നൂറ് വർഷം മുമ്പ് തുർക്കിയ സൈന്യം തുർക്കിയയുടെ ഇസ്ലാമിക ഐഡന്റിറ്റിയെ മത വിരുദ്ധ സെക്യൂലർ ചിന്തയിലേക്ക് പരിവർത്തിപ്പിച്ചു. ഖിലാഫത്ത് രാഷ്ട്രീയ വ്യവസ്ഥയെ ഇല്ലായ്മ ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ രാഷ്ടീയക്കാർ തുർക്കിയയെ അതിന്റെ വേരുകളിലേക്ക് പുനരാനയിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ആ ശ്രമങ്ങളെ സൈന്യം തല്ലിക്കെടുത്തുകയായിരുന്നു. എന്നല്ല അത്തരം രാഷ്ട്രീയക്കാർക്കെതിരെ പീഡനമുറകൾ അഴിച്ചു വിടുകയും ചെയ്തു. 2002 ൽ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി ( അക്) ജയിച്ച് അധികാരത്തിലെത്തുന്നത് വരെ ഇതായിരുന്നു സ്ഥിതി. അക് പാർട്ടിയുടെ അധികാരാരോഹണം തുർക്കിയയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർക്കലായിരുന്നു. തുടർന്ന് ഇന്ന് വരെയും തുർക്കിയ ആ പാതയിലാണ്.
തുർക്കിയയെ യൂറോപ്യൻ യൂനിയനിലേക്ക് ചേർക്കാതിരിക്കാൻ പല പല കീറാമുട്ടികൾ വലിയ യൂറോപ്യൻ രാജ്യങ്ങൾ വലിച്ചിഴച്ച് കൊണ്ട് വരികയും മുസ്ലിം രാജ്യമായത് കൊണ്ട് യൂനിയനിൽ ചേർക്കാൻ പറ്റില്ല എന്ന് പച്ചക്ക് പറയുകയും ചെയ്തപ്പോൾ തുർക്കിയ ഭരണകൂടം അയൽപക്കങ്ങളിലേക്കും മുസ്ലിം ലോകത്തേക്കും തിരിഞ്ഞു. വികസിത രാഷ്ട്രങ്ങളുടെ ജി – 8 പോലെ മുസ്ലിം രാഷ്ട്രങ്ങളുടെ ജി – 8 ഉണ്ടാക്കി. ഇന്ധന ക്ഷാമം മൂലമുള്ള വ്യാപാരക്കമ്മി പരിഹരിക്കാൻ മുസ്ലിം ലോകവുമായുളള വ്യാപാരം കുത്തനെ ഉയർത്തി. അതേസമയം സേവന- ചരക്ക് മേഖലയിലെ ഏറ്റവും വലിയ പുറം വ്യാപാരം പാശ്ചാത്യ ലോകവുമായി ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
തുർക്കിയ സ്വയം ഇസ്ലാമിക ലോകത്തേക്ക് തുറന്നിട്ടതോട് കൂടി ഫലസ്തീൻ, ചൈനയിലെയും മ്യാൻമറിലെയും മുസ്ലിം ന്യൂന പക്ഷങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വളരെ അനുകൂലമായ നിലപാടുകൾ ആ രാഷ്ട്രം സ്വീകരിച്ചു. ഇത് മുസ്ലിം ലോകത്തുടനീളം അക് പാർട്ടിക്ക് വൻ സ്വീകാര്യതയുണ്ടാക്കി. ടാങ്കുകളിലൂടെയല്ലാതെ, വോട്ട് പെട്ടികളിലൂടെ അധികാരത്തിൽ വന്ന അക് പാർട്ടി ഭരണത്തിൽ അവർ ഒരു മാതൃകാരാഷ്ട്രം തിരയാൻ തുടങ്ങി. തലസ്ഥാനത്തിന് നൽകുന്ന അതേ പരിഗണന എല്ലാ സംസ്ഥാനങ്ങൾക്കും നൽകുക, അഴിമതിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുക, ഐഡന്റിറ്റി നഷ്ടപ്പെടുത്താതെ തന്നെ നവീകരണത്തിലും വ്യവസായവൽക്കരണത്തിലും ടെക്നോളജിയിലും ശ്രദ്ധ ചെലുത്തുക തുടങ്ങിയ നയങ്ങളാണ് മുസ്ലിം ജനസാമാന്യത്തെ ആകർഷിച്ചത്.
അറബ് വസന്തം ഇരു കൂട്ടരെയും ഒന്നുകൂടി അടുപ്പിച്ചു. ഇതിനിടെ ടർക്കിഷ് ഭാഷ സംസാരിക്കുന്ന മറ്റു രാജ്യങ്ങളിലേക്കും തുർക്കിയ എത്തിച്ചേരുന്നുണ്ടായിരുന്നു. അർമീനിയ – അസ് രീബീജാൻ സംഘർഷത്തിൽ നിർണ്ണായക റോൾ വഹിക്കാനും തുർക്കിയക്ക് കഴിഞ്ഞു. ലിബിയക്കകത്തെ തർക്കങ്ങളിലും അത് ഇടപെട്ടു. ഫലസ്ത്വീനികൾക്കെതിരെയുള്ള ഉപരോധം പൊളിക്കാൻ ശ്രമിച്ചു. സുഡാനിലും മറ്റും അതിന്റെ സൈനിക സാന്നിധ്യമുണ്ടായി. പ്രതിസന്ധി നിറഞ്ഞ ഉപരോധത്തിന്റെ നാളുകളിൽ ഖത്തറിനോടൊപ്പം നിലകൊണ്ടു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ അരങ്ങേറിയപ്പോൾ വേണ്ട സുരക്ഷാ സഹായങ്ങൾ ചെയ്തു.
സിറിയ, ഈജിപ്ത് പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഓടിപ്പോരേണ്ടി വന്നവർക്ക് സുരക്ഷയൊരുക്കി തുർക്കി. ഇങ്ങനെ അഭയാർഥികളായി എത്തിയവർ അഞ്ച് ദശലക്ഷത്തിലധികം വരും. 2020-ൽ തുർക്കിയ പുറത്തേക്ക് സഹായമായി നൽകിയത് എട്ട് ബില്യൻ ഡോളറാണ്. ധനസഹായം നൽകുന്ന പല രാജ്യങ്ങളേക്കാളും മുൻപന്തിയിൽ. മുസ്ലിം പ്രശ്നങ്ങളിൽ പ്രതിരോധമുയർത്തുന്ന രാജ്യം എന്ന നിലക്ക് തുർക്കിയുടെ സ്ഥാനം മുസ്ലിം ലോകത്ത് ഇങ്ങനെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നു.
ഇസ്ലാമിക രാജ്യങ്ങളിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യമല്ല തുർക്കിയ. ഇന്തോനേഷ്യ, പാകിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, ഇറാൻ എന്നിവ കഴിഞ്ഞ് ജനസംഖ്യയിൽ അത് ഏഴാം സ്ഥാനത്താണ്. ഭൂവിസ്തൃതി നോക്കിയാൽ മുസ്ലിം ലോകത്ത് അത് പത്താം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം, ലോക സാമ്പത്തിക ശക്തികളിൽ തുർക്കിയക്ക് പത്തൊമ്പതാം സ്ഥാനമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി സാമ്പത്തിക മേഖലയിൽ പതിനേഴോ പതിനെട്ടോ സ്ഥാനത്ത് നിന്നിരുന്ന തുർക്കിയയുടെ വ്യാവസായിക കയറ്റുമതി ഉൽപ്പന്നങ്ങൾ വൈവിധ്യമാർന്നതാണ്. കയറ്റുമതിയിൽ 2021 ൽ അതിന് ലോകത്ത് 29-ാം സ്ഥാനമുണ്ടായിരുന്നു. കൊറോണക്ക് മുമ്പ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നിരുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനമുണ്ടായിരുന്നു തുർക്കിയക്ക്. നാറ്റോ സഖ്യത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയും തുർക്കിയയാണ്. ഇതെല്ലാം കാരണം തുർക്കിയയോട് മുസ്ലിം ലോകത്തിന് വൈകാരികമായ ഒരടുപ്പമുണ്ട്. അവരുടെ മനസ്സിൽ പ്രതീകാത്മകമായ ഒരു സ്ഥാനവും.
