Current Date

Search
Close this search box.
Search
Close this search box.

രോഗ ശമനത്തിന് ഈ ചികില്‍സാ രീതി പരീക്ഷിക്കൂ

അലോപ്പതി,ഹോമിയൊ,ആയുര്‍വേദം,പ്രകൃതി ചികില്‍സ,സിദ്ധൗഷധം,യുനാനി,ഹരിത ചികില്‍സ തുടങ്ങിയവ നമ്മുടെ കാലഘട്ടത്തിലെ പ്രമുഖ ചികില്‍സാ രീതികളാണ്. ഒരു ചികില്‍സാ രീതിയേയും കുറ്റപ്പെടുത്തുകയൊ വിമര്‍ശിക്കുകയൊ ചെയ്യേണ്ടതില്ലന്ന് മാത്രമല്ല പരസ്പരം സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍ സഹകരിച്ച് കൊണ്ട് രോഗത്തിന് ശമനം നല്‍കുകയായിരിക്കണം എല്ലാ ചികില്‍സാ രീതികളുടേയും ധര്‍മ്മം. ഓരോ ചികില്‍സ രീതിക്കും അതിന്‍റേതായ നന്മയും ദോശവും ഉണ്ട്. നന്മക്ക് മുന്‍തൂക്കം നല്‍കി, കൂടുതല്‍ എളുപ്പമുള്ള ചികില്‍സരീതികളാണ് സ്വീകരിക്കേണ്ടത്. ഇക്കൂട്ടത്തില്‍ ഒരു ബദല്‍ ചികില്‍സാ രീതിയാണ് ഹിജാമ തെറാപ്പി അഥവാ കപ്പിംഗ് ചികില്‍സ.

പൗരാണിക കാലം മുതല്‍ അറബികള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടിയ ഒരു ഒരു ചികില്‍സാ രീതിയാണ് ഹിജാമ തെറാപ്പി. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ അമേരിക്ക, ഇന്ത്യയുള്‍പ്പടെ വിവധ രാജ്യങ്ങളില്‍ ഒരു ബദല്‍ ചികില്‍സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി വ്യാപകമായി ഉപയോഗിച്ച് വരുന്നു. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍ നിന്നും അശുദ്ധ രക്തം വലിച്ചെടുത്ത് ഒഴിവാക്കുന്ന ചികില്‍സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. ഹിജാമ ചെയ്യുമ്പോഴുള്ള അല്‍പ വേദന ഒഴിച്ച് നിര്‍ത്തിയാല്‍, പിന്നീട് നമുക്ക് ലഭിക്കുന്നത് വലിയൊരു ആശ്വാസമാണെന്നത് സ്വന്തം അനുഭവമാണ്.

Also read: സൂഫിക്കഥയിലെ ഉമർ

രോഗത്തെ ചികില്‍സിക്കണമെന്നും മരണമൊഴികെ മറ്റ് എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നും ആ മരുന്ന് കഴിച്ച് ആരോഗ്യം കൈവരിക്കേണ്ടത് ഓരോ മനുഷ്യന്‍റേയും ബാധ്യതയാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വ്യക്തമാക്കിയ മതമാണ് ഇസ്ലാം. കുറേ ഗ്രാമീണരായ അറബികള്‍ നബിയുടെ അടുക്കല്‍ വന്ന് ചോദിച്ചു: രോഗം വന്നാല്‍ ഞങ്ങള്‍ ചികില്‍സിക്കേണ്ടതുണ്ടൊ? പ്രവാചകന്‍: അല്ലയൊ അല്ലാഹുവിന്‍റെ അടിമകളെ! തീര്‍ച്ചയായും നിങ്ങള്‍ ചികില്‍സിക്കണം. കാരണം ചികില്‍സയില്ലാത്ത ഒരു രോഗത്തേയും അല്ലാഹു ഉപേക്ഷിച്ചിട്ടില്ല. വാര്‍ധക്യമൊഴിച്ച്.

പ്രവാചകന്‍ പ്രോല്‍സാഹിപ്പിച്ച ഒരു ചികില്‍സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70 ശതമാനം രോഗങ്ങളുടേയും കാരണമെന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്. രക്തസഞ്ചാരം സുഖമമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു അതുല്യ ചികില്‍സാ രീതിയാണ് ഹിജാമ തെറാപ്പി. പല കാരണങ്ങളാല്‍ ശരീരത്തില്‍ ആവാഹിച്ചിട്ടുള്ള രക്തത്തിലെ വിഷാശം ഇല്ലാതാക്കാനും പുതിയ രക്തം ഉണ്ടാവുന്നതിനും ഹിജാമ തെറാപ്പി സഹായകമാണ്. പുറം വേദന,സന്ധി വേദന,വിഷാദം,മാനസിക സംഘര്‍ഷം,മൈഗ്രിന്‍ തലവേദന,കഴുത്ത് വേദന,വിവിധ തരം ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികില്‍സയാണ് ഹിജാമ തെറാപ്പി എന്ന് കണ്ടത്തിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബി ഹിജാമ തെറാപ്പിയെ പ്രശംസിക്കുകയും അത് ചെയ്യുവാന്‍ അനുചരന്മാരെ ഉപദേശിക്കുകയും ചെയ്യുന്ന നിരവധി തിരുവചനങ്ങള്‍ ഉദ്ധൃതമായിട്ടുണ്ട്. അവിടന്ന് അരുളി: നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികില്‍സയാണ് ഹിജാമ ചികില്‍സ. (ബുഖാരി 5371). ഇസ്റ്ജ് – മിഅ്റാജ് രാത്രിയില്‍ മലക്ക് പ്രവാചകനോട് അരുളി: ഓ! മുഹമ്മദ്. ഹിജാമ ചികില്‍സ ചെയ്യുവാന്‍ നിന്‍റെ സമുദായത്തോട് കല്‍പിക്കുക. ഹിജാമ ചികില്‍സയില്‍ നിങ്ങള്‍ക്ക് രോഗ ശമനമുണ്ടെന്നും അവിടന്ന് പറഞ്ഞു. രോഗം അതിന്‍റെ വിപരീതം കൊണ്ടാണ് ചികില്‍സിക്കേണ്ടെതെന്ന ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടുത്തോളം വളരെ പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടേയും മുഖ്യ ഹേതു. അത്തരം രക്തത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിന്‍റെ വിപരീതം കൊണ്ട് ചികില്‍സിക്കുക എന്നതിന്‍റെ വിവക്ഷ.

Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍

നബി (സ) പറഞ്ഞു: മൂന്ന് തരത്തിലൂടെയാണ് ചികില്‍സ. ഹിജാമ, തേന്‍ കഴിക്കല്‍, തീ കൊണ്ട്ചാപ്പ കുത്തല്‍ എന്നവയാണത്. എന്നാല്‍ തീ കൊണ്ട് ചികില്‍സിക്കുന്നത് ഞാന്‍ എന്‍റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു. നബി (സ) തന്നെയും ഹിജാമ ചികില്‍സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പ്രവാചകന്‍റെ വചനങ്ങളെ നാം അങ്ങേയറ്റത്തെ ബഹുമാനത്തോടെയാണ് കാണുന്നത്. ഖുര്‍ആന്‍ പറയുന്നൂ: “അദ്ദഹേം തോന്നിയപോലെ സംസാരിക്കുന്നുമില്ല. ഈ സന്ദശേം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്. (53:3,4)

ഹിജാമ തെറാപ്പി എങ്ങനെ?
വലിച്ചെടുക്കുക എന്ന അര്‍ത്ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്ന് നിഷ്പദിച്ചതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി മൃഗങ്ങളുടെ കൊമ്പുകള്‍ ഉപയോഗിച്ച് അതില്‍ നിന്ന് രക്തമൊഴിവാക്കിയായിരുന്നു ഹിജാമ ചികില്‍സ ചെയ്തിരുന്നത്. അത്കൊണ്ടായിരുന്നു ഇതിന് കൊമ്പ് ചികില്‍സ എന്ന് വിളിച്ചിരുന്നത്. അട്ടകളെ ഉപയോഗിച്ച് കൊണ്ട് ശരീരത്തിലെ വൃണങ്ങളില്‍ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുര്‍വേദത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

Also read: വിഭവസമൃദ്ധമായ വ്യക്തിത്വം

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്ക്വം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്‍റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത ഒരു സുഖാനുഭൂതിയാണ് നല്‍കുന്നത്. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടുകയും അവിടെ മെസ്സേജ് ചെയ്യുന്നു. അതിന് ശേഷം ബ്ളേഡ് ഉപയോഗിച്ച് അവിടെ ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികില്‍സ എന്ന് നാമകരണം ചെയ്യാന്‍ കാരണം.

ആഴ്ചയിലെ ഏത് സമയങ്ങളിലും ദിവസങ്ങളിലും ഹിജാമ ചെയ്യാവുന്നതാണ്. എന്നാല്‍ ചന്ദ്രമാസത്തിലെ 17,19,21 എന്നീ ഒറ്റയായ ദിവസങ്ങളില്‍ ആര് ഹിജാമ ചികില്‍സ ചെയ്തുവൊ, അത് അയാള്‍ക്ക് എല്ലാ രോഗത്തിനുള്ള ചികില്‍സയാണെന്ന് നബി (സ) വ്യക്തമാക്കീട്ടുണ്ട്. (സുനന് അബു ദാവുദ് 3861). അത് പോലെ തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ ഇത് ചെയ്യുന്നത് ഉത്തമമാണ്.

പ്രവാചക ചര്യ ആര്‍ പുനരുജ്ജീവിപ്പിച്ചുവോ അവര്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ മഹത്തായ പ്രതിഫലമുണ്ടെന്ന പ്രവാചക വചനം ഹിജാമ ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ജീവിത ശൈലി രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരു ബദല്‍ ചികില്‍സാ രീതി എന്ന നിലയിലും ചികില്‍സയെക്കാള്‍ പ്രതിരോധമാണ് ഉത്തമമെന്ന നിലക്കും ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. തീര്‍ച്ചയായും അത് നമ്മുടെ ആരോഗ്യം പരിരക്ഷിക്കുന്നതില്‍ മഹത്തായ ചുവട് വെപ്പായിരിക്കും.

Related Articles