Current Date

Search
Close this search box.
Search
Close this search box.

തിരിഞ്ഞു നടക്കുന്ന നവോത്ഥാനം

അല്ലാഹുവിന്റെ അടയാളങ്ങള്‍ ആദരവ് അര്‍ഹിക്കുന്നു. മാത്രമല്ല അത്തരം അടയാളങ്ങളെ ആദരിക്കുക എന്നത് ഹൃദയങ്ങളുടെ സൂക്ഷ്മത എന്ന ഗണത്തിലാണ് ഇസ്‌ലാം എണ്ണുന്നതും. അതിനോട് കാണിക്കുന്ന അനാദരവ് പാപമായും ഇസ്‌ലാം കരുതുന്നു. ആദരിക്കുക എന്നത് കൊണ്ട് ഉദ്ദേശ്യം അതിനു ദീന്‍ നല്‍കിയ സ്ഥാനം നല്‍കുക എന്നതുമാണ്. ആദരിക്കേണ്ട അടയാളങ്ങള്‍ ഏതെന്നും ഇസ്‌ലാം പറഞ്ഞു തന്നിട്ടുണ്ട്. ചരിത്രവും ഭക്തിയും ചേര്‍ത്ത് പുതിയ അടയാളങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് പലരും.

ചരിത്രത്തെ പാഠം എന്ന നിലയിലാണ് വിലയിരുത്തേണ്ടത്. ആ നിലയില്‍ എല്ലാ ചരിത്ര വസ്തുക്കള്‍ക്കും ഒരേ അവസ്ഥയാണുള്ളത്. ബദ്ര്‍ നടന്ന സ്ഥലം ഒരു ചരിത്ര ഭൂമിയാണ്. ഒരു പുണ്യ ഭൂമി എന്ന് പറയാന്‍ നമുക്ക് തെളിവുകളില്ല. ഫറോവയുടെ ജഡവും ഒരു ചരിത്ര വസ്തുവാണ്. രണ്ടിടത്തും നമുക്ക് പാഠമാകുക ശരിയും തെറ്റും തമ്മില്‍ നടന്ന സംഘട്ടനമാണ്. ബദ്‌റിലും ഉഹ്ദിലും പാഠമുണ്ട് എന്നാണ് ഖുര്‍ആനിക പ്രയോഗം. പക്ഷെ അധികം പേരും ആ പാഠത്തേക്കാള്‍ ആഗ്രഹിക്കുന്നത് അവിടുത്തെ പുണ്യമാണ്.

മക്കയിലെയും മദീനയിലെയും എല്ലാം പുണ്യമാണ് എന്ന നിലപാട് ഇസ്ലാമിനില്ല. പ്രവാചകന്റെ ശേഷിപ്പുകള്‍ പുണ്യമായി പിന്നീട് വന്ന ഭരണാധികാരികള്‍ കരുതിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം സൂക്ഷിക്കാനുള്ള അവസരം അവര്‍ എടുക്കുമായിരുന്നു. മസ്ജിദുല്‍ ഹറമിലോ മസ്ജിദുന്നബവിയിലോ അതിനു ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതായിരുന്നു. സഹാബികള്‍ അത് കാണാന്‍ ഇന്നത്തെ പോലെ വരി നില്‍ക്കുകയും ചെയ്യണമായിരുന്നു. പക്ഷെ അങ്ങിനെ ഒന്നും നാം കണ്ടില്ല. പ്രവാചകന്‍ ഉപഗോഗിച്ച വസ്ത്രങ്ങള്‍,പാത്രങ്ങള്‍ മറ്റു പലതും അങ്ങിനെ വരേണ്ടതായിരുന്നു. ആ കാലത്ത് തന്നെ അതൊന്നും ബാക്കി വന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.

അപ്പോഴാണ് മക്കയില്‍ നിന്നും മദീനയില്‍ നിന്നും പലതും ഇറക്കുമതി ചെയ്തു പൗരോഹിത്യം ജനത്തെ ചൂഷണം ചെയ്യുന്നത്. മക്കയില്‍ നിന്നും മദീനയില്‍ നിന്നും എന്ന് പറഞ്ഞാല്‍ എന്തും പുണ്യമാണ് എന്ന് വിശ്വസിക്കുന്ന അനുയായി വൃത്തം ഉണ്ടെന്നു കരുതി എന്തും വില്പന നടത്താനുള്ള തൊലിക്കട്ടി അപാരം തന്നെ. പ്രവാചകന്‍ ജനിച്ച സ്ഥലം ഒരു ചരിത്ര വസ്തുതയാണ്. പ്രവാചകന് ആദ്യ വഹ്‌യ് ലഭിച്ച സ്ഥലവും അങ്ങിനെ തന്നെ. സൗര്‍ ഗുഹയും ഒരു ചരിത്ര സംഭവമാണ്. പക്ഷെ അതിലെ ചരിത്രം എന്നതിലപ്പുറം അതിലെ ഭക്തിയാണ് പലരും തേടുന്നത്. അവിടെ പ്രത്യേകം പുണ്യമുള്ളതായി പ്രവാചകന്‍ പറഞ്ഞിട്ടില്ല എന്ന് കൂടി ചേര്‍ത്ത് പറയണം.

നവോത്ഥാന കേരളത്തില്‍ എല്ലാം തിരിച്ചു നടക്കുകയാണ്. ഒരിടത്തു പൗരോഹിത്യം ജനതയെ ചൂഷണം ചെയ്യുന്നു. പ്രവാചകന് പോലും പറയപ്പെടാത്ത ഗുണങ്ങള്‍ തങ്ങളുടെ നേതാവിന് ഉണ്ടന്ന് പലരും പറഞ്ഞു നടക്കുന്നു. വ്യക്തി പൂജയിലേക്കു കാര്യങ്ങള്‍ പോകുന്നു എന്നതാണ് അവസാന വിഷയം. തെറ്റുപറ്റാത്തവന്‍ എന്നത് പ്രവാചകന്റെ വിശേഷണമാണ്. ചില പിഴവുകള്‍ വന്നെങ്കിലും അതെല്ലാം അള്ളാഹു നേരിട്ട് തിരുത്തും. പ്രവാചകന്മാര്‍ ഒഴികെ മറ്റാര്‍ക്കും ആ പദവി ലഭിക്കില്ല. അതെ സമയം ഈ വിശേഷണം പലരും കടമെടുത്തതായി കാണുന്നു. കേരള മുസ്‌ലിം നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വഴിയിലാണ്. കേരള മുസ്ലിം സമൂഹം ഒരിക്കല്‍ പടിക്കു പുറത്തു നിര്‍ത്തിയ പലതും ഇന്ന് പടികടന്നു വരുന്നു. ഒരു കാലത്ത് പ്രമാണങ്ങള്‍ എന്നതിന് പകരം മുസ്ലിം ജനതയെ നയിച്ചത് പൗരോഹിത്യമായിരുന്നു. അല്ലാഹുവിന്റെ സ്ഥാനം ഔലിയാക്കള്‍ ഏറ്റെടുത്ത കാലം വരെ അങ്ങിനെ കഴിഞ്ഞു പോയിട്ടുണ്ട്. അവിടെ നിന്നും ഇസ്ലാമിനെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന രീതിയിലേക്ക് സമൂഹം മാറിയിരുന്നു. ഒരിക്കല്‍ ഭൂമിയില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ജിന്നും പിശാചും കയ്യടിക്കിയിരുന്നു. അല്ലാഹുവിനെ വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവന്റെ സൃഷ്ടികളെ വിളിച്ചിരുന്നു. അവിടെ നിന്നും ഒരുപാട് നാം മാറിയിരുന്നു.

ഖുര്‍ആന്‍ കേവല പുണ്യ ഗ്രന്ഥം എന്നതില്‍ നിന്നും വിശ്വാസ പ്രമാണമായി മാറി. ഹദീസുകള്‍ പുണ്യത്തിന് എന്നതില്‍ നിന്നും മാറി ജീവിതമായി. കേരളത്തില്‍ പലവിധ നവോത്ഥാന സംരംഭങ്ങളും സജീവമായതായും നാം കണ്ടു. ഒരു നൂറ്റാണ്ടു അവസാനിക്കുമ്പോള്‍ നാം കാണുന്നത് അവര്‍ തന്നെ നവോത്ഥാനം തച്ചുടക്കുന്നതാണ്. ഇസ്‌ലാമിന്റെ പേരില്‍ ചികിത്സ കിട്ടാതെ ഒരു യുവാവ് നമ്മുടെ കേരളത്തില്‍ മരണപ്പെട്ടു എന്നതിനേക്കാള്‍ ഭയാനകം അതിന് വഴി ഒരുക്കിയത് ഒരിക്കല്‍ നവോത്ഥാന സംരംഭങ്ങളില്‍ സജീവമായവര്‍ തന്നെ എന്നതാണ്. പൗരോഹിത്യവും നവ സലഫി വാദങ്ങളും ഒരേ പോലെ സമുദായത്തിന് ഹാനികരമാകുന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. ജനത്തിന്റെ മുതുകില്‍ നിന്നും ഭാരം ഇറക്കി വെക്കാനാണ് പ്രവാചകന്‍ വന്നത്. അതെ സമയം ആ പ്രവാചകന്റെ പേരില്‍ മനുഷ്യരുടെ മുതുകില്‍ ഭാരം കയറ്റി വെക്കാന്‍ ആധുനിക ലോകം ശ്രമിക്കുന്നു.

Related Articles