വിശ്വാസത്തെയും പാരമ്പര്യത്തെയും തുർക്കിയ വികസന പാതയിൽ തടസ്സങ്ങളായല്ല, സഹായകങ്ങളായാണ് കാണുന്നത് എന്നതാണ് ഈ വൈകാരിക അടുപ്പത്തിന് ഒരു കാരണം. ദീനി പഠനത്തിന് അത് പ്രാമുഖ്യം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസവുമായി ഏറ്റുമുട്ടുന്ന സ്വവർഗ ലൈംഗികത പോലുള്ളവയെ തള്ളിക്കളയുന്നു. ഹിജാബ് വിലക്കപ്പെട്ടിരുന്ന തുർക്കിയയിലെ ഗവൺമെന്റ് സ്ഥാപനങ്ങളിലേക്കും കലാലയങ്ങളിലേക്കും അതിനെ തിരിച്ചു കൊണ്ട് വന്നു. ഹിജാബ് ധരിച്ചതിന്റെ പേരിൽ മാത്രം മുമ്പ് ഒരു വനിതാ അംഗത്തെ പാർലമെന്റിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
ഉസ്മാനികളടെ പൂർവ പ്രതാപവും അവരുടെ നേതൃശേഷിയും ജയിച്ചടക്കലുകളും പ്രമേയമായ തുർക്കിയ ചരിത്ര സീരിയലുകൾക്ക് ലോകമൊട്ടുക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ദീനീ സംസ്കാരവും ആ സീരിയലുകൾ പഠിപ്പിക്കുനുണ്ട്. ഫലസ്തീൻ പ്രശ്നത്തിൽ സയണിസ്റ്റുകൾക്കെതിരെ ഉസ്മാനി ഖലീഫ അബ്ദുൽ ഹമീദ് രണ്ടാമൻ സ്വീകരിച്ച ധീര നിലപാടിനെ ഉയർത്തിക്കാട്ടുകയും മറ്റും ചെയ്യുന്ന സോദ്ദേശ്യ രചനകളും ധാരാളം. ഒട്ടുവളരെ പേർ ഒഴിവ് കാലം കഴിച്ചു കൂട്ടാനായി ഇപ്പോൾ തുർക്കിയയിൽ എത്തുന്നുണ്ട്. അവിടത്തെ നഗരങ്ങളിൽ വീടുകൾ വാങ്ങുന്നുണ്ട്. കച്ചവടാവശ്യങ്ങൾക്ക് നിരവധി വ്യാപാരികളും തുർക്കിയയിൽ എത്തിക്കൊണ്ടിരിക്കുന്നു.
ഒരു സംഭവം ഓർമ വരുന്നു. ഈജിപ്തിൽ തുർക്കിയ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന കാംപയ്ൻ നടന്നുകൊണ്ടിരിക്കുന്ന സന്ദർഭം. ഈജിപ്തുകാരനായ ഒരു ഫർണീച്ചർ കടക്കാരനോട് ബഹിഷ്കരണ കാംപയ്ൻ കച്ചവടത്തെ ബാധിക്കുന്നുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. അയാളുടെ മറുപടി, തുർക്കിയയുടെത് മികച്ച ഉൽപ്പന്നങ്ങളാണ്, മികച്ചതിന് എന്നും ആവശ്യക്കാർ ഉണ്ടാകും എന്നായിരുന്നു.
ലീറയെ തകർത്ത് പണപ്പെരുപ്പമുണ്ടാക്കുന്നു
ഫലസ്തീൻ, ലിബിയൻ, അസരിബീജാനി തുടങ്ങിയ വിഷയങ്ങളിൽ എടുത്ത നിലപാടുകളുടെ പേരിൽ തുർക്കിയ ഭരണകൂടത്തിന് വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. 2016-ൽ അട്ടിമറി ശ്രമം നടന്നു. തുർക്കിയ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പല അറബ് നാടുകളിലും ആഹ്വാനങ്ങളുണ്ടായി. അത് ആ രാജ്യങ്ങളിൽ നിന്നുള്ള മുതൽ മുടക്കിലും ടൂറിസ്റ്റുകളുടെ എണ്ണത്തിലും കുറവ് വരുത്തി. ദേശീയ കറൻസിയായ ലീറയെ ദുർബലപ്പെടുത്താൻ അകത്ത് നിന്നും പുറത്ത് നിന്നും കൊണ്ടു പിടിച്ച ശ്രമങ്ങളുണ്ടായി. മുമ്പേ വ്യാപാരക്കമ്മിയാൽ പൊറുതിമുട്ടുന്ന ആ രാഷ്ട്രത്തിൽ ഇറക്കുമതി സാധനങ്ങൾക്ക് ഭാരിച്ച വിലയായി. റഷ്യ – യുക്രെയ്ൻ യുദ്ധം കൂടി വന്നതോടെ പണപ്പെരുപ്പം രൂക്ഷമായി. ഭരണകക്ഷിയുടെ ജനകീയതയെ അത് പ്രതികൂലമായി ബാധിച്ചു. ചില പ്രതിപക്ഷ പാർട്ടികളും യൂറോപ്യൻ രാഷ്ട്രങ്ങളും മാധ്യമങ്ങളും ഉർദുഗാൻ ഡിക്ടേറ്റർ ആണെന്ന പ്രചാരണം അഴിച്ചു വിട്ടു. തുർക്കിയയിലെ വലിയൊരു വിഭാഗം യുവാക്കളെ അത്തരം ആരോപണങ്ങൾ സ്വാധീനിച്ചു.
ഈയൊരു പശ്ചാത്തലത്തിലാണ് നിരവധി മുസ്ലിം ലോക വിഷയങ്ങളിൽ നിലപാട് മയപ്പെടുത്താൻ തുർക്കിയ തയ്യാറായത്. ഇടഞ്ഞ് നിന്നിരുന്ന മുസ്ലിം രാജ്യങ്ങളുമായി ബന്ധങ്ങൾ മെച്ചപ്പെടുത്തി. തുർക്കിയയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ആഭ്യന്തര രംഗത്ത് പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചു. ഈയൊരു മയപ്പെടുത്തൽ വേണ്ടി വരും എന്ന് ന്യായീകരിക്കുന്നവരുണ്ട്. കാരണം പാശ്ചാത്യർക്ക് നീരസമുണ്ടാക്കുന്നവരെ അവർ മുസ്ലിം രാഷ്ട്ര നേതൃത്വത്തിൽ വെച്ചു പൊറുപ്പിക്കില്ല. സമീപകാലത്ത് തന്നെ ഒരു പാട് ഉദാഹരണങ്ങളുണ്ട്. ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന മുഹമ്മദ് മുർസി പുറത്താക്കപ്പെട്ടത്, ലിബിയയിലെ നിയമാനുസൃത ഭരണകൂടത്തിനെതിരെ നീങ്ങുന്ന വിമത ജനറൽ ഖലീഫ ഹഫ്തറിന് ലഭിക്കുന്ന സഹായം, മൊറോക്കോയിൽ ഇസ്ലാമികാഭിമുഖ്യമുള്ള പാർട്ടികൾ പുറന്തള്ളപ്പെടുന്നത്, തുനീഷ്യയിൽ അന്നഹ്ദാ പാർട്ടി അധ്യക്ഷൻ റാശിദുൽ ഗന്നൂഷിക്ക് സംഭവിച്ചത്, ഏറ്റവുമൊടുവിൽ പാകിസ്ഥാനിലെ മുൻപ്രധാനമന്ത്രി ഇംറാൻ ഖാനെതിരെയുള്ള നീക്കങ്ങൾ … ഇങ്ങനെ നിരവധി സംഭവ വികാസങ്ങൾ.
ഇനി നേട്ടങ്ങളുടെ മേഖലകൾ പരിശോധിച്ചാൽ, അക് പാർട്ടി ഭരണത്തിൽ റോഡ് വികസനത്തിലും കമ്യൂണിക്കേഷനിലും എയർ പോർട്ട് നിർമാണത്തിലും യാത്രാ – യുദ്ധവിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും കുതിപ്പുകളുണ്ടായി. ബാക്കി മുസ്ലിം രാജ്യങ്ങൾക്ക് അനുകരിക്കാൻ പറ്റുന്ന മാതൃക. ഇക്കാര്യത്തിൽ അക് പാർട്ടി ഭരണത്തിലെ തുർക്കിയയോളം മാതൃകയായി മറ്റൊരു മുസ്ലിം രാഷ്ട്രവുമില്ല. അത് കൊണ്ടാണ് തുർക്കിയക്ക് പുറത്ത് മുസ്ലിം ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തുർക്കിയ തെരഞ്ഞെടുപ്പുകൾ വലിയ പരിഗണനാ വിഷയമാകുന്നത്. അക് പാർട്ടി വിജയത്തിന്നായി അവർ പ്രാർഥനാ നിരതരാവുന്നത്. ഉർദുഗാനെ പുറത്താക്കാൻ പാശ്ചാത്യർ നടത്തുന്ന ചരടുവലികളും ഡിക്ടേറ്റർ പ്രോപഗണ്ടയും അവരെ അസ്വസ്ഥരാക്കുന്നു. ഉർദുഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയെന്നും അദ്ദേഹം നേതൃത്വം നൽകുന്ന മുന്നണി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയെന്നും കേട്ടപ്പോഴാണ് അവർക്ക് തെല്ലൊരാശ്വാസമായത്. അവരെ സംബന്ധിച്ചിടത്തോളം ലോകം തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ചിന്തയുടെ ആവിഷ്കാരമാണ് അക് പാർട്ടിയുടെ തുർക്കി മോഡൽ. ദശലക്ഷക്കണക്കിന് വരുന്ന ആ മുസ്ലിം ജനസാമാന്യത്തിന്റെ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമാണത്. ഇടക്കാലത്ത് അക് പാർട്ടി വിട്ടു പോയവർ തിരിച്ച് വരണമെന്നും ധാരാളം പൊതു ലക്ഷ്യങ്ങൾ പങ്ക് വെക്കുന്ന ഫത്ഹുല്ലാ ഗുലന്റെ അനുയായികളുമായി ഒരു വെടി നിർത്തൽ ഉണ്ടാവണമെന്നും അവർ ആഗ്രഹിക്കുന്നു.
ഈ പ്രതീക്ഷയും കാത്തിരുപ്പും ഉത്കണ്ഠയും ഏതാനും ദിവസങ്ങൾ കൂടി നീളും. രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 28 വരെ.
വിവ. അശ്റഫ് കീഴുപറമ്പ്
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE