Current Date

Search
Close this search box.
Search
Close this search box.

റഈസും (REiS) സമകാലിക തുർക്കിയ രാഷ്ട്രീയ സിനിമയും

റജബ് ത്വയ്യിബ് ഉർദുഗാൻ എന്ന കുട്ടി ഇസ്തംബൂളിലെ ഖാസിം പാഷ തെരുവിൽ കളിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ പലതരം പരാതികൾ അവൻ കേൾക്കാനിടയാകുന്നു. ആ പരാതികളൊക്കെ പരിഹരിക്കുന്ന ഒരു കാലത്തെ അവൻ സ്വപ്നം കാണുകയാണ്. കാലം കടന്നുപോകുന്നു. അവൻ വലുതാകുന്നു. റഫാഹ് / വെൽഫെയർ പാർട്ടിയിൽ അംഗത്വമെടുക്കുന്നു. ഇപ്പോഴയാൾ ആളുകൾക്കൊപ്പം അങ്ങാടിയിൽ ഇരിക്കുകയാണ്. വിട പറഞ്ഞ തുർക്കിയ കവി മുഹമ്മദ് ആകിഫിന്റെ ഈരടികൾ (അതിങ്ങനെ: ഇരുട്ട് കനത്ത ഓരോ രാത്രിക്കും പ്രഭാതമുണ്ട്; ഓരോ ശൈത്യത്തിനും വസന്തമുണ്ട് ) പാടി അവരോട് സംസാരിക്കുന്നു. പിന്നെ ഉർദുഗാൻ പാർട്ടിയുടെ കൊടിതോരണങ്ങൾ തൂങ്ങിക്കിടക്കുന്ന തെരുവിന്റെ മധ്യത്തിലേക്ക്. അപ്പോൾ ഒരു വയോധികൻ അടുത്ത് ചെല്ലുന്നു. അയാളുടെ കൈകളിൽ ചുംബിച്ച് ഉർദുഗാൻ. ഹുദവർദി യാവുസ് 2017-ൽ സംവിധാനം ചെയ്ത REiS / റഈസ് എന്ന സിനിമയിലെ രംഗങ്ങളാണിത്.

തുർക്കിയ ഭരണ സംവിധാനം പാർലമെന്ററി സിസ്റ്റത്തിൽ നിന്ന് പ്രസിഡൻഷ്യൽ സിസ്റ്റത്തിലേക്ക് മാറണോ എന്നതിനെ സംബന്ധിച്ച് 2017-ൽ ഹിത പരിശോധന നടക്കുന്ന സന്ദർഭത്തിലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമ ഹിതപരിശോധനക്ക് അനുകൂലമായ വിധിയെഴുത്തിന് നിമിത്തമായോ എന്നതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ട്. എന്നാൽ സിനിമയുടെ നിർമാതാക്കൾ അതിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല എന്നാണ് പറഞ്ഞിരുന്നത്. അതേസമയം തുർക്കിയ രാഷ്ടീയ പ്രശ്നങ്ങളിൽ നേരിട്ടിടപെടുന്ന സിനിമയാണിത്. ജർമനി, ഫ്രാൻസ്, ബൽജിയം പോലുള്ള നാടുകളിലെ തുർക്കിയ വംശജർക്ക് അത് കാണാൻ അവസരമുണ്ടായി. ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് ( IMDb) ആകട്ടെ, താഴ്ന്ന റേറ്റിംഗാണ് അതിന് നൽകിയിട്ടുള്ളത്.

തുർക്കി പ്രസിഡന്റാണ് ഇതിലെ കേന്ദ്ര കഥാപാത്രം. പക്ഷെ കുട്ടിക്കാലം മുതൽ ഇസ്തംബൂൾ മേയർ സ്ഥാനം ഏറ്റെടുക്കുന്നത് വരെയുളള സംഭവങ്ങളേ ഇതിലുള്ളൂ. പ്രധാനമന്ത്രിയായ കാലം പോലും കാണിക്കുന്നില്ല. ഭരണമേൽക്കുന്നതിന് മുമ്പുള്ള ഉർദുഗാന്റെ വേരുകളും രാഷ്ട്രീയ ആക്ടിവിസവും അന്വേഷിച്ചു പോവുകയാണ് സിനിമ. കേന്ദ്ര കഥാപാത്രത്തിന്റെ പ്രസംഗപാടവത്തെ അതിൽ തെളിച്ചു കാട്ടുന്നുമുണ്ട്. തുർക്കിയ ഭാഷ അറിയുന്നവർക്കറിയാം, വെറുതെ വാക്കുകൾ കൊണ്ട് അമ്മാനാടി ആവേശപ്രസംഗം നടത്തുന്നയാളല്ല ഉർദുഗാൻ. കാവ്യശകലങ്ങളാലും മറ്റു ഉദ്ധരണികളാലും സമൃദ്ധമായിരിക്കുമത്; ഒരു സാദാ രാഷ്ട്രീയക്കാരന്റെ പ്രസംഗമല്ല.

മറ്റു ഭാഷകളിലേക്ക് ഈ സിനിമ വിവർത്തനം ചെയ്യപ്പെടുകയുണ്ടായില്ല. തുർക്കിയ ഭാഷ അറിയാത്തവർക്ക് അത് കാണാനും അവസരമുണ്ടായില്ല. തുർക്കിയ സീരിയലുകൾക്ക് ലഭിക്കുന്ന ജനപ്രീതി അതിന് ലഭിക്കുകയുണ്ടായില്ല. പൊതുവെ തുർക്കിയ രാഷ്ട്രീയ സിനിമകൾക്കുണ്ടായ തിരിച്ചടിയായി അതിനെ കാണാം.

ഉർദുഗാനെക്കുറിച്ചുളള രണ്ടാമത്തെ ബയോപിക്കാണ് റഈസ്. അദ്ദേഹത്തിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുളള ആദ്യ ചിത്രം Code Name : KOZ ആയിരുന്നു. 2015 – ൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ ജലാൽ ശീമാൻ. 2016 ജൂലൈ 15 – ലെ അട്ടിമറി ശ്രമത്തെ ദീർഘദർശനം ചെയ്ത സിനിമ എന്ന അപൂർവ്വ സവിശേഷത ഇതിനുണ്ട്. രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഒരു നിരോധിത സംഘടന പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിക്കുകയാണ്. ഏതായാലും സിനിമ തിയേറ്ററുകളിൽ വിജയകരമായി ഓടിയില്ല. പ്രസിഡന്റിന്റെ കരിസ്മ പ്രയോജനപ്പെടുത്തി സിനിമ വിജയിപ്പിച്ചെടുക്കാമെന്ന അണിയറ പ്രവർത്തകരുടെ മോഹം എന്തോ കാരണങ്ങളാൽ പൂവണിഞ്ഞില്ല.

തുർക്കി പ്രസിഡന്റിനെ കേന്ദ്രീകരിച്ചുള്ള സിനിമകൾ തൊള്ളായിരത്തി അറുപതുകൾ മുതൽക്കേ നിർമ്മിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അത് തുർക്കിയിലെ രാഷ്ട്രീയ സിനിമകളുടെ ഭാഗമാണ്. ഈ ഇനം സിനിമകളിൽ പിന്നീട് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അതെക്കുറിച്ച് പഠിക്കുന്ന മർമറ യൂനിവേഴ്സിറ്റിയിലെ വനിതാ ഗവേഷകരായ സൈനബ് ജിത്തീൻ ഏറൂസും എലീവ് ദേമോ ഒഗലുവും പറയുന്നു. തുർക്കി രാഷ്ട്രീയത്തെക്കുറിച്ച് ഓക്സ്ഫഡ് പുറത്തിറക്കിയ പുസ്തകത്തിലെ ഒരധ്യായം മുഴുവൻ ഇത്തരം സിനിമകളെക്കുറിച്ചാണ്. നവ ലിബറൽ ആശയങ്ങൾ എഴുത്തുകാരെയും സംവിധായകരെയും സ്വാധീനിച്ചുവെന്നും അത് അവരുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചെന്നും ഈ ഗവേഷകർ എഴുതുന്നു. സിനിമകൾ വ്യക്തി കേന്ദ്രിതമാവാൻ ഇത് കാരണമായി. അതിനാൽ സാമൂഹിക മാറ്റം കേന്ദ്ര പ്രമേയമാവുന്ന സിനിമകൾ നിഷ്ക്രമിക്കാൻ തുടങ്ങി. വ്യക്തിയുടെ യാതനകളും വേദനകളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായിത്തീർന്നു പ്രമേയങ്ങൾ. ഇക്കാലത്ത് തന്നെയാണ് 1980-ൽ സൈനിക അട്ടിമറി ഉണ്ടാവുന്നതും തൊഴിലാളി പ്രക്ഷോഭങ്ങൾ അടിച്ചമർത്തപ്പെടുന്നതും. ഇടത് പക്ഷ ചിന്താഗതിക്കാരായ സംവിധായകർ തങ്ങളുടെതായ കാഴ്ചപ്പാടിലൂടെ ഇത്തരം വിഷയങ്ങൾ അവതരിപ്പിച്ചിരുന്നു. എൺപതുകൾ തുർക്കിയയിൽ വളരെ ശക്തമായ രാഷ്ട്രീയ സിനിമകൾ നിർമ്മിക്കപ്പെട്ട കാലം കൂടിയാണ്. 1982-ൽ യൽമാസ് കോനി സംവിധാനം ചെയ്ത Yol ( വഴി) ഉദാഹരണം. കാൻ ഫെസ്റ്റിവലിൽ സിനിമക്ക് പുരസ്കാരം ലഭിച്ചുവെങ്കിലും17 വർഷം തുർക്കിയയിൽ അതിന് പ്രദർശനാനുമതി ലഭിച്ചില്ല. അഞ്ച് തടവ്പുള്ളികളുടെ കഥയാണിത്. അവർക്ക് ഒരാഴ്ചത്തേക്ക് പരോളിൽ പോകാനുള്ള അനുവാദം ലഭിക്കുന്നു. ഓരോരുത്തനും സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നു. ഇക്കാലയളവിൽ സമൂഹത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് അവർ അന്തംവിടുന്നു. കുർദ് പ്രശ്നം അത്യന്തം വഷളായതും അവർ കാണുന്നു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സാമ്പത്തിക അസന്തുലിതത്വങ്ങളും വർധിച്ചിരിക്കുന്നു.

പുതിയ സഹസ്രാബ്ദത്തിലേക്ക് കടന്നതോടെ രാഷ്ട്രീയ സിനിമകളുടെ നവതരംഗം തന്നെ ഉണ്ടായി. ഭൂതകാല രാഷ്ട്രീയത്തെ കീറിപ്പരിശോധിക്കുന്ന, തോംറിസ് ഗിരിത്തിലോഗലു സംവിധാനം ചെയ്ത Pains of Autumn ( ശരത്കാലത്തിന്റെ വേദനകൾ) പോലുള്ള സിനിമകൾ. 1955-ൽ തുർക്കിയിലെ ഗ്രീക്ക് ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളാണ് പ്രമേയം. ഇതേ പേരിലുള്ള പുസ്തകത്തിന്റെ ചലിചിത്രാവിഷ്കാരമാണിത്. മുൻ തുർക്കിയ മന്ത്രി യൽമാസ് കാർകോയൻലുവാണ് പുസ്തകമെഴുതിയത്.

തുർക്കിയ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് മുസ്തഫ കമാൽ അത്താതുർക്കിനെക്കുറിച്ച് ഒട്ടനവധി സിനിമകൾ ഉണ്ടായിട്ടുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. അവയും രാഷ്ട്രീയ സിനിമകൾ തന്നെ. ഈ സീരീസിലെ ഏറ്റവും ഒടുവിലത്തെ സിനിമയാണ് ‘ആദ്യ ചുവട് വെപ്പ് – 1919.’ 2019 -ൽ ഇറങ്ങിയ ഈ സിനിമയുടെ സംവിധായകൻ അബ്ദുല്ല ഓഗൂസ്. 1919 ലെ തുർക്കിയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അത്താതുർക്കിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പ്രമേയം നീങ്ങുന്നത്.

വിവ. അശ്റഫ് കീഴുപറമ്പ്

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles