Current Date

Search
Close this search box.
Search
Close this search box.

ഫൈസല്‍ വധം: ആദര്‍ശ മാറ്റത്തിന് നല്‍കേണ്ടി വന്ന വില

ഫൈസല്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം തികയുന്നു. ആദര്‍ശ മാറ്റത്തിന് ഒരാള്‍ നല്‍കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു എന്ന് കൂടി ഓര്‍ക്കാന്‍ ഒരു ദിനം. ഇഷ്ടമുള്ള വിശ്വാസം അംഗീകരിക്കാനും പ്രചരിപ്പിക്കാനും അവകാശമുള്ള നാടാണ് നമ്മുടേത്. എന്നിട്ടും അതിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുക എന്നത് തീര്‍ത്തും പാടില്ലാത്തതും. ഭയപ്പെടുത്തുക എന്നത് ഒരു ശൈലിയാണ്. ആരെങ്കിലും ഫൈസലിന്റെ വഴിയിലേക്ക് നീങ്ങിയാല്‍ അവരുടെ അന്ത്യവും ഇപ്രകാരം എന്ന സൂചനയായി മാത്രമേ നമുക്കതിനെ കാണാന്‍ കഴിയൂ.

ഫൈസല്‍ വധം കൊണ്ട് ഉദ്ദേശിച്ച ഫലം കൃത്യം ചെയ്തവര്‍ക്ക് ലഭിക്കാതെ പോയി എന്നത് കൂടി ചേര്‍ത്ത് വായിക്കണം. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും പലരും പിന്നീട് ഫൈസലിന്റെ വഴിയിലേക്ക് വന്നതാണ് കാണാന്‍ സാധിച്ചത്. ഫൈസല്‍ എന്ത് കൊണ്ട് കൊല്ലപ്പെട്ടു എന്നത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. രാഷ്ട്രീയ കൊലപാതകത്തിന് പഞ്ഞമില്ലാത്ത നാട്ടില്‍ ഈ കൊലയും ആ പട്ടികയിലേക്ക് മാറ്റാനായിരുന്നു ചിലര്‍ ശ്രമിച്ചത്. ഒരു ആദര്‍ശം മാറി എന്നത് മാത്രമാണ് ആ കൊലയുടെ കാരണം. അത് മാത്രമാണ് കാരണം. ഒരാള്‍ക്ക് താന്‍ ആഗ്രഹിക്കുന്ന എന്തിലേക്കും മാറാന്‍ കഴിയുക എന്നത് അയാളുടെ മൗലിക അവകാശമാണ്. അതിനെതിരെ നടക്കുന്ന എല്ലാം ജനാധിപത്യ വിരുദ്ധതയാണ്. അപ്പോള്‍ വാസ്തവത്തില്‍ നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒന്നായിരുന്നു ആ കൊലയും.

അയാള്‍ എങ്ങോട്ടു മാറി എന്നതിന്റെ പേരിലല്ല പകരം മൗലികാവകാശത്തിന്റെ വെളിച്ചം നിലനില്‍ക്കണം എന്നതിന്റെ പേരില്‍. ഗ്രഹാം സ്റ്റയില്‍ കൊല്ലപ്പെട്ടപ്പോള്‍ നാം അത് ചര്‍ച്ച ചെയ്തു. അത് തന്നെയല്ലേ ഫൈസലിന്റെ കാര്യത്തിലും നടന്നത്. സംഘ് പരിവാര്‍ ശക്തികള്‍ക്ക് നാട്ടില്‍ ഭരണമില്ലെങ്കിലും ഭരണത്തില്‍ കാര്യമായ പിപാടുണ്ട് എന്നത് ഇന്നെല്ലാവരും സമ്മതിക്കുന്നു. അവരോടു നാട്ടിലെ ഭരണകൂടവും പോലീസും സ്വീകരിക്കുന്ന നിലപാടില്‍ നിന്നും അത് മനസ്സിലാക്കാം. നാട്ടില്‍ കരുതി കൂട്ടി വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്നതാണ് കാസര്‍ഗോഡും മലപ്പുറത്തും നടത്തിയ കൊലകളുടെ ഉദ്ദേശം. മുസ്ലിം സമുദായം ഈ വിഷയത്തില്‍ സ്വീകരിച്ച സംയമനം ഉണ്ടാവാന്‍ സാധ്യതയുള്ള ഒരു കലാപത്തെ ഇല്ലാതാക്കി എന്ന് വേണം പറയാന്‍.

വെറുതെ ആരെങ്കിലും പൊന്നാനി കടപ്പുറത്തു നിന്നും കടലിലേക്ക് നോക്കിയാല്‍ പാകിസ്ഥാന്‍ കപ്പല്‍ പ്രതീക്ഷിച്ചു നില്‍ക്കുകയാണ് എന്ന് പറയുന്ന ഒരു മാനസിക അവസ്ഥ പിടിച്ച കാലമാണിത്. മതത്തെ എങ്ങിനെ കലാപത്തിന് ഉപയോഗിക്കാം എന്നതാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പഠനം. കേരളത്തിന് പുറത്ത് അത് വേര് പിടിച്ചു. കേരളവും ആ രീതിയിലാക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നതും. കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണു ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ശബരിമല പവിത്രമായ സ്ഥലമായി ഹിന്ദു സമൂഹം കണക്കാക്കുന്നു. അത് പോലും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കാന്‍ സംഘ പരിവാറിന് ഒരു മനക്കുത്തുമില്ല. ഫൈസല്‍ വധത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ സംഘ പരിവാര്‍ പ്രവര്‍ത്തകരാണ്. മറവി ചിലരുടെ കാര്യത്തില്‍ ഒരു അനുഗ്രഹമാണ്. ഫൈസല്‍ അങ്ങിനെ മറന്നു പോകാന്‍ പാടില്ല. അക്രമികള്‍ ചോദ്യം ചെയ്തതു നമ്മുടെ ഭരണഘടനയെയും വിശ്വാസ സ്വാതന്ത്രത്തെയുമാണ് എന്ന് കൂടി ചേര്‍ത്ത് വായിക്കണം.

Related Articles