Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചകള്‍ വഴിമാറ്റാന്‍ കിണഞ്ഞുപരിശ്രമിക്കുന്നവര്‍

പ്രവാചകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി. അപ്പോഴാണ് പുതിയ കാര്യവുമായി ചിലര്‍ രംഗത്തു വന്നത്. ആരായിരുന്നു ഗുഹാ വാസികള്‍ എന്നായിരുന്നു അവരുടെ ചോദ്യം. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഖുര്‍ആന്‍ അതിനു മറുപടി പറഞ്ഞു ‘ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചു നിന്ന ഒരു പറ്റം യുവാക്കളായിരുന്നു. ഞങ്ങള്‍ അവനെയല്ലാതെ മറ്റാരെയും വിളിച്ചുപ്രാര്‍ത്ഥിക്കില്ല. അങ്ങിനെ വന്നാല്‍ ഞങ്ങള്‍ വഴി പിഴച്ചു പോകും…………’ ചര്‍ച്ചയുടെ മുന്നോട്ടുള്ള പോക്ക് തങ്ങള്‍ക്കു എതിരാകും എന്ന് മനസ്സിലാക്കിയ എതിരാളികള്‍ ചര്‍ച്ചയുടെ ഗതി മാറ്റാന്‍ ശ്രമിച്ചു. പിന്നെ ചോദ്യം അവരുടെ എണ്ണത്തെ കുറിച്ചായിരുന്നു. എണ്ണമല്ല അവരുടെ വണ്ണമാണ് വിഷയം എന്ന രീതിയില്‍ ഖുര്‍ആന്‍ പ്രതികരിച്ചു. അത്തരം ചര്‍ച്ചകള്‍ക്കു സാധാരണയില്‍ കവിഞ്ഞ പ്രാധാന്യം നല്‍കരുതെന്ന് പ്രവാകനെ ഉണര്‍ത്തുകയും ചെയ്തു.

ആരാണ് നിന്റെ ദൈവം എന്നായിരുന്നു ഫറോവയുടെ ചോദ്യം. അതിനു മൂസ പ്രവാചകന്‍ മറുപടി നല്‍കി. ഫറോവ ചര്‍ച്ച വഴിമാറ്റാന്‍ ആഗ്രഹിച്ചു. നിനക്ക് മുമ്പ് മരണപ്പെട്ടവരുടെ അവസ്ഥ എന്താകും എന്നായി അടുത്ത ചോദ്യം. അത് അല്ലാഹുവിന്റെ അടുത്ത് രേഖപ്പെടുത്തിയ കാര്യം എന്ന് പറഞ്ഞു മൂസ പ്രവാചകന്‍ ചര്‍ച്ച അവസാനിപ്പിച്ചു.

ചുരുക്കത്തില്‍ ചര്‍ച്ചകളെ വഴി മാറ്റി വിടാന്‍ എന്നും എതിരാളികള്‍ ശ്രമിക്കാറുണ്ട്. അതില്‍ വീണുപോകുക എന്നതാണ് പലപ്പോഴും സംഭവിക്കുക. ചര്‍ച്ചകളെ വീണ്ടും ശരിയായ ട്രാക്കിലേക്ക് കൊണ്ട് വരാന്‍ പലപ്പോഴും മുസ്ലിം സമൂഹത്തിനു കഴിയാതെ പോകുന്നു. കാരണം വിഷയങ്ങളെ വികാരത്തോടെ കാണുന്നവര്‍ക്ക് ഒരിക്കലും വിവേകത്തോടെ സംവദിക്കാന്‍ കഴിയില്ല എന്നത് തന്നെ. അഖില എന്ന വിദ്യാ സമ്പന്നയായ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി മറ്റാരുടെയും സമ്മര്‍ദ്ദമില്ലാതെ ഇസ്ലാമിലേക്ക് വന്നു എന്നത് ഇസ്ലാമിനെ കുറിച്ച ഒരു പോസ്റ്റിറ്റിവ് ചര്‍ച്ചക്ക് കാരണമായിരുന്നു. പക്ഷെ ആ ചര്‍ച്ച അങ്ങിനെ കൊണ്ട് പോകരുതെന്ന് പലരും തീരുമാനിച്ചു. ചര്‍ച്ച മറ്റൊരു വഴിക്കു നീങ്ങിപ്പോയി. മുസ്ലിം വിഷയമാകുമ്പോള്‍ സാധാരണ വരാറുള്ള തീവ്രവാദവും ഭീകരവാദവും ലവ് ജിഹാദ് കൊണ്ടും ചര്‍ച്ച മുന്നോട്ടു പോയി. അവസാനം അതൊരു വിവാഹ വിഷയമായി ചുരുങ്ങി എന്നതും നാം കണ്ടതാണ്.

ഇസ്ലാം നല്ല നിലയില്‍ ചര്‍ച്ചയാകുമ്പോള്‍ അതിനെ വഴി മാറ്റി വിടാന്‍ പലരും കാത്തിരിക്കുന്നു. അതെ സമയം മോശം ചര്‍ച്ചകള്‍ കൂടുതല്‍ കരുത്തോടെ മുന്നേറുകയും ചെയ്യുന്നു. ഇസ്ലാമിലെ ‘കിതാബ്’ എന്നും ചര്‍ച്ചയുടെ മര്‍മമാണ്. കിതാബ് ചര്‍ച്ചയാകുമ്പോള്‍ ചര്‍ച്ചക്ക് വേണ്ടിയെങ്കിലും ആളുകള്‍ അത് വായിക്കേണ്ടി വരും, കിതാബിലെ പെണ്ണ് ആരെന്നെങ്കിലും മനസ്സിലാക്കാന്‍ ഒരു വായന അനിവാര്യമായി വരും. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒരിക്കലും ഇസ്ലാമിന് അനുകൂലമല്ല. കിതാബും പെണ്ണും ഇപ്പോള്‍ രംഗത്തു നിന്നും വഴി മാറി പോയിരിക്കുന്നു. ഇപ്പോള്‍ ചര്‍ച്ചയുടെ മര്‍മം പ്രതീക്ഷിക്കുന്നതു പോലെ ഇസ്ലാമിക തീവ്രവാദം എന്നായി ചുരുങ്ങിയിരിക്കുന്നു.

കിതാബും തന്റെ കഥയും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് കഥാകാരന്‍ കേരളത്തിലെ പല സാഹിത്യ സാംസ്‌കാരിക നായകന്മാരെ നേരില്‍ ബന്ധപ്പെട്ടു പറഞ്ഞു. ചിലര്‍ തങ്ങളുടെ പഴയ നിലപാടില്‍ നിന്നും മാറി. ഇത് കലയല്ല അവഹേളനമാണ് എന്നവര്‍ ഉറക്കെ പറഞ്ഞു. പക്ഷെ നമ്മില്‍ അധികം പേരും അത് കേട്ടിട്ടില്ല. തങ്ങള്‍ക്കു ആവശ്യമുള്ളത് മാത്രം കേള്‍ക്കുക എന്നതാണ് അധികം പേരും തുടരുന്ന രീതി എന്നി കൂടി പറയണം. ബാങ്ക് മതത്തിന്റെ അടയാളമാണ്.

അടയാളങ്ങളെ ബഹുമാനിക്കുക എന്നത് മതത്തിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അത്തരം അവഹേളങ്ങളെ നേരിടേണ്ടി വരും. കവികളില്‍ അധികവും ലോകവുമായി ബന്ധമില്ലാതെ വല്ലതും വിളിച്ചു പറയുന്നവരാണ് എന്നായിരുന്നു ഖുര്‍ആന്‍ പറഞ്ഞത്. അതെ സമയം കവിത ഒരു മാധ്യമമായി ഇസ്ലാം സ്വീകരിച്ചു. നല്ല ചര്‍ച്ചകള്‍ തുടരാന്‍ സമ്മതിക്കാതിരിക്കുക എന്നത് എക്കാലത്തും ഇസ്ലാമിന്റെ ശത്രുക്കള്‍ അംഗീകരിച്ച രീതിയാണ്. അതില്‍ നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞാല്‍ മാത്രമാണ് ലക്ഷ്യം നേടാന്‍ കഴിയൂ. അവിടെയാണ് പ്രവാചകന്മാര്‍ രക്ഷപ്പെട്ടതും നാം രക്ഷപ്പെടാതെ പോകുന്നതും.

Related Articles