പെടെ 18 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും വോട്ടു ചെയ്തു. അനുകൂലിച്ചവർ വലിയ പുണ്യവാളന്മാരാണെന്ന് കരുതേണ്ട. ആയുധ വിൽപന നടത്തി യുദ്ധക്കുറ്റങ്ങൾക്ക് കൂട്ടുനിന്നവരാണ് ബ്രിട്ടനും ഫ്രാൻസുമൊക്കെ. അമേരിക്കക്ക് നിരീക്ഷക പദവിയാണ് കൗൺസിലിലുള്ളത്. ഇല്ലെങ്കിൽ യു. എസും അനുകൂലിച്ചു വോട്ടു ചെയ്‌തേനെ. യെമനിലെ ആയുധവിൽപനക്കാരിൽ മുൻപന്തിയിലായിരുന്നല്ലോ അമേരിക്കയും!

പാഠo രണ്ട്, അഫ്‌ഗാനിസ്ഥാൻ:
ജനീവയിലെ യു.എൻ മനുഷ്യാവകാശ കൗൺസിൽ (UNHRC) യോഗം തന്നെ വേദി. അഫ്ഗാനിസ്ഥാനിൽ താലിബാനും മറ്റു കക്ഷികളും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്നതിന് 2022 മാർച്ച് വരെ കാലാവധിയുള്ള സ്പെഷ്യൽ റാപ്പോർട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യൂറോപ്യൻ യൂനിയൻ അവതരിപ്പിക്കുന്നു. 47 അംഗ സമിതിയിൽ അഞ്ചിനെതിരെ 28 വോട്ടുകൾക്ക് പ്രമേയം പാസ്സാകുന്നു. 14 രാജ്യങ്ങൾ വിട്ടുനിന്നു. ചൈന, പാക്കിസ്ഥാൻ, റഷ്യ, വെനീസ്വേല, എരിത്രിയ എന്നീ രാജ്യങ്ങളാണ് എതിർത്തു വോട്ടു ചെയ്തത്. ഇതിൽ എരിത്രിയ ഒഴികെയുള്ളവ യെമന്റെ കാര്യത്തിൽ സ്വീകരിച്ച അതേ നിലപാട് ഇവിടെയും കൈക്കൊണ്ടു. യെമനിലെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കേണ്ട, താലിബാന്റേത് അന്വേഷിക്കണം എന്ന ഇരട്ടത്താപ്പ് അവർ സ്വീകരിച്ചില്ല. തെറ്റായാലും ശരിയായാലും അതൊരു നിലപാടാണ്. എന്നാൽ യെമന്റെ വിഷയത്തിൽ പ്രമേയത്തെ എതിർത്തും അഫ്ഗാനിൽ അനുകൂലിച്ചും വോട്ട് ചെയ്ത രാജ്യങ്ങളുണ്ട്. അതാണ് ഇരട്ടത്താപ്പ്.

മാത്രമല്ല, താലിബാന്റെ കുറ്റങ്ങൾ അന്വേഷിക്കാൻ ഇറങ്ങിത്തിരിച്ചവർ 20 വർഷത്തെ അമേരിക്കൻ/നാറ്റോ ഭീകരതയെ കുറിച്ച് മിണ്ടുന്നില്ല! രണ്ടാം താലിബാൻ സർക്കാരിനെ ഒരു രാജ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. അവിടെ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങൾക്ക് നേരെ നിതാന്ത ജാഗ്രതയും വേണം. എന്നാൽ യുദ്ധക്കുറ്റങ്ങളുടെ വിഷയത്തിലെ ഇരട്ടത്താപ്പ് നീതികേടാണ്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles