അടുത്ത അഞ്ചുവർഷം കൂടി തുർക്കിയയെ (തുർക്കി) ഭരിക്കാനുള്ള മാൻഡേറ്റ് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്നെ. രണ്ടാം റൗണ്ടിൽ ഉര്‍ദുഗാന് 52.14 ശതമാനം വോട്ടുകൾ ലഭിച്ചു. എതിരാളി കമാൽ കുലുച്ച്ദാരോലുവിന് 47.86% മാത്രമാണ് കിട്ടിയത് .
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും ഒക്കെ പറഞ്ഞത് 20 വർഷം പിന്നിട്ട ഉര്‍ദുഗാന്‍ ഭരണത്തിന് അന്ത്യം കുറിക്കപ്പെടുന്നു എന്നാണ്. ഒന്നാം റൗണ്ട് വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് പുറത്തുവിട്ടത് ഉൾപ്പെടെ അഭിപ്രായ സർവേകൾ തൊട്ടടുത്ത എതിരാളി കമാൽ കുലുച്ച് ദാരോലുവിനാണ് മുൻതൂക്കം നൽകിയിരുന്നത്.
എന്നാൽ ജയിക്കാൻ ആവശ്യമായ മിനിമം വോട്ടുകൾ (50 ശതമാനം) ലഭിച്ചില്ലെങ്കിലും ഒന്നാം റൗണ്ടിൽ ഉര്‍ദുഗാന് 49.42% വോട്ടുകൾ ലഭിച്ചു. കമാൽ കുലുച്ച് ദാരോലുവിന് 44.95% വോട്ടുകളെ കിട്ടിയുള്ളൂ. അതോടെയാണ് ഇന്നലെ ( 28.5.2023 ) നടന്ന രണ്ടാം റൗണ്ട് നിർണായകമായത്.
ഉര്‍ദുഗാന്‍ന്റെ പരാജയം സ്വപ്നം കണ്ടിരുന്നവരാണ് അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും. തുർക്കിയയിലെ ഇലക്ഷനിൽ ജോ ബൈഡൻ ഇറങ്ങിക്കളിക്കുകയാണെന്ന് ഉര്‍ദുഗാന്‍
ആരോപിച്ചിരുന്നു. എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച് അമേരിക്കൻ സ്ഥാനപ്രതി ജഫ് ഫ്ലെയ്ക്ക് മുഖ്യ പ്രതിപക്ഷ സ്ഥാനാർത്ഥിയെ സന്ദർശിച്ച് സംഭാഷണങ്ങൾ നടത്തിയത് ഇതിന് തെളിവായിരുന്നു.
അന്താരാഷ്ട്ര തലത്തിൽ തലയെടുപ്പുള്ള നേതാവാണ് ഉര്‍ദുഗാന്‍. ഇസ്ലാമും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, വിശിഷ്യാ ഫലസ്തീൻ പ്രശ്നത്തിൽ ശക്തമായ നിലപാടും അദ്ദേഹം സ്വീകരിക്കാറുണ്ട്. അതേസമയം, ഉര്‍ദുഗാന്‍ന്റെ ഭരണത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയും മാധ്യമപ്രവർത്തകർ ജയിലുകളിൽ അടക്കപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ട്. എന്നാൽ, തുർക്കിയയെ നയിക്കാൻ ഉര്‍ദുഗാന്‍ തന്നെ വേണമെന്നാണ് ജനങ്ങളിൽ വലിയ വിഭാഗം കരുതുന്നത്. സിറിയൻ അഭയാർത്ഥികളോട് ഇത്രയധികം ദയാവായ്‌പ് കാണിച്ച മറ്റൊരു ഭരണാധികാരി ഇല്ല.
പ്രസിഡണ്ട് തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന 600 അംഗ പാർലമെന്റിലേക്കുള്ള വോട്ടെടുപ്പിൽ ഉര്‍ദുഗാന്‍ന്റെ എ.കെ പാർട്ടി നേതൃത്വം നൽകുന്ന പീപ്പിൾസ് അലയൻസ് വൻ വിജയം കൊയ്തിരുന്നു. എ. കെ പാർട്ടി തനിച്ചു 268 സീറ്റുകൾ വിജയിച്ചു. തുടർച്ചയായി ഏഴാം തവണയാണ് സഖ്യം ഈ കുതിപ്പ് തുടരുന്നത്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE