ഒരു നൂറ്റാണ്ട് മുമ്പ് തുർക്കിയ റിപ്പബ്ലിക്ക് നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വിധി നിർണ്ണായകമായ തെരഞ്ഞെടുപ്പായിരിക്കും രണ്ട് മാസം കഴിഞ്ഞ് അവിടെ നടക്കാനിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷം ഉർദുഗാൻ അവസാനമായി ഒരിക്കൽ കൂടി പ്രസിഡന്റായി ജനവിധി തേടുമ്പോൾ കനത്ത കടമ്പകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. വലിയ തോതിലുള്ള രാഷ്ടീയ – സാമൂഹിക ധ്രുവീകരണം ഇതിനകം സംഭവിച്ചു കഴിഞ്ഞു. കനത്ത നാശം വിതച്ച ഭൂകമ്പവും ഉയർന്നു തന്നെ നിൽക്കുന്ന പണപ്പെരുപ്പവും അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം വലിയ രീതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യവും. അങ്കാറക്ക് അതിൽ നിന്ന് മാറി നിൽക്കാനാവില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഉർദുഗാന്റെ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിക്ക് തങ്ങളുടെ മേധാവിത്തം നിലനിർത്താനായിട്ടുണ്ട്. 2019 -ൽ നടന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പ് മാത്രമാണ് അതിന് അപവാദം. വരാനുള്ളതാകട്ടെ കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ഒരു ആറ് പാർട്ടി സഖ്യത്തെ – അതിൽ രണ്ടെണ്ണം വലിയ പാർട്ടികളാണ് -ഉർദുഗാന് നേരിടേണ്ടി വരുന്നത് ഇതാദ്യമായാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചട്ടപ്പടി പോരാട്ടവുമല്ല ഇത്. രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുന്ന തുർക്കിയ റിപ്പബ്ലിക്കിന്റെ ഐഡന്റിറ്റി എന്ത് എന്ന് നിശ്ചയിക്കുന്ന പോരാട്ടമാണ്.
അധികാരത്തിലെത്താൻ ശ്രമിക്കുന്ന പ്രതിപക്ഷം ഉർദുഗാനെ തോൽപ്പിക്കുക മാത്രമല്ല ഉന്നമിടുന്നത്. നിലവിലുള്ള രാഷ്ട്രീയ ഘടന മാറ്റിമറിക്കാനും അടിസ്ഥാനപരമായി തന്നെ ഉർദുഗാന്റെതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സാമ്പത്തികഘടന കൊണ്ട് വരാനും അവർ ലക്ഷ്യമിടുന്നു. വിദേശ നയത്തിലും അടിമുടി മാറ്റം പ്രതീക്ഷിക്കാം.
പക്ഷെ ചിത്രം ഇപ്പോഴും അവ്യക്തമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ തങ്ങൾ ജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭൂകമ്പത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പ്രത്യാഘാതങ്ങൾ നിലനിൽക്കുമ്പോഴും മെയ് 14 – ന് തന്നെ പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടത്താനുളള ഓർഡിനൻസിൽ ഉർദുഗാൻ ഒപ്പുവെച്ചിരിക്കുകയാണ്. സാധാരണ തെരഞ്ഞെടുപ്പ് നടക്കേണ്ടതിന്റെ ഒരു മാസം മുമ്പാണിത്. ഉർദുഗാന്റെ ആത്മവിശ്വാസമാണ് ഇതിൽ പ്രതിഫലിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഏറ്റവും നല്ല അവസരമാണിതെന്ന വാദത്തെ അദ്ദേഹം തള്ളിക്കളയുന്നു.
മറുവശത്ത് ആറ് പാർട്ടി സഖ്യം ഉണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു. റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടിയുടെ തലവൻ കമാൽ കിലിഷ്ദാർ ഓഗലു തന്നെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി. പക്ഷെ വിവിധ പ്രതിപക്ഷപാർട്ടികൾ തമ്മിലെ കനത്ത ഉൾപ്പോരുകൾക്ക് ശേഷമാണ് സ്ഥാനാർഥി നിർണ്ണയം നടന്നിരിക്കുന്നത്. സഖ്യത്തിന്റെ കെട്ടുറപ്പ് എത്രത്തോളമുണ്ടാവുമെന്ന് അതിൽ നിന്ന് ഊഹിക്കാം.
ഭരണപക്ഷത്തെ അനുകൂലിക്കുന്നവരും പ്രതിപക്ഷത്തെ അനുകൂലിക്കുന്നവരും അഭിപ്രായ സർവെകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. സ്വതന്ത്ര അഭിപ്രായ സർവെ എന്ന വിശേഷണത്തിലും ചില സർവെകൾ വരുന്നുണ്ട്. അതൊന്നും അത്ര കാര്യമായെടുക്കേണ്ടതില്ല. എന്നാൽ ഭാഗികമായി അവയെ അവലംബിക്കുകയും ചെയ്യാം. ഇനിപ്പറയുന്ന മൂന്ന് സുപ്രധാന വശങ്ങൾ കൂടി അതോടൊന്നിച്ച് ചേർത്ത് വെക്കുകയും വേണം.
ഉർദുഗാൻ – കിലിഷ്ദാർ ശാക്തിക സംതുലനം
രണ്ട് പ്രമുഖ വ്യക്തികൾ തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതിൽ ഉർദുഗാൻ, പീപ്പിൾസ് അലയൻസ് (ഗുംഹൂർ ഇത്തിഫാഖി) സഖ്യത്തെയും കിലിഷ്ദാർ, നാഷൻ അലയൻസ് (മില്ലത്ത് ഇത്തിഫാഖി) ആറ് കക്ഷി സഖ്യത്തെയും പ്രതിനിധീകരിക്കുന്നു. വേറെയും പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉണ്ടായേക്കാം. പക്ഷെ ഉർദുഗാനും കിലിഷ്ദാറും തമ്മിൽ തന്നെയാണ് യഥാർഥ മത്സരം. രാഷ്ട്രീയമായി നോക്കിയാൽ ഉർദുഗാന് പല തെരഞ്ഞെടുപ്പുകൾ നേരിട്ടതിന്റെ വലിയ അനുഭവ പരിചയമുണ്ട്. രണ്ട് പതിറ്റാണ്ടുകാലത്തെ ഭരണ പരിചയം വേറെയും. കിലിഷ്ദാറിനെ പോലെ ഒരാൾക്ക് ഉർദുഗാനെ പോലെ ഒരാളെ നേരിടാൻ കഴിയുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ആർക്കാണ് പൊതുജനങ്ങളുമായി നന്നായി സംവദിച്ച് താനാണ് മികച്ച സ്ഥാനാർഥി എന്ന് സ്ഥാപിക്കാനാവുക, രാഷ്ട്രീയമായി കനം തൂങ്ങുന്നത് ആരുടെ ത്രാസാണ് എന്നീ രണ്ട് കാര്യങ്ങളും പ്രസക്തമാണ്.
ഒന്നാമത്തെ കാര്യത്തിൽ ഉർദുഗാൻ വ്യക്തമായും കിലിഷ്ദാറിനെ കവച്ചുവെക്കുന്നുണ്ട്. സംഘടനാതീതമായ നേതൃത്വ ശേഷി അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ജനങ്ങളുമായി സംവദിക്കാനുള്ള അസാധാരണമായ കരിസ്മാറ്റിക് വ്യക്തിത്വവുമുണ്ട്. കിലിഷ്ദാർ ഒഗലുവിന്റെ സ്വാധീനമണ്ഡലമാവട്ടെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയിൽ പരിമിതമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച അനുഭവം അദ്ദേഹത്തിന് ഇല്ല. അതിനാൽ വ്യക്തിതലത്തിൽ നോക്കിയാൽ ഒപ്പത്തിനൊപ്പം എന്ന് പറയാൻ കഴിയില്ല. അതോടൊപ്പം, ഉർദുഗാനെ അപേക്ഷിച്ച് കിലിഷ്ദാറുടെ മീഡിയ സാന്നിധ്യം പരിമിതവുമായിരിക്കും. രണ്ടാമത്തെ കാര്യത്തിൽ, അഥവാ രാഷ്ട്രീയ വെയ്റ്റേജിൽ ഇരുവരും താരതമ്യേന കിടയൊക്കുന്നവരാണെന്നും പറയാം. ഉർദുഗാന്റെ വോട്ട് ബാങ്ക് എന്ന് പറയുന്നത് കാര്യമായും തന്റെ സ്വന്തം അക് പാർട്ടിയും സഖ്യകക്ഷിയായ നാഷനലിസ്റ്റ് പാർട്ടിയുമാണ്. കിലിഷ്ദാറിന്റെതാകട്ടെ ആറ് പ്രതിപക്ഷ പാർട്ടികൾ ചേർന്ന സഖ്യത്തിന്റെതാണ്.
സ്വതന്ത്രമെന്ന് പറയാവുന്ന ഏറ്റവും ഒടുവിലത്തെ അഭിപ്രായ സർവെ പ്രകാരം ഭരണ മുന്നണിക്ക് 40-നും 41 -നും ഇടക്ക് ശതമാനം വോട്ട് ലഭിച്ചേക്കാം. പ്രതിപക്ഷമായ ആറ് കക്ഷി സഖ്യത്തിന് എത്ര ശതമാനം വോട്ട് കിട്ടുമെന്ന് അതിൽ നിർണയിച്ചിട്ടില്ല. കുർദുകളുടെ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി ( അവർക്ക് പത്തിനും പതിനൊന്നിനും ഇടക്ക് ശതമാനം വോട്ട് കിട്ടിയേക്കും ) തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഏതായാലും ഒരു കാര്യം വ്യക്തമാണ്. ആദ്യ റൗണ്ടിൽ തന്നെ ജയിക്കാനാവശ്യമായ അമ്പത് പ്ലസ് വൺ ( 50 % + 1 ) ശതമാനം വോട്ടുകൾ ഉർദുഗാനോ കിലിഷ്ദാറിനോ ലഭിക്കാൻ സാധ്യതയില്ല. ഒരു പക്ഷെ പീപ്പ്ൾസ് ഡെമോക്രാറ്റിക് പാർട്ടി തന്നെ ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കൂടായ്കയുമില്ല. അങ്ങനെയെങ്കിൽ രണ്ടാം റൗണ്ടിലാവും ജയപരാജയങ്ങൾ തീരുമാനിക്കപ്പെടുക. രണ്ട് സാധ്യതകളാണ് ഉർദുഗാൻ മുന്നിൽ കാണുന്നത്.
ഒന്ന്, കടുത്ത സെക്യുലർ ചിന്താഗതിക്കാരനായ കിലിഷ്ദാറിന് തന്റെ ഓർത്തഡോക്സ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിയില്ല എന്ന ഉർദുഗാന്റെ കണക്കുകൂട്ടൽ. രണ്ട്, ഇതേ കാരണത്താൽ തന്നെ ഗുഡ്, സആദ പോലുള്ള പാർട്ടികളിലെ യാഥാസ്ഥിതിക വോട്ടുകൾ നേടിയെടുക്കാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം ഒന്നാം റൗണ്ടിൽ തന്നെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായി ധാരണയുണ്ടാക്കി അവരുടെ വോട്ട് നേടാനായിരിക്കും കിലിഷ്ദാറിന്റെ ശ്രമം. അത് നടന്നില്ലെങ്കിൽ രണ്ടാം റൗണ്ടിൽ അതിനുള്ള ശ്രമമുണ്ടാവും. യാഥാസ്ഥിതിക വോട്ടുകളുടെ ചോർച്ച ഇങ്ങനെ പകരം വെക്കാനാവും എന്നാകും കണക്കുകൂട്ടൽ.
പ്രതിപക്ഷ ഐക്യം എത്രത്തോളം
താരതമ്യേന കെട്ടുറപ്പുള്ള സഖ്യം എന്ന പ്രതീതി ജനിപ്പിക്കാൻ ആറ് കക്ഷി സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്; ആശയപരമായി അതിലുള്ളത് പല തരക്കാർ (ഇടത്, വലത്, നാഷനലിസ്റ്റ്, ഓർത്തഡോക്സ്, ലിബറൽ ….) ആണെങ്കിലും. പക്ഷെ പ്രസിഡന്റ് സ്ഥാനാർഥി ആരാകണം എന്നതിനെക്കുറിച്ച് അതിനകത്തുണ്ടായ വാഗ്വാദങ്ങൾ സഖ്യത്തിന്റെ ആന്തരിക ദൗർബല്യങ്ങളിലേക്കും അനൈക്യത്തിലേക്കും വിരൽ ചൂണ്ടുന്നു. ഈ പ്രശ്നം ഒരു വിധം അവർ പരിഹരിച്ചു എന്ന് പറയാം. പക്ഷെ സഖ്യത്തിന്റെ പൊതു മിനിമം പരിപാടികളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഈ പൊതു മിനിമം പരിപാടിയിൽ പറയുന്നത്, സ്ഥാനാർഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ മറ്റു അഞ്ച് കക്ഷികളുടെയും പ്രതിനിധികളുമായി ആലോചിച്ചാവും സുപ്രധാന തീരുമാനങ്ങൾ എടുക്കുക എന്നാണ്. മറ്റു തരം കൂടിയാലോചനകൾ ഉണ്ടാകില്ല. ഇത് പ്രസിഡന്റിനെ സഖ്യത്തിലെ മറ്റു കക്ഷികളുടെ വിധേയനാക്കിത്തീർക്കും. ഈ അഞ്ച് കക്ഷികളിൽ ഏത് കക്ഷിക്കും, അതെത്ര ചെറുതാണെങ്കിലും, പ്രസിഡന്റിന്റെ ഏത് സുപ്രധാന നീക്കത്തെയും തടസ്സപ്പെടുത്താനുമാകും. ഇതൊക്കെ നിലനിൽക്കെ തങ്ങൾക്ക് രാഷ്ട്രീയ സ്ഥിരത നിലനിർത്താനാവും എന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാൻ ഇവർക്ക് കഴിയുമോ എന്നതാണ് വെല്ലുവിളി. ചാഞ്ചാടുന്ന പത്ത് ശതമാനം വോട്ടർമാരെ ഇതൊക്കെയാവും സ്വാധീനിക്കുക. ഈ വിഭാഗത്തെ ആർക്ക് സ്വാധീനിക്കാനാവും എന്നത് വിധി നിർണ്ണായകമായിത്തീരും.
കുർദ് വോട്ടുകൾ ആർക്ക്?
വിവിധ അഭിപ്രായ സർവെകൾ നൽകുന്ന സൂചന, പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ആർക്കും ജയിച്ച് കയറാൻ കഴിയില്ല എന്ന് തന്നെയാണ്. ആയതിനാൽ കുർദ് വോട്ടുകൾ വളരെ നിർണ്ണായകമായിരിക്കും; ഒന്നാം റൗണ്ടിലായാലും രണ്ടാം റൗണ്ടിലായാലും. ഇരു സഖ്യത്തിലും നാഷനലിസ്റ്റ് കക്ഷികൾ (ഉർദുഗാൻ പക്ഷത്ത് നാഷനലിസ്റ്റ് മൂവ്മെന്റും കിലിഷ്ദാർ പക്ഷത്ത് ഗുഡ് പാർട്ടിയും) ഉള്ളത് കൊണ്ട് കുർദ് നാഷനലിസത്തിന്റെ വക്താക്കളായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെ ഇരു പക്ഷത്തിനും ഒപ്പം ചേർക്കാൻ കഴിഞ്ഞിട്ടില്ല. ഉർദുഗാനെ തോൽപ്പിക്കാൻ ഈ കക്ഷി സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സഖ്യത്തിൽ ചേർക്കണമെന്ന ആവശ്യം അവർ മുന്നോട്ട് വെക്കും. ഗുഡ് പാർട്ടിയാകട്ടെ അവരെ സഖ്യത്തിൽ ചേർക്കരുതെന്ന കടുത്ത നിലപാടിലും. ഗുഡ് പാർട്ടിയിലെ മിറാൾ എക് ഷിനർ പറയുന്നത്, കുർദ് പാർട്ടിയെ സഖ്യത്തിൽ ചേർത്താൽ തങ്ങളുടെ വോട്ടർമാരിൽ ഒരു വിഭാഗം എതിർപക്ഷത്തുള്ള തങ്ങളുടെ മാതൃ സംഘടനയായ നാഷനലിസ്റ്റ് മൂവ്മെന്റിന് വോട്ട് ചെയ്യും എന്നാണ്. ആ സഖ്യമുണ്ടായാൽ ഗുഡ് പാർട്ടിയുടെ അഞ്ചും റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടിയുടെ മൂന്നും ശതമാനം വോട്ടുകൾ മറുകണ്ടം ചാടാൻ സാധ്യതയുണ്ട്. അങ്ങനെ കുറയുന്ന വോട്ടുകൾ കുർദ് പാർട്ടി സഖ്യത്തിൽ വരുന്നതോടെ നികത്താനുമായേക്കും. പക്ഷെ പീപ്പ്ൾസ് ഡമോക്രാറ്റിക്ക് പാർട്ടിക്കെതിരെ ഭരണഘടനാ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് അവരെ വിലക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് അവരുടെ ഭാവിയെ സംബന്ധിച്ച് തന്നെ അവ്യക്തതയുണ്ടാക്കുന്നു.
വിവ. അശ്റഫ് കീഴുപറമ്പ്
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1